Saturday 11 December 2021 01:04 PM IST : By സ്വന്തം ലേഖകൻ

‘പയറുപൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് പുരട്ടിയാൽ വരൾച്ച മാറും’; സുന്ദരമായ ചർമത്തിന് നാടൻ കുറുക്കുവഴികൾ ഇതാ..

oilllmaadfghh

ഉളളി‌ലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാൾ പ്രധാനമെന്ന് പഴമക്കാർ പറയാറുണ്ട്. കൃത്രിമത്വം ഇല്ലാത്ത സൗന്ദര്യത്തിന് കുറച്ചു മെനക്കെടാനുളള മനസ്സും ക്ഷമയും കൂടിയേ തീരൂ. പ്രകൃതിയിൽ നിന്ന് കിട്ടുന്ന ശുദ്ധമായ ചേരുവകൾ കൊണ്ട് മനോഹര ചർമം സ്വന്തമാക്കാനുള്ള ചില കുറുക്കുവഴികൾ ഇതാ.. 

∙ വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്കറ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല.

∙ പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ ദേഹമാസകലം എണ്ണതൊട്ടു പുരട്ടിയിട്ട് കുളിക്കുന്നതും നല്ലതാണ്.

∙ എണ്ണമയമുളള ചർമമുളളവർ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുക. ഇതും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഉത്തമം. അധികമുളള എണ്ണമയം മാറി ചർമം സുന്ദരമാകും.

∙ കടലപയറു പൊടിയിൽ മുതിര പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതും ചർമ സംരക്ഷണത്തിനു വളരെ നല്ലതാണ്.

∙ എണ്ണമയമുളള ചർമമുളളവർ ഇടയ്ക്ക് പച്ചവെളളത്തിൽ മുഖം കഴുകുന്നത് ശീലിക്കുക.

∙ വരണ്ട ചർമക്കാർ ധാരാളം വെളളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ ഏലാദി ചൂർണവും കടലമാവോ പയറുപൊടിയോ സമാസമം ചേർത്ത് പുരട്ടി കുളിക്കുന്നത് ചർമത്തിലെ കരുവാളിപ്പ് മാറാനും ശരീരകാന്തി വർധിക്കാനും വളരെ നല്ലതാണ്.

∙ എണ്ണമയമില്ലാത്തതും വരൾച്ച തട്ടാത്തതുമായ സാധാരണ ചർമമുളളവർ മഞ്ഞളും ചെറുപയർ പൊടിയും സമം എടുത്ത് വെളളത്തിൽ ചാലിച്ച് ശരീരത്തിൽ പുരട്ടി മസാജ് ചെയ്ത ശേഷം കുളിക്കാം. ചർമത്തിന്റെ നിറം വർധിക്കും.

Tags:
  • Glam Up
  • Beauty Tips