Saturday 27 July 2019 04:54 PM IST : By സ്വന്തം ലേഖകൻ

എല്ലാ ഡയറ്റും പരീക്ഷിക്കേണ്ട; ശരീര പ്രകൃതിക്കും ജീവിതശൈലിക്കും ഏറ്റവും ഇണങ്ങിയത് കണ്ടെത്താം!

shutterstock_373904257

ആരെങ്കിലും പറയും, ‘ഈ ഡയറ്റ് പരീക്ഷിച്ചു നോക്കീല്ലേ? എന്തൊരു വ്യത്യാസമാണെന്നോ...’ പിറ്റേദിവസം മുതൽ അതുവരെ പിൻതുടരുന്ന ഡയറ്റ് ഉപേക്ഷിച്ച് പുതിയ അറിവിന്റെ പിന്നാലെ പായും. ഇങ്ങനെ ഡയറ്റിന് അഡിക്ടായാൽ എന്താണ് സംഭവിക്കുകയെന്നോ? ഒന്നുകിൽ വണ്ണം കൂടും, അല്ലെങ്കിൽ മെലിഞ്ഞ് അസുഖം ബാധിച്ചവരെപ്പോലെയാകും. വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതാണ് ഡയറ്റ്. സ്വന്തം ശരീരപ്രകൃതി, ജീവിതശൈലി, ആരോഗ്യം തുടങ്ങി  നമ്മുടെ ജോലിയും സാമ്പത്തികാവസ്ഥയും വരെ ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കൂ.

ഗർഭിണികൾ, മുലയൂട്ടുന്നവർ, പ്രമേഹരോഗിക ൾ, ഹൃദ്രോഗികൾ ഇവർക്കെല്ലാം ചില ഡയറ്റുകൾ ആ രോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ഹൈപ്പോ തൈറോയി ഡിസം പോലെ ഹോർമോൺ സന്തുലിതാവസ്ഥ ഇല്ലാത്തവർക്ക് ഡയറ്റെടുത്താൽ വിചാരിച്ച ഫലം ല ഭിക്കണമന്നില്ല. ഏതു ഡയറ്റും പരീക്ഷിച്ചു നോക്കും മുൻപ് വിദ ഗ്ധ ഡോ ക്ടറെ കണ്ട് ശാരീരികനിലയും രക്തവും പരിശോധിക്കാൻ മറക്കരുത്.

ഹെൽത്തി ഡയറ്റ് കീറ്റോ ഡയറ്റ്

സെലിബ്രിറ്റികളുടെ ഡയറ്റ് എന്നാണ് കീറ്റോ ഡയറ്റ് അറിയപ്പെടുന്നത്. ചെറിയ കാലയളവിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത.

ശരീരത്തിനു വേണ്ട ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കു ന്ന അന്നജത്തിൽ (Carbohydrates) നിന്നാണ്. ചോറിലും ഗോതമ്പിലും മധുരപലഹാരങ്ങളിലും അന്നജം അടങ്ങിയിട്ടുണ്ട്. മറ്റൊരു ഊർജദായകമായ ഭക്ഷണം കൊഴുപ്പ് (Fat) ആണ്. കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി കുറച്ച് ഫാറ്റിന്റെ അളവ് കൂട്ടി മിതമായ അളവിലുള്ള പ്രോട്ടീനും ലഭിച്ചാൽ ശരീരം ഊർജം ഉൽപാദിപ്പിക്കുന്നത് ഈ കൊഴുപ്പിൽ നി ന്നാകും. കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ശ രീരം കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാക്കുന്നു. ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കും. തുടർന്ന് അവയെ കീ റ്റോണുകളാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അ വസ്ഥയിലേക്കു മാറും. ഈ കീറ്റോണിനെ ഊർജമാക്കി മാറ്റി ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ ഭക്ഷണരീതിയിലൂടെ ശരീരഭാരം കുറയുന്നത്.

ആവശ്യത്തിലധികം കാർബോഹൈഡ്രേറ്റ്സ് കഴിക്കു മ്പോഴാണ് അത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നത്. ഇതു പിന്നീട് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം തുടങ്ങി പല രോഗങ്ങൾക്ക് കാരണമാകുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും സ്ത്രീകൾക്ക് പിസിഒഡിയും വരാം. കീറ്റോ ഡയറ്റ് എടുത്ത് ആദ്യ രണ്ട് ആഴ്ചകളിൽ തലവേദനയും ക്ഷീണവും ദാഹവും തലകറക്കവുമൊക്കെ അനുഭ വപ്പെടാം. ചിലപ്പോൾ കൊളസ്ട്രോളിന്റെ അളവും ബ്ലഡ് ഷുഗറും കൂടും. ഡയറ്റ് നോക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ധാരാളം വെള്ളം കുടിക്കണമെന്നതാണ്. ശാരീരിക അസ്വസ്ഥതകൾ കൂടുന്നുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്.

എങ്ങനെ കീറ്റോ ഡയറ്റ് ചെയ്യാം

shutterstock_1181078848-new

പടിഞ്ഞാറൻ നാടുകളിൽ ഉരുത്തിരിഞ്ഞു വന്നതുകൊണ്ടുതന്നെ അവിടെ സുലഭമായി കിട്ടുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഈ ഡയറ്റിൽ കൂടുതലായി ഉപയോഗിക്കുന്നത്. കേരളത്തിലെത്തുമ്പോൾ ഈ ഡയറ്റ് മെനുവിലെ പലതും മാർക്കറ്റിൽ കിട്ടാത്തവയും ഉയർന്ന വില കൊടുത്തു വാങ്ങേണ്ടവയുമാണ്.

