Wednesday 09 November 2022 04:06 PM IST : By സ്വന്തം ലേഖകൻ

പൊളിഞ്ഞിളകിയ താരൻ ശരിക്കും വൃത്തികേട്... താരൻ പമ്പകടക്കാൻ ഇതാ മൂന്ന് വിധം കാച്ചെണ്ണ

kachenna-story

കാച്ചിയ എണ്ണ പുരട്ടി താളി തേച്ചു കുളിക്കുന്നതിന്റെ ഉന്മേഷം പറഞ്ഞറിയിക്കാനാകില്ല. പക്ഷേ, മുടിയുടെ ആരോഗ്യം കാക്കുന്ന എണ്ണകൾ വീട്ടിൽ തന്നെ കാച്ചണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലരും ഇതിന് ഒന്നു മടിക്കും.

കാരണം ‘എണ്ണിയാൽ തീരാത്തത്ര’ ചേരുവകൾ കൊണ്ടാണ് മിക്ക എണ്ണയും കാച്ചിയെടുക്കുന്നത്. ഇവയിൽ പലതും നമ്മൾ കേട്ടിട്ടു കൂടിയുണ്ടാകില്ല. എണ്ണ കാച്ചിയെടുത്താലോ, ഒരേ എണ്ണ തന്നെ മതിയോ വീട്ടിലെല്ലാവർക്കും എന്നതാണ് അടുത്ത ചോദ്യം.

എണ്ണയുടെ പാകം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണോ എന്നു വേറെ ടെൻഷൻ. എണ്ണ കാച്ചുന്നതിനെ കുറിച്ചുള്ള ഈ ടെൻഷൻ കൊണ്ടുതന്നെ മുടികൊഴിച്ചിൽ കൂടും. ഇനി ഈ ആശയക്കുഴപ്പങ്ങളെല്ലാം മാറ്റിവച്ച് സിംപിൾ ആയി എണ്ണ കാച്ചാൻ ഇതാ ചില വഴികൾ.

മുടിയുടെ ആരോഗ്യത്തിന്

ശരീരത്തിന്റെ പൊതുവായ ആരോഗ്യം കുറയുന്നതാണ് മുടി പൊട്ടിപ്പോകുന്നതിന്റെ ഒരു കാരണം‌. മുറുക്കി കെട്ടിവയ്ക്കുന്നതും വരൾച്ചയും മുടി പൊട്ടിപ്പോകാനിടയാക്കും. മുടിയുടെ ആരോഗ്യക്കുറവു കൊണ്ടും താരൻ ശല്യം, വൈറ്റമിൻ അപര്യാപ്തത, തൈറോയ്‍ഡ് ഹോർമോൺ പ്രശ്‌നങ്ങൾ, കാത്സ്യത്തിന്റെ കുറവ് എന്നിങ്ങനെ കാരണങ്ങളാലും മുടി കൊഴിയാം. ശരിയായ കാരണം കണ്ടെത്തിയാണ് മുടിയുടെ പ്രശ്നങ്ങളെ ചികിത്സിക്കേണ്ടത്.

ഓരോരുത്തരുടെയും ശരീരപ്രകൃതത്തിനു യോജിച്ച എണ്ണ പതിവായി തലയിൽ തേച്ചു കുളിച്ചാൽ ശിരസ്സിലെ രക്തയോട്ടം കൂടുകയും ശിരോചർമത്തിലെ വരൾച്ച അകലുകയും മുടി വളർച്ച ത്വരിതപ്പെടുകയും ചെയ്യും.

