Saturday 07 July 2018 04:54 PM IST : By സ്വന്തം ലേഖകൻ

ആഘോഷം കഴിഞ്ഞാലും പെർഫെക്ട് ഫിഗർ! അമിത കാലറി എരിച്ചുകളയാൻ ചില വഴികൾ

perfect-figure

നോമ്പുകാലം കഴിഞ്ഞ് ഈസ്റ്റർ ഇങ്ങെത്തുമ്പോൾ തീൻമേശയിൽ വറുത്തും പൊരിച്ചുമെടുക്കുന്ന മാംസവിഭവങ്ങൾ നിറയും. വിഷു കൂടി വന്നെത്തിയാൽ മധുരവിഭവങ്ങളും നാവിലലിഞ്ഞു തുടങ്ങും. വെക്കേഷൻ കാലത്ത് മക്കള‍്‍ക്കായി പാചകപരീക്ഷണൾ നടത്താനും  അവരുചിക്കാനുമുള്ള സന്തോഷം ഒന്നു വേറെ തന്നെ. പിന്നീടാകും ചിന്തിക്കുക ഇങ്ങനെ അധികമായി ശരീരത്തിലെത്തിയ കാലറി എങ്ങനെ എരിച്ചുകളയുമെന്ന്. ആഘോഷങ്ങൾ തീരാൻ കാത്തു നിൽക്കാതെ ഫിറ്റ് ആൻഡ് ഹെൽത്തി ആയിരിക്കാനുള്ള മാർഗങ്ങൾ നോക്കാം. ഇതാ അതിനായുള്ള സിംപിൾ വഴികൾ.

‌വെള്ളം കുടിക്കാം, നന്നായി ഉറങ്ങാം

നന്നായി വെള്ളം കുടിക്കുന്നവരിൽ ശരീരത്തിലെ കൊഴുപ്പ് കുറയാനുള്ള സാധ്യത കൂടുതലാണ്. ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിക്കുക. ദിവസം ഏഴു മണിക്കൂർ ഉറങ്ങണമെന്നു പറയുന്നത് വെറുതെയല്ല. നല്ല ആരോഗ്യത്തിനും തലച്ചോറിന്റെയും ആമാശയത്തിന്റെയും മറ്റും ശരിയായ പ്രവർത്തനങ്ങൾക്കും ഉറക്കം വേണം. ഉറക്ക   വും കൊഴുപ്പ് എരിയുന്നതും തമ്മിൽ ബന്ധമുണ്ട്. ഉറക്കം കുറയുമ്പോൾ ശരീരത്തിൽ കൊഴുപ്പ് അ ധികമായി അടിയും.

പഴങ്ങൾ കുറച്ച്, പച്ചക്കറികൾ ധാരാളം

ജലാംശം, പഞ്ചസാര, നാരുകൾ, വൈറ്റമിനുകൾ, മിനറലുകൾ ഇത്രയും അടങ്ങിയ പഴങ്ങള്‍ ആരോഗ്യത്തിനു നല്ലതു തന്നെ. എന്നാൽ പച്ചക്കറികളിലും ഇതേ പോഷകമൂല്യമുണ്ട്. പഞ്ചസാര ഇല്ല താനും. ഒരു ദിവസം അഞ്ചു കപ്പ് പച്ചക്കറികൾ  കഴിക്കണം. ഇലക്കറികളും വിവിധ നിറത്തിലുള്ള പച്ചക്കറികളും ഇതിൽ ഉൾപ്പെടുത്തുകയും വേണം. ഒരു ദിവസം ഒന്നോ രണ്ടോ പഴം രണ്ടു നേരമായി കഴിക്കുക. ഇടനേരങ്ങളിൽ ജ്യൂസുകളും പഴങ്ങളും പച്ചക്കറികളും ചേർത്തടിച്ച സ്മൂത്തിയും കുടിക്കാം.