കാർബോഹൈഡ്രേറ്റ് ഏറ്റവും കുറഞ്ഞ പച്ചക്കറികളായ അസ്പരാഗസ്, ബ്രോക്ക്‌ലി, സുക്കിനി, അവക്കാഡോ, ലെറ്റ്യൂസ്, കോളിഫ്ലവർ, കാബേജ്, സ്പിനാച്ച്, ഫ്രഞ്ച് ബീൻസ് എന്നിവയാണ് കീറ്റോ ഡയറ്റിലുപയോഗിക്കുന്ന പച്ചക്കറികൾ. ഇവയ്ക്കു പകരമായി നമ്മുടെ വീട്ടുമുറ്റത്തു വളരുന്ന പച്ചക്കറികളും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. പച്ചച്ചീരയും ചുവന്ന ചീരയും മുരിങ്ങയിലയും വഴുതനയും പടവലങ്ങയുമെല്ലാം കാർബോഹൈഡ്രേറ്റ് കുറഞ്ഞ പച്ചക്കറികളാണ്.

വെള്ളത്തിലിട്ടു പുഴുങ്ങിയോ, ആവിയില്‍ വേവിച്ചോ ഇവ ഉപയോഗിക്കാം. അധികം മസാല ചേർക്കാതെ പാകപ്പെടുത്തുകയുമാകാം. പച്ചക്കറികളും മറ്റും പാകം ചെയ്യുമ്പോൾ ഹെൽ ത്തി ഓയിലായ ഒലിവെണ്ണ തന്നെ ഉപയോഗിക്കണമെന്നില്ല. വെളിച്ചെണ്ണ തിരഞ്ഞെടുക്കാം. അധികം ചൂടാക്കി തിളപ്പിക്കു മ്പോഴാണ് വെളിച്ചെണ്ണയും വെണ്ണയും നെയ്യും അപകടകാരികളാക്കുന്നത്. പാകം ചെയ്തു കഴിയുമ്പോൾ ഫ്ലേവറിനു വേണ്ടി ചെറിയ അളവിൽ ഇവ ചേർക്കുന്നതുകൊണ്ട് ദോഷമില്ല.

ചോളം, ബേക്ക്ഡ് ബീൻസ്, ലെന്റിൽസ്, പീസ്, ക്വിനോവ തുടങ്ങിയവയെല്ലാം കാർബോഹൈഡ്രേറ്റ്സ് അധികമുള്ള ഭക്ഷണ സാധനങ്ങളാണ്. അന്നജം കുറഞ്ഞ ധാന്യമായതുകൊണ്ട് റാഗിപ്പൊടി ഉപയോഗിച്ച് പലഹാരങ്ങളുണ്ടാക്കി കഴിക്കാം.

ഭൂമിക്കടിയിൽ വളരുന്ന കിഴങ്ങു വർഗങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, ചേന, മുള്ളങ്കി എന്നിവ അത്ര അപകടകാരികളല്ല. മധുരക്കിഴങ്ങിലും ഉരുളക്കിഴങ്ങിലും അന്നജത്തിന്റെ അളവ് കൂടുതലാണെങ്കിലും ചോറിലുള്ളത്ര ഇവയിലില്ലാത്തതുകൊണ്ട് മറ്റു ഡയറ്റുകൾ പാലിക്കുന്നവർക്ക് ചോറിനു പകരമായി ഇവ ഉപയോഗിക്കാം.ഭക്ഷണത്തിൽ ചോറ് നിർബന്ധമായി ഉൾപ്പെടുത്തേണ്ടവർക്ക് കീറ്റോ ഡയറ്റ് ബുദ്ധിമുട്ടാകും. അവർക്ക് ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് ചെയ്യാം.

പലപ്പോഴും ഡയറ്റ് പ്ലാനിൽ കാണുന്ന ഒന്നാണ് ഒരു സെർവിങ്സ് രണ്ടു സെർവിങ്സ് എന്നെല്ലാം. ഒരു കപ്പ് ആണ് ഒരു സെർവിങ്സ്. പക്ഷേ, തുടക്കത്തിൽ തന്നെ ഇത്തരം അളവുകളിലേക്കു പോകണ്ട. വിശപ്പു മാറുന്നതു വരെ കഴിക്കുക. പിന്നീട് അളവ് കുറച്ചു കൊണ്ടുവരിക.

പച്ചക്കറികൾ കൂടുതലായി കഴിക്കാം. ഇതിൽ കാലറിയും കാർബോഹൈഡ്രേറ്റ്സും കുറവാണ്. പ്രോട്ടീൻ ഉള്ളതിനാൽ വയറു നിറയും, തടി കൂടുകയുമില്ല.

പഴങ്ങൾ എല്ലാം നല്ലതല്ല, പാനീയങ്ങളും

മധുരം കുറഞ്ഞ പഴങ്ങളാണ് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. വീട്ടുമുറ്റത്ത് ഉണ്ടാകുന്നതാണെങ്കിലും മാമ്പഴം, ചക്ക, പപ്പായ തുടങ്ങിയവയൊന്നും ഡയറ്റിന് അനുയോജ്യമല്ല. പകരം മധുരം കുറഞ്ഞ പേരയ്ക്ക, നെല്ലിക്ക എന്നിവയൊക്കെ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താം.

 വാഴപ്പഴം, ഉരുളക്കിഴങ്ങ്, വെളുത്ത അരിയുടെ ചോറ്, ബേക്കറി പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജ്യൂസ്, കാനിലുള്ള പാനീയങ്ങൾ, മദ്യം എന്നിവ തീർത്തും ഉപേക്ഷിക്കുക.

കട്ടൻ ചായ, ഗ്രീൻ ടീ, കട്ടൻകാപ്പി എന്നിവ അൽപം വെ ണ്ണയോ വെളിച്ചെണ്ണയോ ചേർത്തു കഴിക്കാം. അധികം മധുരമി ല്ലാത്ത കരിക്കിൻവെള്ളം കുടിക്കാം. ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം. പച്ചക്കറികള്‍ ജ്യൂസാക്കി കഴിക്കാം. ഡയറ്റ് കോക്ക്, പഴച്ചാറുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.

