Saturday 30 May 2020 03:53 PM IST

ചർമത്തിന്റെ സ്വഭാവം അറിയാതെ പ്രോഡക്ടുകൾ തിരഞ്ഞെടുക്കല്ലേ; മേക്കപ് ആൻഡ് ബ്യൂട്ടി സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി ഇതാ...

Ammu Joas

Sub Editor

beauty-prooooo

പാർലറിൽ പോകാൻ ഒരുങ്ങുമ്പോൾ പലപ്പോഴും നമ്മളെ അലട്ടാറുള്ള മേക്കപ് ആൻഡ് ബ്യൂട്ടി  സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി ഇതാ...

എത്ര ഒരുങ്ങിയാലും മതിവരാത്ത സുന്ദരീ... മേക്കപ് കിറ്റിലെ സ്പോഞ്ചിൽ നിന്നും ബ്രഷിൽ നിന്നുമൊക്കെ സൗന്ദര്യപ്രശ്നങ്ങൾ മുള പൊട്ടുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മേക്കപ്പിനു വേണ്ടി ചെലവഴിക്കുന്നതിന്റെ പകുതി സമയം പോലും പലരും ബ്യൂട്ടി ട്രീറ്റ്മെന്റുകളെ ശരിയായി മനസ്സിലാക്കാനോ പതിയിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാനോ മേക്കപ് പ്രോഡക്ടുകളുടെ ഗുണനിലവാരം പരിഗണിക്കാനോ  ചെലവാക്കാറില്ല. ചർമത്തിന്റെ സ്വഭാവം അറിയാതെ പ്രോഡക്ടുകൾ തിരഞ്ഞെടുക്കുന്നതു മുതൽ ഇടവേളയില്ലാതെ ബ്യൂട്ടി ട്രീറ്റ്മെന്റുകൾ നടത്തുന്നതു വരെ പല അബദ്ധങ്ങളും ഒഴിവാക്കാൻ അവയെക്കുറിച്ചുള്ള  ശരിയായ ധാരണ സഹായിക്കും. പാർലറിലേക്ക് പോകും മുൻപ് തീർച്ചയായും ഉത്തരം അറിയേണ്ട 15 സംശയങ്ങൾക്ക് മറുപടി ഇതാ...

ഫേഷ്യൽ ചെയ്യാൻ പ്രായം ഘടകമാണോ ?

20 വയസ്സാണ് ഫേഷ്യൽ ചെയ്തു തുടങ്ങാൻ ഐ‍ഡിയൽ പ്രായം. ഫെയ്സ് മസാജിങ് 25ന് ശേഷം മതി. കാരണം ഈ പ്രായമെത്തുമ്പോഴാണ് ചർമത്തിന് മസാജ് ചെയ്തു പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഉണ്ടാകുക. കൗമാരപ്രായത്തിൽ ചർമത്തിനു തിളക്കവും പ്രസരിപ്പും സ്വാഭാവികമായും കാണും. വളർച്ചാ ഘട്ടത്തിൽ ചർമത്തിനു ആരോഗ്യവും തിളക്കവും നൽകുന്ന ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ക്ലീൻ അപ് പോലുള്ള ട്രീറ്റ്മെന്റ്സ് 13 വയസ്സിലേ തുടങ്ങാം. ടീനേജിനെ അലട്ടുന്ന മുഖക്കുരു നീക്കാനുള്ള ആക്‌നെ ട്രീറ്റ്മെന്റ്, താരനകറ്റാൻ ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റ് എന്നിവ 16 വയസ്സു മുതൽ ചെയ്യാം. പെഡിക്യൂർ, മാനിക്യൂർ, വാക്സിങ് എന്നിവയും ഈ പ്രായത്തിൽ തന്നെ തുടങ്ങുന്നതിൽ തെറ്റില്ല. സൗന്ദര്യം കൂട്ടുക എന്നതിനേക്കാൾ മുഖചർമം വൃത്തിയോടെയിരിക്കാൻ സഹായിക്കുന്ന ട്രീറ്റ്മെന്റ്സ് വേണം ചെയ്യാനെന്നു ചുരുക്കം.

മുഖം വെളുക്കാനാണോ ഫേഷ്യൽ ചെയ്യുന്നത് ?

മുഖത്തിന് തിളക്കവും തുടിപ്പും നൽകാനാണ് ഫേഷ്യൽ ചെയ്യുന്നത്. കരുവാളിപ്പും പിഗ്‍‌മെന്റേഷനും അ കലുമ്പോൾ സ്വാഭാവിക നിറം വീണ്ടെടുക്കുകയും ചെയ്യും.

