Thursday 27 October 2022 04:48 PM IST : By സ്വന്തം ലേഖകൻ

സൂര്യനെ ശത്രുവായി കാണാതെ അല്പം വെയില്‍ കൊള്ളാം; കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞാൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

vitamin-dddddd8899

പകർച്ചവ്യാധികളുടെ കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ശരീരത്തിൽ വിറ്റാമിനുകൾ അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിനു വേണ്ട വിറ്റാമിനുകൾ ലഭിക്കുക. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് മറ്റു പല ഗുരുതര രോഗങ്ങൾക്കും കാരണമാകാറുണ്ട്. 

ദീര്‍ഘകാലം വിറ്റാമിൻ ഡിയുടെ കുറവ് തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിന്‍ ഡി കുറവ് മൂലം ഉണ്ടായേക്കാം. 

എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണം. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം മാത്രമാണ് ഭക്ഷണത്തില്‍ നിന്നും ലഭിക്കുക. ഏത്തപ്പഴം, പാൽ, മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞ, റെഡ് മീറ്റ് തുടങ്ങിയവയിൽ വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ ഡിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ മാത്രമല്ല ബാധിക്കുക. വിഷാദം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾക്കും വിറ്റാമിൻ ഡിയുടെ കുറവ് കാരണമാകും. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങൾ, മുട്ട, കൂണ്‍, പയർ വർഗങ്ങളും ഗോതമ്പ്, റാഗ്ഗി, ഓട്സ് എന്നീ ധാന്യങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. അമിതമായ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാൻ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.

കുട്ടികളിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ?

കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞാൽ വളർച്ചക്കുറവും അംഗവൈകല്യവും ഉണ്ടാകാം. പൊതുവേ വെയിലു കൊള്ളാത്തവരിലും, വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലുമാണ് ഈ അവസ്ഥകൾ കണ്ടുവരാറുള്ളത്. 

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നമ്മുടെ ശരീരം തന്നെ ഈ വൈറ്റമിൻ ഉണ്ടാക്കുന്നുണ്ട്. സൂര്യനെ ഒരു ശത്രുവായി കാണാതെ അല്പം വെയില്‍ ശരീരത്തിലേക്കു കിട്ടുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെടുക. ഒപ്പം ശരീരം അനങ്ങിയുള്ള വ്യായാമങ്ങളും ആകാം. 

വെയിലേറ്റ് ഭാഗം ഉടനെ കഴുകാതിരിക്കുക. വൈറ്റമിൻ ഡി മരുന്നായി ലഭ്യമാണ്. എന്നാൽ അളവ് കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. കുട്ടികളിൽ മിക്കപ്പോഴും മരുന്നു തന്നെ വേണ്ടി വരാറുണ്ട്. മരുന്ന് കഴിക്കേണ്ടി വരുകയാണെങ്കിൽ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം. 

Tags:
  • Health Tips
  • Glam Up