Tuesday 08 March 2022 02:07 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകൾ ‘മാനസികമായി സ്ട്രോങ്ങ് അല്ല’, എന്ന പല വാദങ്ങളും കേൾക്കാറുണ്ട്! സ്ത്രീകളും മാനസികാരോഗ്യവും, അറിയേണ്ടതെല്ലാം

women-mental666

"മറ്റ് വിഷയങ്ങൾ പോലെ, മുൻവിധികളും വേർതിരിവുകളും നിറഞ്ഞതാണ് സ്ത്രീകളുടെ മാനസികാരോഗ്യ രംഗവും. സ്ത്രീകൾ അവരുടെ ലിംഗത്വത്തിന്റെ പേരിൽ അനുഭവിക്കുന്ന വേർതിരിവുകൾ, സാമൂഹിക സാമ്പത്തിക ഉച്ച നീചത്വങ്ങൾ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇവയൊക്കെ  കണിക്കിലെടുക്കാതെയാണ് പലപ്പോഴും സ്ത്രീകളിലെ മാനസിക രോഗാവസ്ഥകൾ, സ്ത്രീകളുടെ മാനസികാരോഗ്യം ഇവ സംബന്ധിച്ച പഠനങ്ങളും, വിലയിരുത്തലുകളും നടക്കുക. അത് കൃത്യമായി സേവനങ്ങൾ നൽകുന്നതിനും, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ തയാറാക്കുന്നതിനും തടസമാകാറുണ്ട്. അതുപോലെ അവകാശ നിഷേധങ്ങൾക്കും കാരണമാകാം."- അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം; 

മാർച്ച് 8, വീണ്ടും ഒരു അന്താരാഷ്ട്ര വനിതാ ദിനം. "Gender equality today for a sustainable tomorrow" എന്നതാണ്  ഈ വർഷത്തെ വനിതാ ദിനത്തിന്റെ തീം. ഒപ്പം BreakTheBias എന്ന പേരിലുള്ള ഒരു ഹാഷ് ടാഗ് കാമ്പയിനും ഉണ്ട്. സ്ത്രീ ആയതിന്റെ പേരിൽ  നേരിടേണ്ടി വരുന്ന മുൻവിധികളും, വേർതിരിവുകളും നിരവധിയാണ്. അത് സ്ത്രീകളുടെ മുന്നോട്ടുള്ള യാത്രയിൽ തടസമായി മാറാറുണ്ട്. അത്തരം മുൻവിധികളെ നമ്മൾ മറ്റെണ്ടതുണ്ട്. ലിംഗത്വത്തിന്റെ പേരിലുള്ള മുൻവിധികൾ പൊളിച്ച്, ലിംഗ സമത്വവും, പരസ്പര ബഹുമാനവും നിറഞ്ഞ ഒരു ലോകം നമ്മൾക്ക് ഉണ്ടാക്കേണ്ടതുണ്ട്. അതിനുള്ള ഒരു അവസരമാണ് ഈ വർഷം വനിതാ ദിനം ഒരുക്കുന്നത്. 

. മറ്റ് വിഷയങ്ങൾ പോലെ, മുൻവിധികളും, വേർതിരിവുകളും നിറഞ്ഞതാണ് സ്ത്രീകളുടെ മാനസികാരോഗ്യ രംഗവും. സ്ത്രീകൾ അവരുടെ ലിംഗത്വത്തിന്റെ പേരിൽ അനുഭവിക്കുന്ന വേർതിരിവുകൾ, സാമൂഹിക സാമ്പത്തിക ഉച്ച നീചത്വങ്ങൾ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇവയൊക്കെ  കണിക്കിലെടുക്കാതെയാണ്  പലപ്പോഴും സ്ത്രീകളിലെ മാനസിക രോഗാവസ്ഥകൾ, സ്ത്രീകളുടെ മാനസികാരോഗ്യം ഇവ സംബന്ധിച്ച പഠനങ്ങളും, വിലയിരുത്തലുകളും നടക്കുക.  അത് കൃത്യമായി സേവനങ്ങൾ നൽകുന്നതിനും, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ തയ്യാറാക്കുന്നതിനും തടസമാകറുണ്ട്. അതുപോലെ അവകാശ നിഷേധങ്ങൾക്കും കാരണമാകാം.  അത്തരം വിഷയങ്ങളെ കുറിച്ച് പറയാം എന്ന് കരുതുന്നു. 