പാല്‍ ഉപയോഗിക്കുന്നതും നല്ലതല്ല.ഒരു ഗ്ലാസ് പശുവിൻ പാലിൽ 11 ഗ്രാം കാർബോഹൈഡ്രേറ്റ്സും സോയ മിൽക്കിൽ 12 ഗ്രാമുമുണ്ട്. മിൽക്ക് ഷേക്ക്, സ്മൂത്തീസ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ വേണ്ട.

മധുരം ഒഴിവാക്കാൻ പറ്റാത്തവർ, സ്ലീപ് അപ്നിയ ഉള്ളവർ, മൈഗ്രേൻ, ആർത്രൈറ്റിസ് പോലെ വേദനയുള്ള രോഗങ്ങൾ ഉള്ളവർ, നെഞ്ചെരിച്ചിൽ, അൾസർ എന്നീ പ്രശ്നങ്ങളുള്ളവർ, അൽസ്ഹൈമേഴ്സ്, വിഷാദരോഗം പോലെ മാനസിക പ്രശ്നങ്ങളുള്ളവർ, എഡിഎച്ച്ഡി, ഒസിഡി എന്നീ ഡിസോർഡറുള്ളവർ, ആസ്‍മയുള്ളർ... ഇവർ കീറ്റോ ഡയറ്റ് ചെയ്യാൻ പാടില്ല.

കീറ്റോജനിക് ഡയറ്റ് ഒരു ആഹാര രീതിയാണ് ചികിത്സാരീതിയല്ല എന്നും ഓർക്കുക.

shutterstock_299122820

ആർക്കെല്ലാം നല്ലതാണ് കീറ്റോ ഡയറ്റ്

അമിതവണ്ണമുള്ളവർ, ടൈപ്പ് 1 ടൈപ്പ് 2 പ്രമേഹരോഗികൾ, ഹൈപ്പർ ടെൻഷൻ ഉള്ളവർ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ഉള്ളവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, എപ്പിലെപ്സി, ദഹനപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഉത്തമ ഡയറ്റാണിത്.

തൈറോയ്ഡ് പ്രശ്നമുള്ളവർക്ക്

ഹൈപ്പോ തൈറോയ്ഡ് അല്ലെങ്കിൽ ഹെപ്പർ തൈറോയ്ഡ് പ്രശ്നമുള്ളവരുടെ പ്രധാന പ്രശ്നമാണ് തടി കൂടുന്നത്. ഹോ ർമോൺ പ്രശ്നമുള്ളതുകൊണ്ട് ഡയറ്റുകൾ ഇവർക്ക് വലിയ ഫലം നൽകാറില്ല. എങ്കിലും ഭക്ഷണത്തിലെ ചില നിയന്ത്രണങ്ങൾ മാറ്റം വരുത്തും.

സോയ ഉൽപന്നങ്ങൾ നല്ലതല്ല. കാബേജ്, ബ്രോക്ക്‌ലി, കോളിഫ്ലവർ, സ്പിനാച്ച് എന്നീ പച്ചക്കറികളും ഒഴിവാക്കണം. കപ്പയും മധുരക്കിഴങ്ങും പോലെ അന്നജം അധികമുള്ള കിഴങ്ങുവർഗങ്ങളും നന്നല്ല. പീച്ച്, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും ചെറു ധാന്യങ്ങളും പീനട്ടും ദോഷകരമാണ്.

മുട്ട കഴിക്കുന്നത് തൈറോയ്ഡ് രോഗമുള്ളവർക്ക് നല്ലതാണ്. മുട്ടയുടെ മഞ്ഞയിൽ ധാരാളമായുള്ള അയഡിനും സെലിനിയവും മുട്ടവെള്ളയിലുള്ള പ്രോട്ടീനും നല്ലതാണ്. എല്ലാത്തരം ഇറച്ചിയും കഴിക്കാം. സാൽമൺ, ട്യൂണ പോലു ള്ള കടൽവിഭവങ്ങളും നല്ലതാണ്.

തൈറോയ്ഡിനുള്ള മരുന്ന് ആഹാരത്തിന് ഒരു മണിക്കൂർ മുൻപ് കഴിക്കണം. എങ്കിൽ മാത്രമേ ഗുണം കിട്ടുകയുള്ളൂ. ധാരാളം വെള്ളം കുടിക്കുകയും വേണം. ഇന്തുപ്പും കല്ലുപ്പും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാം.

കഴിക്കാം ഇവ

മുട്ട, ചിക്കൻ, മട്ടൻ, ബീഫ്, മീൻ, ചെമ്മീൻ, കൊഞ്ച്, ലിവർ, തൈര്, ബട്ടർ, ചീസ്, ക്രീം, ബദാം, വോൾനട്ട്, നിലക്കടല, ഫ്ലാക്സ് സീഡ്, നിലക്കടല, ബദാം, കശുവണ്ടിപരിപ്പ് എന്നിവ കഴിക്കാം.

പച്ചക്കറികൾ  

പച്ചചീര, ചുവന്നചീര, മുരിങ്ങയില, ഉലുവച്ചീര, പാവയ്ക്ക, ചുരയ്ക്ക, വഴുതനങ്ങ, അമരപ്പയർ, വെള്ളരിക്ക, മുരിങ്ങയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, ഉള്ളിത്തണ്ട്, പച്ചപപ്പായ, വാഴക്കൂമ്പ്, മത്തങ്ങ, പച്ചമാങ്ങ, പടവലങ്ങ.

പഴങ്ങൾ

പേരയ്ക്ക, ഷമാം, ഓറഞ്ച്, അധികം മധുരമില്ലാത്ത തണ്ണിമത്തൻ, നെല്ലിക്ക, സ്ട്രോബെറി, ബട്ടർ ഫ്രൂട്ട്.

