Friday 12 January 2018 11:48 AM IST : By സ്വന്തം ലേഖകൻ

സ്വകാര്യഭാഗങ്ങളിലും വേണം ശുചിത്വ ശ്രദ്ധ!

lady-2deodorant

മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് വെള്ളപോക്ക്. എന്നാൽ ഇതൊരു രോഗമാണെന്നത് തെറ്റായ ധാരണയാണ്. ആരോഗ്യമുള്ള ഗർഭപാത്രവും പ്രത്യുൽപാദനശേഷിയുമുള്ള ഏതു സ്ത്രീക്കും സ്വാഭാവികമായി ഉണ്ടാകുന്നതാണിത്. വെള്ളപോക്കിന് ചികിത്സ ആവശ്യമില്ല. ഇതറിയാതെയാണ് പലരും വലിയ രോഗം ബാധിച്ചുവെന്നു സ്വയം കരുതുന്നത്. ഇതിനായി ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിക്കുന്നത് ചിലപ്പോൾ കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കും. ഇത്തരം മരുന്നുകൾ പ്രത്യുൽപാദന അവയവ ത്തിന് സ്വാഭാവികമായി പ്രതിരോധശേഷി നൽകുന്ന അണുക്കളെ നശിപ്പിക്കും. അങ്ങനെ ദുർഗന്ധവും നിറവുമുള്ള ദ്രാവകമാകും. അപ്പോഴത് രോഗാവസ്ഥയായി മാറും.

ലൈംഗികമായി പകർന്നു കിട്ടുന്ന രോഗങ്ങളുടെ സൂചനയായും നിറവും ദുർഗന്ധവുമുള്ള ദ്രാവകം ഉണ്ടാകാം. അതിനു ചികിത്സ  ആവശ്യമാണ്. എന്നാൽ നിറവ്യത്യാസമോ ദുർഗന്ധമോ ഇല്ലാത്ത വെള്ളപോക്കിന് സാധാരണയായി ചികിത്സ ആവശ്യമില്ല. വൃത്തിയായി കഴുകി സൂക്ഷിച്ചാൽ മാത്രം മതി. സ്വകാര്യഭാഗങ്ങൾ ശുദ്ധമായ വെള്ളം കൊണ്ട് കഴുകിയാൽ തന്നെ വൃത്തിയാകും. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാൻ പലതരം ലായനികൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവയുടെ ആവശ്യം യഥാർഥത്തിൽ ഇല്ല. ആന്റിസെപ്റ്റിക് ലോഷനുകളും ഈ ഭാഗത്ത് ഉപയോഗി  ക്കാത്തതാണ് നല്ലത്. സോപ്പ് ഉപയോഗിക്കുകയാണെങ്കിൽ വീര്യം കുറഞ്ഞവയാകാൻ ശ്രദ്ധിക്കണം.

സ്വകാര്യ ഭാഗത്തെ അനാവശ്യരോമങ്ങൾ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. ഹെയർ റിമൂവിങ് ക്രീമുകൾ ഉപയോഗിക്കുന്നതും വാക്സിങ് ചെയ്യുന്നതും യോനീഭാഗത്തെ ലോലമായ ചർമത്തിന് ദോഷകരമാണ്. ഷേവ് ചെയ്തും രോമം നീക്കാറുണ്ട് പലരും. സൂക്ഷമതയോടെ സാവധാനം ചെയ്തില്ലെങ്കിൽ മുറിവുണ്ടാകാനും മുറിവിലൂടെ അണുബാധയുണ്ടാകാനും സാധ്യതയേറും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയങ്ങളിൽ വ്യക്തിശുചിത്വത്തെക്കുറിച്ച് സ്ത്രീകൾ ഇത്തിരിയേറെ ബോധവതികളാകണം. സെക്സിന് മുമ്പും പിമ്പും ലൈംഗികാവയവങ്ങൾ വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. പങ്കാളിയുടെ ലൈംഗിക ശുചിത്വവും ഉറപ്പാക്കണം.

