Friday 01 July 2022 02:43 PM IST : By സ്വന്തം ലേഖകൻ

കണ്ണിൽ കണ്ട ഷാംപൂ വേണ്ട, ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ള നിറവും പോകും: കളർ ചെയ്താല്‍ പോര കെയർ ചെയ്യാനും പഠിക്കണം

hair-care-and-color

മയിൽപീലി ഒളിച്ചിരിക്കുന്നുവോ എന്നു തോന്നിപ്പിക്കുന്ന നീലിമയുള്ള മുടിയിഴകൾ. നിറം കൊടുത്ത് കഴിഞ്ഞാൽ വെയിൽ മുത്തമിട്ടതുപോലെ തിളക്കമാണവയ്ക്ക്.

നിറമില്ലാത്ത സാധാരണ മുടിയുള്ളവർ ഇപ്പോൾ കുറഞ്ഞു വരികയാണ്. അത്രമേൽ ഇഷ്ടമാണ് നമുക്ക് നിറം നൽകി മുടിക്ക് കാൽപനിക ഭാവം പകരാൻ.

ഏറെ പണം ചെലവാക്കി മുടിക്ക് നിറം കൊടുക്കുമ്പോ ൾ അത് ഏറെ നാൾ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ത് സ്വാഭാവികം. എന്നാൽ കളർ ചെയ്ത മുടിക്ക്, വേണ്ട കരുതൽ നൽകിയില്ലെങ്കിൽ മുടിയുടെ തിളക്കവും ഭംഗിയും നിറവും എളുപ്പം നഷ്ടപ്പെടാം.

ഇഷ്ടനിറം തിരഞ്ഞെടുക്കും മുൻപു തന്നെ നിറം പ കർന്ന മുടിയ്ക്കായി എന്തെല്ലാം കരുതലുകൾ വേണമെന്നും അറിഞ്ഞുവയ്ക്കാം.

നിറം തെല്ലും മങ്ങാതെ

ഏറെ ഇഷ്ടപ്പെട്ട് മുടിയിൽ ഹൈലൈറ്റ് നൽകി അധിക ദിവസം കഴിയും മുൻപ് നിറം മങ്ങിയാലോ ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന കാര്യമാണിത്. മുടി കളർ ചെയ്താൽ കുറഞ്ഞത് മൂന്നു ദിവസത്തേക്കെങ്കിലും തലമുടി കഴുകരുത്. ശിരോചർമത്തിലെ സ്വാഭാവിക എണ്ണമയം മുടിയിൽ നൽകിയ നിറം മുടിയോട് ചേരാൻ അവസരമൊരുക്കും.

മൂന്നു ദിവസത്തിനിടയിൽ ആവശ്യമെങ്കിൽ ഡ്രൈ സ്പ്രേ ഷാംപൂ ഉപയോഗിക്കാം. ഇത് മുടിക്ക് തിളക്കവും വൃത്തിയും നൽകും. മുടിയുടെ കനം കൂടിയതായി തോന്നിപ്പിക്കുകയും ബൗൺസിങ് ഫീൽ നൽകുകയും ചെയ്യും.

മൂന്നു ദിവസത്തിനു ശേ ഷം തണുത്ത വെള്ളത്തിൽ മുടിയും ശിരോചർമവും കഴുകാം. തണുത്ത വെള്ളം നിറം മുടിയിൽ കൂടുതൽ ചേരാൻ സഹായിക്കും. ചൂടുവെള്ളം തല കഴുകാൻ ഉപയോഗിക്കുകയേ അ രുത്. മുടിയിലെ നിറം മങ്ങുമെന്നതു മാത്രമല്ല, മുടി വരണ്ടതാകാനും പൊട്ടിപ്പോകാനും ഇടയാക്കും.

ഷാംപൂ ഏതുവേണം

നര മറയ്ക്കാനാണെങ്കിലും സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആ യാണെങ്കിലും മുടിക്ക് നിറം നൽകിക്കഴിഞ്ഞാൽ മുടിയിൽ ഷാംപൂ ഉപയോഗിക്കുന്നത് ആഴ്ചയിൽ രണ്ടു തവണ മതി. ഷാംപൂവിലെ കെമിക്കലുകളും പതയും മുടിയിൽ നൽകിയ നിറം മങ്ങാൻ ഇടയാക്കും.

ഷാംപൂവിൽ അടങ്ങിയിരിക്കുന്ന സോഡിയം ലോറെത് സൾഫേറ്റ് (എസ്എൽഎസ്) ആണ് അവ പതയാൻ സഹായിക്കുന്നത്. പെർമനന്റ് ആയി ചെയ്ത ഹെയർ കളർ പോലും മങ്ങിപ്പോകാൻ ഈ ഘടകം കാരണമാകും. അതിനാൽ എസ്എൽഎസ് ഫ്രീ ഷാംപൂകളാണ് ഹെയർ കളർ ചെയ്തവർക്ക് നല്ലത്.

സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) ഉള്ള ഷാംപൂവും ഹെയർ കെയർ പ്രോഡക്റ്റുകളും ഉപയോഗിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ കളറിസ്റ്റിനോട് ചോദിച്ച് ഹെയർ കെയർ പ്രോഡക്റ്റ്സ് വാങ്ങുന്നതാണ് ഏറ്റവും നല്ലത്.

മുടിയിഴകളുടെ ആരോഗ്യത്തിന്

ഹെയർ കളറിങ്ങിന് ശേഷം മുടിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കളറിങ്ങിനു ശേഷം മുടി പിളരുകയോ പൊട്ടിപ്പോകുയോ ചെയ്യാതിരിക്കാൻ കളർ പ്രൊ ട്ടക്ഷൻ ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക. കളർ സേഫ് ഹെയർ മാസ്കുകളുമുണ്ട്.

അമിതമായി വരണ്ട മുടിയാണെങ്കിൽ കെരറ്റിൻ ട്രീറ്റ്മെന്റ് ചെയ്തശേഷം ഹെയർ കളർ ചെയ്താൽ മുടി മ‍ൃദുവാകും, ആരോഗ്യവും കിട്ടും. ഹെയർ കളർ ചെയ്ത, വരണ്ട മുടിയുള്ളവർ മാസത്തിലൊരിക്കൽ കെരറ്റിൻ സ്പാ ചെയ്യാൻ ശ്രദ്ധിക്കുക.

മുടി സ്റ്റൈൽ ചെയ്യാനായി ഹോട്ട് എയർ ബ്ലോവർ, അയൺ എന്നിവ ഉപയോഗിക്കുന്നത് മുടിയിലെ നിറം പെട്ടെന്ന് മങ്ങാൻ ഇടയാക്കും. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ മുടിക്ക് ചൂടിൽ നിന്നും രക്ഷ നൽകുന്ന ‘ഹീറ്റ് പ്രൊട്ടക്ഷൻ മിസ്റ്റ് ’ ഉപയോഗിച്ച ശേഷം മാത്രം സ്റ്റൈൽ ചെയ്യുക.