ഇരട്ടി ഗുണം

പ്രോട്ടീൻ കഴിച്ചാൽ രണ്ടുണ്ട് ഗുണം. അൽപം കഴിച്ചാൽ തന്നെ വയറു നിറഞ്ഞതായി തോന്നുമെന്നതാണ് ഒന്ന്. മറ്റ് പോഷകങ്ങളെ അപേക്ഷിച്ച് പ്രോട്ടീൻ ദഹിപ്പിക്കാൻ ശരീരം അധികം ഊർജം ഉപയോഗിക്കുമെന്നതിനാൽ കൂടുതൽ കാലറി എരിഞ്ഞു തീരുമെന്നതാണ് മ റ്റൊന്ന്. ഇവ രണ്ടും അമിത വണ്ണത്തിന് തടയിടും. പയറുവർഗങ്ങൾ, മുട്ടവെള്ള, കൊഴുപ്പ് നീക്കിയ ഇറച്ചി, പാലുൽപന്നങ്ങൾ എന്നിവ പ്രോട്ടീൻ സമ്പുഷ്ടമാണ്.

ചോറും ചപ്പാത്തിയും അൽപം

സ്റ്റാർച് അടങ്ങിയ അരി വിഭവങ്ങളും ഗോതമ്പു ഭക്ഷണങ്ങളും അധികം കഴിക്കേണ്ട. അന്നജം അടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് പ്രതിദിനം 200–300 കാലറി മാത്രം ശരീരത്തിലെത്തുന്ന തരത്തിൽ ഡ യറ്റ് പ്ലാൻ ചെയ്യണം. ഒരു കപ്പ് ചോറിൽ 205 കാലറിയാണ് ഉള്ളത്. ഒരു ചപ്പാത്തിയിൽ 100 കാലറി, ഒരു ഇഡ്ഡലിയിൽ 110, ഒരു പൂരിയിൽ 125 എന്നിങ്ങനെയാണ് കാലറിയുടെ ഏകദേശ അളവ്.

ചിരിച്ചോളൂ... സന്തോഷിച്ചോളൂ

ആഘോഷവും ആരവവുമൊക്കെ കഴിഞ്ഞ് ജോലിയും തിരക്കുമാകുമ്പോൾ  സമ്മർദം ഏറും. സ്ട്രെസ് അമിത വണ്ണത്തിനും രോഗങ്ങൾക്കും വഴിവയ്ക്കുമെന്ന് ഓർക്കുക. കൃത്യമായ പ്ലാനിങ്ങോടെ ജോലികൾ ചെയ്യുക. മാനസികോല്ലാസത്തിനുള്ള സമയം കണ്ടെത്താനും ശ്രമിക്കണം. മെഡിറ്റേഷൻ, ബ്രീതിങ് എക്സ ർസൈസ് എന്നിവയും പരീക്ഷിക്കാം.

നടക്കാം പരമാവധി

വ്യായാമം ചെയ്യുക എന്നതാണ് ശരീരഭാരം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ലവഴി. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇഷ്ടമുള്ള വർക്ക്‌ഔട്ടുകൾ ചെയ്യാം. സുംബ, നീന്തൽ, ഓട്ടം, സ്ട്രെങ്ത് ടെയിനിങ് എന്നിങ്ങനെ ഏതും   തിര‍ഞ്ഞെടുക്കാം. നടത്തം ശീലമാക്കാം. കഴിയുമ്പോൾ എ ല്ലാം നടക്കാൻ ശ്രമിക്കുക. തുടർച്ചയായി 15 മിനിറ്റ് നടക്കാൻ കഴിഞ്ഞാൽ വളരെ നല്ലതാണ്. കോണിപ്പടികൾ കയറിയിറങ്ങുക, വണ്ടി അൽപം ദൂരെ പാർക്ക് ചെയ്ത് നടന്നു വരിക ഇങ്ങനെ അവസരങ്ങൾ ആരോഗ്യപരമായി പ്രയോജനപ്പെടുത്താം.