Monday 20 September 2021 02:44 PM IST : By സ്വന്തം ലേഖകൻ

കളറും ബ്രാൻഡും മാറി മാറി പരീക്ഷിക്കരുത്, മുടിയുടെ ആരോഗ്യത്തെ ബാധിക്കും; ഹെയർ കളർ ചെയ്യും മുൻപേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

hair-colourr445fgh

പുത്തൻ ട്രെൻഡുകൾക്ക് പുറകെയാണ് ഇന്നത്തെ യുവതലമുറ. തലമുടിയിലാണ് ഏറ്റവും കൂടുതൽ സൗന്ദര്യ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് മാത്രം. മുടിയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തു കൊണ്ടുവേണം പരീക്ഷണങ്ങൾക്ക് പുറകെ പോകാൻ, ഇല്ലെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വിവിധ നിറങ്ങൾ മുടിയിൽ പരീക്ഷിക്കാൻ ഇഷ്ടമുള്ളവരാണ് ഇപ്പോഴത്തെ പെൺകുട്ടികൾ. കളർ ചെയ്യുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കാറുണ്ട്. 

കളർ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

. മുടി കളർ ചെയ്യുമ്പോൾ ചർമ്മത്തിന്റെ നിറമനുസരിച്ചു വേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ. മുടിയിലേക്കു കളർ പുരട്ടുന്നതിനു മുൻപ് ഒരൽപ്പമെടുത്തു കയ്യിൽ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലർജിയോ ഇല്ല എന്ന് പൂർണ ബോധ്യം വന്നതിനു ശേഷം മാത്രം മുടി കളർ ചെയ്യുക.

. എപ്പോഴും കളറും ബ്രാൻഡും മാറി മാറി പരീക്ഷിക്കുന്നത് മുടിക്ക് നല്ലതല്ല. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും.  

. മുടി കളർ ചെയ്തു കഴിഞ്ഞാലുടൻ ക്ലോറിൻ കലർന്ന വെള്ളത്തിൽ മുടി കഴുകാൻ പാടില്ല. മുടി കഴുകുവാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. യാതൊരു കാരണവശാലും ചൂടു വെള്ളം ഉപയോഗിക്കാൻ പാടില്ല. 

. മുടി കളർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഷാംപൂവിന്റെ ഉപയോഗം ആഴ്ചയിൽ ഒന്ന് മതി. ദിനവും മുടി ഷാംപൂ ചെയ്താൽ കളർ മങ്ങി പോകാനിടയുണ്ട്.

ഹെന്ന ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

. അമിതമായി ഹെന്ന ചെയ്യുന്നതും ആഴ്ചതോറും ഹെന്ന ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മാസത്തിൽ ഒരിക്കൽ ഹെന്ന ചെയ്യുന്നതാണ് നല്ലത്. 

. മുടിക്ക് ആവശ്യമുള്ള അളവിൽ മാത്രം ഹെന്ന എടുത്തു ചെയ്യുന്നതാണ് ഉത്തമം. 

. ഏറെ സമയം മുടിയിൽ ഹെന്ന ഇരുന്നു ഉണങ്ങാൻ അനുവദിക്കരുത്. കാരണം ഉണങ്ങുന്നതനുസരിച്ചു മുടിയ്ക്ക് കട്ടി കുറയുകയും വേഗം മുടി പൊട്ടിപോകാനുള്ള സാധ്യതയും ഉണ്ട്.

. ഹെന്ന തുടർച്ചയായി ചെയ്താൽ മുടി ചുരുണ്ടു ചകിരി പോലെ അകാൻ സാധ്യത ഉണ്ട്.

Tags:
  • Hair Style
  • Glam Up
  • Beauty Tips