കുട്ടികൾക്കായി എണ്ണ കാച്ചാം

മൂന്നു വയസ്സു മുതൽ കുട്ടികളെ കാച്ചെണ്ണ തേച്ചു കുളിപ്പിക്കാം. എണ്ണ കാച്ചാനുള്ള കൂട്ടുകൾ തിര‍ഞ്ഞെടുക്കുമ്പോൾ അവ നീർവീഴ്ചയുണ്ടാക്കാത്തത് ആകുക എന്നതാണ് പ്രധാനം. അല്ലെങ്കിൽ കുട്ടികൾക്ക് വിട്ടുമാറാത്ത ജലദോഷവും ഒച്ചയടപ്പ്, ചുമ പോലുള്ള പ്രശ്നങ്ങളും വരാം.

∙ 10 ഗ്രാം ചുവന്നുള്ളി, 10 ഗ്രാം ജീരകം, അ‍ഞ്ച് ഗ്രാം ചുക്ക് എന്നിവ അരച്ചെടുത്തത് (ഈ കൽക്കം ഏകദേശം രണ്ടു വലിയ സ്പൂൺ ഉണ്ടാകും) 100 മില്ലി വെളിച്ചെണ്ണയും വെള്ളം 400 മില്ലി വെള്ളവും ചേർത്ത് കാച്ചി 100 മില്ലിയാക്കുക. മുടി നന്നായി വളരാനും നീർവീഴ്ച തടയാനും ഈ എണ്ണ നല്ലതാണ്.

∙ കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ തുല്യമായെടുത്ത് ഇടിച്ചു പിഴിഞ്ഞ് 400 മില്ലി നീരെടുക്കണം (വെള്ളം കൂടി ചേർക്കുമ്പോഴുള്ള ആകെ അളവാണ് ഇത്). ഇതും 15 ഗ്രാം നെല്ലിക്ക അരച്ചതും 100 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് എണ്ണ കാച്ചാം. മുടി ആരോഗ്യത്തോടെ വളരും.

∙ രാസ്നാദി ചൂർണം ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ പുരട്ടിയാൽ കുട്ടികളെ സദാ അലട്ടുന്ന ജലദോഷം പോലെയുള്ള പ്രശ്നങ്ങൾ മാറും.

∙ സ്കൂളില്‍ പോകുന്ന മിക്ക കുട്ടികളെയും പേന്‍, ശല്യം ചെയ്തു തുടങ്ങും. 150 മില്ലി എള്ളെണ്ണ, വേപ്പിൻകുരു ചതച്ചത് 15 ഗ്രാം, അ‍‍ഞ്ചു ഗ്രാം കടുകു ചതച്ചത്, 500 മില്ലി വേപ്പില കഷായം എന്നിവ ചേർത്ത് എണ്ണ കാച്ചി 150 മില്ലിയാക്കിയെടുക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതു തലയിൽ തേച്ചു കുളിക്കാം. പേൻ ശല്യം കുറ‍യുമ്പോൾ എണ്ണ ഉപയോഗം നിർത്തണം.

കൗമാരക്കാരിലെ പ്രശ്നങ്ങൾ

മുടി കൊഴിച്ചിൽ, മുടിക്കായ, മുടിയുടെ അറ്റം പിളരുക തുടങ്ങിയ പ്രശ്നങ്ങൾ കൗമാരക്കാരെ അധികമായി അലട്ടാറുണ്ട്. ഇതിൽ മുടിക്കായ വരുന്നത് നന‍ഞ്ഞ മുടി കെട്ടിവയ്ക്കുക, വൈകുന്നേരം കുളിച്ച ശേഷം മുടി നന്നായി ഉണങ്ങാതെ ഉറങ്ങാൻ കിടക്കുക എന്നിങ്ങനെ കൃത്യമായ പരിചരണ കുറവു മൂലമാണ്.

മുടിയുടെ അറ്റം പിളരുന്നതിനു കാരണം ആരോഗ്യക്കുറവാകാം. മുടിയുടെ ആരോഗ്യം കാക്കുന്ന എണ്ണ ഉപയോഗിച്ച് ശിരോചർമം മസാജ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. മൂന്നും മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടാനും ശ്രദ്ധിക്കണം.