FOOD CHART

തിങ്കൾ

രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ/കട്ടൻ ചായ/കാപ്പി, രണ്ടു ബുൾസ് ഐ, കോളിഫ്ലവർ, സുക്കിനി, ബ്രോക്ക്‌ലി എന്നിവ പുഴുങ്ങി നെയ്യിൽ വരട്ടിയത്‍

ഉച്ചയ്ക്ക് : സംഭാരം, കാബേജ് തോരൻ, ഗ്രി ൽഡ് ചിക്കൻ

രാത്രി : ഗ്രീൻ ടീ / സ്ട്രോബെറി, ബദാം, മീൻ വറുത്തത്

ചൊവ്വ

രാവിലെ : ഗ്രീൻ ടീ, ഓംലെറ്റ്, വെണ്ടയ്ക്ക മെഴുക്കു വരട്ടി

ഉച്ചയ്ക്ക് : മീൻ വറുത്തത്, വെണ്ടയ്ക്ക മെഴുക്കുവരട്ടി

രാത്രി : വാഴക്കൂമ്പ് തോരൻ, ഷമാം/നെല്ലിക്ക, ഗ്രിൽ/ഫ്രൈ ഡ് ചിക്കൻ

ബുധൻ

രാവിലെ : ഗ്രീൻ ടീ, പനീർ മസാല, ഓംലെറ്റ്, കോവയ്ക്ക തോരൻ

ഉച്ചയ്ക്ക് : ഉപ്പിട്ട നാരങ്ങാവെള്ളം, പനീർ മസാല, ഫിഷ് ഫ്രൈ, വെണ്ടയ്ക്ക മെഴുക്കുവരട്ടി

രാത്രി: ഗ്രീൻ ടീ, ബീഫ് ഫ്രൈ, കോവയ്ക്കാ തോരൻ

വ്യാഴം

രാവിലെ : ഗ്രീൻ ടീ, മത്തന്‍ മുളകിട്ടത്, ചീര ചേർത്ത എഗ് സ്ക്രാമ്പിൾ

ഉച്ചയ്ക്ക് : സംഭാരം, ഫിഷ് ഫ്രൈ, കാബേജ് തോരൻ

രാത്രി: ഗ്രീൻ ടീ, ഷമാം/മധുരം കുറഞ്ഞ ഓറഞ്ച്, മത്തൻ മുളകിട്ടത്, ഗ്രിൽഡ് ഫിഷ്

വെള്ളി

രാവിലെ : വെണ്ണ ചേർത്ത കട്ടൻ കാപ്പി, വാഴക്കൂമ്പ് തോരൻ

ഉച്ചയ്ക്ക് : ഉപ്പിട്ട നാരങ്ങാവെള്ളം, ബീഫ് ഫ്രൈ, ചീര മെഴുക്കുവരട്ടി

രാത്രി : വാഴക്കൂമ്പ് തോരൻ, ബീഫ് ഫ്രൈ

ശനി

രാവിലെ : വെണ്ണ ചേർത്ത കട്ടൻ കാപ്പി, ചീര തോരൻ

ഉച്ചയ്ക്ക് : ഗ്രിൽഡ് ചിക്കൻ, കോളിഫ്ലവർ പുഴുങ്ങി വെണ്ണയിൽ വരട്ടിയത്

രാത്രി : ഗ്രീൻ ടീ, ചുവന്ന ചീര തോരൻ, ഓംലെറ്റ്, മധുരം കുറഞ്ഞ പേരയ്ക്ക  

ഞായർ

രാവിലെ : ഗ്രീൻ ടീ, കോവയ്ക്ക തോരൻ, ചിക്കൻ സ്റ്റൂ

ഉച്ചയ്ക്ക് : ചെമ്മീൻ ഫ്രൈ, ബീൻസ് മെഴുക്കുവരട്ടി, ഉപ്പി ട്ട നാരങ്ങാവെള്ളം.

രാത്രി : ഗ്രീൻ ടീ, മധുരം കുറഞ്ഞ പേരയ്ക്ക/ബട്ടർ ഫ്രൂട്ട്, ചെമ്മീൻ ഫ്രൈ

ഇടനേരങ്ങളിൽ സംഭാരം, ഉപ്പിട്ട നാരങ്ങാവെള്ളം, ബദാം/നിലക്കടല, നെല്ലിക്ക എന്നിവ കഴിക്കാം

വെജിറ്റേറിയൻ കീറ്റോ ഡയറ്റ്

കീറ്റോ ഡയറ്റ് ഒരു നോൺവെജ് ഡയറ്റാണ്. എങ്കിലും ചില മാറ്റങ്ങൾ വരുത്തി വെജിറ്റേറിയൻസിനും ഈ ഡയറ്റ് ചെയ്യാം. കാർബോഹൈഡ്രേറ്റ്സ് അധികമായുള്ള പച്ചക്കറികൾ കഴിക്കാൻ പാടില്ല. പകരം പ്രോട്ടീൻ അടങ്ങിയ പയറു വർഗങ്ങളും മറ്റും കഴിക്കുക. എന്നും രണ്ടു പ്രാവശ്യമായി ഒന്നു മുതൽ മൂന്നു സെർവിങ്സ് വരെ പച്ചക്ക റികൾ കഴിക്കണം. വെളിച്ചെണ്ണയോ ഒലിവ് ഓയിലോ വെണ്ണയോ നെയ്യോ പാചകത്തിനുപയോഗിക്കാം. സാ ലഡ് ഡ്രസ്സിങ്ങായും തിരഞ്ഞെടുക്കാം. അതുപോലെ പ ല തരത്തിലുള്ള ഹെർബ്സും സ്പൈസസും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വീഗൻ ഡയറ്റ്

വീഗനിസം ഒരു ഡയറ്റ് എന്നതിലപ്പുറം ഒരു ജീവിതരീതി യും ഫിലോസഫിയുമാണ്. മത്സ്യം, മാംസം, മുട്ട എന്നിവയാണ് വെജിറ്റേറിയൻസ് സാധാരണയായി ഒഴിവാക്കുന്ന ഭക്ഷണം. എന്നാൽ ഇവ കൂടാതെ പാൽ, തേൻ, മീനെണ്ണ എന്നിങ്ങനെ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു ഭക്ഷണവും കഴിക്കില്ല വീഗൻസ്. പരിസ്ഥിതി പ്രശ്നങ്ങളും മൂല്യങ്ങളും കണക്കിലെടുത്ത് തുകലോ തുകലുൽപന്നങ്ങളോ ഉപയോഗിക്കുകയുമില്ല ഇവർ.

