Saturday 30 May 2020 02:53 PM IST

പുതിയ കാലത്തിന്റെ മേക്കപ്പ് ട്രെൻഡ്‌സ്; ബ്യൂട്ടി ബാഗിൽ സൂക്ഷിക്കേണ്ട 12 കോസ്മെറ്റിക്സുകൾ ഇതാ...

Roopa Thayabji

Sub Editor

_REE0077

കണ്ണുചിമ്മി തുറക്കുന്ന വേഗത്തിലാണ് ഫാഷനും ട്രെൻഡും  മാറുന്നത്. അപ്പോൾ കാലത്തിtനൊത്ത് ബ്യൂട്ടി ബാഗിലും അപ്ഡേറ്റ്സ് നൽകാൻ ഇവ പരിചയപ്പെടാം.

ക്ലെൻസിങ് ബാം

സോപ്പും  ഫെയ്സ് വാഷും കൊണ്ടു കഴുകുമ്പോൾ മുഖത്തെ അഴുക്കെല്ലാം പോകുമെന്നത് സത്യം തന്നെ. പക്ഷേ, അതോടൊപ്പം ചർമത്തിലെ സ്വാഭാവിക ഈർപ്പം കൂടി നഷ്ടമാകും. ഈർപ്പം സംരക്ഷിക്കാൻ ഉള്ള ഏറ്റവും നല്ല വഴിയാണ് ക്ലെൻസിങ് ബാം. ക്ലെൻസിങ് മിൽക്കിനു പകരം ക്രീം രൂപത്തിലുള്ള ക്ലെൻസറാണ് ഇത്.

അൽപം ക്ലെൻസിങ് ക്രീം മുഖത്തും നെറ്റിയിലും കഴുത്തിലും പുരട്ടി രണ്ടു മുതൽ മൂന്നു മിനിറ്റു വരെ മസാജ് ചെയ്യണം. ഇനി ചെറുചൂടു വെള്ളത്തിൽ മുക്കി പിഴിഞ്ഞ ടൗവൽ കൊണ്ട് ക്രീം തുടച്ചു മാറ്റാം. കണ്ണിനുചുറ്റും അമർത്തി തുടയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുഖത്തെ അഴുക്കും മൃതകോശങ്ങളുമെല്ലാം മാറുമെന്നു മാത്രമല്ല, സ്വാഭാവിക ഈർപ്പവും മൃദുത്വവും തിരികെ കിട്ടി മുഖം തിളങ്ങുകയും ചെയ്യും.

നോ മേക്കപ് ഫൗണ്ടേഷൻ സിറം

മേക്കപ് ചെയ്ത് കണ്ണാടി നോക്കുമ്പോൾ മുഖം വൈറ്റ് വാഷ് ചെയ്തതുപോലെ ഇരിക്കുന്നത് എത്ര ബോറാണ്. നോ മേക്കപ് ലുക് കിട്ടാൻ ഏറ്റവും നല്ല വഴിയായ നോ മേക്കപ് ഫൗണ്ടേഷൻ സിറം ബ്യൂട്ടി ബാഗിൽ കരുതിക്കോളൂ.

രണ്ടോ മൂന്നോ തുള്ളി നോ മേക്കപ് ഫൗണ്ടേഷൻ സിറം മുഖത്തു പുരട്ടി മസാജ് ചെയ്യാം. കറുത്ത പാടുകളോ കരുവാളിപ്പോ ചുളിവുകളോ ഉള്ളയിടത്ത് വേണമെങ്കിൽ ഒരു കോട്ട് കൂടി കൊടുക്കാം. നോ മേക്കപ് ഫൗണ്ടേഷൻ സിറം ഉപയോഗിച്ചാൽ മുഖത്തിന്റെ അപര്യാപ്തതകളെ ഫൗണ്ടേഷൻ കൊണ്ട് മറയ്ക്കുന്നതു പോലുള്ള ഫലം കിട്ടുമെന്നു മാത്രമല്ല, മോയ്സ്ചറൈസർ പുരട്ടിയതു പോലെ ‘ലൈറ്റ് വെയ്റ്റ്’ ഫീലേ ഉണ്ടാകൂ.  

