Thursday 27 February 2020 06:41 PM IST : By Muralee Thummarukudy, Neeraja Janaki

‘സ്ത്രീയെ ലൈംഗികമായി ആക്രമിച്ചാൽ മാനം പോകുന്നത് അക്രമിയുടേതു മാത്രം; അല്ലാതെ ആക്രമിക്കപ്പെട്ട സ്ത്രീയുടേതല്ല!’

രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നും പീഡനങ്ങളുെടയും തുടര്‍ന്നുള്ള െകാലപാതകങ്ങളുെടയും വാര്‍ത്തകള്‍ േകള്‍ക്കുകയാണ്. െഷാർണ്ണൂരിലെയും ഡൽഹിയിലെയും ബലാത്സംഗ കൊലപാതകത്തിനു ശേഷമുണ്ടായ മറ്റൊരു നിർഭാഗ്യകരമായ സംഭവമാണ് ഹൈദരാബാദില്‍ െവറ്ററിനറി ഡോക്ടറായിരുന്ന യുവതി ആക്രമിക്കപ്പെട്ടതും െകാല്ലപ്പെട്ടതും.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്നതിൽ ഏറ്റവും ക്രൂരവും പ്രാകൃതവുമായ അതിക്രമങ്ങളിൽ ഒന്നാണ് ബലാത്സംഗം അല്ലെങ്കില്‍ പീഡനം. ആറുമാസം തികയാത്ത കുട്ടികൾ മുതൽ തൊണ്ണൂറുകഴിഞ്ഞ മുത്തശ്ശിമാർ വരെ കേരളത്തിൽ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. രാത്രിയില്‍ നഗരമദ്ധ്യത്തില്‍ വച്ചും പട്ടാപ്പകല്‍ സ്വന്തം വീട്ടിനുള്ളില്‍ വച്ചും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. പകലോ രാത്രിയോ വീടിനകത്തോ പുറത്തോ ഏതു പ്രായത്തിലുളളവർക്കും ഇത് സംഭവിക്കാം.

എന്തൊക്കെ കാര്യങ്ങളാണ് നാം ബലാത്സംഗത്തെ പറ്റി അറിഞ്ഞിരിക്കേണ്ടത്? ഇത്രത്തോളം സുരക്ഷിതമല്ലാത്ത അവസ്ഥയിൽ, ഇങ്ങനെയൊരു കുറ്റകൃത്യത്തിൽ നിന്നു രക്ഷപ്പെടാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്? ഈ വിപത്തിനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യാൻ നമുക്കെന്തുചെയ്യാൻ കഴിയും ?

കേരള പൊലീസിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബർ വരെ കേരളത്തിൽ 1537 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ ഓരോ വർഷവും പീഡനങ്ങളുടെ എണ്ണം കൂടി വരികയുമാണ്. 2009 ല്‍ 568 പീഡനങ്ങളാണ് െപാലീസില്‍ റിപ്പോര്‍ട്ട് െചയ്യപ്പെട്ടതെങ്കില്‍, 2018 ല്‍ അത് 2015 ആയി ഉയര്‍ന്നു. അതായത് 250% വർദ്ധന.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പൊതുവെ 'സ്ത്രീ' സുരക്ഷയെക്കുറിച്ചും ബലാത്സംഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണമെന്നുമുള്ള ചർച്ചകൾ നടക്കാറുണ്ട്. യാതൊരുവിധ യുക്തിയുമില്ലാത്ത വിശദീകരണങ്ങളും നിർദേശങ്ങളും പലരും മുന്നോട്ടു വയ്ക്കാറുമുണ്ട്. മാന്യമായി വസ്ത്രം ധരിക്കണം, ബന്ധുക്കൾ, രക്ഷിതാക്കൾ, സഹോദരങ്ങൾ തുടങ്ങി ആരുടെയെങ്കിലും തുണയില്ലാതെ ഒറ്റയ്ക്ക് യാത്രകൾ ചെയ്യരുത്, രാത്രി വീട്ടിൽത്തന്നെയിരിക്കുന്നതാണ് സുരക്ഷിതം എന്നിങ്ങനെ സ്ത്രീകൾ കാലാകാലങ്ങളായി നിരന്തരം പ്രതിരോധിച്ചും കലഹിച്ചും നേടിയെടുത്ത അവകാശങ്ങളും സ്വാതന്ത്ര്യവും തടയുന്ന, സ്ത്രീകളെ (സമൂഹത്തെ മുഴുവനായും) പിന്നാക്കം നയിക്കാൻ മാത്രം സഹായിക്കുന്ന വിലക്കുകളുടെ ഒരു കൂട്ടമാണ് പലപ്പോഴും ഇത്തരം നിർദേശങ്ങൾ. കാര്യങ്ങൾ വിശകലനം ചെയ്ത് ദീർഘവീക്ഷണത്തോടു കൂടിയ പരിഹാരങ്ങൾക്കു പകരം, കൂടുതൽ വിലക്കുകളേർപ്പെടുത്തി വളരെ വേഗത്തിൽ ഉത്തരവാദിത്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കാണാം.