ഫേഷ്യലിന്റെ വിവിധ ഘട്ടങ്ങളായ ക്ലെൻസിങ്, ടോണിങ്, മോയ്സചറൈസിങ് എന്നിവയിലൂടെ ചർമം മൃദുലമാക്കാനും മുഖത്തെ പാടുകൾക്ക് മങ്ങലേൽപിക്കാനും  കഴിയും. മസാജ് ചെയ്യുമ്പോൾ രക്തയോട്ടം കൂടുകയും ചർമത്തിലെ മസിലുകൾ റിലാക്സ്ഡ് ആകുകയും  മുഖത്തിന് തെളിച്ചം തോന്നുകയും ചെയ്യും.

ഓരോ ചർമ പ്രശ്നത്തിനും ഓ രോ തരം ഫേഷ്യൽ ഉണ്ട്. കരുവാളിപ് നീക്കാൻ ഡീ ടാൻ, ചർമം തൂങ്ങുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ആന്റി എയ്ജിങ് ഫേഷ്യൽ, പാർട്ടി ‍ഡെയ്സിൽ താരമാകാൻ ഗോൾഡ്, ഫ്ലവർ ഫേഷ്യൽസ് എന്നിങ്ങനെ പലതുണ്ട്. എണ്ണമയമുള്ള ചർമമുള്ളവർക്ക് ജെൽ ബേസ്ഡ് പ്രൊഡക്ട് കൊണ്ടുള്ള മസാജും, വരണ്ട ചർമത്തിന് മോയ്സ്ചറൈസറും വേണം നൽകാൻ. ഫ്രൂട്ട് ഫേഷ്യൽസ് ഏതു ചർമത്തിനും യോജിക്കും.മുഖക്കുരുവുള്ളവർക്ക് ആക്നെ ട്രീറ്റ്മെന്റ്, വെജ് പീൽ എന്നിവ ചെയ്യാം.

കെരറ്റിൻ ട്രീറ്റ്മെന്റ് ചെയ്താൽ മുടിക്ക് സ്ട്രെയ്റ്റനിങ് ചെയ്ത ഫലം കിട്ടുമോ ?

മുടിയുടെ ആരോഗ്യത്തിന് പ്രധാന പങ്കു വ ഹിക്കുന്ന പ്രോട്ടീൻ ഘടകമാണ് കെരറ്റിൻ. മുടിയുടെ വരൾച, അറ്റം വിണ്ടുകീറൽ, വേഗം പൊട്ടിപോകുക എന്നിങ്ങനെ പ്രശ്നങ്ങളുള്ളവർക്ക് ഫലപ്രദമാണ് കെരറ്റിൻ‍ ട്രീറ്റ്മെന്റ്. ആര്‍ട്ടിഫിഷലായി പ്രോട്ടീൻ നൽകി മുടിയുടെ കരുത്ത് തിരികെ പിടിക്കുമ്പോൾ തിളക്കമുള്ള, കെട്ടുവീഴാത്ത മുടിയിഴകൾ സ്വന്തമാകും. ചുരുണ്ട മുടിയുള്ളവരാണെങ്കിൽ വേവി സ്റ്റൈലിലേക്ക് മാറും. തിരമാല പോലെ വേവി സ്റ്റൈൽ മുടിയുള്ളവരുടേത് നീളൻ മുടിയാകും.

ഇക്കാരണത്താലാണ് സ്ട്രെയ്റ്റിനിങ്ങും കെരറ്റിൻ ട്രീറ്റ്മെന്റും ഒരേ പോലെയാണെന്ന് തെറ്റിധരിക്കുന്നത്. സ്മൂത്തനിങ്ങും സ്ട്രെയ്റ്റിനിങ്ങും പെർമനന്റ് റിസൽറ്റ് നൽകും. മുടി വളർന്നിറങ്ങുമ്പോൾ ചുവടുഭാഗം വീണ്ടും ട്രീറ്റ് ചെയ്തുകൊടുത്താൽ മതി. കെരറ്റിൻ ട്രീറ്റ്മെന്റ് ചെയ്തിന്റെ ഫലം മൂന്നു– നാലു മാസം വരെയേ നിൽക്കൂ.

ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ഇടവേള പ്രധാനമാകുന്നത് എങ്ങനെ ?

മുഖം ഡൾ ആയെന്നു തോന്നിയാലുടൻ ബ്ലീച്ച് അ ണിയുന്നവരുണ്ട്. ഓയിൽ മസാജ് ചെയ്യാൻ പോകുകയല്ലേ, എന്നാൽ പിന്നെ ഫേഷ്യലും കൂടി ചെയ്തേക്കാം എ ന്നു ചിന്തിക്കുന്നവരുമുണ്ട്. ഈ രീതി ശരിയല്ല. ഓരോ ട്രീറ്റ്മെന്റിനും കൃത്യമായ ഇടവേള എടുക്കണം.