കേൾ സ്റ്റൈലർ സ്പ്രേ

സ്വാഭാവികമായി ചുരുളൻ മുടിയുള്ളർക്ക് സന്തോഷിക്കാം, സ്പ്രിങ് പോലെ ചുരുണ്ട കേളി ഹെയറിന്റെ ബെസ്റ്റ് ടൈം ആണിത്. നീളൻ മുടിയുള്ളവർ പോലും മുടി ചുരുട്ടിയിടാൻ പാർലറിലേക്കു പോകുന്നു. എന്തൊക്കെ ചെയ്താലും കിളിക്കൂടു പോലെ പാറിപ്പറന്ന് ഇരിക്കുമെന്നതാണ് ചുരുളൻ തലക്കാരുടെ തലവേദന. അതിനു പരിഹാരമാണ് കേൾ സ്റ്റൈലർ സ്പ്രേ. മുടി സെറ്റ് ചെയ്യുമ്പോൾ സാധാരണ ഹെയർ സിറം പോലെ തന്നെ ഇതുപയോഗിക്കാം. പരുപരുത്ത, പിടി തരാത്ത മുടിയിഴകൾ നല്ല സ്റ്റൈലായി, ജെൽ പുരട്ടിയതു പോലെ കിടക്കും.

ഒണിയൻ ഹെയർ മാസ്ക്

മുടിക്കു ഏറ്റവും ഗുണം ചെയ്യുന്നതാണ് ഹെയർ മാസ്ക് എന്ന് എല്ലാവർക്കുമറിയാം. മുടിക്കു വേണ്ട പ്രോട്ടീനും മറ്റു ഘടകങ്ങളും പാക്കായി പുരട്ടിവച്ച് ഉണങ്ങുമ്പോ ൾ ഷാംപൂ ചെയ്യുകയാണ് പതിവ്. ഈ നിരയിലേക്ക് ലേറ്റായി വന്നതാണെങ്കിലും ലേറ്റസ്റ്റ് ഹിറ്റ് ആണ് ഒണിയൻ ഹെയർ മാസ്ക്. ഇതുപയോഗിച്ചാൽ മുടികൊഴിച്ചിലും തലയോട്ടിയിലെ ചൊറിച്ചിലുമൊക്കെ മാറുമെന്നു മാത്രമല്ല മുടി വളർച്ച കൂടി ഇടതൂർന്ന കരുത്തുള്ള മുടി ഉണ്ടാകുകയും ചെയ്യും.

stock-photo-young-woman-uses-body-care-cream-1413971168

ഹയാലുറോണിക് ആസിഡ് ക്രീം

വരണ്ടുണങ്ങി ആകെ പ്രായം തോന്നിക്കുന്ന ചർമമാണോ നിങ്ങളുടെ പ്രശ്നം. എങ്കിൽ ഹയാലുറോണിക് ആസിഡ് ക്രീമും സിറവുമായി കൂട്ടുകൂടാം. ആന്റി ഏജിങ് ഗുണങ്ങൾ നിറഞ്ഞ ഇവ രണ്ടും ‘ഫൗണ്ടൻ ഓഫ് യൂത്ത്’ എന്നാണ് അറിയപ്പെടുന്നത്. മുഖത്തെ ചുളിവുകളും പ്രായം തോന്നിപ്പിക്കുന്ന നേർത്ത വരകളുമെല്ലാം മാറ്റാൻ ഇതുപയോഗിക്കാം.

എണ്ണമയമുള്ള ചർമമുള്ളവർ ഹയാലുറോണിക് ആസിഡ് സിറവും നോർമൽ ടു ഡ്രൈ സ്കിൻ ടൈപ്പുകാർക്ക് ക്രീമും ഉപയോഗിക്കാം. 25 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു വേണ്ടിയാണ് ഇവ റെക്കമൻഡ് ചെയ്യുന്നത്.

ലിപ് സിറം

ചുണ്ടു വരണ്ടുപൊട്ടുന്നതും ഉണങ്ങിയിരിക്കുന്നതുമൊക്കെ മാറ്റാൻ ലിപ് ബാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനൊപ്പം ചുണ്ടിന്റെ നിറവും ഭംഗിയും വർധിച്ചാലോ? അതിനായി  ലിപ് സിറം തിരഞ്ഞെടുക്കാം. ദ്രാവക രൂപത്തിലുള്ള സിറം ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുമ്പോൾ കൊളാജൻ ഉൽപാദനം കൂടുകയും കരുവാളിപ്പും ചുളിവും മാറി ചുണ്ടു മനോഹരമാകുകയും ചെയ്യും.

