Friday 16 September 2022 02:35 PM IST : By സ്വന്തം ലേഖകൻ

ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ പുരട്ടാം; ഇനിയില്ല കൺതടങ്ങളിലെ കറുപ്പ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

hand_407348-2127

ഉറക്കക്കുറവ്, ക്ഷീണം, ജോലിയിലെ ടെന്‍ഷന്‍ എന്നിവ ആദ്യം ബാധിക്കുന്നത് നമ്മുടെ കണ്ണുകളെയാണ്. കണ്ണിനു ക്ഷീണം ബാധിച്ചു തുടങ്ങിയാൽ അത് ഉടൻതന്നെ സൗന്ദര്യത്തെ ബാധിക്കും. ജീവസ്സുറ്റ കണ്ണുകളിൽ മാത്രമേ സൗന്ദര്യം സ്ഫുരിക്കുകയുള്ളൂ. അതുകൊണ്ടു സൗന്ദര്യ സംരക്ഷണം കണ്ണുകളില്‍ നിന്ന് തുടങ്ങണം.

കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് 

കംപ്യൂട്ടർ, ടിവി എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ വിശ്രമം എടുക്കുന്നത് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും. തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കണ്ണുകൾ കഴുകുന്നത് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും. മാത്രമല്ല, ഇരുമ്പ് ധാരാളമടങ്ങിയ ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങയില എന്നിവ കഴിക്കുന്നതും കണ്ണുകൾക്ക് ഏറെ ഗുണകരമാണ്. 

വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

. ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞ ശേഷം കണ്ണിനു മുകളില്‍ ഓരോ കഷ്ണം വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ണിനു ചുറ്റും  കാരറ്റ്, വെള്ളരിക്ക എന്നിവ അരച്ചു പുരട്ടുന്നതും ഗുണം ചെയ്യും.

.  ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ (കണ്‍പോളകളിലും) പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസങ്ങൾക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടും.

. കാലങ്ങളായി ആയുർവേദ ചികിത്സകർ കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തിനായി നിർദ്ദേശിക്കുന്ന ഒന്നാണ് കുങ്കുമാദി തൈലം. ഇതും കണ്ണിനു ഏറെ ഗുണം ചെയ്യും.

. കൺതടങ്ങളിൽ തേൻ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം.

. രക്തചന്ദനവും ചന്ദനവും തുല്യ അളവില്‍ അരച്ച് പനിനീരിൽ ചാലിച്ച് കണ്‍തടങ്ങളില്‍ പുരട്ടുന്നതും ഫലം ചെയ്യും.

Tags:
  • Glam Up
  • Beauty Tips