പാൽ തിളപ്പിക്കുമ്പോൾ മീതെ പാലിന്റെ ഗുണങ്ങള്‍ എല്ലാമടങ്ങിയ പാട ഉയർന്നു വരുന്നതു കണ്ടിട്ടില്ലേ? അതുപോലെയാണ് മനുഷ്യചർമവും എന്നാണ് ആയുർവേദം പറയുന്നത്. രക്തത്തിൽ നിന്ന് ഉണ്ടാകുന്ന, രക്തത്തിന്റെ എല്ലാ ഗുണങ്ങളുമടങ്ങിയ ഏഴു പാളികളുള്ള പാടയാണ് ചർമം. അതുകൊണ്ടു തന്നെ രക്തത്തിന്റെ ശുദ്ധിയാണ് ചർമത്തിന്റെ ആരോഗ്യവും വൃത്തിയും.
ചർമം വൃത്തിയും ഭംഗിയുമുള്ളതാകണമെങ്കിൽ രക്തം ശുദ്ധമാകണം. പല രീതിയിൽ ശരീരത്തിൽ അടിയുന്ന വിഷാംശം രക്തത്തില്‍ കലരും. കൃത്യമായ വ്യായാമത്തിലൂടെയോ മറ്റു മാർഗത്തിലൂടെയോ ഈ വിഷാംശം പുറന്തള്ളിയില്ലെങ്കിൽ പാ ടുകളും കുരുക്കളുമായി ഇവ ചർമത്തിലെത്തും. ഭക്ഷണത്തിൽ എരിവും പുളിയും ഉപ്പും കൂടിയാൽ രക്തം കഫ പിത്ത ദോഷമുള്ളതാകും. പടവലം, കുമ്പളം, വെള്ളരി പോലെ ചവർപ്പുള്ള പച്ചക്കറികളും ഇലക്കറികളും പാവയ്ക്കയും രക്തശുദ്ധിക്കും ചർമത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ചർമം കാക്കാം പൂവ് പോലെ
ചർമത്തിന് സ്വാഭാവികമായി പുതുമ നിലനിർത്താനുള്ള കഴിവുണ്ട്. ഓരോ ഇരുപത്തെട്ടു ദിവസം കൂടുന്തോറും പഴയ ചർമം പോയി പുതിയ ചർമം ഉണ്ടായിക്കൊണ്ടിരിക്കും. നമ്മളത് അറിയാറില്ലെന്നു മാത്രം. സ്വാഭാവികമായുള്ള കൊളസ്ട്രോളും ലിപിഡുകളും സെബേഷ്യസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം എന്നിവയുമാണ് ചർമത്തെ മൃദുവാക്കുന്നത്. ചർമം നന്നായിരിക്കാൻ ഈ സ്വാഭാവിക ഘടകങ്ങളുടെ അളവ് നില നിർത്തിയാൽ മതി. അതിനായി എല്ലാ പോഷകങ്ങളും അട ങ്ങിയ സമീകൃത ഭക്ഷണരീതി പിന്തുടരണം.
വരണ്ടത്, എണ്ണമയമുള്ളത്, സാധാരണ എന്നിങ്ങനെ മൂന്ന് തരം ചർമങ്ങളാണുള്ളത്. ഏതുതരം ചർമമായാലും വൃത്തിയിലാണ് ആരോഗ്യം പ്രതിഫലിക്കുന്നതെന്ന് ഓർക്കുക. എണ്ണമയമുള്ള ചർമക്കാർ തേനും നാരങ്ങാനീരും ചേർത്ത് ശരീരം വൃത്തിയാക്കിയാൽ അമിത എണ്ണമയം നീങ്ങി ചർമം സുന്ദരമാകും. ചെറുപയറുപൊടിയും പാൽപാടയും കലർത്തിയോ ചെറുപയറുപൊടി പാലിൽ കുറുക്കിയോ തേക്കുന്നതും ഗുണം ചെയ്യും. പയറുപൊടിയോ കടലമാവോ ഉപയോഗിച്ച് സാധാരണ ചർമമുള്ളവർക്ക് ശരീരം വൃത്തിയാക്കാം. ചർമത്തിലെ പാടുകളും മങ്ങലും അകറ്റാൻ ആവശ്യമെങ്കിൽ ആയുർവേദ ലേപങ്ങൾ ഉപയോഗിക്കാം. എണ്ണ പുരട്ടിയ ശേഷം ഏലാദിചൂർണം, ത്രിഫലചൂർണം, കുലത്ഥാദി ചൂര‍്‍ണം, മുഗ്ദചൂർണം എന്നിവയിലേതെങ്കിലും തേച്ച് കഴുകിക്കളയാം.
വിയർപ്പകറ്റാൻ നാൽപാമരപ്പൊടി
‘ഹൊ, എന്തൊരു വിയർപ്പു നാറ്റം...’ ഇങ്ങനെ ഒരു തവണയെങ്കിലും ചിന്തിക്കാത്തവർ ഉണ്ടാകില്ല. നാൽപാമരാദി വെളിച്ചെണ്ണ തേച്ച് നാൽപാമരപ്പൊടി, ത്രിഫലചൂര‍്‍ണം, ലവംഗാദിചൂർണം എന്നിവയിലേതെങ്കിലും തേച്ചു കുളിക്കാം. ചന്ദനം, രാമച്ചം, കർപ്പൂരം ഇതിലേതെങ്കിലും അടങ്ങിയ ലേപനങ്ങൾ പുറമെ പുരട്ടിയാലും മതി. സ്വകാര്യഭാഗങ്ങളിലെ ദുർഗന്ധത്തിന് മഹാതിക്തകലേപമോ ശതദ്ധൗതഘൃതമോ പുരട്ടാം. ത്രിഫലയോ നാൽപാമരാദി ചൂർണമോ ഇട്ട വെള്ളം കൊണ്ടു കഴുകാം.