സിന്തറ്റിക് തുണി കൊണ്ടുള്ള വസ്ത്ര ങ്ങളും അടിവസ്ത്രങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കൂടുതൽ വിയർക്കുന്ന കാലാവസ്ഥയിൽ പ്രത്യേകിച്ചും. തുടയിടുക്കുകളിലും കക്ഷങ്ങളിലും കൂടുതൽ വിയർപ്പു തങ്ങി നിൽക്കാൻ സാധ്യതയുണ്ട്. കഴിയുന്നതും വിയർപ്പ് വലിച്ചെടുക്കുന്ന തുണി കൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. കാറ്റും സൂര്യപ്രകാശവുമുള്ള സ്ഥലത്തിട്ട് അടിവസ്ത്രങ്ങൾ ഉണക്കണം. ആന്റിസെപ്റ്റിക് ലോഷൻ കലർത്തിയ വെള്ളത്തിൽ കഴുകിയെടുക്കാറുണ്ട് ചിലർ. അ മിതമായാൽ ഇത് മറ്റു ചർമരോഗങ്ങൾക്ക് കാരണമാകും.

ആർത്തവ സമയത്ത് വിയർപ്പു കൂടുന്നതുകൊണ്ട് കോ  ട്ടൻ അടിവസ്ത്രങ്ങൾ തന്നെ ധരിക്കാൻ ശ്രദ്ധിക്കണം. സാനിറ്ററി പാഡിന്റെ നനവു കൂടിയാകുമ്പോൾ അണുബാധയുണ്ടാകാൻ സാധ്യതയേറെയാണ്. ദിവസത്തിൽ മൂന്നോ നാലോ തവണ പാഡ് മാറ്റണം. ആർത്തവ ദിനങ്ങൾ അടുക്കുന്ന സമയത്ത്  വസ്ത്രത്തിലെങ്ങാനും അറിയാതെ ബ്ലഡ് സ്റ്റെയ്ൻ പറ്റുമോ എന്ന പേടിയാൽ പാഡ് വയ്ക്കുന്ന ശീലം നല്ലതല്ല. പാഡ് വയ്ക്കുന്നത് യോനീഭാഗത്തെ ചൂടും വിയർപ്പും കൂട്ടും. ടൈറ്റ്സും ലെഗിങ്സും ജീൻസും പോലുള്ള ഇറുകിപ്പിടിച്ച വസ്ത്രങ്ങളും ചൂടു കൂട്ടും. ഇത് സ്വകാര്യഭാഗങ്ങളിലും തുടയിടുക്കിലും അലർജിയും ചൊറിച്ചിലും ഉണ്ടാക്കാം.

ആർത്തവകാലത്തും ദിവസവും രണ്ടു നേരം കുളിക്കണം. ശരീരം വൃത്തിയാക്കാൻ വീര്യം കൂടിയ സോപ്പുകളോ സ്ക്രബുകളോ ആവശ്യമില്ല. ഗ്ലിസറിൻ അടങ്ങിയ വീര്യം കുറഞ്ഞ സോപ്പോ ബോഡി വാഷുകളോ ഉപയോഗിച്ചു മാത്രം കുളിക്കുക. മെഡിക്കേറ്റഡ്, പിഎച്ച് ബാലൻസ്ഡ് ആയ സോപ്പുകൾ എന്നിവ നല്ലതാണ്. സോപ്പും സ്ക്രബും അമിതമായി ഉപയോഗിച്ചാൽ ചർമം വരണ്ടതാകും. സോപ്പിനേക്കാൾ ഫെയ്സ് വാഷ് ആണ് മുഖം കഴുകാൻ നല്ലത്. രണ്ടു നേരം മാത്രം മതി ഫെയ്സ് വാഷ് ഉപയോഗവും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എസ്. വൈ. ലീലാമണി, സീനിയർ കൺസൽറ്റന്റ്, ഗൈനക്കോളജി വിഭാഗം, ഡോ. അഞ്ജു കെ. ബാലൻ, കൺസൽറ്റന്റ്, ത്വക്‌, ജനറൽ ആശുപത്രി, എറണാകുളം. ഡോ. ബി. ഹരികുമാർ, മെഡിക്കൽ സൂപ്രണ്ട്, കെഎൻഎംഎൻഎസ്എസ് ആയുർവേദ ആശുപത്രി, വള്ളംകുളം, തിരുവല്ല. സുനിത ആര‍്‍. ലക്ഷ്മി ബ്യൂട്ടി പാർലർ, എൻ ജി ഒ ക്വാര‍്‍ട്ടേഴ്സ്, കോഴിക്കോട്.