മൂന്നു മാസത്തിലൊരിക്കൽ മതി ബ്ലീച്ചിങ്. ഇടയ്ക്കിടെ ചെയ്താൽ പിഗ്‌മെന്റേഷൻ പോലുള്ള പ്രശ്നങ്ങൾ വരാം. ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റ്, ഹെയർ സ്പാ എന്നിവ രണ്ടാഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ ചെയ്യാം. മുടിയുടെ ആരോഗ്യംകണക്കാക്കി വേണം ഇത്തരം ഹെയര്‍ ട്രീറ്റ്മെന്റ്സിന്റെ ഇടവേള നിശ്ചയിക്കാ ൻ. ഫേഷ്യൽ മാസത്തിൽ ഒരു തവണ മാത്രം.

മേക്കപ് അലർജി സാധാരണമാണോ? ഇതു വരാതിരിക്കാൻ എന്തു ചെയ്യണം, എങ്ങനെ തിരിച്ചറിയാം, പരിഹരിക്കാം ?

ശുചിത്വമില്ലാതെ മേക്കപ് ചെയ്യുന്നതു കൊണ്ടും ചിലരുടെ ചർമത്തിന്റെ സ്വഭാവം കൊണ്ടുമൊക്കെ മേക്കപ് അലർജി വരാം. ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് തുടങ്ങിയവയാണ് അലർജിയുടെ ലക്ഷണങ്ങൾ. അസ്വസ്ഥത തോന്നിയാൽ ഉടൻ തന്നെ ശുദ്ധജലത്തിൽ കഴുകുക. സ്വയം ചികിത്സയ്ക്കു നിൽക്കാതെ ഡോക്ടറെ കാണുക.

മേക്കപ്പ് അണിയുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകണം. കൈയിൽ നിന്ന് അണുക്കൾ മുഖത്തെത്തിയാൽ അലർജി വരാം. പുരികം എടുക്കുന്ന ട്വീസേഴ്സ്, ലാഷ് കേളർ എന്നിങ്ങനെ മെറ്റൽ നിർമിതമായ വസ്തുക്കൾ അണുവിമുക്തമാക്കി വയ്ക്കണം. ഇതിനായി നെയിൽ പോളിഷ് റിമൂവറിൽ മുക്കിയ പഞ്ഞി കൊണ്ട് തുടച്ചശേഷം ഉണക്കിയെടുക്കുക. പൗഡർ പഫ്, ഫൗണ്ടേഷൻ സ്പോഞ്ച്, മേക്കപ് ബ്രഷ് എന്നിവയും യഥാസമയം വൃത്തിയാക്കണം. ഇതിനായുള്ള സാനിറ്റൈസര്‍ വിപണിയില്‍ ലഭ്യമാണ്.

ലിക്വിഡ് ഫൗണ്ടേഷൻ, ഐ ലൈനർ, മസ്കാര എന്നിവ പോലുള്ള ജലാംശം കൂടുതലായ മേക്കപ് വസ്തുക്കളിൽ പെട്ടെന്ന് അണുബാധയേൽക്കാൻ സാധ്യതയുണ്ട്. ഈർപ്പം അണുക്കൾ പെരുകാൻ ഉള്ള അന്തരീക്ഷം ഉണ്ടാക്കികൊടുക്കുന്നു എന്നതാണ് കാരണം.

മേക്കപ് ശരിയായി റിമൂവ് ചെയ്തില്ലെങ്കിലും ചർമത്തിനു ദോഷമാണ്. മുഖമാകെ വട്ടത്തിൽ മസാജ് ചെയ്തു മേക്കപ്പ് നീക്കം ചെയ്യരുത്. കണ്ണിലെ മേക്കപ്പ് തുടച്ചു കളഞ്ഞ ശേഷം പുരികം വൃത്തിയാക്കുക. അതിനുശേഷം കവിൾ. അങ്ങനെ ഓരോ ഭാഗത്തെ മേക്കപ് തുടച്ചു മാറ്റുക.

മേക്കപ് വസ്തുക്കൾ ഉപയോഗിക്കും മുൻപ് പാച്ച് ടെസ്റ്റ് ചെയ്യണം. അൽപം എടുത്ത് ചെവിയുടെ താഴെയോ കൈത്തണ്ടയിലോ പുരട്ടുക. 24 മണിക്കൂറിനുള്ളിൽ ചുവപ്പോ ചൊറിച്ചിലോ ഉണ്ടാകുകയാണെങ്കിൽ അല‍ർജിയാകാം കാരണം. ഇവ പിന്നീട് ഉപയോഗിക്കരുത്.

