Tuesday 16 January 2018 05:03 PM IST : By രൂപാ ദയാബ്ജി

വേനലിനെ പേടിച്ച്് പുറത്തിറങ്ങാതെ ഇരിക്കാനാകുമോ? സൗന്ദര്യവും ആരോഗ്യവും കാക്കാൻ ഇതാ ചില വഴികൾ

summer_beauty ഫോട്ടോ: ശ്യാം ബാബു

വേനൽ തീക്ഷ്ണമായിവരികയാണ്. അതോടൊപ്പം ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഏറി വരുന്നു. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കണമെന്നുണ്ടെങ്കിലും വെയിലത്തിറങ്ങാതെയോ പുറത്തുപോകാതെയോ എങ്ങനെ കഴിച്ചുകൂട്ടും. സൺ സ്ക്രീൻ ലോഷനും സൺ ഗ്ലാസുമൊക്കെ എത്ര വരെ ആരോഗ്യവും സൗന്ദര്യവും കാക്കും. വിയർപ്പുകുരുമുതൽ സൂര്യതാപമേറ്റുള്ള കണ്ണ് വീക്കം വരെയാണ് ഓരോരോ പ്രശ്നങ്ങൾ. ഇതാ അൽപ്പമൊരു കരുതൽ നൽകിയാൽ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളെ അകറ്റിനിർത്താം.

ചൂടുകുരുവിനെ പേടിയോ

ചൂടിനെ ശരീരം പുറം തള്ളുന്നത് വിയർപ്പായാണ്. വിയർക്കുന്നുണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. വിയർപ്പുഗ്രന്ഥികളിൽ കൂടി പുറത്തുവരുന്ന ജലാംശവുമായി ചേരുമ്പോൾ ത്വക്കിന്റെ പുറംഭാഗത്തെ കോശങ്ങൾ വികസിച്ചു വീർത്ത് അടഞ്ഞുപോകും. ഇങ്ങനെ തങ്ങിനിൽക്കുന്ന വിയർപ്പാണ് ചൂടുകുരു ഉണ്ടാക്കുക.

∙ ചെറിയ മണൽതരികൾ പോലെ വരുന്ന ചൂടുകുരുവിനൊപ്പം ചൊറിച്ചിലുമുണ്ടാകാം. ചൂടു തുടങ്ങുമ്പോൾ ആരംഭിക്കുന്ന കുരുക്കൾ ചൂട് ഉച്ചസ്ഥായിയിലെത്തുമ്പോഴേക്കും തനിയെ മാറും. ശരീരം ഇതുമായി പൊരുത്തപ്പെടുന്നതാണ് കാരണം.

∙ അമർത്തി വിയർപ്പ് തുടയ്ക്കുന്നത് ചൂടുകുരു പൊട്ടി പഴുക്കാനിടയാക്കും. ഒപ്പിയുണക്കുന്നതാണ് നല്ലത്.

∙ വിയർക്കാതിരിക്കുകയും നന്നായി കാറ്റുകൊള്ളുകയുമാണ് ചൂടുകുരുവിനെ പ്രതിരോധിക്കാനുള്ള വഴി.

∙ കാറ്റു കയറുന്ന അയവുള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. ഇളംനിറങ്ങളും വെള്ളയുമാണ് നല്ലത്. കടുംനിറങ്ങൾ ചൂടിനെ ആഗിരണം ചെയ്യുന്നതിനാൽ ചൂടുകുരുവും കൂടും.

∙ ചൂടുകുരു തടയാൻ തേങ്ങാവെള്ളം പുരട്ടാം. 15 ലീറ്റർ വെള്ളത്തിൽ അരക്കിലോ ഉപ്പു ചേർത്ത് കുളിക്കുന്നതും ചൂടുകുരു മാറാൻ നല്ലതാണ്.

∙ കൂട്ടികൾക്ക് വിയർപ്പുഗ്രന്ഥികളുടെ ദ്വാരത്തിൽ ബാക്ടീരിയ ഇൻഫെക്ഷൻ മൂലം പഴുപ്പുണ്ടാകും. ശക്തമായ ചൊറിച്ചിലാണ് ഇതിന്റെ ലക്ഷണം.