വീഗൻ ഡയറ്റ് തൂക്കം കുറയ്ക്കാൻ മാത്രമല്ല, തൂക്കം കൂ ടാതെ നോക്കാനും സഹായിക്കും. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, സീറിയലുകൾ, പയറു പരിപ്പ് വർഗങ്ങൾ, ന ടസ്, സോയയിൽ നിന്നുണ്ടാക്കുന്ന ടോഫു, സീഡുകൾ, ന്യൂട്രീഷനൽ യീസ്റ്റ് എന്നിവ വീഗൻ ഡയറ്റിൽ ഉപയോഗി ക്കാം. മാംസവും മീനും വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് പ്രോട്ടീൻ ലഭ്യത കുറയാം. ഇതു പരിഹരിക്കാൻ ധാന്യങ്ങളും പയർ പരിപ്പു വർഗങ്ങളും മുളപ്പിച്ചു കഴിക്കുന്നത് നല്ലതാണ്. പോഷക ആഗീകരണശേഷി കൂട്ടാനായി പുളിപ്പിച്ച ഭക്ഷണം കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, അയഡിൻ, കാത്സ്യം തു ടങ്ങി പല പോഷകങ്ങളുടെയും അളവ് കുറയുന്നതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ സപ്ലിമെന്റുകൾ കഴിക്കേണ്ടി വരാം. സംസ്കരിച്ച ഭക്ഷണം കഴിക്കരുത്.

പ്രമേഹം ഉള്ളവർക്ക് വീഗൻ ഡയറ്റ് നല്ലതാണ്. വാതരോഗികളിലെ സന്ധിവേദനയും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റ് സഹായിക്കും. രക്തസമ്മർദവും കൊളസ്ട്രോളും  കുറയ്ക്കാനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അർബുദ സാധ്യത കുറയ്ക്കാനും വീഗൻ ഡയറ്റ് സഹായിക്കും.

shutterstock_547587685

FOOD CHART

തിങ്കൾ

രാവിലെ : ബ്രെഡും ടോഫു സ്ക്രാ മ്പിൾ ചെയ്തതും.

ഉച്ചയ്ക്ക് : ഗ്രീൻ ബീൻസ് സാലഡും സ്ക്രാമ്പിൾഡ് ടോഫുവും.

രാത്രി : തേങ്ങ ചേർത്ത പച്ചക്കറി വിഭവങ്ങൾ.

സ്നാക്സ് : ക്രാക്കർ ബിസ്ക്കറ്റുകളിൽ പീനട്ട് ബട്ടർ പുരട്ടി കഴിക്കാം. സെലറിയും ഇത്തരത്തിൽ കഴിക്കാം.

ചൊവ്വ

രാവിലെ : ബ്രെഡും സ്ക്രാമ്പിൾഡ് ടോഫുവും.

ഉച്ചയ്ക്ക് : തേങ്ങ ചേർത്ത പച്ചക്കറി വിഭവങ്ങൾ.

രാത്രി : ലെന്റിൽ സൂപ്പ്.

സ്നാക്സ് : പിസ്ത.

ബുധൻ

രാവിലെ : ബ്രെഡും സ്ക്രാമ്പിൾഡ് ടോഫുവും.

ഉച്ചയ്ക്ക് : ലെന്റിൽ സൂപ്പ്.

രാത്രി : എള്ളും ചേർത്തിളക്കിയ ടോഫുവും പച്ചക്കറികളും.

സ്നാക്സ് : പീനട്ട് ബട്ടറും ക്രാക്കേഴ്സ് ബിസ്ക്കറ്റും സെലറിയും.

വ്യാഴം

രാവിലെ : പഴവും ചോക്‌ലെറ്റും ചേർത്ത പോ റിഡ്ജ്.

ഉച്ചയ്ക്ക് : എള്ളും ടോഫും പച്ചക്കറികളും ചേർത്തുള്ള വിഭവം.

രാത്രി : പലതരം പച്ചക്കറികൾ ചേർത്ത സാലഡ്.

സ്നാക്സ് : പിസ്ത കൊണ്ടുണ്ടാക്കിയ എനർജി ബോൾസ്.

വെള്ളി

രാവിലെ : ബനാന ചോക്‌ലെറ്റ് പോറിഡ്ജ്.

ഉച്ചയ്ക്ക് : പലതരം പച്ചക്കറികൾ.

രാത്രി : ഉരുളക്കിഴങ്ങും ലെന്റിലും ടോഫുവും ചേർത്ത സൂപ്പ്.

സ്നാക്സ് : പീനട്ട് ബട്ടറും ക്രാക്കേഴ്സ് ബിസ്ക്കറ്റും സെലറിയും.

ശനി

കാലത്ത് : പഴവും ചോക്‌ലെറ്റും ചേർത്ത പോറിഡ്ജ്.  

ഉച്ചയ്ക്ക് : ഉരുളക്കിഴങ്ങും ലെന്റിലും ടോഫുവും ചേർത്ത സൂപ്പ്.

രാത്രി : ക്വിനോയും തൈമും ബീൻസും വേവിച്ച് കഴിക്കാം.

സ്നാക്സ് :  പിസ്ത എനർജി ബോൾസ്.

ഞായർ

രാവിലെ : ബനാന ചോക്‌ലെറ്റ് പോറിഡ്ജ്.

ഉച്ചയ്ക്ക് : വൈറ്റ് ബീൻസും തൈമും ചേർത്ത ക്വിനോ.

രാത്രി : ടോഫു ചേർത്ത ഗ്രീൻ ബീൻ സാലഡ്.