പ്രായം കൂടുംതോറും സൗന്ദര്യ പ്രശ്നങ്ങളും കൂടും. എന്തൊക്കെ ക രുതലുകളാണ് വേണ്ടത് ?

35 വയസ്സിനു ശേഷം സൗന്ദര്യത്തിൽ അടിമുടി ശ്രദ്ധിക്കാം. മൂന്നു മാസത്തി ൽ ഒരിക്കലെങ്കിലും ഫോർ ഇൻ വൺ പാക്കേജ് ആയി ബ്യൂട്ടി ട്രീറ്റ്മെന്റ്സ് ചെയ്യാം. മാനിക്യൂർ, പെഡിക്യൂർ, ഫേഷ്യൽ പിന്നെ, ഹെയർ സ്പാ അല്ലെങ്കി ൽ ഓയിൽ മസാജ് എന്നിവയാണ് അവ. സ്കിൻ ടൈറ്റനിങ് മാസ്ക് ഇടുന്നതും നല്ലതാണ്.

ഈ പാക്കേജിനായി ഒരു ദിവസത്തിന്റെ പ കുതി മാറ്റി വച്ചാൽ സ്കിന്‍ റിജുവനേഷന് സഹായകമാകുമെന്നു മാത്രമല്ല മനസ്സിന് ഉണർവും ഉന്മേഷവും ലഭിക്കുകയും ചെയ്യും. തിരക്കുകൾക്കിടയിൽ ഇത്തരം ട്രീറ്റ്മെന്റ് ചെയ്യുന്നത് സ മ്മർദം കുറയ്ക്കാനും സഹായിക്കും. നല്ല ഉറക്കം കിട്ടുകയും ചെയ്യും.

പ്രായമേറുമ്പോൾ ചർമത്തിനു വ രൾച്ചയും കൂടും. ക്രീമുകളേക്കാൾ എ ണ്ണകളാകും ഈ സമയത്ത് ഉത്തമം. കാസ്റ്റർ ഓയിൽ, വെളിച്ചെണ്ണ, ഒലിവ് എണ്ണ എന്നിവ 1:1:1 അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഉറങ്ങും മുൻപ് പുരട്ടുന്നത് നല്ലതാണ്.

സ്കിൻ ടൈപ് എങ്ങനെ തിരിച്ചറിയാം ?

ക്ലെൻസർ ഉപയോഗിച്ച് മുഖചർമത്തിലെ അഴുക്കും  പൊടിയും  മേക്കപ്പും പൂർണമായി നീക്കി, കഴുകിയ തുണി ഉപയോഗിച്ച് ഈർപം ഒപ്പിയെടുക്കുക. ഇനി ഒരു മണിക്കൂർ കഴിയട്ടെ. മുഖത്ത് തൊടുക പോലും വേണ്ട. അതിനുശേഷം ഒരു ടിഷ്യൂ പേപ്പർ നിവർത്തി മുഖത്ത് മെല്ലേ അമർത്തുക. തെല്ലും എണ്ണമയമില്ല, എന്നാൽ കാഴ്ചയിൽ മൃദുത്വവും തെളിച്ചവുമുണ്ട് എങ്കിൽ നോർമ ൽ സ്കിൻ ആണ്. ടിഷ്യു പേപ്പറിലാകെ എണ്ണമയം, മുഖത്ത് കുരുക്കൾ വരിക, ഓപ്പൺ പോര്‍സ് ഉണ്ടാകുക എന്നിവയുണ്ടെങ്കിൽ ഓയ്‌ലി സ്കിൻ ആണ്.

ടിഷ്യൂ പേപ്പറിൽ എണ്ണമയമില്ല, എന്നാൽ മുഖം തെളി ച്ചമില്ലാതെ ഡൾ ആണെങ്കിൽ ഡ്രൈ സ്കിൻ ആണ്. ഇക്കൂട്ടരുടെ മുഖത്ത് ചുളിവുകളും അങ്ങിങ്ങായി നിറവ്യത്യാസവും ഉണ്ടാകും.

നെറ്റിയിലും മൂക്കിലും താടിയിലും എണ്ണമയം ഉണ്ടാകുകയും ബാക്കി ഭാഗങ്ങൾ നോർമൽ സ്കിൻ പോലെയിരിക്കുകയും ചെയ്യുകയും ടിഷ്യൂ പേപ്പറിൽ ‘T’ ആകൃതിയിൽ എണ്ണമയം വരുകയും ചെയ്താൽ കോംബിനേഷൻ സ്കിൻ ആണ്.