∙ മുടിക്കൊഴിച്ചിൽ തടയുന്നതിനായി കറിവേപ്പില, ഇരട്ടിമധുരം, ചുവന്നുള്ളി എന്നിവ ചേർത്തരച്ചത് 25 ഗ്രാം ( ഏകദേശം രണ്ടു വലിയ സ്പൂൺ) എടുക്കുക. 100 മില്ലി വെളിച്ചെണ്ണയും 400 മില്ലി ക‍ഞ്ഞിവെള്ളവും ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിച്ചെടുക്കുക. താരനകലാനും ഇതു നല്ല പ്രതിവിധിയാണ്.

∙ ഇരട്ടിമധുരം, കറ്റാർവാഴ കാമ്പ്, ത്രിഫല എന്നിവ ചേർത്തരച്ചത് 50 ഗ്രാമെടുത്ത് 600 മില്ലി തേങ്ങാപ്പാലും 200 മില്ലി എണ്ണയും ചേർത്ത് കാച്ചി 200 മില്ലിയാക്കുക. മുടികൊഴിച്ചിൽ അകലാനും മുടി വളരാനും ഈ എണ്ണ സഹായിക്കും.

മുടികൊഴിച്ചിലിനു പരിഹാരം

പ്രായം കൂടുംതോറും പലവിധ പ്രശ്നങ്ങളാൽ മുടി കൊഴിച്ചിൽ കൂടാം. ഹോർമോൺ വ്യതിയാനങ്ങൾ, ജോലിത്തിരക്ക്, മാനസിക സമ്മർദം, തെറ്റായ ജീവിതശൈലി തുടങ്ങിയവയൊക്കെ മുടിയെ ചുവടോടെ പിഴുതെറിയാം. മുതിർന്നവർക്ക് മുടികൊഴിച്ചിലിന് തലയിൽ തേക്കാവുന്ന എണ്ണകളിതാ...

∙ ചിറ്റമൃത്, കറുക, ചുവന്നുള്ളി, കറിവേപ്പില അരച്ചത് 50 ഗ്രാം, 200 മില്ലി വെളിച്ചെണ്ണ / എള്ളെണ്ണ, 600 മില്ലി വെള്ളം എന്നിവ ചേർത്ത് എണ്ണ കാച്ചി 200 മില്ലിയാക്കുക.

∙ ത്രിഫല, എള്ള് എന്നിവ 25 ഗ്രാമെടുത്ത് അരച്ചുരുട്ടി 100 മില്ലി എള്ളെണ്ണയിൽ 400 മില്ലി വെള്ളം ചേർത്തു കാച്ചി 100 മില്ലി എണ്ണയാക്കുക.

അകാലനര വരാതിരിക്കാൻ

അകാലനര വരാതിരിക്കാനും വന്നാൽ അധികമാകാതിരിക്കാനും ആഹാരരീതിയിലും മാറ്റം വരുത്തണം. എരിവ്, പുളി, ഉപ്പ്, ബേക്കറി പലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കണം. പാരമ്പര്യഘടകം അകാലനരയുടെ പ്രധാന കാരണമാണ്.

∙ ഇരട്ടിമധുരം, മ‍ഞ്ചട്ടി, നെല്ലിക്ക, കറിവേപ്പില, എള്ള് എന്നിവ തുല്യ അളവിൽ ചേർത്തരച്ചത് 50 ഗ്രാം വേണം. ഇത് 600 മില്ലി വെള്ളവും ചേർത്ത് 200 മില്ലി വെളിച്ചെണ്ണയിൽ കാച്ചി എണ്ണയുടെ അളവിൽ വറ്റിക്കുക.

എണ്ണയ്ക്ക് കൽക്കമായി ഉപയോഗിച്ച മരുന്നുകൾ ഉണക്കി പൊടിച്ചത് ആഴ്ചയിലൊരിക്കൽ ഹെയർ പാക്കായും ഉപയോഗിക്കാം.