അപരിചിതരായവര്‍, അസമയത്ത് വീടിനു പുറത്തു വച്ചോ, യാത്ര ചെയ്യുമ്പോഴോ അക്രമമോ ഭീഷണിയോ ഉയർത്തി ലൈംഗികാതിക്രമം ചെയ്യുമോ എന്നതാണ് കൂടുതല്‍ സ്ത്രീകളെയും േപടിപ്പിക്കുന്നത്. പക്ഷേ, കണക്കുകളില്‍ തെളിയുന്ന സത്യം െഞട്ടിക്കുന്ന മറ്റൊന്നാണ്. കേരളത്തിൽ നടക്കുന്ന പീഡനങ്ങളില്‍ 98 ശതമാനം കേസിലും ഇരയ്ക്കു പരിചയമുള്ള ആള്‍ തന്നെയാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. 13 ശതമാനത്തിൽ അധികം കേസുകളിൽ പ്രതി കുടുംബാംഗം തന്നെയാണ്. അതായത് അപരിചിതനായ ഒരാൾ ബലാത്സംഗം ചെയ്യുവാനുള്ള സാധ്യതയുടെ പല മടങ്ങാണ് സ്വന്തം കുടുംബങ്ങളിൽ നിന്നു തന്നെ ഇത്തരം ഒരു അനുഭവം ഉണ്ടാകാനുള്ളത്. പീഡനകേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത െപാതുവെ കുറവാണ്, കുടുംബാംഗങ്ങളിൽ നിന്നുണ്ടാകുന്ന ലൈംഗിക അതിക്രമമാണ് റിപ്പോർട്ട് ചെയ്യാൻ സാധ്യത ഏറ്റവും കുറവ്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ തീർത്തും അപരിചിതരാൽ ബലാത്സംഗം ചെയ്യാനുള്ള സാധ്യത എത്രയോ കുറവാണെന്ന് മനസ്സിലാക്കാം. ബലാത്സംഗത്തെ പറ്റി ചർച്ച ചെയ്യുമ്പോഴും എങ്ങനെ ബലാത്സംഗ സാധ്യത ഒഴിവാക്കാം എന്ന് ചിന്തിക്കുമ്പോഴും ഈ കാര്യം എപ്പോഴും മനസ്സിൽ വയ്ക്കണം.

