Thursday 26 May 2022 03:18 PM IST : By സ്വന്തം ലേഖകൻ

കക്ഷത്തിലെ കറുപ്പു മാറ്റും ആപ്പിൾ സൈഡർ വിനഗർ, ഉരുളക്കിഴങ്ങ് നീരില്‍ മസാജ്: 10 പൊടിക്കൈകൾ

beauty-summer

വേനൽക്കാലം ചർമത്തിന്റെ ‘അയ്യോ... എന്നെ രക്ഷിക്കൂ’ എന്നുള്ള ഉച്ചത്തിലുള്ള അപേക്ഷയുടെ കാലം കൂടിയാണ്. ഉയരുന്ന ചൂടും ഈർപ്പവും വിയർപ്പും പൊടിയും അഴുക്കും എല്ലാം ചേർന്ന് ചർമത്തിനാകെ വെല്ലുവിളികളുയർത്തുന്ന പരീക്ഷണകാലം. കാശ് പൊടിപൊടിക്കാതെ വേനലി‍ൽ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള ചില കിണ്ണംകാച്ചിയ വഴികൾ പറയാം. ചർമത്തിന് ഇണങ്ങിയ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാമെന്നേ... അപ്പോ തുടങ്ങിയാലോ?

ചർമം എന്നൊക്കെ ഒറ്റവാക്കില്‍ വിളിക്കുമെങ്കിലും ശരീരത്തിന്റെ പല ഭാഗത്തും എത്തുമ്പോൾ കക്ഷിക്ക് പല മട്ടും മാതിരിയുമാണ്. ചിലയിടത്ത് ചുളിയും ചിലയിടത്ത് നിവരും, ചിലയിടത്ത് കട്ടി കൂടും, ചിലയിടത്ത് മൃദുവാകും, ചിലയിടത്ത് വിയർക്കും ചിലയിടത്ത് മസിലും പിടിച്ചങ്ങ് നി ൽക്കും. അതുകൊണ്ട് ചർമത്തിന്റെ ഭാവമാറ്റം മനസ്സിലാക്കി ഓരോ സ്ഥലത്തും ഓരോ പരിചരണം നൽകണം.

മുട്ടുകളിലെ കരിവാളിപ്പ് കുറയ്ക്കാം

കാൽമുട്ട്, കൈമുട്ട്, കഴുത്ത്, കക്ഷം എന്നിവിടങ്ങളിൽ പല കാരണങ്ങൾ കൊണ്ടും കരിവാളിപ്പ് വരാം. ശരീരത്തിലെ തൈറോയ്ഡിന്റെ അളവിൽ വ്യതിയാനം വരുമ്പോഴൊക്കെ ഇത്തരത്തിൽ കരുവാളിപ്പ് വരാം. അതുകൊണ്ട് കരിവാളിപ്പുണ്ടെങ്കിൽ ഡോക്ടറെ കണ്ട് രോഗമല്ലെന്ന് ഉറപ്പ് വരുത്തുക. ചില മരുന്ന് കഴിക്കുന്നവർക്കും പെട്ടെന്ന് വണ്ണം വയ്ക്കുന്നവർക്കും ഗർഭിണികൾക്കുമൊക്കെ ഇത്തരം ക രിവാളിപ്പ് കണ്ടുവരാറുണ്ട്. ആരോഗ്യ കാരണങ്ങൾ കൊണ്ടുള്ള കരിവാളിപ്പുകൾക്ക് വൈദ്യസഹായം വേണം.

∙ കരിവാളിപ്പുള്ള ഭാഗത്തു പുരട്ടാൻ ആവശ്യമായ അളവി ൽ കാപ്പിപ്പൊടി എടുക്കുക. അതിലേക്ക് അൽപം ബ്രൗൺ ഷുഗർ, നാരങ്ങാനീര്, തേൻ എന്നിവ ചേർത്ത് മിശ്രിതമുണ്ടാക്കുക. അതു കരുവാളിപ്പുള്ളിടത്ത് പുരട്ടി നന്നായി സ്ക്രബ് ചെയ്യുക. ആഴ്ചയിൽ രണ്ടു ദിവസം ചെയ്യാം, മൃതചർമം മാറി പുതിയ ചർമം വരും.