∙ 100 മില്ലി വെളിച്ചെണ്ണയിൽ കറിവേപ്പില, മൈലാ‍ഞ്ചിയില, ചുവന്നുള്ളി എന്നിവ അരച്ചത് 25 ഗ്രാമും 400 മില്ലി വെവെള്ളവും ചേർത്തു കാച്ചി 100 മില്ലിയാക്കുക.

∙ ബ്രഹ്മി ഇടിച്ചു പിഴി‌ഞ്ഞ നീര് 400 മില്ലി (വെള്ളവും കൂടി ചേർത്ത്), കറിവേപ്പില അരച്ചത് 25 ഗ്രാം, 100 മില്ലി വെളിച്ചെണ്ണ/ എള്ളെണ്ണ ചേർത്ത് എണ്ണ കാച്ചി തേക്കുന്നത് അകാലനര തടയും.

ഉറക്കമില്ലായ്മയും സമ്മർദവും അകലാൻ

സമ്മർദവും ഉറക്കകുറവും ഇപ്പോൾ പലർക്കുമുണ്ട്. മുടികൊഴിച്ചിൽ അകറ്റാനും മുടി വളരാനും നല്ല ആഹാരവും മതിയായ വിശ്രമവും വേണം. കോവിഡ് വന്നുപോയവരിലെ മുടികൊഴിച്ചിലിനു പ്രധാനകാരണവും ഉറക്കകുറവാണ്. നല്ല ഉറക്കം കിട്ടാനുള്ള എണ്ണകള്‍ അറിയാം.

∙ ചന്ദനം, ഇരട്ടിമധുരം, എള്ള് എന്നിവ തുല്യമായെടുത്ത് അരച്ചത് 25 ഗ്രാം, 100 മില്ലി എണ്ണയിലും 400 മില്ലി വെള്ളത്തിലും ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിച്ച് ഉപയോഗിക്കാം.

∙ 25 ഗ്രാം ഇരട്ടിമധുരം കൽക്കമാക്കിയത് 100 മില്ലി വെളിച്ചെണ്ണയിലും 400 മില്ലി കറുക ഇടിച്ചു പിഴിഞ്ഞ നീരും ചേർത്ത് കാച്ചി എണ്ണയുടെ അളവിലാക്കി വറ്റിച്ചുതേക്കുക.

താരൻ അകറ്റാൻ മൂന്ന് എണ്ണ

പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയിൽ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരൻ അങ്ങിങ്ങായി പൊങ്ങിനിൽക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരൻ വരുത്തുന്ന പ്രശ്നങ്ങൾ പലതാണ്. താരനകറ്റനുള്ള വഴികളിതാ...

∙ കറിവേപ്പില, കണിക്കൊന്നയുടെ തൊലി, കറുക എന്നിവ തുല്യ അളവിലെടുത്ത് അരച്ചത് 25 ഗ്രാം, 400 മില്ലി വെള്ളം, 100 മില്ലി വെളിച്ചെണ്ണ/ എള്ളെണ്ണ എന്നിവ കാച്ചി 100 മില്ലിയാക്കുക. ഈ എണ്ണ തലയിൽ തേക്കുന്നത് താരനും താരൻ മൂലമുള്ള ചൊറിച്ചിലും അകലാൻ സഹായിക്കും.

∙ താരൻ ശല്യം ചെയ്യാതിരിക്കാനുള്ള എണ്ണയാണിത്.10 ഗ്രാം വീതം ജീരകവും ചുവന്നുള്ളിയും അരച്ചുവയ്ക്കുക. ചെമ്പരത്തിയുടെ പൂവും, ഇലയും പിഴി‍‍ഞ്ഞ് വെള്ളം കൂടി ചേർത്ത് 400 മില്ലി നീരെടുക്കുക. ഇവ 100 മില്ലി എള്ളെണ്ണയിൽ ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക.

