Saturday 15 February 2020 03:46 PM IST : By സ്വന്തം ലേഖകൻ

ജങ്ക് ഫൂഡ് ഇഷ്ടം പോലെ, വ്യായാമമില്ല, ഭക്ഷണ നിയന്ത്രണവുമില്ല; യാത്രയിൽ ശരീരഭാരം കൂടാതെ നോക്കാൻ ചില ടിപ്സ്!

shutterstock_326244707

പതിവായി വ്യായാമം, സമീകൃതമായ ഭക്ഷണം ഇവയിലൂടെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കുന്ന ആളുകൾ നീണ്ട യാത്ര പോയിക്കഴിയുമ്പോൾ കഥ മാറും. വ്യായാമവുമില്ല. ഭക്ഷണനിയന്ത്രണവുമില്ല. കിട്ടുന്ന ജങ്ക് ഫൂഡ് ഇഷ്ടം പോലെ കഴിക്കും. തിരികെയെത്തുമ്പോഴേക്കും ഭാരം കൂടിയിട്ടുണ്ടാകും. ഒപ്പം ആരോഗ്യപ്രശ്നങ്ങളും. യാത്ര പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം.

കഴിക്കാം ആരോഗ്യകരമായ ഭക്ഷണം

യാത്ര പ്ലാൻ ചെയ്യുമ്പോഴേ  ഭക്ഷണത്തെക്കുറിച്ചും പ്ലാൻ ചെയ്യാം. യാത്ര ചെയ്യുന്ന സ്ഥലത്ത് നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ നോക്കി വയ്ക്കാം. കുട്ടികൾ ഒപ്പമുണ്ടെങ്കിൽ പുറത്ത് നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കഴിയുമെങ്കിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടിൽ നിന്നാകാം ഭക്ഷണം.

∙ യാത്ര പുറപ്പെടും മുൻപ് ആരോഗ്യകരമായ ഭക്ഷണം ക ഴിക്കാൻ ശ്രദ്ധിക്കണം. ഒഴിഞ്ഞ വയറുമായി പുറപ്പെടരുത്. ഇത് അസിഡിറ്റിയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും.നട്സ്, ഡ്രൈഫ്രൂട്ട്സ്, ഓർഗാനിക് പഴങ്ങൾ മുറിച്ചത് ഇങ്ങനെയുള്ള ആരോഗ്യകരമായ ലഘുഭക്ഷണം സ്നാക് ബോക്സിലെടുക്കാം. ഇടവേളകളിൽ ഇത് കഴിക്കുക.

∙ ഫ്ലൈറ്റിലെ ചെറിയ യാത്രകൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പൊതിഞ്ഞെടുക്കാം. ദീർഘയാത്രയാണെങ്കിൽ ഒരു നേര ത്തെ ഭക്ഷണം പൊതിഞ്ഞെടുക്കാം. ഫ്ലൈറ്റിൽ നിന്ന് ലഭിക്കുന്നതിൽ കഴിവതും ചൂടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

∙ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുന്നത് ഉപാപചയപ്രവർത്തനം കുറയാനിടയാക്കും. ഇത് ഭാരം കൂടുന്നതിന് കാരണമാകും. യാത്രയിലുടനീളം നന്നായി വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം വർധിപ്പിക്കാൻ സഹായിക്കും. കയ്യിൽ ഒരു കുപ്പി വെള്ളം എപ്പോഴും കരുതുക. എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. യാത്രകളിൽ വെള്ളത്തിലൂടെ പകരുന്ന േരാഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണ്.

∙ സ്ഥിരമായി വ്യായാമം ചെയ്യുന്നവർ യാത്രയ്ക്കിടെ േഹാട്ടലിൽ താമസിക്കുമ്പോൾ കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. ചില ഹോട്ടലുകളിൽ ഫിറ്റ്നസ് ഉപകരണങ്ങളുണ്ടാകും. ഇവ പ്രയോജനപ്പെടുത്താം.

∙ യാത്രയ്ക്കിടയിൽ ഫ്രഷ് ആയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. വഴിവക്കിൽ തുറസ്സായ സ്ഥലത്ത് പാകം ചെയ്യുന്ന ഭക്ഷണശാലകൾ ഒഴിവാക്കുന്നതാണ് നല്ലത്. കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നവർ, പ്രത്യേക ഡയറ്റ് പിന്തുടർന്നവർ ഇങ്ങനെയുള്ളവർ യാത്രയിൽ ഈ രീതി തൽകാലത്തേക്കു മാറ്റി വയ്ക്കുന്നതാണ് നല്ലത്. യാത്ര െചയ്യുന്ന സ്ഥലങ്ങളിൽ  ലഭിക്കുന്ന ഫ്രഷ് ആയതും ആരോഗ്യകരമായതുമായ ഭ ക്ഷണം കഴിക്കുക.

∙ മസാല കൂടിയ ഭക്ഷണം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഇവ യാത്രയിൽ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനിടയാക്കും.

∙ നല്ല തോതിൽ ഭക്ഷണം കഴിച്ച ശേഷം ഡെസേർട്ട് കൂടി ഓർഡർ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കൂടുകയും അമിതഭാരമുണ്ടാകുകയും ചെയ്യും. ഡെസേർട്ട് കഴിക്കണമെന്നുണ്ടെങ്കിൽ പ്രധാന ഭക്ഷണത്തിന്റെ കൂടെയല്ലാതെ വേറൊരു സമയത്ത് ഡെസേർട്ട് മാത്രമായി കഴിക്കാം.

∙ യാത്രകളിൽ ഒരു കെറ്റിൽ കയ്യിൽ കരുതിയാൽ കുട്ടികൾക്കു നൽകാൻ വെള്ളം തിളപ്പിക്കാനും പാൽ തിളപ്പിക്കാനും മുട്ട പുഴുങ്ങാനുമൊക്കെ ഉപയോഗിക്കാം.

Tags:
  • Health Tips
  • Glam Up