സ്നാക്സ്: പീനട്ട് ബട്ടർ പുരട്ടിയ ക്രാക്കേഴ്സും സെ ലറിയും.

മെഡിറ്ററേനിയൻ ഡയറ്റ്

സതേൺ യൂറോപ്പിൽ രൂപം കൊണ്ട ഡയറ്റാണ് മെഡിറ്ററേനിയൻ ഡയറ്റ്. ആരോഗ്യകരമായ വിഭവങ്ങളാണ് ഈ ഡയറ്റിലുള്ളത്. കുറച്ചു നാളുകളിലേക്കു മാത്രമല്ല ജീവിതകാലം മുഴുവൻ തുടരാവുന്ന ഡയറ്റാണിത്. മെലിയണമെന്നുള്ളവർ കഴിക്കാവുന്ന ഭക്ഷണ സാധനങ്ങളിൽ നിന്ന് കാലറി കുറഞ്ഞവ നോക്കി കഴിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിലെ എല്ലാവർക്കും ചെയ്യാമെന്നുള്ളതാണ് ഈ ഡയറ്റിന്റെ ആകർഷണം. ഭക്ഷണ വൈവിധ്യം ഉള്ളതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല.

ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഭാരം കുറയ്ക്കുന്നതോടൊപ്പം കൊളസ്ട്രോൾ, പ്രമേഹം, ആർത്രൈറ്റിസ് രോഗികൾക്കും നല്ലതാണ്. അർബുദം പോലുള്ള മാരകരോഗങ്ങൾ തടയുകയും ചെയ്യും.

കോഴിയിറച്ചി, മീൻ, പച്ചക്കറികൾ, പഴങ്ങൾ, പയറു പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പ്, മുഴുധാന്യങ്ങൾ എന്നിവ കഴിക്കാം. വണ്ണം കുറയ്ക്കണമെന്നുള്ളവർ ധാന്യങ്ങളുടെ അളവ് കു റയ്ക്കുക. ഒലിവെണ്ണയിലെ ഏകഅപൂരിത കൊഴുപ്പ് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട് പാചകത്തിന് അതാണ് ഉപയോഗിക്കേണ്ടത്. ട്രാൻസ്ഫാറ്റ് കുറവുള്ളതുകൊണ്ട് ബ്രൗൺ ബ്രെഡാണ് പ്രധാന ആഹാരം.ഒരു ഗ്ലാസ് വൈനിനൊപ്പം ഭക്ഷണം കഴിക്കാം. ഉപ്പു കുറച്ച് പാചകം ചെയ്യുക. അതുപോലെ പ്രകൃതിദത്ത മസാലകളും പച്ചിലകളും ഉപയോഗിക്കുക.  

നെയ്യ്, വെണ്ണ, ട്രാൻസ്ഫാറ്റ്, എണ്ണയിലുണ്ടാക്കുന്ന പലഹാരങ്ങൾ, പാക്കറ്റ് ഫൂഡ്, സംസ്കരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കണം.

പാൽ കഴിക്കുന്ന അളവു കുറവായതിനാൽ ശരീരത്തിൽ കാൽസ്യം കിട്ടുന്നത് കുറയാം. ഇലക്കറികളും ചെറുമീനും കഴിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. അതുപോലെ എണ്ണ അധികം ഉപയോഗിക്കുന്നതുകൊണ്ട് കൊളസ്ട്രോളിന്റെ അളവു കൂടാം. ഡോക്ടറെ കണ്ട് പരിഹാരം തേടുക.

ആഴ്ചയിൽ മൂന്നു മുതൽ അഞ്ചു തവണ വരെ മീനും ചിക്കനും കഴിക്കാം. ഒരു ദിവസം കഴിക്കാവുന്ന റെഡ് വൈ നിന്റെ അളവ് 150 – 300 മില്ലി ലീറ്ററാണ്.

FOOD CHART

തിങ്കൾ

രാവിലെ : കട്ടിയുള്ള തൈരിൽ സ്ട്രോബെറിയും ഓട്സും ചേർത്തു കഴിക്കാം.

ഉച്ചയ്ക്ക് : ഹോൾ വീറ്റ് ചപ്പാത്തിയിൽ പച്ചക്കറികൾ വച്ച് റോൾ ചെയ്തെടുക്കാം.

രാത്രി : തവ ഫ്രൈ ചെയ്ത മീനും പച്ചക്കറികളും ചേർത്ത സാലഡ്. ഭക്ഷണശേഷം ഒരു കഷണം പഴവും.

ചൊവ്വ

രാവിലെ : ഉണക്കമുന്തിരി ചേർത്ത ഓട്മീൽ.

ഉച്ചയ്ക്ക് : തലേദിവസത്തെ തവ ഫ്രൈഡ് ഫിഷ് സലാഡ്.

രാത്രി : തക്കാളിയും പച്ചക്കറികളും അൽപം വെളിച്ചെണ്ണയും ചേർത്ത സാലഡ്.

ബുധൻ

രാവിലെ : പച്ചക്കറികളും സവാളയും തക്കാളിയും ചേർത്ത ഓംലെറ്റ്

ഉച്ചയ്ക്ക് : മുഴുധാന്യ ബ്രെഡ് കൊണ്ടുണ്ടാക്കി ചീസ്, വെജ് സാൻവിച്ച്.

രാത്രി : അൽപം ബ്രൗൺ റൈസും പച്ചക്കറികളും ഗ്രിൽഡ് ഫിഷും.

വ്യാഴം

രാവിലെ : പഴങ്ങളും നട്സും ചേർത്ത കട്ടത്തൈര്.

ഉച്ചയ്ക്ക് : അൽപം ബ്രൗൺ റൈസും പച്ചക്കറികളും ഗ്രിൽഡ് ഫിഷും.

രാത്രി : തവ ഫ്രൈഡ് ഫിഷ്, ഹോൾ വീറ്റ് ചപ്പാത്തി, വെജിറ്റബിൾ സാലഡ്.