സെൻസിറ്റീവ് സ്കിൻ ഉള്ളവരുടെ മുഖം ഡ്രൈ ആയിരിക്കും. ഇടയ്ക്കിടെ റാഷസ് ഉണ്ടാകുക, പ തിവായി അലർജിയുണ്ടാകുക, വെയിലേറ്റാൽ വേഗം കരുവാളിക്കുക എന്നിവയും വരാം.

മുഖചർമത്തിന്റെ സ്വഭാവം പ്രായത്തിനനുസരിച്ച് മാറാനും ഇടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മേക്കപ് പ്രൊഡക്റ്റ്സ് മാറ്റാനും പ്രത്യേകം ശ്രദ്ധിക്കുക.

ഗർഭകാലത്ത് ഹെയർ കളറിങ് ചെയ്യാമോ ?

ഗർഭിണിയായിരിക്കെ ഹെയർ ക ളറിങ് മാത്രമല്ല എല്ലാ ഹെയർ ട്രീറ്റ്മെന്റ്സും ഒഴിവാക്കുന്നതാണ് നല്ലത്. ഹെയർ ഡൈയേക്കാൾ ഹെയർ കളേഴ്സ് താരതമ്യേന പ്രശ്നക്കാരൻ അല്ലെങ്കിലും ഇവയിലും രാസപദാർഥങ്ങൾ ഉണ്ട്. പുറമേ പുരട്ടുന്നതാണെങ്കിലും ഇതു കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം.

ഗർഭാവസ്ഥയിൽ അമ്മയുടെ ശരീരം വളരെ സെൻസിറ്റീവ് ആയിരിക്കും. ഈ സമയത്ത് അലർജി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

സ്ട്രെയ്റ്റനിങ് പോലുള്ള ഹെയർ ട്രീറ്റ്മെന്റ്സ് മുടികൊഴിച്ചിലിനു കാരണമാകുമോ ?

ശിരോചർമത്തിൽ അമിതചൂടും രാസവസ്തുക്കളും ഏ ൽക്കുമ്പോൾ അതു മുടിയുടെ സ്വാഭാവിക ഘടനയെ മാറ്റും. സ്ട്രെയ്റ്റനിങ്ങും സ്മൂത്തനിങ്ങുമൊക്കെ അത്തരത്തിൽ മുടിയുടെ ഘടനയെ അടിമുടി മാറ്റുന്നവയാണ്. ഹെയർ ട്രീറ്റ്മെന്റ്സിനു ശേഷം മുടികൊഴിച്ചിൽ കൂടി, നര കണ്ടു തുടങ്ങി എന്ന പരാതികൾ സാധാരണമാണ്. ഇതിന്റെ പ്രധാന കാരണം വിദഗ്ധ സഹായം തേടാത്തതും ട്രീറ്റ്മെന്റിനു ശേഷം വേണ്ട പരിചരണം നൽകാത്തതുമാണ്.

തലയോട്ടിയിൽ നിന്ന് ഒരിഞ്ച് മാറ്റി വേണം സ്ട്രെയ്റ്റനിങ് ക്രീം പുരട്ടാൻ. ശിരോചർമത്തിലേക്ക് കെമിക്കലുകൾ എത്തരുത്. ക്രീം മുടിയിൽ എത്ര നേരം വയ്ക്കണം എന്നത് മുടിയുടെ ടെക്സ്ചർ അനുസരിച്ച് തീരുമാനിക്കാം.

സ്ട്രെയ്റ്റനിങ് ചെയ്യുമ്പോൾ ട്രീറ്റ്മെന്റിനു ശേഷം വിദഗ്ധർ നിർദേശിക്കുന്ന ‘ഫോർ സ്ട്രെയ്റ്റൻ ഹെയർ’ എന്ന ലേബലിൽ ലഭിക്കുന്ന ഷാംപൂവും കണ്ടീഷനറും ഹെയർ മാസ്കും ആഴ്ചയിൽ ഒരു ദിവസം ഉപയോഗിക്കണം. മാസത്തിലൊരിക്കൽ ഹെയർ സ്പാ ചെയ്യാനും മറക്കേണ്ട.

