Monday 05 April 2021 03:38 PM IST : By സ്വന്തം ലേഖകൻ

വേനൽചൂടിൽ നിന്ന് ആശ്വാസം, അലർജി പ്രശ്നങ്ങൾ ഒഴിവാക്കാം; ആയുർവേദം പറഞ്ഞുതരും ചിട്ടയായ ‘കുളി’

ayurbeevvbgg

വേനൽചൂടിൽ നിന്ന് ആശ്വാസം കിട്ടാനും അലർജി പ്രശ്നങ്ങൾ ഒഴിവാക്കാനും ആയുർവേദം പറഞ്ഞു തരുന്ന സ്നാന വിധികൾ

ചൂടു കാലമെന്നാൽ  ശരീരത്തിൽ ഉഷ്ണാധിക്യം ഉള്ളവരെ സംബന്ധി ച്ചിടത്തോളം കഠിനകാലമാണ്. അ ലട്ടുന്ന പുകച്ചിലും അലർജി പ്രശ്നങ്ങളും ചിട്ടയായ കുളിയിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാം. ശരീരത്തിലെ മാലിന്യങ്ങൾ അകറ്റുന്നത് മാത്രമല്ല, ആരോഗ്യസംരക്ഷണ പ്രവർത്തനം കൂടിയാണ്‌  കുളി. ഇത് സംബന്ധിച്ച് ആയുർവേദം പറഞ്ഞുതരുന്ന കാര്യങ്ങൾ ഇതാ...

കുളി എപ്പോൾ

രാവിലെ കുളിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് വ്യായാമം ചെയ്തു വിയർപ്പാറിയ ശേഷമാണ് കുളിക്കേണ്ടത്. ഭക്ഷണത്തിനു മുൻപായിരിക്കണം കുളി. ഭക്ഷണം കഴിഞ്ഞ ഉടനെയും വിശന്നിരിക്കുമ്പോഴും കുളിക്കുന്നത് ശരീരത്തിന് നല്ലതല്ല. രാവിലെ തലയും ദേഹവും കഴുകുകയും വൈകിട്ട് ശരീരം മാത്രം കഴുകുകയും ചെയ്യുന്നതാണ് ചൂടിനെ അകറ്റാൻ നല്ലത്.

അണുക്കൾക്കും വിയർപ്പിനും വിട

∙ മേൽ കഴുകുന്ന വെള്ളത്തിൽ ദിവസവും ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. ചൂടുകാലത്ത് ഫ്രഷായിരിക്കാൻ ഈ നാരങ്ങാക്കുളി സഹായിക്കും. ചർമരോഗങ്ങളും അകലും.

∙ ഇലഞ്ഞിപ്പൂവ്, ഇലഞ്ഞിത്തൊലി ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളവും രാമച്ചം, ഇരുവേലി, ചന്ദനം ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളവും കുളിക്കാനായി തിരഞ്ഞെടുക്കാം. ചൂട് കുറയുമെന്ന് മാത്രമല്ല ശരീരത്തെ വിയർപ്പുനാറ്റത്തിൽ നിന്നു രക്ഷിക്കുകയും ചെയ്യും.

∙ മുറ്റത്തും തൊടിയിലുമുള്ള ഇലകൾ തന്നെ കുളിക്കാനുള്ള വെള്ളത്തിൽ ചേർക്കാം. ആരിവേപ്പില, കറുക, ബ്രഹ്മി എന്നിവയിലേതെങ്കിലും ചേർത്തു തിളപ്പിച്ച വെള്ളം ചൂടുകാലത്ത് കുളിക്കാൻ ഉപയോഗിക്കാം. തുളസിയില, പ്ലാവില എന്നിവ തണുപ്പുകാലത്തിന് യോജിച്ചവയാണ്.

immunity ayur-KTM alone.indd

കുളിക്കേണ്ടത് എങ്ങനെ?

തലയും ശരീരവും ഒന്നിച്ച് കുളിക്കുകയാണെങ്കിൽ ത ലയിലൂടെ തന്നെ വെള്ളം ഒഴിച്ച് കുളിച്ചു തുടങ്ങാം. ശരീരത്തിൽ ചൂട് വെള്ളം ഒഴിക്കുകയാണെങ്കിൽ തല ആദ്യം ചൂടില്ലാത്ത വെള്ളത്തിൽ കഴുകി തുടച്ചശേഷം പിന്നീട് ശരീരം ചൂടു വെള്ളം കൊണ്ട് കഴുകുക.

എന്നും കുളിക്കുന്നതിന് മുൻപ് നാൽപമരാദി വെളിച്ചെണ്ണ, പാരന്ത്യാദി വെളിച്ചെണ്ണ, അഷ്ടപത്രാദി വെളിച്ചെണ്ണ ഇവയിലേതെങ്കിലും ശരീരത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം കുളിക്കുന്നത് ചൂടുകാല പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കും.

