Thursday 17 June 2021 03:37 PM IST

ഒരാഴ്ച കൊണ്ട് മുഖം മിനുങ്ങും, നിറം വർധിക്കും; ഏറ്റവും ഫലപ്രദമായ റാഗി ഫെയ്‌സ്പായ്ക്ക്, ടിപ്‌സുകൾ ഇതാ...

Priyadharsini Priya

Sub Editor

faceebbnn5677888

മുഖത്തിന്റെ പാതി മാസ്ക് എടുത്തതോടെ സൗന്ദര്യസംരക്ഷണ കാര്യത്തിൽ അത്രയധികം ശ്രദ്ധ കൊടുക്കാറില്ല നമ്മളിൽ പലരും. പ്രത്യേകിച്ചും ബ്യൂട്ടി പാർലറുകൾ അടച്ചതോടെ പതിവായി ചെയ്തിരുന്ന ഫേഷ്യലും ബ്ലീച്ചുമൊക്കെ മുടങ്ങി. മുഖത്തിന്റെ തിളക്കം നഷ്ടപ്പെട്ടു. സ്ഥിരമായി മാസ്ക് വച്ച് മുഖക്കുരുവും പ്രത്യക്ഷപ്പെട്ടു തുടങ്ങി. 

വീട്ടിൽ വച്ച് നാച്ചുറൽ ഫെയ്‌സ് പായ്ക്കുകൾ ഉപയോഗിക്കാമെങ്കിലും അലർജി ഭയന്ന് പലരും അത് പരീക്ഷിക്കാറില്ല. കോവിഡും ലോക് ഡൗണുമൊക്കെ മാറി സൗന്ദര്യ സംരക്ഷണത്തിന് എവിടെയാണ് സമയം എന്നാലോചിച്ചു വിഷമിച്ചിരിക്കുന്നവർക്ക് വീട്ടിൽ ചെയ്യാവുന്ന കിടിലൻ ഫെയ്‌സ് പായ്ക്കുകൾ ഇതാ... ഏറ്റവും ഫലപ്രദമായ റാഗി കൊണ്ടുള്ള ഫെയ്‌സ്പായ്ക്കുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

റാഗി പൊടി ഫെയ്‌സ് പായ്ക്ക് 

ഒരു ടീസ്പൂൺ റാഗി പൊടി എടുത്തു അതിൽ ഒന്നോരണ്ടോ തുള്ളി നാരങ്ങാനീര് ചേർക്കാം. പിന്നീട് ഇതിലേക്ക് തൈര് അല്ലെങ്കിൽ പാൽപാട മാറ്റിയ പാൽ ചേർത്ത് പേസ്റ്റ് രൂപത്തിൽ നന്നായി മിക്സ് ചെയ്തെടുക്കുക. മൈൽഡ് ആയ ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം ഈ പേസ്റ്റ് മുഖത്ത് ഇടുക. ഒപ്പം കഴുത്തിലും കൈകളിലുമൊക്കെ പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ ചെറുതായി മസാജ് ചെയ്തശേഷം കഴുകി കളയാം.

വെയിലത്ത് പുറത്തുപോയി വന്നശേഷം ദിവസവും ഇടാൻ പറ്റുന്ന ഫെയ്‌സ് പായ്ക്ക് ആണിത്. ഏകദേശം കരുവാളിപ്പ് മാറിക്കഴിയുമ്പോൾ ദിവസവും എന്നത് മാറ്റി ആഴ്ചയിൽ ഒരു ദിവസമാക്കാം. വിറ്റാമിൻ, കാൽസ്യം, മിനറൽസ് ഒക്കെ അടങ്ങിയിട്ടുള്ളതിനാൽ ഏറ്റവും നല്ലൊരു പായ്ക്കാണിത്. 