തലയോട്ടിയിൽ മാത്രമേ എണ്ണ പുരട്ടാവൂ. മുടിയിൽ വേണ്ട. എണ്ണ പൂർണമായി നീക്കാൻ ഷാംപൂ അധികമായി ഉപയോഗിക്കുന്നതു ട്രീറ്റഡ് മുടിയെ പ്രശ്നത്തിലാക്കാം. ഷാംപൂവും   തലയോട്ടിയിൽ മാത്രം തേക്കുക. നെറുകയിൽ നിന്നല്ല, തലയുടെ പുറകിൽ ഷാംപൂ ഇട്ട് പത മാത്രം ബാക്കി ഭാഗത്തേക്ക് കൊണ്ടു വരികയേ ആകാവൂ. തെറ്റായി ഷാപൂ ചെയ്യുന്നതും മുടി കൊഴിച്ചിലുണ്ടാക്കും.

കണ്ടീഷനർ ചെവിയുടെ ലെവലിൽ നിന്നു താഴേക്കുള്ള മുടിയിൽ മാത്രമേ പൂരട്ടാവൂ. ശിരോചർമത്തിൽ പുരട്ടരുത്.

റെറ്റിനോൾ, വൈറ്റമിൻ സി ക്രീം തുടങ്ങിയ കോസ്മെറ്റിക് ക്രീമുകളും സപ്ലിമെന്റ്സും ഏതു പ്രായക്കാർക്കാണ് യോജിച്ചത് ?

വൈറ്റമിൻ എ ഡെറിവേറ്റീവ് ആണ് റെറ്റിനോൾ. വൈറ്റമിൻ സിയും എയും ചർമത്തിന് യുവത്വവും തിളക്കവും നൽകുന്നവയാണ്. പ്രായത്തെ പിടിച്ചുകെട്ടാൻ പുരട്ടുന്ന ഇവ 35 വയസ്സിനുശേഷം ഉപയോഗിച്ചു തുടങ്ങിയാൽ മതി. ആറ്–എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഫലം കാണാം.

ചർമത്തിൽ ചുളിവുകൾ വരാതെ നോക്കുക, ഇലാസ്തിതികത മെച്ചപ്പെടുത്തുക, സൂര്യപ്രകാശം  ഏറ്റ് മുഖത്തിനുണ്ടാകുന്ന പാടുകളും കരുവാളിപ്പും അകറ്റുക എന്നിവയാണ് റെറ്റിനോൾ ചെയ്യുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റാണ് വൈറ്റമി ൻ സി. ഇവയടങ്ങിയ ക്രീം, സിറം എന്നിവ പുരട്ടുന്നത് ഗുണം ചെയ്യും. സപ്ലിമെന്റായും ഇവ കഴിക്കാം. വൈറ്റമിൻ ഇ, കരോറ്റനോയ്ഡ് (ബീറ്റാകരോട്ടിൻ, ലൈക്കോപ്പീൻ) സപ്ലിമെന്റ് കഴിക്കുന്നതും നല്ലതാണ്. ഈ ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കാം.

ചർമത്തിന് വെളുപ്പു നിറം നൽകുന്ന ഗ്ലൂട്ടാതയോൺ ടാബ്‍‌ലെറ്റുകളും  ഉണ്ട്. കോസ്മെറ്റിക് ഡെ ർമറ്റോളജിസ്റ്റിന്റെ നിർദേശം സ്വീകരിച്ചു വേണം ഇവയെല്ലാം പുരട്ടാനും കഴിക്കാനും എന്നത് മറക്കേണ്ട. ഓരോരുത്തരുടെയും ശരീരപ്രകൃതം അനുസരിച്ചാണ് ഫലം കാണുക.

ജെയ്ഡ് റോളേഴ്സ്, ഇൻഫ്രാറെഡ് ലൈറ്റ് ഡിവൈസ്, പീൽ ഓഫ് മാസ്ക് എന്നിങ്ങനെ ഓൺലൈൻ ഷോപ്പിങ്ങിലൂടെ സ്വന്തമാക്കുന്ന ബ്യൂട്ടി പ്രൊഡ്ക്റ്റ്സ് ഗുണകരമാണോ ?

വിവിധ ഓൺലൈൻ സൈറ്റുകളിൽ മുഖസൗന്ദര്യം കൂട്ടാനുള്ള മേക്കപ് പ്രൊഡക്ട്സ് ഉണ്ട്. ഇടയ്ക്കിടെ സലൂണിൽ പോയി പണം ചെലവാക്കേണ്ടല്ലോ എന്നു കരുതിയാണ് മിക്കവരും ഇതിന്റെ പിന്നാലെ പോകുന്നത്.

