Tuesday 20 August 2024 02:34 PM IST : By സ്വന്തം ലേഖകൻ

‘മുഖത്ത് ഇടക്കിടെ തൊടുക, വിരലമര്‍ത്തുക, നെറ്റി ചുളിക്കുക..’: പ്രായം കൂടുതല്‍ തോന്നിപ്പിക്കുന്ന ഈ ശീലങ്ങൾ ഒഴിവാക്കിക്കോളൂ..

nose-wrinkles

പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ മറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. അതേസമയം നമ്മുടെ ചില ശീലങ്ങൾ നിലവിലുള്ള പ്രായത്തേക്കാള്‍ കൂടുതല്‍ തോന്നിച്ചാലോ ആ അവസ്ഥ പലര്‍ക്കും താങ്ങാനാകില്ല. നമ്മുടെ ചില പ്രിയപ്പെട്ട ശീലങ്ങൾ തന്നെയാണ് പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നതെങ്കിലോ? ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളാണെങ്കിൽപ്പോലും അവ ഒഴിവാക്കുകയാവും നല്ലത്. ഒഴിവാക്കേണ്ട ശീലങ്ങളിൽ ചിലത്...

1. തലമുടി വലിച്ച് പുറകോട്ട് കെട്ടുന്നത് വളരെ എളുപ്പമുള്ള മുടി കെട്ടല്‍ രീതിയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും പ്രിയപ്പെട്ടതും. പക്ഷെ ഇങ്ങനെ തലമുടി മുറുക്കി വലിച്ച് ഹെയര്‍ ബാന്‍ഡ് ഉപയോഗിച്ച് പുറകോട്ട് കെട്ടുന്നത് നെറ്റിയില്‍ കഷണ്ടി വരാന്‍ കാരണമായേക്കാം. പറ്റുമ്പോഴൊക്കെ തലമുടിയെ അലസമായി വിടാന്‍ അനുവദിക്കുകയാണ് മുന്‍വശത്തെ കഷണ്ടി ഒഴിവാക്കാന്‍ നല്ല മാര്‍ഗ്ഗം.

2. പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ അധികമാകരുത്. പാലിലെ ആന്‍ഡ്രോജന്‍സ് ശരീരത്തിലെ എണ്ണമയം വര്‍ധിപ്പിക്കും. ചർമ്മത്തില്‍ എണ്ണമയം അധികം വരുന്നത് തൊലി വേഗം ചുളുങ്ങുന്നതിന് കാരണമാകും.

3. മുഖത്തു മാത്രം സണ്‍സ്ക്രീന്‍ പുരട്ടുന്നത് തെറ്റായ ശീലമല്ല മറിച്ച് മണ്ടത്തരമാണ്. മുഖത്തിനൊപ്പം ഏറ്റവുമധികം ആളുകള്‍ ശ്രദ്ധിക്കുന്നത് കൈകളിലാണ്. കൈകളിലും സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്.

4. നനഞ്ഞിരിക്കുമ്പോള്‍ തലമുടി ചീകരുത്. ഇതു തലമുടി കൊഴിയുന്നതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നാണ്. തലമുടി കുറയുന്നത് നിങ്ങളുടെ പ്രായത്തെയും വർധിപ്പിച്ചു കാണിക്കും.

5. ഹെയര്‍ ഡ്രയർ ഉയര്‍ന്ന ചൂടില്‍ ഉപയോഗിക്കുന്നതും തലമുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കും. വേഗത്തില്‍ ഉണങ്ങാന്‍ ചൂട് കൂട്ടി ഉപയോഗിക്കാതിരിക്കുക. ഹെയര്‍ ഡ്രയര്‍ ശരാശരി താപനിലയില്‍ ഉപയോഗിക്കുക.

6. കണ്ണിനെന്തെങ്കിലും അസ്വസ്ഥതകൾ തോന്നുമ്പോൾ കണ്ണ് തിരുമ്മുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതൊരു ശീലമാക്കണ്ട. ശക്തിയായി കണ്ണ് തിരുമ്മുന്നത് കണ്ണില്‍ ക്ഷീണം നിഴലിക്കാന്‍ ഇടയാകും. തിരുമ്മുന്നത് ശീലമായാല്‍ ക്ഷീണവും സ്ഥിരമാകും ക്ഷീണം നിറഞ്ഞ് നില്‍ക്കുന്ന കണ്ണുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കും.

7. മുഖത്ത് ഇടക്കിടെ തൊടുക, വിരലമര്‍ത്തുക, ആവശ്യത്തിലധികം മുഖം ചുളിക്കുക ഇവയെല്ലാം മുഖത്ത് ചുളിവുകള്‍ വരാന്‍ ഇടയാക്കും. ചുളിവുകളും പ്രായവും തമ്മിലുള്ള ബന്ധം വിശദീകരിക്കേണ്ടതില്ലല്ലോ.

8. ലോകം മുഴുവന്‍ ഹാന്‍ഡ്ബാഗില്‍ ഒതുക്കുന്നവരുണ്ട്. അധികഭാരം ഇങ്ങനെ എപ്പോഴും ചുമക്കുന്നത് ശരീരഘടനയെ ബാധിക്കും. നടപ്പിലും ഇരിപ്പിലുമെല്ലാം നടുവിന് ചെറിയ കൂനനുഭവപ്പെടും ഇതു പ്രായം വർധിപ്പിച്ചു കാണിക്കും.

9. പഴച്ചാറുകൾ സൗന്ദര്യത്തിന് നല്ലതാണെന്ന് പൊതുവായ വിശ്വാസം ഉണ്ട്. ഇതൊരു പരിധി വരെ ശരിയാണ്. എന്നാല്‍ അധികമായാൽ പഴച്ചാറുകളും ദോഷംചെയ്യും. പഞ്ചസാര അധിക അളവില്‍ ശരീരത്തിലെത്തുന്നതിനാലാണിത്. അതുകൊണ്ട് പഴച്ചാറിനു പകരം ഫ്രഷ് വെജിറ്റബിള്‍ സാലഡും മറ്റും ശീലമാക്കാം.

Tags:
  • Glam Up
  • Beauty Tips