Saturday 02 April 2022 12:05 PM IST : By സ്വന്തം ലേഖകൻ

‘പ്രസവശേഷം സ്ത്രീകളിൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ വർധിച്ചിട്ടിട്ടുണ്ട്; വേണം വൈകാരിക പിന്തുണ’: സ്ത്രീരോഗങ്ങളും പ്രതിവിധികളും, വെൽകെയർ സെമിനാർ

RVD_9981

ജീവിതത്തിരക്കുകൾക്കിടയിലും സംഘർഷങ്ങൾക്കിടയിലും പലപ്പോഴും സ്ത്രീകൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കപ്പെടാറില്ലെന്നും ഈ രീതിക്കു മാറ്റം വരണമെന്നും കൊച്ചി വെൽകെയർ ഹോസ്പിറ്റൽ സീനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷേർളി ജോൺ അഭിപ്രായപ്പെട്ടു. മലയാള മനോരമയുടെ സഹകരണത്തോടെ കൊച്ചി വെൽകെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച സെമിനാറിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഡോക്ടർ. ഗൈനക്കോളജി മേഖലയിലെ ലാപ്രോസ്കോപ്പിക് സർജറി ഉൾപ്പെടെയുള്ള പുതിയ ചികിത്സാ സാധ്യതകളെക്കുറിച്ച്  ഗൈനക്കോളജിക്കൽ ലാപ്രോസ്കോപ്പിക് സർജൻ ഡോ. ഊർമിള സോമൻ ക്ലാസ് നയിച്ചു. വെൽകെയർ ഹോസ്പിറ്റൽ സിഇഒ ശ്രീമതി ബെൻസി അപ്രേം, മെഡിക്കൽ സൂപ്രണ്ട് ഡോ. സജി പി.ഒ തോമസ് എന്നിവരും പങ്കെടുത്തു.

അവൾക്കും വേണം കരുതൽ

കൂടുതൽ സ്ത്രീകൾ തൊഴിൽമേഖലകളിൽ സജീവമാകുന്ന ഇക്കാലത്ത് വീട്ടിനകത്തും പുറത്തുമായുള്ള സ്ത്രീകളുടെ ജോലിഭാരവും മാനസിക സമ്മർദവും വർധിക്കുകയാണ്. മുഴുവൻ സമയവും മറ്റുള്ളവർക്കുവേണ്ടി നീക്കിവയ്ക്കുന്ന സ്ത്രീകൾക്കു പലപ്പോഴും അവരുടെ സ്വന്തം ആരോഗ്യപ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ടിവരുന്നു. സ്ത്രീകളുടെ രോഗാവസ്ഥയോടു കുടുംബത്തിലെ മറ്റുള്ളവർ കാണിക്കുന്ന നിസ്സംഗതയും ഡോക്ടറെ കാണുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സ്ത്രീകളുടെ മടിയും മറ്റൊരു വെല്ലുവിളിയാണ്. കുടുംബത്തെ താങ്ങിനിർത്തുന്ന സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളോടു കുറച്ചുകൂടി അനുഭാവപൂർണമായ ഒരു സമീപനം അത്യാവശ്യമാണ്. 