∙ പഴുപ്പ് നിറഞ്ഞ കുരു പൊട്ടി രോഗം വേഗത്തിൽ പടരുമെന്നതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം ആന്റിബയോട്ടിക്കുകൾ കഴിച്ചു വേണം രോഗം മാറ്റാൻ

എസ്പിഎഫ് എന്തിന്

ഫീൽഡ് വർക്ക് ചെയ്യുന്ന സ്ത്രീകളുടെ പേ ടി മുഖത്തും കഴുത്തിലും കറുപ്പുനിറം പടരുന്നതാണ്. ഇതു തടയാൻ സൺ പ്രൊട്ടക്ഷൻ ഫാക്ടർ ഉള്ള ക്രീമോ ലോഷനോ പുരട്ടി വേണം പുറത്തിറങ്ങാൻ. അൾട്രാ വയലറ്റ് രശ്മികളുടെ ചർമവുമായുള്ള പ്രവർത്തനം തടയാനുള്ള കഴിവാണ് എസ്പിഎഫ് അഥവാ സൺ പ്രൊട്ടക്ഷൻ ഫാക്ടർ.

∙ എസ്പിഎഫ് 15 ഉള്ള ക്രീം സൂര്യപ്രകാശത്തിലെ 93 ശതമാനം അൾട്രാ വയലറ്റ് രശ്മികളെയും തടയുന്നു. 30 ഉള്ളവ 97 ശതമാനത്തെയും 50 ഉള്ളവ 98 ശതമാനത്തെയും പ്രതിരോധിക്കും.

∙ എസ്പിഎഫ് 30 എങ്കിലുമുള്ള ക്രീമോ ലോഷനോ പുരട്ടിയാൽ കരുവാളിപ്പും തടിപ്പും പ്രതിരോധിക്കാം.

ഇനി മുടി കൊഴിയില്ല

∙ വേനൽക്കാലത്ത് മുടി കൊഴിയുകയും അതുപോലെ തന്നെ വളരുകയും ചെയ്യും. എന്നാൽ വിയർക്കുമ്പോൾ മുടിയിൽ അഴുക്കടിയാനുള്ള സാധ്യത കൂടുന്നത് താരനുണ്ടാക്കും.

∙ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. പിഎച്ച് ലെവൽ 4.5 മുതൽ 5.5 വരെയുള്ള ഷാംപൂവാണ് നല്ലത്.

∙ വരണ്ട മുടിയുള്ളവർ ആഴ്ചയിലൊരിക്കൽ ഓയിൽ മസാജ് ചെയ്യണം. ചെമ്പരത്തിയില മിക്സിയിലടിച്ച് തേച്ച് കഴുകിയാൽ മുടി വൃത്തിയാകും. പഴങ്കഞ്ഞി വെള്ളം നേർപ്പിച്ച് കഴുകിയാൽ മുടി കൊഴിച്ചിൽ മാറും.

∙ വരണ്ട മുടിയുള്ളവർ മുട്ടയുടെ വെള്ളയും ഉലുവ കുതിർത്ത് അരച്ചതും ചേർത്തു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിയാൽ മുടി പട്ടുപോലെയാകും.

∙ എണ്ണമയം കൂടുതലുള്ള മുടിയിൽ പയറുപൊടിയോ കടലമാവോ പുരട്ടി കഴുകാം. തേയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം നല്ല കണ്ടിഷനർ ആണ്.

∙ നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളം തലയിൽ കുറേശ്ശെ ഒഴിച്ച് കുളിച്ചാൽ മുടിവേരിന് ബലം കൂടും.

∙ വെയിലിൽ പുറത്തിറങ്ങുമ്പോൾ മുടിയെ ചൂടിൽ നിന്ന് രക്ഷിക്കാൻ കുട പിടിക്കാൻ മറക്കേണ്ട.