വിദഗ്ധരുടെ സഹായമില്ലാതെ ഇത്തരം പ്രൊഡക്ട്സ് ഉപയോഗിക്കുന്നത് അപകടകരമാകാം. എന്നുമാത്രമല്ല, പ്രഫഷനൽ സ്കിൽ ഉള്ള ആൾ ചെയ്യുന്ന ഫലം കിട്ടുകയുമില്ല. മുഖത്തെ പേശികളെ ഉത്തേജിപ്പിക്കാനും ചർമത്തിന് തിളക്കം നൽകാനും ഉപയോഗിക്കുന്ന ജെയ്ഡ് റോളേഴ്സ് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ചർമത്തിന്റെ ദൃഢത നഷ്ടപ്പെടാം. ചുളിവുകൾ മായ്ക്കാനും സ്കിൻ ടെക്സ്ചർ വർധിപ്പിക്കാനും ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ലൈറ്റ് ഡിവൈസ് പൊള്ളലേൽപിക്കാൻ ഇടയുണ്ട്.

മുഖചർമത്തിലെ മൃതകോശങ്ങളും ബ്ലാക് ഹെഡ്സും നീക്കുന്ന പീൽ ഓ ഫ് മാസ്ക്സ് മികച്ച ബ്രാൻഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചർമത്തിന് ഇണങ്ങുന്നവയും ആയിരിക്കണം. മാസത്തിൽ ഒരു ത വണയിൽ കൂടുതൽ ഇവ ഉ പയോഗിക്കുകയും ചെയ്യരുത്. സെൻസിറ്റീവ് ചർമമുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ഫേഷ്യൽ, ക്ലീൻ അപ് ഇവ കൃത്യമായ ഇടവേ ളയിൽ ചെയ്യുന്നുണ്ട്.  മാനിക്യൂറും പെഡിക്യൂറും വാക്സിങ്ങും ആവശ്യമുണ്ടോ?

ഫേഷ്യലിനേക്കാൾ ശരീരത്തിന് ഗുണകരമാണ് പെഡിക്യൂറും മാനിക്യൂറും. കാലും കയ്യും വൃത്തിയാകുന്നതിനൊപ്പം മസാജിങ് കൂടി ലഭിക്കുമ്പോൾ ശരീരത്തിന് ഉണർവ് ലഭിക്കും. രണ്ടു മാസത്തിൽ ഒരിക്കൽ സ്പാ മാനിക്യൂറും പെഡിക്യൂറും ചെയ്യുന്നത് ശീലമാക്കാം. വാക്സിങ് ചെയ്യാനും മറക്കേണ്ട.

വാക്സിങ് ചെയ്യുന്നതു കൊണ്ട് ചർമത്തിന് യാതൊരു ദേഷവുമില്ല. കെമിക്കൽ അടങ്ങിയ ഹെയർ റിമൂവിങ് ക്രീം ഉപയോഗിക്കുന്നതിലും നല്ലതാണ് എന്നു മാത്രമല്ല ഭംഗിയായി രോമം നീക്കാനും കഴിയും.

വാക്സിങ്ങിനു മുൻപും പിൻപും ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്നത് നല്ലതാണ്. തേൻ, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേർത്ത് പ്രകൃതിദത്തമായി തയാറാക്കുന്ന വാക്സ് ആണെങ്കിൽ തെല്ലും പേടിക്കാനില്ല. മുഖത്ത് വാക്സ് ചെയ്യുമ്പോൾ ശ്രദ്ധ വേണം. സെൻസിറ്റീവ് ചർമമുള്ളവർക്ക്  മുഖം വാക്സ് ചെയ്താൽ കുരുക്കൾ പൊങ്ങുകയും പാടുകളും ചർമപ്രശ്നങ്ങളും വരാനുംഇടയുണ്ട്.

പതിവായി നെയിൽ പോ ളിഷ് അണിഞ്ഞാൽ നഖം കേടാകുമോ ?

നെയിൽ പോളിഷ് പതിവായി അ ണിയുമ്പോൾ നഖത്തിൽ നിറവ്യത്യാസം വരാം. നഖം വേഗം പൊട്ടിപ്പോകുകയും ഇടയുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ നെയിൽ പോളിഷ് നീക്കിയ ശേഷം ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും മൂന്നു തുള്ളി നാരങ്ങാനീരും യോജിപ്പിച്ച് വിരലും നഖവും മസാജ് ചെയ്യുക.

ഇനി ഒരാഴ്ച നെയിൽ പോളിഷ് അണിയാതെ നഖത്തിന് ബ്രീത്തിങ് ഇടവേള നൽകുക. രക്തയോട്ടം കൂട്ടാനും നഖത്തിന്റെ ആരോഗ്യം കാക്കാനും ഇതു നല്ലതാണ്.

