Friday 26 August 2022 02:20 PM IST : By സ്വന്തം ലേഖകൻ

മുഖത്ത് നാരങ്ങാ നീര് പുരട്ടിയുള്ള സൗന്ദര്യ സംരക്ഷണം വേണോ?: : വേണ്ട ഈ അഞ്ച് അബദ്ധങ്ങൾ

beauty-mistakes

മുടി വളരാൻ ‘മിഠായി’, ചുളിവു മാറാൻ മസാജിങ്, നിറം കൂടാൻ ഐസ്ക്യൂബ്... സൗന്ദര്യപ്രശ്നങ്ങൾ ഇല്ലാത്തവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന ഓരോ പൊടിക്കൈകളാണ് ദിവസം തോ റും സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തെത്തുന്നത്. ഓരോന്നും പരീക്ഷിച്ചും നിരീക്ഷിച്ചും സമയവും സൗന്ദര്യവും കളയാൻ പലർക്കും മടിയില്ല.

മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും മുൻപ് ഒന്നോർക്കുക, അവ പൊള്ളലോ പാടോ ഉ ണ്ടാക്കാം. അലർജിയും അസ്വസ്ഥതയും സമ്മാനിക്കാനിടയുണ്ട്. സൗന്ദര്യ പരിചരണത്തിൽ മിക്കവരും വരുത്തുന്ന 10 അബദ്ധങ്ങളും അവയുടെ പരിഹാരവും അറിഞ്ഞോളൂ.

മുഖത്ത് നാരങ്ങാ നീര് പുരട്ടാമോ?

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി (അസ്കോ‌ർബിക് ആസിഡ്) പിഗ്‌മെന്റേഷൻ അ കറ്റുന്ന മികച്ച ആന്റി ഓക്സിഡന്റ് ആണ്. അതുകൊണ്ടാണ് മുഖത്തിന് തിളക്കം നൽകാനും നി റം മെച്ചപ്പെടുത്താനും നാരങ്ങാനീര് നല്ലതാണ് എന്നു പറയുന്നത്. എന്നാൽ നാരങ്ങാനീരിലെ സിട്രിക് ആസിഡ് എല്ലാ ചർമക്കാർക്കും അത്ര യോജിക്കില്ല. മാത്രമല്ല, സൂര്യപ്രകാശമേറ്റ് തളർന്നിരിക്കുന്ന ചർമത്തിൽ നാരങ്ങാനീര് പുരട്ടിയാൽ കരിവാളിപ്പ് കൂടും, പാടുകൾ ഉണ്ടാകും. നാരങ്ങാനീര് മുഖത്തു പുരട്ടിയ ശേഷം വെയിൽ കൊണ്ടാലും ഇതേ പ്രശ്നം വരാം.
നാരങ്ങാനീര് ചർമത്തിൽ പുരട്ടുകയാണെങ്കിൽ അവ മറ്റു ചേരുവകൾക്കൊപ്പം ഫെയ്സ് പാക് ആക്കുന്നതാണു നല്ലത്. സെൻസിറ്റീവ് ചർമമുള്ളവർ ഈ പരീക്ഷണത്തിനും മുതിരരുത്. പകരം നാരങ്ങാനീരിന്റെ ഗുണങ്ങളടങ്ങിയ വൈറ്റമിൻ സി ഉള്ള സീറം തിരഞ്ഞെടുക്കാം.

മുഖം ഷേവ് ചെയ്യാമോ?

മുഖത്ത് രണ്ടുതരം രോമങ്ങളാണ് ഉള്ളത്. മുഖമാകെയുള്ള നേർത്ത ഇളം നിറത്തിലുള്ള രോമവും (പീച്ച് ഫസ് എന്നും പറയും) ചുണ്ടിനു മുകളിലും താടിയിലുമുള്ള കട്ടിയുള്ള രോമവും. മുഖത്തെ രോമം ഷേവ് ചെയ്തു കളയുന്നതിൽ തെറ്റില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

സാധാരണ ഷേവിങ് സെറ്റ് അല്ല ഉപയോഗിക്കേണ്ടത്. സിംഗിൾ ബ്ലേഡ് ഫേഷ്യൽ റേസർ തന്നെ മുഖത്തെ രോമം നീക്കാൻ ഉപയോഗിക്കണം. മുഖം കഴുകിയ ശേഷം ഷേവിങ് ജെൽ/ കറ്റാർവാഴ ജെൽ പുരട്ടാം. രോമം വളർന്നു നിൽക്കുന്ന അതേ ‍ദിശയിൽ തന്നെ ഷേവ് ചെയ്യണം. ഷേവ് ചെയ്ത ശേഷം മുഖത്ത് മോയിസ്ചറൈസറും പുരട്ടണം. റേസർ കഴുകി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ തുരുമ്പു പിടിക്കുമെന്ന് ഓർക്കുക.

ഷേവ് ചെയ്താൽ രോമം കൂടുതൽ കട്ടിയോടെ വളരുമെന്നതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. മുഖക്കുരു ഉള്ളവർ ഷേവ് ചെയ്താൽ മുഖക്കുരു പൊട്ടാനും അണുബാധ ഉണ്ടാകാനുമിടയുണ്ട്.

മറ്റൊരു പ്രധാനകാര്യം രോമവളർച്ച ഹോർമോൺ വ്യതിയാനം കൊണ്ടും ഉണ്ടാകാം. അമിതമായി രോമമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിഹാരം തേടണം. രോമം നീക്കാൻ ലേസർ ചികിത്സകളും ലഭ്യമാണ്.

