Friday 12 January 2018 11:49 AM IST : By സ്വന്തം ലേഖകൻ

ബ്യൂട്ടി പാർലർ വൃത്തിയുള്ളതല്ലെങ്കിൽ മേക്കപ്പ് അലർജിയുണ്ടാക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

beauty-hygene3 ഫോട്ടോ: സരിൻ രാംദാസ്

അഴകിലേക്കും ആരോഗ്യത്തിലേക്കുമുള്ള ആദ്യ പടിയാണ് വൃത്തി. അതുകൊണ്ടു തന്നെ സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണ പ്രവർത്തനങ്ങളിലും ആരോഗ്യത്തിലും ശുചിത്വത്തിനുമുള്ള പ്രാധാന്യം വളരെ വലുതാണ്. ദിനചര്യകളിൽ അൽപം ശ്രദ്ധ പുലർത്തിയാൽ പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും എളുപ്പത്തിൽ മുക്തി നേടാം. പ്രശ്നമുണ്ടായിട്ട് ചികിത്സിക്കാൻ വേവാലാതിപ്പെട്ട് അലയുന്നതിനേക്കാൾ ലളിതമാണ് വ്യക്തി ശുചിത്വത്തിന്റെ ഈ പ്രതിരോധ ശീലങ്ങൾ. സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെപ്പോലും രോഗാവസ്ഥയായി കണ്ട് ചികിത്സ തേടുന്നവരുണ്ട്. അത് പലപ്പോഴും മറ്റ് രോഗങ്ങൾക്കു വഴിവയ്ക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനും വ്യക്തി ശുചിത്വത്തിലൂടെ അഴകും ആരോഗ്യവും നേടാനുമുള്ള ലളിത മാർഗങ്ങളാണ് ഇനി പറയുന്നത്.

ബ്യൂട്ടി പാർലർ വൃത്തിയുള്ളതല്ലെങ്കിൽ

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറിൽ കയറുന്ന സ്ത്രീകൾ പക്ഷേ, അവിടുത്തെ വൃത്തിയുടെ നേരെ കണ്ണടയ്ക്കുകയാണ് പതിവ്. ബ്യൂട്ടീഷ്യന്റെ കൈകള്‍ വൃത്തിയാണോ എന്നോ മേക്കപ്പിനായി ഉപയോഗിക്കുന്ന ബ്രഷുകളും മറ്റും കഴുകിയതാണോ എന്നോ ആരും ശ്രദ്ധിക്കാറില്ല. ഈ ശ്രദ്ധക്കുറവ് മേക്കപ്പ് അലർജിയിലാകും കൊണ്ടെത്തിക്കുക. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്..

1. മേക്കപ്പ് ബ്രഷുകളും പഫും ഐബ്രോ പെൻസിലുമൊക്കെ പലർ ഉപയോഗിക്കുന്നതാകും. കഴിയുന്നതും പഴ്സനൽ മേക്കപ്പ് സാധനങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.

2. ബ്രൈഡൽ മേക്കപ്പ് പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ ബ്യൂട്ടീഷനോടു ചോദിച്ച് അവർ പറയുന്ന ബ്രാൻഡിലുള്ള മേക്കപ്പ് സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകാം. പാർലറിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും സ്റ്റെറിലൈസ് ചെയ്തതാണെന്ന് ഉറപ്പു വരുത്തണം.

3. സ്വയം ചെയ്യാവുന്ന ബ്യൂട്ടി ട്രീറ്റ്മെന്റുകൾ വീട്ടിൽ തന്നെ ചെയ്യുക. പെഡിക്യൂറും മാനിക്യൂറുമൊക്കെ പാർലറുകളെ ആശ്രയിക്കാതെ ചെയ്യാവുന്നതേയുള്ളൂ. കല്ലുപ്പിട്ട വെള്ളത്തിലോ മഞ്ഞളും ആര്യവേപ്പും കലർത്തിയ വെള്ളത്തിലോ കാൽ മുക്കി വച്ചശേഷം കാൽപത്തി ഉരച്ചു കഴുകണം. പിന്നെ, നഖം ആകൃതിയിൽ വെട്ടി ബ്രഷ് ഉപയോഗിച്ച് തേച്ചു കഴുകുക. 10 ദിവസത്തിലൊരിക്കൽ ഇതു ചെയ്യുന്നത് ശീലമാക്കിക്കോളൂ.