. മാനസിക രോഗാവസ്ഥകൾ നിർണ്ണയിക്കപ്പെടുന്നതിൽ ലിംഗപരമായ വേർതിരിവുകൾ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വിഷാദം, ഉത്കണ്ഠ പോലെയുള്ള രോഗാവസ്ഥകൾ കൂടുതലായി കണ്ടെത്തുന്നത് സ്ത്രീകളിലാണ്. അതുപോലെ ലഹരി ഉപയോഗം മൂലമുള്ള മാനസിക രോഗാവസ്ഥകൾ, ആത്മഹത്യകൾ ഇവ പുരുഷന്മാരിലാണ് കൂടുതൽ. സ്കിസോഫ്രീനിയ, ബൈപോളർ രോഗം ഇവയിൽ കാര്യമായ ലിംഗ വ്യത്യാസം കാണാറില്ല. 

. പ്രായം അനുസരിച്ച് നോക്കി കഴിഞ്ഞാൽ കുട്ടികളിൽ കാണുന്ന പെരുമാറ്റ പ്രശ്നങ്ങൾ, ADHD,തുടങ്ങിയ അവസ്ഥകൾ ആൺകുട്ടികളിലാണ് കൂടുതൽ കാണുക. കൗമാര കാലഘട്ടം എത്തുന്നതോടെ ഉത്കണ്ഠ, വിഷാദം, PTSD പോലെയുള്ള അവസ്ഥകൾ പെൺകുട്ടികളിൽ കൂടുതൽ കാണാറുണ്ട്. മേധാക്ഷയം പോലെയുള്ള രോഗാവസ്ഥകൾ പ്രായമായ സ്ത്രീകളിലാണ് കൂടുതൽ കണ്ടെത്തുക. (സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നത് കൊണ്ടായിരിക്കാം അത്തരം ഒരു വ്യത്യാസം)

. സഹായം തേടുന്ന കാര്യത്തിലും  വ്യത്യാസങ്ങൾ കാണാൻ സാധിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് തനിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കൂടുതൽ തിരിച്ചറിയുന്നതും, സഹായം തേടുന്നതും സ്ത്രീകളാണ് എന്നാണ്. പുരുഷന്മാർ പലപ്പോഴും തന്റെ  രോഗാവസ്ഥയെ തിരിച്ചറിയാതെ പോവുകയും, തിരിച്ചറിഞ്ഞാൽ തന്നെ സഹായം തേടാൻ മടി കാണിക്കുകയും ചെയ്യാറുണ്ട്. നമ്മൾ ഇന്ന് കാണുന്ന പല പഠനങ്ങളിലും സ്ത്രീകൾക്ക് രോഗാവസ്ഥ കൂടുതലായി കാണാൻ ഇതും ഒരു കാരണമാകാം. 

. രോഗാവസ്ഥയിൽ നിർദ്ദേശിക്കുക ചികിത്സ പിന്തുടരുന്ന കാര്യത്തിലും വ്യത്യാസങ്ങളുണ്ട്.  നിർദ്ദേശിക്കുന്ന മരുന്നുകളും, മനശാസ്ത്ര ചികിൽസകളും എടുക്കാൻ സ്ത്രീകളാണ് കൂടുതൽ തയ്യാറാവുക. പുരുഷന്മാർ അത് പലപ്പോഴും വേണ്ട എന്ന് വെക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിച്ചോ, സ്വയമെയോ രോഗാവസ്ഥയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. 