ഐബ്രോ എൻഹാൻസർ

പുരികം മിനുക്കാൻ ഐബ്രോ പെൻസിലും കാജലുമൊക്കെ ബാഗിൽ കൊണ്ടുനടന്ന ജനറേഷൻ ഔട്ട്ഡേറ്റഡായി. പുരികത്തിന്റെ വലുപ്പവും നിറവുമൊക്കെ ഇഷ്ടത്തിനനുസരിച്ച് മാറ്റിമറിക്കാവുന്ന ഐബ്രോ എൻഹാൻസർ ബ്രഷിന്റെയും ജെല്ലിന്റെയും കാലമാണിത്. ഐ പെൻസിൽ പോലെ കൊണ്ടുനടക്കാവുന്ന ഡബിൾ ഹെഡ് ഐബ്രോ പെൻസിലുണ്ടെങ്കിൽ അരികുകൾ കൃത്യമായി മാർക് ചെയ്ത് പുരികത്തിലെ രോമങ്ങളിൽ ബ്രഷു കൊണ്ട് നിറം നൽകാം. ജെൽ പോലെ പുരികത്തിൽ പുരട്ടിവച്ച് അൽപസമയം കഴിഞ്ഞ് തുടച്ചുമാറ്റിയാൽ നാച്ചുറൽ ലുക്കിൽ പുരികത്തിന് നിറം കൂട്ടുമെന്നതാണ് ഐബ്രോ ജെല്ലിന്റെ പ്രത്യേകത.

ഷീറ്റ് മാസ്ക്

മുഖത്ത് ഒട്ടിച്ചുവയ്ക്കാവുന്ന വെറ്റ് വൈപ്സ് പോലെയുള്ള ഷീറ്റ് മാസ്ക് ആണ് യൂത്തിന്റെ ലിസ്റ്റിൽ ഈയിടെ സ്ഥാനം പിടിച്ച ബ്യൂട്ടി പ്രോഡക്ട്. ഫെയ്സ് പാക്ക് ഇടുന്നതു പോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഷീറ്റ് മാസ്കിന് ഇല്ല. പാക്കറ്റ് പൊട്ടിച്ച് നിവർത്തി വെറുതേ മുഖത്ത് ഒട്ടിച്ചുവച്ചാൽ മാത്രം മതി. പാക്കറ്റിനു പുറത്ത് പറഞ്ഞിരിക്കുന്ന സമയം കഴിയുമ്പോൾ ഇളക്കിയെടുത്ത് കഴുത്തിലും കൈയിലുമൊക്കെ ഉരസാം. ഓരോ തരം ചർമമുള്ളവർക്കും ഓരോ സൗന്ദര്യ പ്രശ്നത്തിനും ഇണങ്ങുന്ന ഷീറ്റ് മാസ്ക് തന്നെ തിരഞ്ഞെടുക്കണം.

shutterstock_708894208

ഹീൽ ഫൂട് ആന്റി ക്രാക് കവർ

സോക്സു പോലെ ഇടാവുന്ന സിലിക്കൺ കൊണ്ടുള്ള ഹീൽ ആന്റി ക്രാക് കവർ ആണ് ഇപ്പോഴത്തെ ട്രെൻഡ്. ഉപ്പൂറ്റി വിണ്ടുകീറാതെ നോക്കുമെന്നു മാത്രമല്ല, ഇതിന്റെ സോഫ്റ്റ് ടച്ച് ചർമത്തിന് മൃദുത്വവും നൽകും.