ഗർഭം ഒരു രോഗമല്ല

ഗർഭാവസ്ഥയെ ഒരു രോഗമായി കാണേണ്ട ആവശ്യമില്ല. ആരോഗ്യമുള്ളൊരു സ്ത്രീയെ സംബന്ധിച്ച് അവൾ അതുവരെ ചെയ്തുവന്ന മിക്ക ജോലികളും ഗർഭാവസ്ഥയിലും തുടരാവുന്നതാണ്. പക്ഷേ ശരീരത്തിന് അമിത ആയാസം നൽകുന്ന ജോലികൾ ഒഴിവാക്കണം. ഗർഭിണി രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണം, വ്യായാമം ചെയ്യാൻ പാടില്ല എന്നതുപോലെയുള്ള അബദ്ധ ധാരണകൾ മാറ്റിവയ്ക്കുക. ഭക്ഷണത്തിന്റെ അളവിലല്ല, അതിന്റെ പോഷകമൂല്യത്തിനാണു പ്രാധാന്യം നൽകേണ്ടത്. ചെറിയ ഇടവേളകളിൽ പലപ്പോഴായി വേണം ഭക്ഷണം കഴിക്കാൻ. വ്യായാമം വളരെ അത്യാവശ്യമാണ്. സുഖപ്രസവം സാധ്യമാക്കുന്നതിനും അമിതശരീരഭാരം ഒഴിവാക്കുന്നതിനും വ്യായാമം ചെയ്തേ മതിയാകൂ. നടത്തമോ യോഗയോ പോലുള്ള വ്യായാമങ്ങളാണ് നല്ലത്. ഗർഭസംബന്ധമായ എന്തെങ്കിലും സങ്കീർണതകളുള്ളവർ ‍ഡോക്ടറുടെ നിർദേശപ്രകാരമേ വ്യായാമം ചെയ്യാവൂ എന്നു മാത്രം. ഗർഭകാലത്തുണ്ടാകുന്ന ഛർദിൽ സാധാരണമാണ്. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. അമ്മയ്ക്ക് അനീമിയ, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവ പിടിപെടാതെ നോക്കേണ്ടത് അനിവാര്യമാണ്. 

കുഞ്ഞിനു വേണ്ടി പ്ലാനിങ്

ഇപ്പോഴത്തെ പെൺകുട്ടികളിൽ മിക്കവരും പഠനം പൂർത്തിയാക്കി ജോലി ലഭിച്ചതിനുശേഷം മാത്രമേ വിവാഹം കഴിക്കൂ എന്നു തീരുമാനിക്കുന്നവരാണ്. വിവാഹം കഴിഞ്ഞാലും ജീവിതം ഒന്നു ‘സെറ്റിൽഡ്’ ആയിട്ടുമതി കുട്ടികൾ എന്നും കരുതുന്നു. ഇതൊക്കെ കാരണം ഗർഭം ധരിക്കുന്നതിന്റെ പ്രായം മുപ്പതിനോടടുക്കുന്നു. 30 വയസ്സ് കഴിഞ്ഞ് ആദ്യമായി ഗർഭം ധരിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇതുമൂലം പ്രസവം പണ്ടുകാലത്തെ അപേക്ഷിച്ച് കൂടുതൽ സങ്കീർണമായി മാറിയിട്ടുണ്ട്. ഗർഭധാരണത്തിനുവേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുന്നതും നല്ലതാണ്. അച്ഛനുമമ്മയുമാകാൻ പോകുന്നവർക്കുവേണ്ടി പ്രത്യേകം കൗൺസലിങ് സംവിധാനങ്ങളുണ്ട്. 

വന്ധ്യത; പരിഹാരമുണ്ട്

ഗർഭധാരണം വൈകിപ്പിക്കുന്നതും ജനിതകപരമായ കാരണങ്ങളും മൂലം വന്ധ്യതയുടെ നിരക്ക് വർധിക്കുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വലിയ വെല്ലുവിളിയാണ്. ജങ്ക് ഫുഡിനോടുള്ള അമിതാസക്തി മൂലം ശരീരം വളരെ നേരത്തെതന്നെ പലവിധ രോഗങ്ങൾക്കും അടിമപ്പെടുന്നു. വ്യായാമമില്ലായ്മ മറ്റൊരു കാരണമാണ്. എൻഡോമെട്രിയോസിസ്, പിസിഒഡി തുടങ്ങിയ രോഗങ്ങൾ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതെല്ലാം ഗർഭധാരണത്തെ കൂടുതൽ സങ്കീർണമാക്കുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു ചികിത്സ തേടാൻ മടി കാണിക്കരുത്. കൃത്യസമയത്ത് വേണ്ടവിധം ചികിത്സിച്ചാൽ കുഞ്ഞിനെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. 