∙ അൽപം ഓട്സിലേക്ക് സമം കുമ്പളങ്ങാനീരും പാൽ പ്പൊടിയും ചേർത്തു കുഴച്ച് അത് പായ്ക്ക് ആയി ഉപയോഗിക്കാം. ആഴ്ചയിൽ രണ്ടു ദിവസം ഇതാവർത്തിക്കാം.

∙ നാരങ്ങാ വെള്ളമുണ്ടാക്കിക്കഴിഞ്ഞ് ചെറുനാരങ്ങ തൊ ലി കളയാതെ ഫ്രിജിൽ സൂക്ഷിക്കാം. കാൽമുട്ടിലും കൈമുട്ടിലും വിരലിന്റെ മടക്കുകളിലും മറ്റും വരുന്ന കറുപ്പു നിറം മാറാൻ ഈ ചെറുനാരങ്ങാത്തൊലി കൊണ്ട് വട്ടത്തിലുരച്ച് സ്ക്രബ് ചെയ്താൽ മതിയാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം.

∙ തൈര്, കാപ്പിപ്പൊടി, ഉപ്പ് എന്നിവ സമം എടുത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കരിവാളിപ്പുള്ള കൈമുട്ടിലോ കാൽമുട്ടിലോ വട്ടത്തിൽ മസാജ് ചെയ്ത് തേച്ചു പിടിപ്പിക്കാം. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇത് ചെയ്താൽ കരിവാളിപ്പു കുറഞ്ഞു വരുന്നത് കാണാം.

വിയർപ്പും ദുർഗന്ധവും

വേനൽക്കാലത്ത് വിയർപ്പു കൂടുതലായിരിക്കും. വിയർപ്പ് ആഗിരണം ചെയ്യുന്ന തരത്തിലുള്ള കോട്ടൻ വസ്ത്രങ്ങൾ തന്നെ കഴിവതും ഉപയോഗിക്കാൻ ശ്രമിക്കുക.

∙ കക്ഷത്തിലെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ വാക്സ് ചെയ്യുക. ബ്ലെയ്ഡ് ഉപയോഗിക്കുന്ന മിക്കവരിലും ചർമം ഇരുണ്ട് വരുന്നതായി കാണാറുണ്ട്.

∙ കിടക്കാൻ പോകുന്നതിന് മുൻപ് ഒരു കഷണം പഞ്ഞിയിൽ അൽപം ആപ്പിൾ സിഡർ വിനഗർ എടുത്ത് കക്ഷത്തിൽ പുരട്ടാം. ശേഷം അൽപം ജാസ്മിൻ ഓയിൽ കൂടി പുരട്ടി മസാജ് ചെയ്യുക. കറുപ്പ് നിറം കുറഞ്ഞു വരും. വിയർപ്പിന്റെ ദുർഗന്ധവും കുറയും.

∙ ഉരുളക്കിഴങ്ങിന്റെ നീര് കക്ഷത്തിൽ പുരട്ടി 10 മിനിറ്റ് മ സാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാൻ ശ്രദ്ധിക്കണം.

കക്ഷത്തിലെ കറുപ്പു മാറ്റും ആപ്പിൾ സൈഡർ വിനഗർ, ഉരുളക്കിഴങ്ങ് നീരില്‍ മസാജ്: 10 പൊടിക്കൈകൾ

ശ്യാമ

വിവരങ്ങൾക്കു കടപ്പാട്: ഡെന്നിസ് ബാബു,

എക്സെൽ ബ്യൂട്ടിപാർലർ, തൃപ്പൂണിത്തുറ