. ഇങ്ങനെയൊക്കെയാണെങ്കിലും, സ്ത്രീകൾ 'മാനസികമായി സ്ട്രോങ്ങ് അല്ല' അവർക്ക് മാത്രം മാനസിക രോഗ സാധ്യത കൂടുതലാണ് എന്ന തരത്തിലുള്ള പല വാദങ്ങളും കേൾക്കാറുണ്ട്. കേവലം ലിംഗാടിസ്ഥാനത്തിലുള്ള വിശകലനത്തിന് അപ്പുറം അതിന്റെ യഥാർത്ഥ കാരണങ്ങളിലേക്ക് അന്വേഷണം പലപ്പോഴും എത്താറില്ല. 

അപ്പോ സ്ത്രീകളും പുരുഷന്മാരും തമ്മിൽ മാനസിക രോഗാവസ്ഥകളിൽ ഒരു വ്യത്യാസവും ഇല്ലാ എന്നാണോ? 

അങ്ങനെയല്ല. നിലവിലുള്ള പഠനങ്ങൾ അനുസരിച്ച് മാനസിക രോഗാവസ്ഥകൾ കണ്ടെത്തുന്നതിൽ ലിംഗപരമായ വ്യത്യാസങ്ങളുണ്ട്. എന്നാൽ അതിനുള്ള കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവപരമായ വ്യത്യാസം മാത്രമല്ല, മറിച്ച് ലിംഗവ്യത്യാസത്തിൻ്റെ പേരിൽ ഉണ്ടാകുന്ന സാമൂഹിക വെല്ലുവിളികൾ, വേർതിരിവുകൾ, പീഡനങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ വ്യത്യാസം ഇവയുടെ പരിണിത ഫലവുമാണ്. അതുകൊണ്ട് തന്നെ രോഗ കാരണങ്ങളെ കുറിച്ച് പറയുമ്പോൾ ഈ ഘടകങ്ങൾ കുടി നമ്മൾ കണിക്കിലെടുക്കേണ്ടതുണ്ട്.

. ഉദാഹരണത്തിന് പുരുഷന്മാർ രോഗാവസ്ഥ ഉണ്ടായാലും ചികിത്സ തേടാൻ മടിക്കുന്നതിന് ഒരു പ്രധാന കാരണം 'പുരുഷൻ എന്നാൽ ശക്തനായിരിക്കണം'  തൻ്റെ ബലഹീനത പുറത്ത് കാണിക്കരുത് തുടങ്ങിയ സാമൂഹിക കാഴച്ചപ്പാടുകൾ കൊണ്ട് കൂടിയാണ്. അങ്ങനെ വിശ്വസിക്കുന്ന ഒരു വ്യക്തി തനിക്ക് മാനസിക രോഗം ഉണ്ടെന്ന് മറ്റുള്ളവർ അറിഞ്ഞാൽ തന്നെ ബലഹീനതയുള്ള ഒരാളായി കാണും എന്ന് കരുതി സഹായം തേടാൻ പോലും മടിക്കും. ഇങ്ങനെ വിവിധ സാമൂഹിക സാഹചര്യങ്ങൾ രോഗാവസ്ഥയെയും, പരിചരണത്തെയും സ്വാധീനിക്കും. 

സ്ത്രീകൾ പ്രത്യേകമായി നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെയാണ്? 

. ആർത്തവാനുബന്ധ മാനസിക പ്രശ്നങ്ങൾ

ആർത്തവമുള്ള വ്യക്തികളിൽ നല്ലൊരു വിഭാഗം ആളുകൾക്കും ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ്  PMS അഥവാ Premenstrual syndrome. വളരെ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകൾക്ക് PMDD- Premenstrual dysphoric disorder പോലെയുള്ള ഗുരുതരമായ  ശരീരിക- മാനസിക രോഗാവസ്ഥ ഉണ്ടാകാം. ( ഇതിനെ കുറിച്ച് ഇൻഫോക്ലിനിക്കിൽ എഴുതിയ ലേഖനം കമൻ്റായി ചേർക്കാം)