ഉപയോഗ കാലയളവിൽ മേക്കപ് പ്രൊഡ ക്റ്റ്സിന്റെ ഗുണനിലവാരം എങ്ങനെ മ നസ്സിലാക്കാം ?

മേക്കപ്പിനായി ഉപയോഗിക്കുന്നവയുടെ എക്സ്പയറി ഡേറ്റ് പ്രത്യേകം ശ്രദ്ധിക്കണം. കാലാവധി കഴി‍ഞ്ഞവ ഉ പയോഗിക്കുന്നത് അലര‍്‍ജി പ്രശ്നങ്ങളുണ്ടാക്കും. ഒരിക്കലും മേക്കപ് ഉൽപന്നങ്ങൾ ദീർഘനാളത്തേക്ക് എന്നു ക രുതി വാങ്ങി സൂക്ഷിക്കരുത്.

സൂര്യപ്രകാശം ഏൽക്കുക, വൃത്തിയാക്കാത്ത മേക്കപ് ടൂൾസ് ഉപയോഗിക്കുക, മേക്കപ് അണിഞ്ഞശേഷം ശരിയായി മൂടി വയ്ക്കാതിരിക്കുക എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മേക്കപ് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉപയോഗ കാലയളവിൽ നഷ്ടമാകാം. നിറത്തിലോ മണത്തിലോ മാറ്റം തോന്നിയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപേക്ഷിച്ചോളൂ.

ലിക്വിഡ് ബേസ്ഡ് ആയവ വരണ്ടുപോകാം. മുഖത്ത് അണിയുമ്പോൾ ഉദ്ദേശിച്ച ഫലവും ഫിനിഷിങ്ങും നൽകുന്നില്ല എങ്കിലും മേക്കപ് ഉൽപന്നങ്ങൾ ഉപേക്ഷിക്കാറായി എന്നു മനസ്സിലാക്കണം.

വസ്ത്രത്തിലെ മേക്കപ് സ്റ്റെയിൻ നീക്കാൻ എന്തൊക്കെ ചെയ്യാം ?

മേക്കപ് ചെയ്യുന്നതിനിടയിലോ ഡ്രസ് ഊരുന്നതിനിടയിലോ ഒക്കെ മേക്കപ് സ്റ്റെയിന്‍ വസ്ത്രത്തിൽ പുരളാൻ ഇടയുണ്ട്. മിക്ക ലിപ്സ്റ്റിക്സും ഓയിൽ ബേസ്ഡ് ആയിരിക്കുമെന്നതിനാൽ ഓയിൽ ബേസ്ഡ് മേക്കപ് റിമൂവർ തന്നെ ഉപയോഗിച്ചാൽ മതി ഇവ നീക്കാൻ.

ഒരുങ്ങി വീട്ടിൽ നിന്നു പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാകും വസ്ത്രത്തിൽ ഫൗണ്ടേഷൻ കറ. ഇ തു നീക്കാൻ അൽപം ഷേവിങ് ക്രീം എടുത്ത് കറയുള്ള ഭാഗത്തു പുരട്ടി നനഞ്ഞ തുണി കൊണ്ട് തുടച്ചാൽ മതി. കറ മാറിയില്ലെങ്കിൽ ഷേവിങ് ക്രീമിനൊപ്പം റബിങ് ആൽക്കഹോൾ കൂടി യോജിപ്പിച്ച് പുരട്ടാം.

ഐലൈനർ വസ്ത്രത്തിൽ പുരണ്ടാൽ ഉണങ്ങും മുൻപേ പ്ലാസ്റ്റിക് കത്തി കൊണ്ടോ മറ്റോ വടിച്ചെടുത്തശേഷം ഐസ് ക്യൂബ് കൊണ്ടുരസുക. അതല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് ഹെയർ സ്പ്രേ അടിച്ച് ഉണങ്ങിയ ശേഷം വെറ്റ് വൈപ്സ് കൊണ്ട് തുടച്ചെടുക്കുക.

പെർഫ്യൂം സ്റ്റെയിൻ നീക്കാന്‍ ബേക്കിങ് സോഡയോ ഗ്ലിസറിനോ ഉപയോഗിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ശോഭ കുഞ്ചൻ, ബ്യൂട്ടി എക്സ്പേർട്ട്, ലിവ് ഇൻ സ്റ്റൈൽ, കൊച്ചി, ബിന്ദു മാമൻ,  കോസ്മറ്റോളജിസ്റ്റ് ആൻഡ് മേക്കപ് ആർട്ടിസ്റ്റ്, നാച്ചുറൽസ്, ആലുവ

Tags:
  • Glam Up
  • Beauty Tips