Friday 16 September 2022 04:24 PM IST

‘വെയ്റ്റ് ട്രെയ്നിങ് ചെയ്താൽ തടി കൂടില്ല, എല്ലിന്റെ ബലക്കുറവ്, ലിഗ്‍മന്റ് പ്രശ്നങ്ങൾ ഇല്ലാതാക്കാം’; അമിതവണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Tency Jacob

Sub Editor

shutterstock_1732967741

വെയ്റ്റ് ട്രെയ്നിങ്, നീന്തൽ, സൈക്‌ളിങ്, കാർഡിയോ എക്സർസൈസ്, നടത്തം തുടങ്ങി പലതരത്തിലുള്ള വ്യായാമങ്ങളുണ്ട്. പക്ഷേ, അവയിൽ ഏത് തിരഞ്ഞെടുക്കണം എന്നത് ഓരോരുത്തരുടെയും ഫിറ്റ്നസ് ഗോൾ അനുസരിച്ച് വ്യത്യസ്തമാണ്. ദിവസവും പത്തു കിലോമീറ്റർ നടക്കുന്നതും സ്ഥിരമായി സൈക്‌ളിങ് ചെയ്യുന്നതും പൂർണമായ വ്യായാമശൈലി അല്ല. 

കാർഡിയോ റെസ്പിരേറ്ററി വ്യായാമങ്ങൾ ചെയ്യുമ്പോൾ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുമെങ്കിലും അമിതവണ്ണം ഇല്ലാതാക്കാൻ കഴിയില്ല. കാർഡിയോ വ്യായാമങ്ങൾ ചെയ്യുമ്പോൾ തൂക്കം കുറയും. ശരീരത്തിലെ ഫാറ്റ് മാസ്സ് കുറയുന്നതോടൊപ്പം മസിൽ മാസ്സും കുറയുന്നതാണ് ഇതിന്റെ കാരണം.

വെയ്റ്റ് ട്രെയ്നിങ് ചെയ്താൽ തടി കൂടുമെന്നത് തികച്ചും തെറ്റായ ധാരണയാണ്. വെയ്റ്റ് ട്രെയിനിങ് ചെയ്യുക വഴി പേശികൾ മാത്രമല്ല, മാനസിക ആരോഗ്യം, നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം എന്നിവയും മെച്ചപ്പെടുന്നു.

സന്ധികളുടെ വേദന അഥവാ സന്ധി വാതം, എല്ലിന്റെ ബലക്കുറവ്, ലിഗ്‍മന്റ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ വെയ്റ്റ് ട്രെയിനിങ്ങിനു ഉള്ള പങ്ക് വലുതാണ്. അതോടൊപ്പം മെറ്റബോളിസം വർധിക്കുകയും കൊഴുപ്പ് എളുപ്പത്തിൽ ഇല്ലാതാകുകയും ചെയ്യുന്നു.

‘ഇത്ര കിലോ ഭാരം കുറയണം ’എന്നതിനു പകരം ‘ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കണം’ എന്നതാകണം നമ്മുടെ ഫിറ്റ്നെസ് ഗോൾ. 

വ്യായാമത്തിനു ശേഷം തൂക്കം നോക്കുമ്പോൾ ശരീരഭാരത്തിൽ കാണിക്കുന്ന വ്യത്യാസം ജലാംശം നഷ്ടപ്പെടുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. യഥാർഥ ഫാറ്റ് ലോസ്സ് അല്ല. നമ്മുടെ ശരീരത്തിലെ അളവുകളിൽ വരുന്ന വ്യത്യസമാണ് യഥാർഥ ഫാറ്റ് ലോസ്സ്. ഒരു മണിക്കൂർ കൊണ്ടോ ഒരു ആഴ്ച കൊണ്ടോ അതു സ്വന്തമാക്കാൻ സാധിക്കില്ല. ചിട്ടയായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും പടിപടിയായി മാത്രമേ ഇതു സ്വന്തമാക്കാനാകൂ.  

ശരീരത്തിൽ അധികമുള്ള കൊഴുപ്പ് കളയാൻ കാർഡിയോ വർക്‌ഔട്ടുകളായ സൈക്‌ളിങ്, നടത്തം എന്നിവ സഹായിക്കും. പക്ഷേ, അമിതവണ്ണം ഇല്ലാതാക്കാൻ അതുമാത്രം മതിയാകില്ല. 

ഇത്തരം വ്യായാമങ്ങൾ ചെയ്യുമ്പോൾ മസിലിന്റെ ബലക്കുറവു മൂലം സന്ധികളിലേക്ക് കൂടുതൽ പ്രഷർ വന്നു സ ന്ധിവേദനയ്ക്കു കാരണമാകും. കാലിന്റെ മസിലുകളെ ശക്തിപ്പെടുത്താനുള്ള വർക്കൗട്ട് ചെയ്തശേഷം ഇത്തരം വ്യായാമങ്ങൾ തുടങ്ങുന്നതാണ് നല്ലത്. ഏറ്റവും കൂടുതൽ കൊഴുപ്പു ഉള്ള സ്ഥലത്തെ ഫാറ്റായിരിക്കും ഏറ്റവുമൊടുവിൽ കുറയുക എന്നത് ഓർമ വേണം. ലക്ഷ്യത്തിലെത്താൻ ചിട്ടയായ ശ്രമം കൂടിയേ തീരൂ. 

Tags:
  • Health Tips
  • Glam Up