. ഗർഭാനുബന്ധ മാനസിക പ്രശ്നങ്ങൾ

ഗർഭിണിയാവുകയും, പ്രസവിക്കുകയും ചെയുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ ആണിവ. ഗർഭാവസ്ഥ തൊട്ട്, പ്രസവ ശേഷമുള്ള ആദ്യ വർഷം വരെ ഈ സാധ്യതയുണ്ട്.  ലഘുവായ പോസ്റ്റ് പാർട്ടം ബ്ലൂസ് തൊട്ട് വളരെ ഗുരുധരമായ പോസ്റ്റ് പാർട്ടം ഡിപ്രഷൻ, സൈക്കോസിസ് തുടങ്ങിയ രോഗാവസ്ഥകൾ വരെ ഉണ്ടാകാം. 

(ഈ വിഷയത്തിൽ ഇൻഫോക്ലിനിക്കിൽ എഴുതിയ ലേഖനം കമൻ്റായി ചേർക്കാം)

. ആർത്തവവിരാമ അനുബന്ധ മാനസിക പ്രശ്നങ്ങൾ. 

ആർത്തവ വിരാമാവും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. 

. ആർത്തസമയത്ത്/ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ലൈംഗിക ഹോർമോണുകളുടെ പെട്ടന്നുള്ള വ്യത്യിയാനമാണ് ഈ സാധ്യത സ്ത്രീകളിൽ കൂട്ടുന്നത്.  ഒപ്പം ആർത്തവം/ ഗർഭം/പ്രസവം ഇവ മൂലം സമൂഹത്തിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന വേർതിരിവുകൾ, ഒറ്റപ്പെടൽ, കടുത്ത മാനസിക സമ്മർദ്ദം ഇവയും ഈ സാധ്യത കൂട്ടുന്നു. 

. ഇതുകൂടാതെ വിഷാദ രോഗം, ഉത്കണ്ഠ രോഗം, PTSD, Eating disorder ഇവയും സ്ത്രീകളിൽ കൂടുതലായി കാണാറുണ്ട്. ഇതിനുള്ള കാരണം ലിംഗ വ്യത്യാസം മാത്രമല്ല, മറിച്ച് നിരവധി ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണ്. 

എന്തുകൊണ്ട് സ്ത്രീകൾക്ക് ചില മാനസിക രോഗാവസ്ഥകൾ ഉണ്ടാകാൻ സാധ്യത കൂടുന്നു?

. ഏതൊരു മാനസിക രോഗാവസ്ഥയും, ജൈവപരവും, സാമൂഹികപരവുമയ നിരവധി ഘടകങ്ങളുടെ ഇടപെടലുകൾ കൊണ്ടാണ് ഉണ്ടാകുന്നത്. 

. പട്ടണി, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, സാമൂഹിക വേർതിരിവുകൾ ഒക്കെ തന്നെ ആത്യന്തികമായി നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളെ രണ്ടായി തിരിക്കാം.

1. ജൈവപരമായ ഘടകങ്ങൾ

. സ്ത്രീയുടെ ജീവിത കാലം നോക്കിയാൽ, ഓരോ പ്രായത്തിലും ലൈംഗിക ഹോർമോണുകളുടെ അളവിൽ വലിയ വ്യത്യാസം കാണാൻ പറ്റും. ഓരോ ആർത്തവ ചക്രത്തിൻ്റെ സമയത്തും, ഗർഭ കാലത്തും, ആർത്തവ വിരാമത്തിന് ശേഷവും ഇത്തരത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. 

. ഈ ഹോർമോണുകൾക്ക് നേരിട്ട് നമ്മുടെ തലച്ചോറിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന തരത്തിലുള്ള റിസപ്ട്ടറുകൾ തലച്ചോറിൽ ഉണ്ട്. നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ ഉൾപ്പടെ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ ഹോർമോണുകൾക്ക് കഴിയും.