∙ വേനൽക്കാലത്ത് നന്നായി വിയർക്കുമെന്നതിനാൽ ഹെൽമറ്റ് വയ്ക്കുന്നവർക്ക് മുടികൊഴിച്ചിൽ കൂടാം. വിയർപ്പിൽ ഫംഗസ് വളർന്ന് താരനുണ്ടാകുന്നതാണ് ഇതിനു കാരണം. ഹെൽമറ്റ് ഉപയോഗിക്കുന്നവർ ആ ഴ്ചയിൽ മൂന്നു ദിവസമെങ്കിലും മുടി ഷാംപൂ ചെയ്ത് കഴുകണം.

∙ ഹെൽമറ്റ് വയ്ക്കും മുമ്പ് കോട്ടൻ ടവ്വൽ കൊണ്ട് തല മൂടിക്കെട്ടാം. ഹെൽമറ്റ് ഊരിക്കഴിഞ്ഞ് നന്നായി കാറ്റുകൊള്ളിച്ച് തല ഉണക്കണം.

കണ്ണിനെ കാക്കാം

പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കണം. കണ്ണിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിക്കുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തടയാനാണിത്.

∙ വ്യായാമം, ജോലി എന്നിവയ്ക്കു ശേഷം വിയര്‍പ്പ് താണുകഴിഞ്ഞേ കുളിക്കാവൂ. വിയർപ്പോടെ കുളിക്കുന്നതും മുഖം കഴുകുന്നതും കണ്ണിനു ദോഷമാണ്.

∙ തണുത്ത പാലിലോ റോസ് വാട്ടറിലോ കോട്ടൻ തു ണി മുക്കി കണ്ണിൽ വച്ചോളൂ. നല്ല തണുപ്പ് കിട്ടും.

∙ കരടു പോയതുപോലെയോ മണൽത്തരികൾ വീണതു പോലെയോ തോന്നുന്ന അസ്വസ്ഥതയാണ് ചെങ്കണ്ണിന്റെയും കൺകുരുവിന്റെയും ലക്ഷണം. ചുവപ്പുനിറം പടരുകയും പീള കെട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ ചെങ്കണ്ണാണെന്ന് ഉറപ്പിക്കാം. ചിലർക്ക് നീരുമുണ്ടാകാം.

∙ തിളപ്പിച്ചാറിയ വെള്ളത്തിൽ കണ്ണ് കഴുകാം,

∙ രോഗമുള്ളയാളുടെ തോർത്ത്, ടവ്വൽ, കൺമഷി, സോ പ്പ് തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കരുത്.

∙ അഴുക്കു പുരണ്ട കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മാതിരിക്കുക, വൃത്തിയില്ലാത്ത വെള്ളത്തിൽ കുളിക്കാതിരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക.

∙ മല്ലി അൽപമെടുത്ത് തലേദിവസം തന്നെ നന്നായി കഴുകി കിഴികെട്ടി വെള്ളത്തിലിട്ടു വച്ചോളൂ. പിറ്റേ ദിവസം ഈ വെള്ളത്തില്‍ കണ്ണു കഴുകുന്നത് കൺകുരുവിനെ തടയും.

 

വിവരങ്ങൾക്ക് കടപ്പാട്–ഡോ.ഇ.എൻ. അബ്ദുൾ ലത്തീഫ്, അഡിഷനൽ പ്രഫസർ,

ഡിപ്പാർട്ടുമെന്റ് ഓഫ് ഡെർമറ്റോളജി ആൻഡ് വെനീറിയോളജി, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്.

ഡോ. സിന്ധു ജി. നായർ, കൺസൾട്ടന്റ് ഇൻ മെഡിസിൻ, ജനറൽ ഹോസ്പിറ്റൽ, കോട്ടയം.

ഡോ. എം. റഹീന ഖാദർ,റിട്ട. ഹെഡ്, ഹോം സയൻസ് ആൻഡ് ന്യൂട്രീഷൻ ഡിപ്പാർട്ട്മെന്റ് ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം

റീമ പത്മകുമാർ, എയ്സ്തറ്റിക് കൺസൾട്ടന്റ്, റീംസ് ഹെർബൽ ബ്യൂട്ടി ക്ലിനിക്, തിരുവനന്തപുരം.