Thursday 04 August 2022 11:42 AM IST : By സ്വന്തം ലേഖകൻ

യോനീസ്രവം തവിട്ടു നിറത്തിലാകുന്നത് ആര്‍ത്തവചക്രം താളം തെറ്റുന്നതിന്റെ സൂചന; ഈ നിറം മാറ്റം, രോഗങ്ങളുടെ സൂചനയാകാം

vaginal-dddd45676

യോനീസ്രവത്തിന്റെ നിറ വ്യത്യാസം മനസ്സിലാക്കി രോഗം തിരിച്ചറിയാം. സ്രവങ്ങളുടെ നിറവും മണവും ശരീരത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിര്‍ണായക സൂചന നല്‍കുമെന്ന് ആയുര്‍വേദ ഡോക്ടറായ നികിത കോഹ്ലി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

സ്രവങ്ങളുടെ പുറന്തള്ളലിന്റെ സ്വഭാവം ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. ആര്‍ത്തവചക്രത്തിന്റെ ഘട്ടമനുസരിച്ച് പുറത്തുവരുന്ന സ്രവത്തിന്റെ അളവിലും മണത്തിലും വ്യത്യാസമുണ്ടാകാം. അണ്ഡോത്പാദന സമയത്തും മുലയൂട്ടുന്ന സമയത്തും ലൈംഗിക താത്പര്യം ഉണരുമ്പോഴും  കൂടിയ അളവില്‍ സ്രവങ്ങള്‍ പുറത്തേക്ക് വരാം.  

വെളുത്ത നിറത്തിലാണ് സാധാരണ ഗതിയില്‍ യോനീസ്രവങ്ങള്‍ പുറത്ത് വരുക. എന്നാല്‍ കടുത്ത വെളുത്ത നിറത്തോടു കൂടിയ സ്രവത്തിനൊപ്പം ചൊറിച്ചില്‍, പുകച്ചില്‍, അസ്വസ്ഥതകള്‍, ദുര്‍ഗന്ധം തുടങ്ങിയവ യോനിയില്‍ അനുഭവപ്പെട്ടാല്‍ ഇത് യീസ്റ്റ് അണുബാധയുടെ ലക്ഷണമാകാം. 

യോനീസ്രവത്തിന്റെ നിറം മഞ്ഞയാണെങ്കില്‍ അത് ബാക്ടീരിയല്‍ അണുബാധയുടെ ലക്ഷണമാകാം. സ്രവത്തിന്റെ നിറം പച്ചയാകുന്നത് ബാക്ടീരിയല്‍ അണുബാധയുടെയോ ലൈംഗിക രോഗങ്ങളുടെയോ സൂചനയാകാം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ മൂലമോ ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം വഴിയോ ഇത്തരത്തില്‍ സംഭവിക്കാം. 

യോനീസ്രവം തവിട്ടു നിറത്തിലാകുന്നത് ആര്‍ത്തവചക്രം താളം തെറ്റുന്നതിന്റെ സൂചന നല്‍കുന്നു. ഇത് ഗര്‍ഭാശയത്തിലെയോ ഗര്‍ഭാശയമുഖത്തിലെയോ അര്‍ബുദത്തിന്‍റെയും സൂചനയാകാം. യോനീസ്രവം കൊഴുത്തതും ഒട്ടിപ്പിടിക്കുന്നതും ദുര്‍ഗന്ധത്തോട് കൂടിയതുമാണെങ്കില്‍ വൈകാതെ തന്നെ വൈദ്യസഹായം തേടണം. 

സ്രവത്തിന്റെ നിറം മാറ്റത്തിനൊപ്പം യോനിയില്‍ ചൊറിച്ചില്‍, വേദന, അസ്വസ്ഥത, പതയോട് കൂടിയ സ്രവം, മൂത്രമൊഴിക്കുമ്പോൾ  പുകച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടര്‍മാര്‍ പെല്‍വിക് ടെസ്റ്റ് നിര്‍ദ്ദേശിക്കും. 

Tags:
  • Health Tips
  • Glam Up