വെള്ളി

രാവിലെ : മുട്ടയും ഒലിവ് ഓയിലിൽ പാകം ചെയ്ത പച്ചക്കറികളും.

ഉച്ചയ്ക്ക് : സ്ട്രോബെറീസ്, ഓട്സ്,നട്സ് എന്നിവ ചേർത്ത കട്ടത്തൈര്.

രാത്രി : ഗ്രിൽഡ് മട്ടൺ, ഉരുളക്കിഴങ്ങ് ബേ ക്ക് ചെയ്തതും പച്ചക്കറികളും കഴിക്കാം.

ശനി

രാവിലെ : കട്ടത്തൈര്, ഉണങ്ങിയ മുന്തിരി, നട്സ്, ആപ്പിൾ എന്നിവ ചേർത്ത ഓട്മീൽ.

ഉച്ചയ്ക്ക് : വീറ്റ് ബ്രെഡ് വെജ് സാൻവിച്ച്.

രാത്രി : ഹോൾ വീറ്റ് ചപ്പാത്തി പച്ചക്കറികളും വെണ്ണയും ചേർത്ത്.  

ഞായർ

രാവിലെ : വെജ് ഓംലെറ്റ്.

ഉച്ചയ്ക്ക് : ചപ്പാത്തി വെ‍ജ് റോൾ.

രാത്രി : ചിക്കൻ ഗ്രിൽ ചെയ്തത് പ ച്ചക്കറികളും ഉരുളക്കിഴങ്ങും ചേർത്ത് കഴിക്കാം. ഒപ്പം പഴങ്ങളും.

ജി എം ഡയറ്റ്

ജനറൽ മോട്ടോഴ്സ് കമ്പനി അവരുടെ ജീവനക്കാർക്കു വേണ്ടി തയാറാക്കിയ ഡയറ്റാണ് ജി എം ഡയറ്റ് അഥവാ ജനറൽ മോട്ടോഴ്സ് ഡയറ്റ്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഡയറ്റിൽ ഓരോ ദിവസവും ഓരോ ഡയറ്റാണ്. കൃത്യമായ വ്യാ യാമ‍ം കൂടിയാകുമ്പോൾ കൊഴുപ്പെരിച്ചു കളഞ്ഞ് നന്നായി മെലിയാൻ സാധിക്കും.

ഈ ഡയറ്റിൽ പഴങ്ങളും പച്ചക്കറികളുമാണ് കൂടുതൽ. ആരോഗ്യകരമല്ലാത്തതോ കാലറി കൂടിയതോ ആയ ഭക്ഷണം ഈ ഡയറ്റിലില്ല. ആദ്യത്തെ ദിവസങ്ങളിലെ മടുപ്പും വിശപ്പും ഇല്ലാതാക്കാൻ ജി എം ഡയറ്റ് സൂപ്പ് സഹായിക്കും.

ഭാരം കുറയുന്നത് തൽക്കാലത്തേക്കായതുകൊണ്ട് ഡയറ്റ് നിർത്തി കഴിയുമ്പോൾ പോയ ഭാരം തിരികെ വരാനിടയുണ്ട്. ഭക്ഷണ ക്രമീകരണവും വ്യായാമവും വഴി ശരീര ഭാരം നിയന്ത്രിക്കണം. തുടർച്ചയായി എടുക്കുന്നതും ആരോഗ്യകരമല്ല.

FOOD CHART

ഒന്നാം ദിവസം

ആദ്യ ദിവസം പഴങ്ങൾ മാത്രം. ഏത്തപ്പഴം കഴിക്കരുത്. തണ്ണിമത്തൻ പോലുള്ളവ കൂടുതൽ കഴിക്കാം. എല്ലാ ദിവസവും എട്ടു മുതൽ പന്ത്രണ്ടു ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ ശരീരം തളർന്നിരിക്കുന്നതുകൊണ്ട് വ്യായാമം വേണ്ട.

രണ്ടാം ദിവസം

പച്ചക്കറികൾ മാത്രം. അവ പച്ചയ്ക്കോ വേവിച്ചോ കഴി ക്കാം. പ്രാതലിന് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് അൽപം വെ ണ്ണ തേച്ചു കഴിക്കാം. ഉച്ചയ്ക്ക് പച്ചക്കറികൾ ഒലിവ് ഓയി ലിൽ വഴറ്റി വെള്ളമൊഴിച്ചു വേവിക്കുക. ഉപ്പും കുരുമുള കും ചേർത്ത് കഴിക്കാം. രാത്രി തക്കാളി, സവാള, കാബേജ്, കാപ്സിക്കം എന്നിവ ചേർത്ത ഡയറ്റ് സൂപ്പ് കുടിക്കാം.

മൂന്നാം ദിവസം

ഏത്തപ്പഴം ഒഴിച്ചുള്ള പഴങ്ങളും ഉരുളക്കിഴങ്ങ് ഒഴിച്ചുള്ള പച്ചക്കറികളും ഇഷ്ടാനുസരണം കഴിക്കാം. രാത്രി സൂപ്പ് കുടിക്കാം.

നാലാം ദിവസം

മൂന്നു ഗ്ലാസ്സ് പാലും എട്ട് ഏത്തപ്പഴവും പല നേരങ്ങളിലായി കഴിക്കണം.  

അഞ്ചാം ദിവസം

300 ഗ്രാം ബീഫ്/ ചിക്കന്‍/ മീൻ. ഒപ്പം ബ്രൗൺ റൈസും  (കുത്തരിയല്ല, കടയിൽ നിന്ന് വാങ്ങാൻ കിട്ടും) കഴിക്കാം. വെജിറ്റേറിയൻസിന് ബ്രൗൺ റൈസും പനീറും കഴിക്കാം. ആറു വലിയ തക്കാളി പലപ്പോഴായി കഴിക്കണം. രണ്ടു ഗ്ലാസ് വെള്ളം അധികം കുടിക്കണം.