സോപ്പ് ഉപയോഗം കുറയ്ക്കാം

∙ സോപ്പ് ചർമം കൂടുതൽ വരണ്ടതാക്കാം. അതിനാൽ ഉപയോഗം ഒരു നേരമായി കുറയ്ക്കാം. പകരം പയറുപൊടി, കടലമാവ് എന്നിവ ഉപയോഗിക്കാം. ശരീരത്തിൽ തേച്ചു കുളിക്കാൻ ഇഞ്ച ഉപയോഗിക്കാം.

∙ കുളിക്കാനായി ആയുർവേദ സ്നാന ചൂർണം ഉപയോഗിക്കുന്നത് ഏതു കാലാവസ്ഥയിലും നല്ലതാണ്.

∙ തലയിൽ ഷാംപൂവിന് പകരം ചെമ്പരത്തി താളി ഉപയോഗിക്കുന്നത് വെയിലും ചൂടും ഏറ്റുണ്ടാകുന്ന വരൾച്ചാ പ്രശ്നങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കും. ഉണങ്ങിയ നെല്ലിക്കാപ്പൊടി, ചെറുപയർപൊടി എന്നിവ ഉപയോഗിച്ചും മുടി കഴുകാം. ചൂടു മൂലമുണ്ടാകുന്ന മുടികൊഴിച്ചിലും താരനും അകലും.

കുളിക്കാനുള്ള വെള്ളം

കാലാവസ്ഥയ്ക്കനുസരിച്ച് കുളിക്കാനുള്ള വെള്ളത്തിലും ചില മാറ്റങ്ങൾ വരുത്താം. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാൻ ചില ഔഷധങ്ങൾ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുളിക്കാൻ ഉപയോഗിക്കുന്നതു നല്ലതാണ്. അല്ലെങ്കിൽ ഈ ഔഷധങ്ങൾ ചതച്ച് തലേദിവസം വെള്ളത്തിലിട്ടു വയ്ക്കുകയും പിറ്റേദിവസം ആ വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യാം.

 ∙ നാൽപാമരം, അത്തിതൊലി, തെറ്റിപ്പൂവ് എന്നിവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം കുളിക്കാനായി ഉപയോഗിക്കാം.

∙ പൂവാങ്കുറുന്നില, അരയാലിന്റെ തളിരില ഇവ സമമെടുത്ത് ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കു ന്നത് ഉണർവും ഉൻമേഷവും നൽകും.

∙ സന്ധിവേദനയും പുകച്ചിലും ഉള്ളവർ ചിറ്റമൃത്, കാഞ്ഞിരത്തിന്റെ തൊലി എന്നിവ സമം ചേർത്ത് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

 ∙ പുകച്ചിലും  ചൊറിച്ചിലും  ഉള്ളവർക്ക് ത്രിഫല ഇ ട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.

ചൂടുസമയത്ത് അലർജി പ്രശ്നങ്ങൾ മൂലം ചില കുട്ടികൾക്ക് ശരീരം ചൊറിഞ്ഞു തടിക്കാറുണ്ട്. ഇവരെ കുളിപ്പിക്കാനും ത്രിഫല ഇട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്.

∙ ചൂടുകുരു അകറ്റാൻ അരി കഴുകിയ വെള്ളം ഉപയോഗിക്കാം. രണ്ടുവട്ടം കഴുകി മൂന്നാം തവണത്തെ അരിക്കാടി ഉപയോഗിച്ചാൽ മതി.

വെയിലത്തു വാടല്ലേ

∙ ഇരട്ടിമധുരം, തെറ്റിപൂവ് ഇവ സമം തേങ്ങാപ്പാലിൽ ചേർത്ത് അരച്ച് പുരട്ടുന്നത് ശരീരം തണുപ്പിക്കും.

 ∙ വെയിലേറ്റു മുഖം കരിവാളിക്കാതിരിക്കാൻ മല്ലി ഉപയോഗിക്കാം. ഒരു പിടി മല്ലി രണ്ടു മണിക്കൂർ വെള്ളത്തി ൽ കുതിർത്ത ശേഷം അരച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

 ∙ നറുനീണ്ടിക്കിഴങ്ങ്, ഇരട്ടിമധുരം ഇവ സമം ചേർത്തു പൊടിച്ച് പാലിൽ ചാലിച്ച് ശരീരം മുഴുവൻ പുരട്ടാം. ചൂടത്തു വാടില്ല.

 ∙ ചൂടിനെ തോൽപിക്കാൻ ആനച്ചുവടി സമൂലം തേങ്ങാപ്പാലിലോ പശുവിൻ പാലിലോ അരച്ചു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. മിനി പി., സീനിയർ മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, ഏഴല്ലൂർ, ഇടുക്കി

Tags:
  • Glam Up
  • Beauty Tips