ഫെയ്‌സ് പായ്ക്ക് ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

faccc4456vgh

. എണ്ണമയമുള്ള ചർമ്മത്തിന് നാരങ്ങാനീരിന്റെ അളവ് കൂടുതൽ ഉപയോഗിക്കാം. വരണ്ട ചർമ്മത്തിന് നാരങ്ങാനീരിന്റെ അളവ് കുറയ്ക്കാം. തൈരിന്റെയും പാലിന്റെയും അളവ് കൂട്ടി കുറച്ചു കട്ടിയായി മുഖത്തിടാം. ആവശ്യമെങ്കിൽ തേൻ കൂടി ചേർത്താം. തേൻ ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്. തേൻ അലർജിയുള്ളവർ അതൊഴിവാക്കി പകരം കറ്റാർവാഴ ഉപയോഗിക്കാം. 

. നോർമൽ ചർമ്മത്തിന് റാഗി പൗഡറിന്റെ കൂടെ കറ്റാർവാഴയും ചേർത്ത് പായ്ക്ക് തയാറാക്കിയാൽ മതിയാകും. ചർമ്മം തിളങ്ങാൻ കറ്റാർവാഴ ചേർക്കുന്നത് വളരെ നല്ലതാണ്. കറ്റാർവാഴയുടെ റൂട്ട് ഭാഗം ഒഴിവാക്കി മുറിച്ചെടുത്താൽ അലർജി പ്രശ്നങ്ങൾ ഉണ്ടാവില്ല. അതിലുള്ള കറ കളഞ്ഞശേഷം അകത്തെ മാംസളമായ ഭാഗം എടുത്ത് മിക്സിയിൽ അടിച്ചു പായ്ക്കിനൊപ്പം ചേർത്താൽ മതി. ഈ കറയാണ് ചിലരിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നത്. 

. ഒരുപാട് ബ്ലാക്ക് ഹെഡ്സ് ഉള്ളവരാണെങ്കിൽ തരിയുള്ള അരിപ്പൊടി ചേർത്താൽ മതിയാകും. ഈ പായ്ക്കിൽ പഞ്ചസാര ചേർക്കാം. പക്ഷെ, പഞ്ചസാര ചേർത്താൽ ഉടൻ തന്നെ പായ്ക്ക് മുഖത്തിടണം. എടുത്തുവച്ചാൽ അലിഞ്ഞുപോകും.

. ആഴ്ചയിൽ ഒരു ദിവസം മാത്രമേ സ്‌ക്രബ് ചെയ്യാൻ പാടുള്ളൂ. ദിവസവും ചെയ്‌താൽ ചർമ്മത്തിന് കേട് ഉണ്ടാക്കും. സ്‌ക്രബിങ് കഴിഞ്ഞയുടനെ റോസ് വാട്ടർ ഉപയോഗിച്ച് നന്നായി മസാജ് ചെയ്ത് ടോൺ ചെയ്യണം. പോർസ് ക്ലോസ് ചെയ്യാൻ വേണ്ടിയാണ് ടോൺ ചെയ്യുന്നത്. റോസ് വാട്ടർ ഇല്ലെങ്കിൽ തണുത്തവെള്ളം ഉപയോഗിച്ചും ടോൺ ചെയ്യാം. 

. നിറം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് റാഗി പൊടിയ്ക്കൊപ്പം മഞ്ഞൾപ്പൊടിയും നാരങ്ങാനീരും പാലും ചേർത്ത് ഇട്ടാൽ വളരെ നല്ലതാണ്. വിവാഹം ഉറപ്പിച്ചവർക്ക് ദിവസവും ഈ പായ്ക്ക് ഇട്ടാൽ നിറം വർധിക്കും. ലൈറ്റായി മുഖത്തിട്ടിട്ട് കഴുകി കളയണം. കൂടുതൽ മസാജ് ചെയ്യരുത്. ഫലം കിട്ടിത്തുടങ്ങുമ്പോൾ ആഴ്ചയിൽ ഒരു തവണയൊക്കെ ഇട്ടാൽ മതിയാകും. മഞ്ഞപ്പൊടി അലർജിയുള്ളവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 

കടപ്പാട്: ഡോ. റീമ പദ്മകുമാർ, റീംസ് ബ്യൂട്ടി കെയർ സൊല്യൂഷൻസ്, പേട്ട, തിരുവനന്തപുരം 

Tags:
  • Glam Up
  • Beauty Tips