. വിവിധ സമയങ്ങളിൽ ഉണ്ടാകുന്ന ഈ ഹോർമോണുകളുടെ ഏറ്റകുറച്ചിലും, അതുമൂലം തലച്ചോറിൻ്റെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് മാനസിക രോഗ സാധ്യത കൂടാനുള്ള ഒരു കാരണം. 

. ഒപ്പം തന്നെ സ്ത്രീകളിൽ തൈറോയ്ഡ് ഹോർമോണിൻ്റെ വ്യത്യാസങ്ങളും, പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. ഇതും മാനസികാരോഗ്യത്തെ ബാധിക്കാം. 

2. സാമൂഹിക ഘടകങ്ങൾ.

. ലിംഗവ്യത്യാസം മൂലം പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് സ്ത്രീകൾ. അവയിൽ ചിലത് നമുക്ക് നോക്കാം. 

. ചെറുപ്പ കാലം മുതൽ വീടുകളിൽ നിന്ന് തന്നെ പെൺകുട്ടികൾ വേർതിരിവുകൾ അനുഭവിക്കുന്നുണ്ട്. ആൺകുട്ടികൾക്ക് ലഭിക്കുന്ന അതെ പരിഗണനയോ, സ്വാതന്ത്ര്യമോ, സൗകര്യങ്ങളോ പലപ്പോഴും പെൺകുട്ടികൾക്ക് ലഭിക്കാറില്ല. ഗർഭാവസ്ഥയിൽ തന്നെ പെൺകുട്ടികളെ വേണ്ട എന്ന് വെക്കുന്ന പ്രവണത ഇന്നും പല നാടുകളിലും നിലവിലുണ്ട്. അത്രത്തോളം ആഴത്തിൽ വേരൂന്നിയതാണ് ഈ വേർതിരിവ്. 

. സ്ത്രീ എന്നാൽ ശാരീരികമായും മാനസികമായും പുരുഷനേക്കാൾ പിന്നിലാണ് എന്നൊരു ചിന്ത സമൂഹം വളരെ ചെറുപ്പം മുതൽ നമ്മുടെ മനസ്സിലേക്ക് കടത്തി വിടാറുണ്ട്. ഇത് പെൺകുട്ടികളിൽ ആത്മ വിശ്വാസം കുറയുന്നതിനും, സ്വന്തം കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനും തടസ്സമാകുന്നു. 

. വളരെ ചെറുപ്പം മുതൽ ലിംഗാടിസ്ഥാനത്തിലുള്ള അതിക്രമങ്ങൾക്ക് കൂടുതൽ ഇരയാകുന്നതും പെൺകുട്ടികളാണ്. അത് ശാരീരികവും, മാനസിവും ലൈംഗീകവുമായ അതിക്രമങ്ങൾ  ആകാം. 

. മൂന്നിൽ ഒരു സ്ത്രീ ലിംഗാടിസ്ഥാനത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയാകാറുണ്ട്. 

. ലോകത്തിൽ ഏകദേശം 20% പെൺകുട്ടികൾ ലൈംഗികമായി അതിക്രമിക്കപ്പെടുന്നു എന്നാണ് കണക്കുകൾ. ഇതിൽ 90% കേസുകളിലും അതിക്രമം നടത്തിയത് അടുത്ത ബന്ധുക്കളും കുട്ടിക്ക് പരിചയം ഉള്ളവരുമാണ്. ഈ അതിക്രമങ്ങൾ ചെറുപ്പം മുതലുള്ള മാനസികാരോഗ്യത്തെയും, വ്യക്തിത്വ വികസനത്തെയും ഗുരുതരമായി ബാധിക്കാം. 

