Monday 25 June 2018 03:48 PM IST : By സ്വന്തം ലേഖകൻ

പ്രോട്ടീൻ സമ്പുഷ്ടം, നമ്മുടെ വെളിച്ചെണ്ണയെ പടിക്ക് പുറത്താക്കല്ലേ!

oil-article

ചർമസംരക്ഷണത്തിനു മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും ഫലപ്രദമാണു വെളിച്ചെണ്ണയെന്നു പഠനങ്ങൾ. മുടിക്ക് ആരോഗ്യകരമായ വളർച്ച മാത്രമല്ല മുടിയിഴകൾക്ക് നല്ല തിളക്കം നൽകാനും െവളിച്ചെണ്ണയ്ക്കു കഴിയുമെന്ന് സൗന്ദര്യചികിത്സകരും പറയുന്നു. പ്രോട്ടീൻ നഷ്ടം ലഘൂകരിക്കാൻ വളരെ ഫലപ്രദമായതുകൊണ്ടാണ് ഏറ്റവും നല്ല ഹെയർകെയർ ഓയിലായി വെളിച്ചെണ്ണ മാറുന്നത്. ഏതുതരം മുടിക്കും ചേരുന്ന നല്ലൊരു കണ്ടീഷനറും കൂടിയാണിത്. വെളിച്ചെണ്ണ പതിവായി തലയിൽ തേച്ച് മസാജ് ചെയ്യുന്നത് താരൻ അകറ്റാനും തലയോട്ടി വരണ്ടതല്ലാതാക്കാനും സഹായിക്കും.

വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് എല്ലാത്തരം ചർമങ്ങളെയും ഈർപ്പമുള്ളതാക്കും. മിനറൽ ഓയിലുകളിൽനിന്ന് വ്യത്യസ്തമായി വെളിച്ചണ്ണയുടെ ഉപയോഗം ശരീരത്തിൽ യാതൊരു പാർശ്വഫലങ്ങളും സൃഷ്ടിക്കുന്നില്ല. സോറിയാസിസ്, ചർമവീക്കം, എക്സീമ മറ്റു ചർമരോഗങ്ങൾ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് വെളിച്ചണ്ണ. അതുകൊണ്ടാണ് ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്ന സോപ്പുകൾ, ലോഷൻ, ക്രീമുകൾ എന്നീ ഉൽപന്നങ്ങളിൽ വെളിച്ചെണ്ണ മുഖ്യഘടകമായി തീരുന്നത്.  

പ്രായമേറുമ്പോൾ വരുന്ന ചർമത്തിലെ ചുളിവുകൾക്കും മറ്റും ആന്റി ഓക്സിഡന്റ് കൂടിയായ വെളിച്ചെണ്ണ ഒരു മരുന്നാകുന്നുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും വെളിച്ചെണ്ണ തേച്ചുള്ള കുളി പതിവാക്കാം. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ  അമിതഭാരത്തെ നിയന്ത്രിക്കുന്നു. ഭക്ഷ്യയോഗ്യമായ മറ്റ് എണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണ എളുപ്പത്തിൽ ദഹിക്കുകയും തൈറോയ്ഡ്, എൻഡോക്രൈൻ എന്നീ ഗ്രന്ഥികളുടെ പ്രവർത്തനങ്ങളെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ശരീരത്തിലെ അണുബാധിത ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുകയാണെങ്കിൽ അതൊരു കെമിക്കൽ ലെയറായി നിലകൊണ്ട് ശരീരത്തെ സംരക്ഷിക്കും. നാശം വന്ന കോശങ്ങളെ പെട്ടെന്ന് സുഖപ്പെടുത്താനുള്ള കഴിവു വെളിച്ചെണ്ണക്കുള്ളതു കൊണ്ട് ചതവിനും നല്ലൊരു മരുന്നാണ്.

പ്രധാനധാതുക്കളെ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ വെളിച്ചെണ്ണ ശക്തിപ്പെടുത്തുന്നു. എല്ലുകളുടെ വളർച്ചക്ക് അത്യാവശ്യമായ കാൽ‌സ്യം, മഗ്‌നീഷ്യം എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. മധ്യവയസ്സിനു ശേഷം സ്ത്രീകളിലുണ്ടാകുന്ന എല്ലു തേയ്മാനത്തിനും പല്ല് ദ്രവിക്കൽ എന്നിവ നിയന്ത്രിക്കാൻ വെളിച്ചെണ്ണ ഉപകാരപ്രദമാണ്. മോണപ്പഴുപ്പ് അകറ്റാൻ വെളിച്ചെണ്ണ കുലുക്കുഴിയുന്നത് നല്ലതാണ്. മാനസിക സമ്മർദമുള്ള സമയത്ത് തലയിൽ അൽപം ചെറു ചൂടുള്ള എണ്ണ തേച്ച് തടവിയാൽ മതിയത്രെ, സ്ട്രെസ് അകലും.