Monday 06 December 2021 03:04 PM IST : By സ്വന്തം ലേഖകൻ

അഴക് കെടുത്തുന്ന ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സിനോട് ബൈ പറയാം; വേരോടെ പിഴുതു മാറ്റാൻ ടിപ്സ്

blalkkkheaddsdasaa

മൂക്കിനു ചുറ്റും, താടിയിലും കവിളിന്റെ വശങ്ങളിലും കറുപ്പിലും വെളുപ്പിലും കാണുന്ന ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും മുഖസൗന്ദര്യത്തെ കെടുത്തുന്നവയാണ്. ഫേഷ്യലിനൊപ്പം ക്ലീൻ അപ് ചെയ്യുമ്പോൾ ഇവ മാറിക്കിട്ടും. എന്നാൽ ബ്യൂട്ടിപാർലറിൽ പോകാതെ വീട്ടിൽ തന്നെ വേരോടെ പിഴുതു മാറ്റാൻ വഴിയുണ്ട്.

വീട്ടിൽ ചെയ്യാം 

∙ ആദ്യം ഡീ- ടാൻ ക്ലെൻസർ മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യുക. അതിനുശേഷം മുഖം കഴുകി വൃത്തിയാക്കാം.

∙ എണ്ണമയവും അഴുക്കും നീങ്ങിയ മുഖത്ത് ഡിസ്കെയിലിങ് ലോഷൻ പുരട്ടുകയാണ് അടുത്ത പടി. ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുമുളള ഭാഗങ്ങളിൽ മാത്രം പുരട്ടി ഏഴു മുതൽ പത്തു മിനിറ്റു വരെ കാത്തിരിക്കണം.

∙ അമിതമായും ആഴത്തിലും ബ്ലാക്ക് ഹെഡ്സ് ഉളളവർ ഗാൽവനിക് നെഗറ്റീവ് ട്രീറ്റ്മെന്റ് ചെയ്യുന്നതാണ് ഉചിതം. ഇങ്ങനെ ചെയ്യുമ്പോൾ ആഴത്തിലുളളവ നന്നായി അലിയും.

∙ മുഖത്തുനിന്ന് ലോഷൻ തുടച്ച് മാറ്റുന്നതിന് മുൻപായി ഡീ- ടാൻ സ്ക്രബ് ഉപയോഗിച്ച് മസാജ് ചെയ്യണം. അലിഞ്ഞ് മൃദുവായിരിക്കുന്ന ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ചർമത്തിൽ നിന്നു അകന്നുപോകാൻ ഇതു സഹായിക്കും.

∙ ഇനി ഇതു തുടച്ചു മാറ്റി അവശേഷിക്കുന്ന ബ്ലാക്ക് ഹെഡ്സ് കൂടി പഞ്ഞി ഉപയോഗിച്ച് അമർത്തി പുറത്തെടുക്കാം.

∙ ചർമത്തിലെ എണ്ണമയം അകറ്റാനായി ഫെയ്സ് മാസ്ക് ഇടാം. മുഖത്തെ പാടുകൾ മായ്ക്കാനും ജലാംശം നിലനിർത്താനും ഈ മാസ്ക് സഹായിക്കും. മാസ്ക് ഉണങ്ങിയാൽ മുഖം വൃത്തിയാക്കാം.

∙ എണ്ണമയമുളള ചർമത്തിലാണ് ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും കൂടുതലായി കാണുന്നത്. അതുകൊണ്ട് ചർമത്തിനു അനുയോജ്യമായ ഫെയ്സ് വാഷ് ഉപയോഗിച്ച് മാത്രം മുഖം കഴുകുക.

ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് എണ്ണമയം വലിച്ചെടുക്കാൻ കഴിയുന്ന നൈറ്റ് ക്രീമുകൾ പുരട്ടുന്നത് ഗുണം ചെയ്യും. ഒപ്പം സ്കിൻ ടോണർ കൂടി ഉപയോഗിച്ചാൽ ബ്ലാക്ഹെഡ്സും വൈറ്റ് ഹെ‍ഡ്സും ഒഴിവാക്കാനാവും.

ചില നാടൻ വഴികൾ

∙ നാരങ്ങാനീരും തേനും മഞ്ഞൾപ്പൊടിയും സമം ചേർത്ത് മുഖത്ത് പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകി കളയുക.

∙ കടലമാവിൽ അൽപം അരിപ്പൊടിയും തക്കാളി നീരും ചേർത്ത് മുഖത്ത് തേച്ച് നന്നായി മസാജ് ചെയ്യുക.

∙ പേരയുടെ തളിരില ഉപയോഗിച്ച് ബ്ലാക്ഹെഡ്സുളള ഭാഗങ്ങളിൽ ഉരയ്ക്കുക. അരച്ചിട്ട് മസാജ് ചെയ്താലും മതി.

∙ ആര്യവേപ്പില അരച്ചിടുന്നതും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട് : ജാസ്മിൻ മൻസൂർ സിൻഡ്രല്ലാ ബ്യൂട്ടി കൺസെപ്റ്റ്സ്, കോട്ടയം

Tags:
  • Glam Up