ആറാം ദിവസം

300 ഗ്രാം ബീഫ്/ ചിക്കൻ/ മീൻ ഒപ്പം ഒരു കപ്പ് ബ്രൗ ൺ റൈസും. വെജിറ്റേറിയൻസ് റൈസിനൊ‌പ്പം പനീറും പച്ചക്കറികളും.  

ഏഴാം ദിവസം

റൈസ്, പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ് എന്നി വ എത്ര വേണമെങ്കിലും കഴിക്കാം.

ലോ കാർബ് ഡയറ്റ്

ഈ ഭക്ഷണ രീതിയെ ഒരു ഡയറ്റ് എന്നതിലുപരി ജീവിതചര്യയാക്കി മാറ്റാം. കാർബോഹൈഡ്രേറ്റിന്റെ അളവു കുറച്ച് ആവശ്യത്തിന് പ്രോട്ടീൻ ഉപയോഗിക്കുന്ന ഡ യറ്റിങ് രീതിയാണിത്. പെട്ടെന്നു ശരീരഭാരം കുറയില്ലെങ്കിൽ കൂടി സാവകാശം ശരീരം മെലിയും. ഡയറ്റിനൊപ്പം വ്യായാവും കൂടി ചെയ്താൽ മികച്ച ഫലം ലഭിക്കും.

മധുരവും മധുര പലഹാരങ്ങളും പാനീയങ്ങളും പൂർണമായി ഉപേക്ഷിക്കണം. ദിവസം 50 –100 ഗ്രാം കാർബോഹൈ‍‍‍ഡ്രേറ്റ് കഴിക്കാം. മിതമായ അളവിൽ പഴവർഗങ്ങളും പയറു വർഗങ്ങളും  ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ഉൾപ്പെടുത്താം.

FOOD CHART

തിങ്കൾ

രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ, പകുതി ആപ്പിൾ, മധുരക്കിഴങ്ങ് പുഴുങ്ങിയത്, രണ്ടു മുട്ട ഓം‌ലെറ്റ്.

ഉച്ചയ്ക്ക് : പാവയ്ക്ക തോരൻ, മീൻ മുളകിട്ടു വറ്റിച്ചത്, പുഴുങ്ങിയ പച്ചക്കറികൾ.

രാത്രി : ഗ്രീൻ ടീ, ഗ്രിൽഡ് ചിക്കൻ, മുന്തിരിങ്ങ

ചൊവ്വ

രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ, പച്ച ചീര തോരൻ, മീൻ മുളകിട്ടു വറ്റിച്ചത്/ ഗ്രിൽഡ് ഫിഷ്

ഉച്ചയ്ക്ക് : സംഭാരം, പയർ മെഴുക്കുവരട്ടി, നാല് മുട്ടയുടെ വെള്ള ഓംലെറ്റ്, ഒരു മീൻ വറുത്തത്

രാത്രി : ഗ്രീൻ ടീ, പച്ച ചീര തോരൻ, മീൻ വറുത്തത്/ഗ്രി ൽഡ്, തണ്ണിമത്തൻ

ബുധൻ

രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ, വാഴക്കൂമ്പ് തോരൻ, രണ്ടു മുട്ട ബുൾസ് ഐ, പേരയ്ക്ക.

ഉച്ചയ്ക്ക് : വെജ് സാലഡ്, ബീഫ് വരട്ടിയത്.

രാത്രി : ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ചുവന്ന ചീര തോരൻ, കൊഞ്ച് ഫ്രൈ.

വ്യാഴം

രാവിലെ : ഗ്രീൻ ടീ, കുമ്പളങ്ങ മുളകിട്ടു വേവിച്ചത്, മത്തി മുളകിട്ടു വറ്റിച്ചത്/പൊള്ളിച്ചത്.

ഉച്ചയ്ക്ക് : വെണ്ടയ്ക്ക മെഴുക്കു വരട്ടി, ഫ്രൈഡ്/ഗ്രിൽഡ് ചിക്കൻ, ഗ്രീൻ സാലഡ്, സംഭാരം

രാത്രി : ഗ്രീൻ ടീ, ചുവന്ന ചീര തോരൻ, ഓംലെറ്റ്, തണ്ണിമത്തങ്ങ

വെള്ളി

രാവിലെ : ഗ്രീൻ ടീ, ഗ്രീൻ സാലഡ്, രണ്ടു മുട്ട ബുൾസ്ഐ.

ഉച്ചയ്ക്ക് : കാബേജ് തോരൻ, അയല മുളകിട്ടു വറ്റിച്ചത്, എഗ് വൈറ്റ് ഓംലെറ്റ്.

രാത്രി : ഗ്രീൻ ടീ, മത്തങ്ങ ഓലൻ, അയല മുളകിട്ടു വറ്റിച്ചത്, തണ്ണിമത്തൻ.

ശനി

രാവിലെ : ഗ്രീൻ ടീ, കോളിഫ്ലവർ പുഴുങ്ങിയത്, ചീര മുട്ട ഓംലെറ്റ്.

ഉച്ചയ്ക്ക് : ആപ്പിൾ, കോവയ്ക്ക തോരൻ, ചിക്കൻ മസാല

രാത്രി : ഗ്രീൻ ടീ, മധുരക്കിഴങ്ങു പുഴുങ്ങിയത്, അയല പൊള്ളിച്ചത്.

ഞായർ

രാവിലെ : ഗ്രീൻ ടീ, ചിക്കൻ സ്റ്റൂ, പേരയ്ക്ക, പപ്പായ  മുളകിട്ടു വേവിച്ചത്

ഉച്ചയ്ക്ക് : ബോയിൽഡ് വെജിറ്റബിൾസ് വെണ്ണയിൽ വരട്ടിയത്, കല്ലുമക്കായ മസാല.

രാത്രി : ഗ്രീൻ ടീ, ചിക്കൻ സ്റ്റൂ, തണ്ണിമത്തൻ.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനൂപ്കുമാർ എ.എസ്,  ചീഫ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Health Tips
  • Glam Up