ഗർഭകാലത്ത് ശുചിത്വമന്ത്രം

beauty-hygene1

പ്രതിരോധശേഷി കുറയുന്ന സമയമാണ് ഗർഭകാലം. അതിനാൽ തന്നെ ശുചിത്വ കാര്യത്തിൽ അധികം ശ്രദ്ധ വേണം. ധാരാളം വെള്ളം കുടിക്കുക, രണ്ടു നേരം വൃത്തിയായി കുളിക്കുക, സ്വകാര്യഭാഗങ്ങളും കൈകളും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക – ഈ മൂന്നു കാര്യങ്ങൾ സ്ത്രീയെ ആരോഗ്യവതിയായി നിലനിർത്തും. ശുചിത്വ കാര്യത്തിൽ ജീവിതത്തിന്‍റെ ഭാഗമാണ് വെള്ളം. കുടിക്കുക, കുളിക്കുക, കഴുകുക എന്ന ശുചിത്വമന്ത്രം ഓരോ സ്ത്രീയും മറക്കാതിരിക്കുക, പ്രത്യേകിച്ചും ഗർഭകാലത്ത്.

ഗർഭധാരണം മുതലാണ് മാറിടത്തിന്റെ ശുചിത്വത്തിൽ ശ്രദ്ധ കൂടുതൽ വേണ്ടത്. ഗർഭിണിയാകുന്നതോടെ മാറിടത്തിന്റെ ആകൃതിയിൽ വ്യത്യാസം വരും. ശരീരത്തിൽ നിന്ന് ഉയർന്നു നിന്നിരുന്ന ഭാഗം ക്രമേണ ഇടിഞ്ഞു തൂങ്ങിത്തുടങ്ങും. അതോടെ മാറിടത്തിന്റെ അടിഭാഗത്ത് വിയർപ്പും അഴുക്കും അടിഞ്ഞു തുടങ്ങും. വൃത്തിയാക്കാതിരുന്നാൽ ഈ ഭാഗത്ത് പൂപ്പൽബാധയുണ്ടാകാം. കുളി കഴിഞ്ഞാൽ ഇടുക്കുകളിലെ വെള്ളം നന്നായി തുടച്ച് അൽപം ടാൽകം പൗഡർ തൂവിക്കൊടുക്കുന്നത് ഈർപ്പം കുറയ്ക്കും. പാലൂട്ടൽ തുടങ്ങുമ്പോഴും ശ്രദ്ധ വേണം. മുലക്കണ്ണ് കഴുകി വൃത്തിയാക്കിയ ശേഷം മാത്രം പാലൂട്ടുക.

വിവരങ്ങൾക്ക് കടപ്പാട്:  ഡോ. എസ്. വൈ. ലീലാമണി, സീനിയർ കൺസൽറ്റന്റ്, ഗൈനക്കോളജി വിഭാഗം, ഡോ. അഞ്ജു കെ. ബാലൻ, കൺസൽറ്റന്റ്, ത്വക്‌,  ജനറൽ ആശുപത്രി, എറണാകുളം. ഡോ. ബി. ഹരികുമാർ, മെഡിക്കൽ സൂപ്രണ്ട്, കെഎൻഎംഎൻഎസ്എസ് ആയുർവേദ ആശുപത്രി, വള്ളംകുളം, തിരുവല്ല. സുനിത ആര‍്‍. ലക്ഷ്മി ബ്യൂട്ടി പാർലർ, എൻ ജി ഒ ക്വാര‍്‍ട്ടേഴ്സ്, കോഴിക്കോട്.