Wednesday 25 May 2022 04:35 PM IST : By സ്വന്തം ലേഖകൻ

കഴുത്തിലെ കറുപ്പുനിറം മായ്ക്കാൻ പയറുപൊടിയും പഞ്ചസാരയും ബെസ്റ്റാണ്; ചെറുപ്പം നിലനിർത്താൻ സിമ്പിൾ ടിപ്സ്

thirtyplus6676

35 വയസ് കഴിയുമ്പോൾ ചര്‍മ്മത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും, പാടുകളും ചുളിവുകളും കൂടും. ചര്‍മ്മത്തിലെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടും. കണ്‍തടങ്ങള്‍ കുഴിഞ്ഞു കൂടുതല്‍ കറുക്കും. ഇതാ ചെറുപ്പം നിലനിർത്താൻ സിമ്പിള്‍ ടിപ്സ്.

കണ്ണുകള്‍

കണ്ണുകളാണു പ്രായം ആദ്യം വിളിച്ചോതുക. കണ്‍തടങ്ങള്‍ കറുക്കുന്നതിനു കാരറ്റു നീരില്‍ മുക്കിയ പഞ്ഞികൊണ്ടു തുടയ്ക്കുന്നതു നല്ലതാണ്. കൊളസ്ട്രോള്‍ ഉളളവര്‍ക്ക് കണ്‍പോളകളില്‍ നീര്‍വീക്കം ഉണ്ടാവാം. ഇതു തടയാന്‍ ലിംഫാറ്റിക് ഡ്രെയ്നേജ് മസാജ് ചെയ്യാം.

കഴുത്ത്

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം കഴുത്തില്‍ കറുപ്പുനിറം വ്യാപിക്കാം. തടിച്ച മാലകള്‍ സിഥിരമായി അണിയുന്നതും കഴുത്തു കറുക്കാന്‍ ഇടയാക്കും. പയറുപൊടിയും നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തു മസാജ് ചെയ്താല്‍ കഴുത്തിലെ കറുപ്പുനിറം മാറും.

ചര്‍മ്മം വരളാതെ

രക്താതിസമ്മര്‍ദവും ഡയബറ്റിസുമെല്ലാം പ്രത്യക്ഷപ്പെട്ടാല്‍ സ്ഥിരമായി മരുന്നുകള്‍ കഴിക്കേണ്ടി വരും. ഇതു ചര്‍മം കൂടുതല്‍ വരളാന്‍ ഇടയാക്കും ആഴ്ചയിലൊന്നെങ്കിലും എണ്ണ തേച്ചു കുളിക്കുന്നതു ചര്‍മ്മത്തിനു തിളക്കമുണ്ടാക്കും. ചര്‍മത്തില്‍ അരിമ്പാറ പോലുളള വളര്‍ച്ചകള്‍ കൂടുതലായി കാണുന്നത് ഈ പ്രായത്തിലാണ്. ബ്യൂട്ടിപാര്‍ലറുകളില്‍ ഇതു കരിച്ചു കളയാന്‍ കഴിയും.

കാല്‍പാദങ്ങള്‍ 

രാത്രി ഉറങ്ങും മുന്‍പ് ചെറു ചൂടുവെളളത്തില്‍ അല്പം നാരങ്ങാനീരു കലര്‍ത്തി അതില്‍ കാല്‍പാദങ്ങള്‍ മുക്കിവയ്ക്കുന്നത് പാദം വൃത്തിയാക്കും. ഉന്മേഷം പകരും. വിണ്ടു കീറിയ പാദങ്ങളാണെങ്കില്‍ ഒരു തുളളി അണുനാശിനി കൂടി ഈ വെളളത്തില്‍ കലര്‍ത്താം.

കൈകള്‍ക്ക് മസാജ്

രക്തചംക്രമണം കുറയുന്നതു മൂലം നഖങ്ങള്‍ക്കു നിറം മാറ്റം സംഭവിക്കാം. ദിവസവും രാവിലെയും വൈകിട്ടും ആന്‍റി ഏജിങ് ക്രീമോ ബേബി ലോഷനോ പുരട്ടി മസാജ് ചെയ്താല്‍ രക്തചംക്രമണം കൂടും. ചര്‍മ്മത്തില്‍ അമര്‍ത്താതെ തൂവല്‍ കൊണ്ട് ഉരസും വിധം വേണം മസാജ് ചെയ്യാന്‍.

ഡൈ ചെയ്യുന്നുവെങ്കില്‍

ചെറുപ്രായത്തില്‍ തന്നെ മുടി ഡൈചെയ്തു തുടങ്ങിയാല്‍ കുറേ കാലം കഴിയുമ്പോള്‍ നിറം സ്വീകരിക്കാനുളള മുടിയുടെ കഴിവു കുറയും സാധിക്കുമെങ്കില്‍ 50 വയസു വരെ ഡൈ ചെയ്യാതെ ഹെന്ന മാത്രം ചെയ്യാന്‍ ശ്രമിക്കുക. ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ കൃത്രിമമായ കറുപ്പുനിറം ഒഴിവാക്കാന്‍ ഡാര്‍ക്ക്ബ്രൌണ്‍ അല്ലെങ്കില്‍ ബര്‍ഗന്‍റി ഷേഡുകള്‍ തിരഞ്ഞെടുക്കാം. 

ഹെയര്‍ ഡൈയില്‍ അടങ്ങിയ അമോണിയയാണ് പലപ്പോഴും അലര്‍ജിയുണ്ടാക്കുക. ഇതൊഴിവാക്കാന്‍ നോ അമോണിയ ഹെയര്‍ഡൈ ഉപയോഗിക്കാം ഹെയര്‍ഡൈ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ചര്‍മത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അതുപേക്ഷിക്കുന്നതാണ് നല്ലത്. ഹെയര്‍ ഡൈ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും ഹെയര്‍സ്പാ ചെയ്യണം. മാസത്തിലൊരിക്കല്‍ തലമുടിയുടെ അറ്റം മുറിക്കണം.

Tags:
  • Glam Up
  • Beauty Tips