∙ 150 മില്ലി എണ്ണയിൽ 300 ഗ്രാം തുമ്പ സമൂലം പിഴിഞ്ഞ നീരും 15 ഗ്രാം ജീരകം അരച്ചതും ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക. ഇടയ്ക്കിടെ താരൻ തല പൊക്കില്ല.

മുടി കഴുകാൻ

∙ എണ്ണ തേച്ചശേഷം എണ്ണമയം നീക്കാൻ ചെമ്പരത്തി താളിയൊടൊപ്പം സോപ്പിൻ കായ ഇട്ടു തിളപ്പിച്ച വെള്ളം ചേർത്തു തല കഴുകാം.

∙ ചെറുപയർ പൊടി, കടലമാവ്, ചീവക്കാ പൊടി എ ന്നിവയിലേതും തലമുടി കഴുകാൻ ഉപയോഗിക്കാം.

∙ 50 ഗ്രാം ഉലുവ പൊടിച്ചതും 100 ഗ്രാം ചെമ്പരത്തിയിലയും പൂവും ഉണക്കിപ്പൊടിച്ചതും കുപ്പിയിലാക്കി വയ്ക്കാം. രണ്ടു സോപ്പിൻകായ ഇട്ടു തിളപ്പിച്ച വെള്ളത്തിലേക്ക് ഈ പൊടി ഒരു ചെറിയ സ്പൂൺ ചേർത്ത് തല കഴുകാൻ ഉപയോഗിക്കാം.

∙ ക‍ഞ്ഞിവെള്ളത്തിൽ തലേദിവസം കുതിർത്തുവച്ച ഉലുവ അരച്ചത് ചേർത്ത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം. നാചുറൽ ഹെയർ ക ണ്ടീഷനറാണ് ഇത്.

∙ അര ഗ്ലാസ് ക‍ഞ്ഞിവെള്ളം, രണ്ടു ചെറിയ സ്പൂൺ ത്രിഫല ചൂർണം, രണ്ടു വലിയ സ്പൂൺ കറ്റാർവാഴയുടെ കാമ്പ് എന്നിവ മിക്സിയിലാക്കി അരച്ച് തലയിൽ തേച്ചു കുളിക്കുന്നത് തലയിലെ അഴുക്കു നീക്കും, മുടി വളർച്ച കൂടും.

എണ്ണ കാച്ചുന്ന പാകം

ഇരുമ്പു ചീനച്ചട്ടിയിൽ എണ്ണ കാച്ചുന്നതാണ് നല്ലത്. ചേരുവകളെല്ലാം ചേർത്ത് ചീനച്ചട്ടിയിലാക്കി ചെറുതീയിൽ സാവകാശം ഇളക്കുക. ജലാംശം വറ്റി വരുമ്പോൾ കൽക്കം (അരച്ചു ചേർത്ത ഒൗഷധങ്ങൾ) അൽപമെടുത്ത് വിരലുകൊണ്ടു തിരുമ്മിനോക്കുക. പൊടിയാത്ത, കട്ടിയുള്ള തിരി പോലെയായി വരുന്നതാണ് പാകം. ഒരു കഷണം പേപ്പർ എണ്ണയിൽ മുക്കി തീയിൽ കാണിക്കുമ്പോൾ പൊട്ടുന്നുണ്ടെങ്കിൽ എണ്ണയിൽ ഇനിയും വെള്ളത്തിന്റെ അംശമുണ്ടെന്നു മനസ്സിലാക്കാം. ജലാംശം ഒട്ടും ഇല്ലാതെ വേണം എണ്ണ കാച്ചിയെടുക്കാൻ.

അമ്മു ജൊവാസ്

വിവരങ്ങൾക്കു കടപ്പാട്: ഡോ. അഞ്ജലി ടി. സി

അസി. പ്രഫസർ, ഗവ. ആയുർവേദ കോളജ്, പരിയാരം