ആയുർവേദപ്രകാരം ഓരോ തവണ ഭക്ഷണത്തിനുശേഷവും പല്ലും വായും വൃത്തിയാക്കണമെന്നാണ്. എരിക്ക്, വേപ്പ്, ഉങ്ങ് എന്നിവയുടെ തണ്ട് ഇതിനായി ഉപയോഗിക്കാം. ഗ്രാമ്പൂ, കുരുമുളക്, മാവില, വേപ്പിൻതണ്ട്, ചുക്ക്, ജാതിക്ക, ഏലയ്ക്ക എന്നിവയായാലും മതി. ഗ്രാമ്പൂതൈലം വെള്ളത്തിൽ കലർത്തി കവിൾകൊണ്ടാൽ വായ്നാറ്റം മാറും.
കണ്ണിന്റെ വൃത്തിക്ക് ഏറെ പ്രാധാന്യമുണ്ട് ഇക്കാലത്ത്. അന്തരീക്ഷ മലിനീകരണം കൂടുന്നതാണ് കണ്ണിലെ അസുഖ ങ്ങള്‍ വർധിക്കാൻ കാരണം. വൃത്തിയായി കഴുകാത്ത കൈ കൊണ്ട് കണ്ണിൽ ഇടയ്ക്കിടെ തൊടുന്നത് കൺകുരു ഉണ്ടാക്കും. നേത്രരോഗവിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടതായി വരും. ഇളനീർക്കുഴമ്പ് ആഴ്ചയിലൊരിക്കൽ കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ പൊടിയും അഴുക്കും നീങ്ങി ശുചിയാകും. പണ്ടു കാലത്ത് അഞ്ജനക്കല്ലിലുരച്ച് അഞ്ജനമെഴുതിയിരുന്നത് ഭംഗിയോടൊപ്പം കണ്ണിന്റെ ആരോഗ്യത്തിനും സഹായിച്ചിരുന്നു. നന്ത്യാർവട്ടപ്പൂവ് ശുദ്ധമായ വെള്ളത്തിലിട്ടു വച്ച് കണ്ണുകൾ കഴുകുന്നത് കുളിർമയും പുതു മയും നൽകും.
തുണിയലക്കുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും നഖ ത്തിനിടയിൽ ഡിറ്റർജന്റും സോപ്പും തങ്ങി നില‍്‍ക്കും. കൈ ക ഴുകുമെങ്കിലും ഉണക്കാൻ പലരും ശ്രദ്ധിക്കാറില്ല. നനവ് നിൽ ക്കുന്നിടത്ത് പൂപ്പൽ ഉണ്ടാകും. തങ്ങി നിൽക്കുന്ന സോപ്പ് കൂടി ചേരുമ്പോൾ കൈയിലേയും കാലിലേയും നഖത്തെ നശിപ്പിക്കും, ഇതാണ് കുഴിനഖമായി മാറുന്നത്. നഖം ആകൃതിയില്ലാതെ വളരുക, പൊട്ടിപ്പോകുക, ദുർഗന്ധമുണ്ടാകുക എ ന്നീ ലക്ഷണങ്ങളാണ് അപ്പോൾ കാണിക്കുക. കഴിയുന്നതും ഗ്ലൗസ് ഇട്ടു മാത്രം വീട്ടുജോലികൾ ചെയ്യുക.
കുഴിനഖമുള്ളവർ ചൂടു വെള്ളത്തിൽ കൈവിരലുകൾ കഴുകിത്തുടച്ച് രസോത്തമാദിലേപം പുരട്ടിയാൽ മതി. മൂക്കിനും ചുണ്ടിനും താഴെ കാണുന്ന കറുത്ത നിറം താരന്റെ തന്നെ വകഭേദമാണ്. താരൻ ചികിത്സിച്ചു ഭേദമാക്കിയാ ൽ ഈ കറുപ്പും മാറും. ബ്ലാക്ക്‌ഹെഡ്സും വൈറ്റ്‌ഹെഡ്സും മുഖക്കുരുവിന്റെ തുടക്കരൂപമാണ്. ഇതും സ്വയം ചികിത്സിക്കാതെ, ഡോക്ടറുടെ ഉപദേശമനുസരിച്ചുള്ള മാർഗങ്ങളേ സ്വീകരിക്കാവൂ എന്നും പ്രത്യേകം ഓർമിക്കുക.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. എസ്. വൈ. ലീലാമണി, സീനിയർ കൺസൽറ്റന്റ്, ഗൈനക്കോളജി വിഭാഗം, ഡോ. അഞ്ജു കെ. ബാലൻ, കൺസൽറ്റന്റ്, ത്വക്, ജനറൽ ആശുപത്രി, എറണാകുളം. ഡോ. ബി. ഹരികുമാർ, മെഡിക്കൽ സൂപ്രണ്ട്, കെഎൻഎംഎൻഎസ്എസ് ആയുർവേദ ആശുപത്രി, വള്ളംകുളം, തിരുവല്ല. സുനിത ആര‍്‍. ലക്ഷ്മി ബ്യൂട്ടി പാർലർ, എൻ ജി ഒ ക്വാര‍്‍ട്ടേഴ്സ്, കോഴിക്കോട്.