. ജോലി സ്ഥലത്തും പല തരത്തിലുള്ള വേർതിരിവുകളും, അതിക്രമങ്ങളും സ്ത്രീകൾ നേരിടുന്നു. ഒരേ ജോലിക്ക് 50% വരെ ശമ്പളം കുറച്ച് ലഭിക്കുക, അർഹത പെട്ട സ്ഥാന കയറ്റങ്ങൾ ലഭിക്കാതെ ഇരിക്കുക, സ്ത്രീ ആയതിൻ്റെ പേരിൽ കളിയാക്കലും മറ്റും നേരിടുക ഇങ്ങനെ പല പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. 

. കുടുംബത്തിലും കൂടുതൽ ചുമതലകൾ വഹിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. കുട്ടികളെ നോക്കുക, അടുക്കള ജോലികൾ ചെയ്യുക ഇവയൊക്കെ സ്ത്രീകളുടെ മാത്രം കടമയായാണ് സമൂഹം കാണുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകൾ ഈ പണികൾ കുടി ചെയ്തതിനു ശേഷം വേണം ജോലിക്ക് പോകുവാൻ. 

. പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും സ്ത്രീകളാണ് കൂടുതൽ അനുഭവിക്കേണ്ടി വരിക. 

. രോഗികളായ കുടുംബാംഗങ്ങൾക്ക് പരിചരണം നൽകുക എന്ന ചുമതലയും സ്ത്രീകൾക്കാണ് കൂടുതൽ. ഏകദേശം 65% കെയർഗിവർമാരും സ്ത്രീകളാണ്. നീണ്ട കാലം ഈ ജോലികൾ ചെയ്യുന്നത് മാനസിക സമ്മർദ്ദം കൂടാനും മാനസിക രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പലപ്പോഴും കുടുംബത്തിലെ മറ്റുള്ളവരുടെ പിന്തുണ ഇവർക്ക് ലഭിക്കാറില്ല. 

. ഇന്നും 18 വയസിനു താഴെയുള്ള നിരവധി പെൺകുട്ടികൾ വിവാഹതരാവുകയും, 18 വയസിനു മുൻപ് കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്നുണ്ട്. 

. പ്രസവം, കുട്ടികളുടെ എണ്ണം, ഗർഭ നിരോധന മാർഗ്ഗങ്ങൾ ഈ വിഷയങ്ങളിൽ ഒന്നും തന്നെ സ്ത്രീകൾക്ക് സ്വന്തമായി തീരുമാനം എടുക്കാൻ പറ്റുന്ന സാഹചര്യം പലപ്പോഴും ഇല്ല. സ്വന്തം ജീവത്തിനുമേൽ ഒരു നിയന്ത്രണവും ഇല്ലാതെയാണ് പല സ്ത്രീകളും ജീവിച്ചു മരിക്കുന്നത്. 

. ഇത്തരത്തിൽ വളരെ വലിയ മാനസിക - ശാരീരിക പ്രത്യാഘാങ്ങൾ ഉണ്ടാക്കുന്ന നിരവധി സാമൂഹിക പ്രശ്നങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. 

മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ ചികിത്സക്ക് എത്തുമ്പോഴും വേർതിരിവുകൾ പ്രകടമാണ്. 

. പുരുഷന്മാരെ അപേക്ഷിച്ച് മാനസിക രോഗങ്ങൾ കൂടുതലായി നിർണ്ണയിക്കപ്പെടാനും, അതുപോലെ മരുന്നുകൾ നൽകപ്പെടാനും സാധ്യത സ്ത്രീകളിലാണ്. 

. സ്വന്തം തീരുമാനത്തിന് വിരുദ്ധമായി അഡ്മിറ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും സ്ത്രീകളിൽ കൂടുതലാണ്. 

. ചികിത്സ തിരഞ്ഞെടുക്കുന്നതിനും, അത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകളുടെ അഭിപ്രായം പലപ്പോഴും ചോദിക്കുന്ന പതിവില്ല. 

മാനസിക രോഗമുള്ള സ്ത്രീകളോട് സമൂഹം കാണിക്കുന്ന നിലപാടുകളിലും വേർതിരിവുകൾ ഉണ്ട്. 