ആര്‍ക്കും ഉണ്ടാകാം ഭീഷണി

പീഡനത്തിന് ആരും ഇരകളാകാം. പ്രായമായവർ, ചെറുപ്പക്കാർ, കുട്ടികൾ തുടങ്ങി ആരും ഈ ഭീഷണിയിൽ നിന്നു മുക്തരല്ല. െതരുവില്‍ കിടന്നുറങ്ങുന്ന ഭിക്ഷക്കാര്‍ മുതല്‍ പഞ്ചനക്ഷത്ര േഹാട്ടലില്‍ കഴിയുന്ന സിനിമാതാരങ്ങൾ വരെ പീഡനത്തിന് ഇരയായിട്ടുമുണ്ട്. പൊതുവെ സ്ത്രീകളാണ് ഇതിന് ഇരയാകുന്നത്. നിയമപരമായും ഈ കുറ്റകൃത്യം സ്ത്രീകൾക്കെതിരെയുള്ള അക്രമമായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും പുരുഷന്മാരും ആൺകുട്ടികളും ട്രാൻസ്‌ജെൻഡേർസ് ആയിട്ടുള്ളവരും ഒക്കെ പീഡനത്തിന് ഇരയാകാറുണ്ട്. സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള വ്യക്തികൾ, ഭിന്നശേഷിക്കാർ, ലൈംഗിക തൊഴിലാളികൾ എന്നിവരൊക്കെ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ ലൈംഗിക ആക്രമണങ്ങൾക്ക് വിധേയരാകാം.

റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള കേസുകളിൽ 43 ശതമാനം ബലാത്സംഗങ്ങളും പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ആണെന്നതു കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളെ ബലപ്രയോഗം കൊണ്ടോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ വേഗത്തിൽ കീഴടക്കാം എന്നതും, അവർ പേടി കൊണ്ടോ മാനഹാനി ഭയന്നോ ഇക്കാര്യം പുറത്തുപറയില്ല എന്ന വിശ്വാസവും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടാൻ കാരണമാകുന്നു.

കാരണങ്ങൾ പലത്

പലതരം കാരണങ്ങളാൽ ബലാത്സംഗം നടക്കാറുണ്ട്. ബന്ധുക്കളോ പരിചയക്കാരോ ആയവർ മനഃപൂർവം പ്ലാൻ ചെയ്ത് ഇരയുടെ സമ്മതം ഇല്ലാതെ ലൈംഗിക അതിക്രമം ചെയ്യുന്നതാണ് ഏറ്റവും കൂടുതൽ സംഭവിക്കുന്നത്. പ്രേമബന്ധങ്ങൾ തകർന്നു കഴിഞ്ഞോ വിവാഹമോചനം നേടിയ ശേഷമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പ്രതികാരവാഞ്ഛയോടെ ബലാത്സംഗം ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ട്. തെറ്റു ചെയ്ത സ്ത്രീകളെ ശിക്ഷിക്കാനും ഏതെങ്കിലും സ്ത്രീയുടെ ബന്ധു (ഭർത്താവ്, സഹോദരൻ) തെറ്റു  ചെയ്താൽ അതിനുള്ള ശിക്ഷയായും പീഡനത്തെ ഉപയോഗിക്കുന്ന സമൂഹങ്ങൾ ഉണ്ട്. യുദ്ധം നടക്കുന്ന സാഹചര്യത്തിൽ പിടിച്ചടക്കുന്ന നാടുകളിലെ സ്ത്രീകളെ പീഡിപ്പിക്കുന്നതും ലൈംഗിക അടിമകൾ ആയി കൊണ്ടുനടക്കുന്നതും ചരിത്രം ഉണ്ടായ കാലം തൊട്ട്, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ വരെ നടന്നിട്ടുണ്ട്.

മാനം േപാകുന്നത് അക്രമിയുടേതു മാത്രം

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ പറ്റി പറയുമ്പോള്‍ ‘മാനഭംഗം’ എന്ന വാക്ക് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും കാലാകാലമായി ഉപയോഗിക്കാറുണ്ട്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുമ്പോൾ അവരുടെ ശരീരത്തിനപ്പുറം ‘മാന’ത്തേയും കൂടി ആക്രമിക്കുന്നു എന്ന അർഥത്തിലാണ് ഇതു പ്രയോഗിക്കുന്നത്. ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീയുടെ മാനം നഷ്ടപ്പെട്ടു, എന്നും അവർ കുടുംബത്തിന് മാനഹാനി ഉണ്ടാക്കി എന്നുമൊക്കെയുള്ള സമൂഹബോധം ഈ ഭാഷാപ്രയോഗത്തിൽ അടങ്ങിക്കിടക്കുന്നു.