കുഷൻ ടിപ് ലിപ് കളർ

സ്കെച്ച് പെൻ കൊണ്ട് ചുണ്ടുകളിൽ നിറം നൽകിയാലോ? പേന പോലെ ബാഗിൽ കൊണ്ടുനടക്കാവുന്ന കുഷൻ ടിപ് ലിപ് കളർ സാധാരണ ലിപ്സ്റ്റിക്കിനേക്കാൾ ലിക്വിഡ് ഫോമിലാണ്. ചുണ്ടിന്റെ ആരോഗ്യം ഉറപ്പാക്കുന്ന ഓയിലുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ സി സിറം

കറുത്ത പാടുകളും കരുവാളിപ്പും മാറി തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ വൈറ്റമിൻ സി സിറത്തെ കൂട്ടുപിടിക്കാം. ഓൺലൈൻ ആയി കിട്ടുമെങ്കിലും വെറും മൂന്നേ മൂന്നു ചേരുവകൾ മതി ഇതു തയാറാക്കാൻ.

അര ടീസ്പൂൺ വൈറ്റമിൻ സി പൗഡർ (അസ്കോർബിക് ആസിഡ്) രണ്ട് വലിയ സ്പൂൺ ഡിസ്റ്റിൽഡ് വാട്ടർ / സ്റ്റെറൈൽ വാട്ടറിൽ ലയിപ്പിക്കണം. നന്നായി ലയിച്ചു കഴിഞ്ഞ് ഇതിലേക്ക് ഒരു ചെറിയ സ്പൂൺ വെജിറ്റബിൾ ഗ്ലിസറിൻ ചേർക്കാം. നന്നായി മിക്സ് ചെയ്ത് കറുപ്പോ തവിട്ടോ നിറമുള്ള ചെറിയ ചില്ലുകുപ്പിയിലാക്കി സൂക്ഷിക്കാം. ഒരാഴ്ചത്തെ ഉപയോഗത്തിനുള്ളതാണ് ഇത്. 15 വയസ്സിനു മുകളിലുള്ളവർക്ക് ഇ തുപയോഗിക്കാം. മുഖക്കുരുവുള്ളവരും മുഖക്കുരു വരാൻ സാധ്യതയുള്ള സ്കിന്നുള്ളവരും ഗ്ലിസറിൻ ഒഴിവാക്കണം.

ഡ്രൈ ഷാംപൂ

വെള്ളം ഉപയോഗിക്കാതെ മുടി ഷാംപൂ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരെണ്ണം സ്വന്തമാക്കാൻ സമയമായി. മുടി സെറ്റ് ചെയ്യും മുൻപ് ചെറിയ ഭാഗങ്ങളായി വിടർത്തിയ ശേഷം ഡ്രൈ ഷാം പൂ സ്പേ ചെയ്താൽ മാത്രം മതി. വിരലുകൾ കൊണ്ട് ഒന്നു മസാജ് ചെയ്തു ചീകിയിട്ടാൽ, ഷാംപൂ ചെയ്തുണക്കി ബ്രഷ് ചെയ്ത പോ ലെ മുടി മിന്നിത്തിളങ്ങും.

മുടിയുടെ ചുവട്ടിലേക്കു വേണം ഡ്രൈ ഷാംപൂ സ്പ്രേ ചെയ്യാൻ. അതിനു ശേഷം മ സാജ് ചെയ്യുമ്പോൾ ഡ്രൈ ഷാംപൂവിലടങ്ങിയ ഘടകങ്ങൾ അഴുക്കും എണ്ണമയവും അലിയിച്ചു കളയും. ഉപയോഗിക്കാൻ എളുപ്പമാണെന്നു കരുതി ഇതു പതിവാക്കല്ലേ. അടുത്ത തവണ ഡ്രൈ ഷാംപൂ ഉപയോഗിക്കും മുൻപ് തല കഴുകാൻ മറക്കരുത്. ഹെയർ വോള്യമൈസർ സ്പ്രേ ഉപയോഗിച്ചാൽ മുടിക്ക് കരുത്തും ഉള്ളും തോന്നിപ്പിക്കും.

വിവരങ്ങൾക്ക് കടപ്പാട്: അംബിക പിള്ള,  സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ആൻഡ് മേക്കപ് ആർട്ടിസ്റ്റ്. ഡോ. റീമ പത്മകുമാർ, എയ്സ്തറ്റിക് ആൻഡ് ബ്രൈഡൽ കൺസൾട്ടന്റ്, റിംസ് ഹെർബൽ ബ്യൂട്ടി ക്ലിനിക്, തിരുവനന്തപുരം.

Tags:
  • Glam Up
  • Beauty Tips