. സ്കിസോഫ്രീനിയ രോഗികൾ ആയിട്ടുള്ള പുരുഷന്മാരെ വിവാഹശേഷവും പങ്കാളി പരിചരിക്കുമ്പോൾ, രോഗികളായ സ്ത്രീകൾ ഡിവോഴ്സ് ചെയ്യപ്പെടാനും, ഒറ്റക്ക് ആക്കപ്പെടാനും, അതുപോലെ ശാരീരികമായി ഉപദ്രവിക്കപെടാനുമുള്ള സാധ്യത കൂടുതലാണ് എന്ന് ഇന്ത്യയിൽ നടന്ന ഒരു പഠനം കണ്ടതിയിട്ടുണ്ട്. 

. പുരുഷനെ അപേക്ഷിച്ച് മാനസിക രോഗമുള്ള സ്ത്രീകൾക്ക് കുടുംബപരമായ പിന്തുണ ലഭിക്കാൻ സാധ്യത കുറവാണ്.  

. മാനസിക രോഗമുള്ള കുടുംബാംഗങ്ങളെ പരിചരിക്കുക എന്ന ചുമതലയും പ്രധാനമായും സ്ത്രീകളാണ് ചെയ്യേണ്ടി വരുന്നത്. 

ഇത്തരത്തിൽ മാനസിക രോഗ കാരണങ്ങൾ മുതൽ, രോഗ നിർണ്ണയം, ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ ഒക്കെ ലിംഗപരമായ വ്യത്യാസങ്ങളും, മുൻവിധികളും നമ്മൾക്ക് കാണാൻ സാധിക്കും. 

മാനസികാരോഗ്യ മേഖലിയിൽ ജോലി ചെയ്യുന്നവർ ഈ വിഷയങ്ങളെ കുറിച്ച് കൂടുതലായി പഠിക്കുകയും, ഈ മുൻവിധികളെ കണ്ടെത്തി പരിഹരിക്കുകയും ചെയ്യണം. 

ഈ കാലഘട്ടത്തിൽ നമ്മൾ കൂടുതൽ പ്രാധാന്യം നൽകുന്ന വിഷയാണ്  മാനസിക രോഗങ്ങളുടെ പ്രതിരോധവും, മാനസികാരോഗ്യത്തിൻ്റെ പരിപാലനവും. 

രോഗപ്രധിരോധ രംഗത്ത് ജൈവപരമായ രോഗ സാധൃതകളെ ഇല്ലാതാക്കുക എന്നത് നിലവിൽ അത്ര എളുപ്പമല്ല. എന്നാൽ കൃത്യമായ സാമൂഹിക- രാഷ്ട്രീയ -നിയമ ഇടപെടലുകൾ വഴി മാനസിക രോഗങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക ഘടകങ്ങളെ നമ്മൾക്ക് നിയന്ത്രിക്കാൻ സാധിക്കും. അങ്ങനെ മാനസിക ആരോഗ്യം വർദ്ധിപ്പിക്കാനും, അതുപോലെ രോഗം വരാതെ തടയാനും നമ്മൾക്ക് സാധിക്കും.

അതിനു പകരം കേവലം ലിംഗാടിസ്ഥനത്തിൽ മാത്രം രോഗത്തെ വേർതിരിച്ചു കാണുന്നതും, അത് ചിലരുടെ ബലഹീനതയായി കാണുന്നതും ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.  ഓരോ മേഖലയിലും ഇത്തരത്തിലുള്ള മുൻവിധികൾ നമ്മൾ കണ്ടെത്തി പരിഹരിക്കണം. അതിനുള്ള അവസരമായി ഈ വനിതാ ദിനം നമ്മൾക്ക് ഉപയോഗിക്കാം. 

Let's BreakTheBias based on gender 

Let's BreakTheBias on mental health of women

എഴുതിയത്: ഡോ. ജിതിൻ. ടി. ജോസഫ്, ഇൻഫോ ക്ലിനിക്

Tags:
  • Health Tips
  • Glam Up