മുഖത്ത് ഐസ് മസാജ് ചെയ്യുന്നത് നല്ലതാണോ?

പതിവായി മുഖത്ത് ഐസ് മസാജ് ചെയ്യേണ്ട ആവശ്യമില്ല. രാവിലെ ഉണരുമ്പോൾ കണ്ണിനടിയിൽ തടിപ്പ് (പഫിനെസ്സ്) തോന്നുന്നുണ്ടെങ്കിൽ ഒരു ഐസ് ക്യൂബ് വൃത്തിയുള്ള തുണിയിൽ കെട്ടി മുഖം മസാജ് ചെയ്യാം. മേക്കപ്പിന് മുൻപ് സ്കിൻ പ്രിപ്പറേഷനു വേണ്ടിയും ഐസ് മസാജ് ചെയ്യാം. ചർമസുഷിരങ്ങൾ അടയാനും മേക്കപ്പിന് ഫിനിഷിങ് കിട്ടാനും ഇതു സഹായിക്കും.

സൺബേൺ, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഐസ് മസാജ് ചെയ്യാം. ഇതിനായി കറ്റാർവാഴ ജ്യൂസ്, കുക്കുമ്പർ ജ്യൂസ്, തക്കാളി ജ്യൂസ് എന്നിവ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ വച്ച് ക്യൂബാക്കി ഉയോഗിക്കാം. ക്യൂബ് ഏതായാലും തുണിയിൽ പൊതിഞ്ഞ ശേഷം വൃത്താകൃതിയിലാണ് മുഖത്തു മൃദുവായി മസാജ് ചെയ്യേണ്ടത്. ഒരു മിനിറ്റിൽ കൂടുതൽ മുഖത്ത് ഐസ് ഉപയോഗിക്കേണ്ട.

ഫ്രിജിൽ വച്ച് തണുപ്പിച്ചുപയോഗിക്കുന്ന ഐസ് റോളർ ഫെയ്സ് മസാജർ ഉണ്ട്. തണുപ്പൻ മസാജ് ഇഷ്ടപ്പെടുന്നവർക്ക് ഇവയും തിരഞ്ഞെടുക്കാം

കാലാവസ്ഥാമാറ്റം മുടിയുടെ ആരോഗ്യത്തെ ബാധിക്കുമോ?

പല കാലാവസ്ഥയിൽ മുടിയുടെ ആരോഗ്യം പലവിധമാകും. വേനലിൽ മുടി വരണ്ടതാകും, അറ്റം പിളരും. മോയ്സചറൈസിങ് ഹെയർ പാക്കുകൾ ഉപയോഗിച്ചും ഹെയര്‍ സ്പാ ചെയ്തും ഇതു പരിഹരിക്കാം. മുടിയിൽ അമിതമായി വെയിൽ തട്ടാതെയും ശ്രദ്ധിക്കണം. മഴക്കാലത്ത് ഈർപ്പം തങ്ങിനിന്ന് താരൻ ശല്യം കൂടാം. മുടിയിഴകൾ അധികം വിടർന്നു കിടക്കുകയുമില്ല. ഈ സമയത്ത് ശിരോചർമം വൃത്തിയായി സൂക്ഷിക്കണം. നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതും മുടി ഉണങ്ങാതെ ഉറങ്ങാൻ കിടക്കുന്നതും മുടിക്കായ ഉണ്ടാകുന്നതിനും ദുർഗന്ധത്തിനും കാരണമാകും.

കാലാവസ്ഥ മാറുമ്പോൾ മുടികൊഴിച്ചിൽ കൂടാനുമിടയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കാലാവസ്ഥ മൂലമുള്ള മുടികൊഴിച്ചിലും മറ്റും തനിയെ മാറിക്കോളും. മാനസികസമ്മർദം അലട്ടാതെ ശ്രദ്ധിക്കുക, സമീകൃതാഹാരം കഴിക്കുക, മുടിയുടെ സ്വഭാവത്തിന് ചേരുന്ന ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക, മൂന്നു മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടുക തുടങ്ങിയ പരിചരണമുണ്ടെങ്കിൽ മുടി എന്നും ആരോഗ്യത്തോടെ ഇരിക്കും.

മുഖക്കുരു മായ്ക്കാൻ ടൂത് പേസ്റ്റ്, ബേക്കിങ് സോഡ എന്നിവ ഉപയോഗിക്കാമോ ?

മുഖത്തെ കുരുക്കളോ പാടുകളോ മായ്ക്കാൻ ടൂത്പേസ്റ്റോ ബേക്കിങ് സോഡയോ പരിഹാരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് ഒന്നാമത്തെ കാര്യം. ഇവയുടെ ഉപയോഗം ചർമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നത് രണ്ടാമത്തെ കാര്യം. സെൻസിറ്റീവ് ചർമമുള്ളവർക്ക് ഇവ പൊള്ളൽ വീഴ്ത്താനുമിടയുണ്ട്. ബേക്കിങ് സോഡയുടെ ആൽക്കലൈൻ സ്വഭാവം ചർമത്തിലെ പിഎച്ച് ബാലൻസ് തെറ്റിച്ച് മുഖക്കുരു കൂട്ടാം.

അമ്മു ജൊവാസ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

വിവരങ്ങൾക്കു കടപ്പാട് : ഡോ. ആശ ബിജു,

എസ്തറ്റിക് ഫിസിഷ്യൻ & കോസ്മറ്റിക് ലേസർ സർജൻ,

വൗ ഫാക്ടർ മെഡി കോസ്‌മെറ്റിക് സ്കിൻ & ലേസർ സെന്റർ, തിരുവനന്തപുരം