Saturday 08 September 2018 04:15 PM IST

കെമിക്കല്‍ പീലിങ്ങിനെ പേടിക്കേണ്ട; സുന്ദരമുഖം സ്വന്തമാക്കാം

Priyadharsini Priya

Senior Content Editor, Vanitha Online

peel

കെമിക്കൽ പീലിങ്ങിലെ ‘കെമിക്കൽ’ എന്ന വാക്ക് പലരിലും ഭയമാണ് ഉണർത്തുക. കുരുക്കളും പാടുകളും മായ്ക്കാൻ കെമിക്കൽ പീലിങ് ചെയ്ത് അവസാനം മുഖം പൊള്ളി വികൃതമാകുമോ തൊലി ഉരിഞ്ഞു പോകുമോ എന്ന പേടി. സത്യത്തിൽ പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചർമ ചികിത്സയാണ് കെമിക്കൽ പീലിങ്. ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകില്ല.

ചർമ്മത്തിനടിയിലെ ഡെഡ് സ്കിൻ പാളികൾ (ലെയറുകൾ) എടുത്തു കളയുകയാണ് കെമിക്കൽ പീലിങ്ങിലൂടെ ചെയ്യുന്നത്. ഓരോ പീലിങ്ങിലും ഓരോ ലെയർ മാത്രമേ എടുക്കുകയുള്ളൂ. ഒരാൾ പീൽ ചെയ്തിട്ടുണ്ടോ എന്ന് മുഖത്തു നോക്കിയാൽപോലും അറിയില്ല.

വിവിധതരം പീലുകൾ മൂന്നുതരം പീലുകൾ ഉണ്ട്. സൂപ്പർഫിഷ്യൽ, മീഡിയം, ഡീപ്പ് പീൽ എന്നിവയാണവ. സൂപ്പർഫിഷ്യൽ അല്ലെങ്കിൽ ലൈറ്റ്പീലുകൾ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഓരോ ചർമപ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് കെമിക്കൽ പീലിങ് ട്രീറ്റ്മെന്റ് എടുക്കുന്നത്. മുഖക്കുരു, ചുളിവുകൾ, കരിമംഗല്യം, നിറം വർധിപ്പിക്കൽ, അങ്ങനെ ആവശ്യങ്ങൾ പലതായിരിക്കും. മാൻഡലിക് പീൽ ചർമ്മത്തിന്റെ എണ്ണമയം ഇല്ലാതാക്കുന്നു. മുഖക്കുരുവുള്ളവർക്ക് എണ്ണമയം കുറയ്ക്കാനുള്ള ട്രീറ്റ്മെന്റാണ് ആദ്യം കൊടുക്കുന്നത്. ചർമ്മത്തിനടിയിൽ എണ്ണമയം ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ പ്രവർത്തനം കുറയ്ക്കുന്നു. ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുന്നു. ചർമസുഷിരങ്ങൾ വൃത്തിയാക്കുന്നു. ഗ്ലൈക്കോളിക് പീൽ കരിമംഗല്യത്തിന് വേണ്ടിയുള്ളതാണ്. ലാക്റ്റിക് ആസിഡ് പീൽ വരണ്ട ചർമത്തിൽ ഈർപ്പം നിലനിർത്തി ചർമത്തെ കൂടുതൽ മൃദുവാക്കുന്നു. പ്രായം കൂടുംതോറുമുള്ള ചുളിവുകൾ നീക്കാൻ കൊളാജൻ സ്റ്റിമുലേറ്റ് ചെയ്യുന്ന പീലുകൾ ചെയ്യാം.

പീലിങ്ങിനു മുമ്പ്

പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്ന് പരീക്ഷിച്ച ശേഷമേ പീലിങ് ചെയ്യൂ. പീൽ ചെയ്യുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ ക്രീമുകൾ ഉപയോഗിച്ച് ചർമ്മത്തിന്റെ സ്വഭാവം മനസ്സിലാക്കും. വിദഗ്ധരുടെ സഹായമില്ലാതെ സ്വയം പീൽ ചെയ്യാൻ ശ്രമിക്കരുത്. ഇതു ചിലപ്പോൾ ചർമത്തിൽ പൊള്ളലുണ്ടാകാൻ ഇടയാക്കും. ഓരോരുത്തർക്കും പീലുകൾ ചർമത്തിൽ ലയിക്കുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതിനു ചിലപ്പോൾ ഒരു മിനിറ്റു മുതൽ പത്തു മിനിറ്റ് വരെ സമയം വേണ്ടി വരും. പീലിങ് കഴിഞ്ഞ് വെയിലത്ത് പോവുകയാണെങ്കിൽ ആന്റി ഗ്ലെയർ പ്രൊട്ടക്ഷൻ ഉള്ള ലോഷൻ ഉപയോഗിക്കണം. ‍ഡീപ്പ്പീൽ ആണെങ്കിൽ ഹയർ എസ് പി എഫ് ഉള്ള ക്രീമുകൾ ഉപയോഗിക്കാം. പീലിങ് കഴിഞ്ഞശേഷം ചർമത്തിൽ ചെറിയ ചുവപ്പുപാടുകൾ കണ്ടാൽ അതിനുള്ള ക്രീമുകൾ ഉപയോഗിക്കേണ്ടി വരും.

ഏതുതരം പീലാണ് ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് ആവർത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ചില പീലുകൾ ആറുമാസം തുടർച്ചയായി ചെയ്താലേ ഫലം കിട്ടുകയുള്ളൂ. ഡീപ്പ് പീലുകൾ ആറുമാസം കൂടുമ്പോൾ ചെയ്താൽ മതി.

1000 രൂപയാണ് പീലുകളുടെ ഇപ്പോഴത്തെ ചെലവ്. മുന്തിയ ബ്രാന്റുകളുടെ പീലിന് ചെലവ് പിന്നെയും കൂടും.

കടപ്പാട് : ഡോ. ജോസഫ് ചാലിശ്ശേരി, എറണാകുളം