RVD_9986

വേണം വൈകാരിക പിന്തുണ

ഗർഭാവസ്ഥയിലും പ്രസവസമയത്തും തുടർന്നും സ്ത്രീകൾക്കു വേണ്ട വൈകാരിക പിന്തുണ ഉറപ്പാക്കേണ്ട ചുമതല കുടുംബാംഗങ്ങൾക്കുണ്ട്. മുൻപ് കൂട്ടുകുടുംബ കാലത്ത് അവൾക്കു ലഭിച്ചിരുന്ന മാനസിക പിന്തുണ ഇന്നത്തെ അണുകുടുംബങ്ങളിൽ ഇല്ലാതായിട്ടുണ്ട്. ആർത്തവത്തോടനുബന്ധിച്ചും ആർത്തവ വിരാമത്തോടനുബന്ധിച്ചും സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ മാനസിക സമ്മർദവും  കണ്ടുവരാറുണ്ട്. പ്രസവശേഷം സ്ത്രീകളിൽ പോസ്റ്റ് പാർട്ടം ഡിപ്രഷനും വർധിച്ചിട്ടിട്ടുണ്ട്. ഈ സന്ദർഭങ്ങളിൽ അവൾ പങ്കാളിയുടെ പിന്തുണ ആഗ്രഹിക്കുന്നു. മരുന്നുകൾക്കു പുറമേ കൗൺസലിങ് തെറപ്പിയും പ്രയോജനപ്പെടുത്താൻ മടിക്കരുത്.

അനാവശ്യ ആശങ്ക വേണ്ട

ഗർഭാവസ്ഥയിലെ സ്കാനിങ് കുഞ്ഞിന് എന്തെങ്കിലും ജനിതകപരമായ വൈകല്യങ്ങളുണ്ടോ എന്നു കണ്ടെത്തുന്നതിനും കുഞ്ഞിന്റെ വളർച്ച ശരിയായ തോതിൽ നടക്കുന്നുണ്ടോ എന്നറിയുന്നതിനും അത്യാവശ്യമാണ്. ഇതിൽ ആശങ്ക വേണ്ട. പക്ഷേ ഗർഭകാലത്തുള്ള രക്തസ്രാവം ഗൗരവമായി കാണണം. ഉയർന്ന തോതിൽ രക്തസ്രാവമുണ്ടെങ്കിൽ ഡോക്ടറെ കാണണം. സാധാരണ പ്രസവമാണ് ഏറ്റവും ആരോഗ്യകരം. എന്നിരുന്നാലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി അനുസരിച്ച് ചിലപ്പോൾ സിസേറിയൻ വേണ്ടിവന്നേക്കാം. സാധാരണ പ്രസവത്തെക്കുറിച്ചുള്ള ഭയം മൂലം ആദ്യമേ സിസേറിയൻ മതിയെന്ന ചില പെൺകുട്ടികളുടെ നിലപാട് ശരിയല്ല. പ്രസവിക്കാൻ സാധിക്കും എന്ന അമ്മയുടെ ആത്മവിശ്വാസം വലിയൊരു ഘടകമാണ്. ആദ്യത്തേതു സിസേറിയൻ ആണെങ്കിൽ തുടർന്നുള്ള പ്രസവവും സിസേറിയൻ ആയിരിക്കണമെന്നു നിർബന്ധമില്ല. ഭർത്താവിന്റെയും ഭാര്യയുടെയും വ്യത്യസ്ത രക്തഗ്രൂപ്പുകൾ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കില്ല. 