കേവലം ഭാഷാപരമായ പ്രശ്നം മാത്രമല്ല ഇത്. മാനം വീണ്ടെടുക്കാൻ അക്രമിയുടെ കൂടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന േകാടതികള്‍ പോലും ഇപ്പോഴുമുണ്ട്. മാനം നഷ്ടപ്പെട്ട സ്ത്രീയെ കുടുംബത്തിന്റെ മാനം രക്ഷിക്കുന്നതിനായി കൊന്നു കളയുന്ന സമൂഹങ്ങളും ഉണ്ടായിരുന്നു,

സ്ത്രീ പുരുഷന്റെ (അച്ഛന്റെ/ആങ്ങളയുടെ/ഭർത്താവിന്റെ) സമ്പത്തായി കണക്കാക്കിയിരുന്നതിനാൽ അവരെ ലൈംഗികമായി ആക്രമിച്ചാൽ പുരുഷന്റെ മാനം പോകുമെന്നതിനാൽ തന്നെ അത്തരം അക്രമങ്ങൾക്ക് സ്ത്രീകൾ വിധേയരാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ ഈ പ്രയോഗം ഭാഷയിൽ നിന്നും ഈ ചിന്ത സമൂഹത്തിൽ നിന്നും മാറ്റേണ്ടതാണ്.

ഒരു സ്ത്രീയെ ആരെങ്കിലും ലൈംഗികമായി ആക്രമിച്ചാൽ മാനം പോകേണ്ടത് അക്രമിയുടേതാണ്. അല്ലാതെ ആക്രമിക്കപ്പെട്ട സ്ത്രീയുടേതല്ല.

ബലം പ്രയോഗിച്ചുള്ള സ്ത്രീ പുരുഷ സംഗമം എന്ന അർഥത്തിലാണ് ബലാത്സംഗം എന്ന വാക്കുണ്ടാകുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഈ നിർവചനത്തിന് അടിസ്ഥാനപരമായ മാറ്റം ഉണ്ടായി. ബലവും സംഗവും അല്ല മറിച്ച് ഒരാളുടെ സമ്മതമില്ലാതെ (അല്ലെങ്കിൽ അവർ സമ്മതം നൽകാൻ പ്രാപ്തമല്ലാത്ത സാഹചര്യത്തിൽ / അവരെ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയിരുന്ന സാഹചര്യത്തിൽ) അവരുമായി ഉണ്ടാകുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും ബലാത്സംഗത്തിന്റെ പരിധിയിൽ വരും എന്നായി.

ഈ കാരണങ്ങളാലാണ് ലൈംഗികമായ അക്രമങ്ങൾക്ക് മാനഭംഗം, ബലാത്സംഗം എന്നീ വാക്കുകൾക്ക് പകരം ‘ലൈംഗിക പീഡനം’ അല്ലെങ്കിൽ Sexual Assault എന്ന്  ഉപയോഗിച്ചു തുടങ്ങിയത്. ഭാഷാപരമായ മാറ്റം മാത്രമല്ല ഇവിടെയുള്ളത്. ഇര ഏതു തരത്തിലാണെങ്കിലും നേരിടേണ്ടി വരുന്ന അക്രമമാണ് പ്രധാനം,  െെലംഗികതയല്ല എന്ന ആശയമാണ് ‘പീഡനം’ എന്ന വാക്ക് മുന്നോട്ടു വയ്ക്കുന്നത്.

കാനഡയിൽ നിയമപരമായി rape എന്ന വാക്ക് മാറ്റി sexual assault എന്നാക്കിയിട്ടുണ്ട്. ലൈംഗികമായ കടന്നു കയറ്റത്തെ, മറ്റ് അക്രമങ്ങളെ പോലെ തന്നെ അതിന്‍റെ തീവ്രത അനുസരിച്ചു പല ഡിഗ്രി ആയി തിരിച്ച്, തക്ക ശിക്ഷ നൽകുന്ന രീതി പീഡനങ്ങള്‍ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാന്‍ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ഒപ്പം അക്രമികൾക്ക് ശിക്ഷ കിട്ടാനും ഇത് ഉപകരിക്കും.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

Tags:
  • Health Tips
  • Columns
  • Glam Up