ലാപ്രോസ്കോപ്പി: അറിയേണ്ടതെല്ലാം

സാധാരണ ശസ്ത്രക്രിയകൾ വയറിനു പുറത്തു വലിയ മുറിവുണ്ടാക്കി ചെയ്യുമ്പോൾ ലാപ്രോസ്കോപ്പിയിൽ വയറിന്റെ ഭിത്തിയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി അതിലൂടെയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഇതു തന്നെയാണ് ലാപ്രോസ്കോപ്പിയുടെ ഏറ്റവും വലിയ ഗുണവും.  പ്രത്യേകതരം സൂചിയിലൂടെ വയറിലേക്ക് കാർബൺഡയോക്സൈഡ് കടത്തിവിട്ട് വയർ വീർപ്പിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. ഒന്നോ രണ്ടോ സെന്റീമീറ്റർ നീളമുള്ള മുറിവുണ്ടാക്കി അതിലൂടെ ഒരു ട്യൂബ് കടത്തിവിടുന്നു. 3 എംഎം മുതൽ 12 എംഎം വരെയുള്ള ടെലിസ്കോപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ അറ്റത്തുള്ള ക്യാമറയിലൂടെ ഡോക്ടറുടെ മുന്നിലുള്ള ടെലിവിഷൻ സ്ക്രീനിൽ വളരെ കൃത്യമായും വലുതായും ആന്തരികാവയവങ്ങളുടെ ചിത്രം തെളിയുന്നു. പരിചയസമ്പന്നനായ ഒരു ഡോക്ടർക്ക് അതിസൂക്ഷ്മമായ ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തുനിന്നുതന്നെ ആന്തരികാവയവങ്ങൾ മുറിക്കുകയോ കരിക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്യുന്നതിനു സാധിക്കുന്നു. 

ജനറൽ അനസ്തീസിയ നൽകി രോഗിയെ മയക്കിക്കിടത്തിയാണ് സാധാരണ ലാപ്രോസ്കോപ്പിക് സർജറി നടത്തുക. ഗർഭാശയം, അണ്ഡാശയം തുടങ്ങിയവ നീക്കംചെയ്യുന്നതും ഗർഭാശയത്തിലെയും അണ്ഡാശയത്തിലെയും വലിയ മുഴകൾ നീക്കം ചെയ്യുന്നതുമുൾപ്പെടെയുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ വരെ ഇപ്പോൾ ലാപ്രോസ്കോപ്പിക് രീതിയിൽ ചെയ്തുവരുന്നു. ഉപകരണങ്ങളുടെ ഗുണനിലവാരവും ഡോക്ടറുടെ പരിചയസമ്പന്നതയും ലാപ്രോസ്കോപ്പിക് സർജറിയുടെ വിജയത്തിൽ നിർണായക ഘടകങ്ങളാണ്.  ത്രീഡി ലാപ്രോസ്കോപ്പി, റോബോട്ടിക് സർജറി തുടങ്ങിയ സംവിധാനങ്ങളും സങ്കീർണ ശസ്ത്രക്രിയകൾക്കു വേണ്ടി  ഇപ്പോൾ ലഭ്യമാണ്

പ്രയോജനങ്ങൾ

∙ ശസ്ത്രക്രിയ സമയത്തുള്ള രക്തസ്രാവം കുറയ്ക്കുന്നു. 

∙ മുറിവ് ചെറുതായതിനാൽ ആശുപത്രിവാസം കുറയ്ക്കാം. ഇതുമായി ബന്ധപ്പെട്ട ചെലവും കുറയ്ക്കാം.  

∙ ശസ്ത്രക്രിയയെത്തുടർന്ന് ശരീരഭാഗത്തിന് അംഭംഗിയുണ്ടാകുന്നത് ഒഴിവാക്കാം. 

∙ ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു. രോഗിക്കു വേഗം സുഖം പ്രാപിക്കുകയും ചെയ്യാം. 

∙ വാതകം കടത്തി വയർ വീർപ്പിക്കുന്നതിനാൽ പിന്നീട് ഗ്യാസ് പ്രോബ്ലം ഉണ്ടാകുമെന്നത് ഒരു അബദ്ധധാരണയാണ്. ഈ വാതകം അധികസമയം വയറിനുള്ളിൽ തങ്ങിനിൽക്കില്ല. 

∙ ശരീരത്തിൽ കേവലം ഒരു ദ്വാരം മാത്രമുണ്ടാക്കി ചെയ്യുന്ന സിംഗിൾ ഇൻസിലേഷൻ ലാപ്രോസ്കോപ്പിയുമുണ്ട്. 

Welcare-Logo-01-PNG1
Tags:
  • Health Tips
  • Glam Up