Friday 12 January 2018 11:22 AM IST : By സ്വന്തം ലേഖകൻ

മേക്കപ്പ് കൂടിയാലും ഇനി ടെൻഷൻ വേണ്ട!

make-up-mistakes1

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരുക്കം പ്രധാനമാണ്. മേക്കപ്പിനെ കുറിച്ച് ധാരണയില്ലാത്തവർ പോലും മേക്കപ്പ് സെറ്റ് കിട്ടിയാൽ ചെറിയൊരു പരീക്ഷണമെങ്കിലും നടത്തും. ഒരുങ്ങി പുറത്തിറങ്ങുമ്പോഴാണ് പലപ്പോഴും പൌഡർ കൂടി, ലിപ്‌സ്റ്റിക് കടുത്തുപോയി തുടങ്ങിയ പരാതികളൊക്കെ കേൾക്കുന്നത്. ഉടൻ തന്നെ വാഷ് റൂം തിരഞ്ഞു നടക്കലായി... അതുമല്ലെങ്കിൽ ടെൻഷനടിച്ചു കിട്ടിയ തുണി കൊണ്ട് മുഖം അമർത്തി തുടയ്‌ക്കും. എന്നാൽ ഇതൊന്നും വേണ്ടെന്നാണ് പ്രമുഖ ബ്യൂട്ടി ബ്രാൻഡായ ലോറിയൽ പാരീസ് പറയുന്നത്. ചില മേക്കപ്പ് മിസ്റ്റേക്കുകൾക്ക് പരിഹാരം നിർദേശിക്കുകയാണ് ഇവിടെ...

1. മുഖത്ത് പൗഡർ കൂടിയാൽ

മുഖത്തു ഫൗണ്ടേഷനോ പൗഡറോ കൂടിയാൽ പിന്നെ ടെൻഷൻ മുഴുവൻ കണ്ണെഴുതിയത് പോകുമോ എന്നാണ്. അത്രയധികം കഷ്ടപ്പെട്ടായിരിക്കും പലരും ഐ മേക്കപ്പ് ചെയ്യുന്നത്. എന്നാൽ ഐ മേക്കപ്പ് കളയാതെ തന്നെ ഇതിനൊരു പരിഹാരം കാണാം. ആദ്യം കണ്ണുകൾ അടച്ചുവെച്ചു മുഖം മുഴുവൻ വെള്ളം സ്പ്രേ ചെയ്യണം. പിന്നെ പതിയെ ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്തെ വെള്ളം ഒപ്പിയെടുത്താൽ മതി.

2. കടുത്ത ലിപ്‌സ്റ്റിക് തുടച്ചു മാറ്റാൻ

കടുത്ത ലിപ്‌സ്റ്റിക് ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ സ്കിന്നിന് ഇണങ്ങാത്ത ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നത് കാണുന്നവർക്ക് തന്നെ അരോചകമായി തോന്നും. ആരെങ്കിലും ഇത് എടുത്തുപറഞ്ഞാൽ പിന്നെ അത് ഏതുതരത്തിലും തുടച്ചുമാറ്റാനുള്ള തത്രപ്പാടാണ്. ഇത്രയ്‌ക്ക് തല പുണ്ണാക്കാതെ ഒരു കോട്ടൺ തുണി എണ്ണയിലോ മേക്കപ്പ് റിമൂവറിലോ മുക്കി തുടച്ചാൽ ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ.

3. കട്ടിയിൽ പുരികം എഴുതിയത് നീക്കാൻ

കട്ടിയിൽ പുരികം എഴുതി പുറത്തിറങ്ങിയാൽ ആദ്യം ആളുകൾ ചോദിക്കുന്നത് ഇതെന്താ കഥകളിക്ക് വേഷം കെട്ടിയിരിക്കുകയാണോ എന്നായിരിക്കും. വൃത്തിയുള്ള സ്പൂലി ബ്രഷ് മേക്കപ്പ് റിമൂവറിൽ മുക്കി പുരികം തുടച്ചാൽ മാത്രം മതി ഈ പ്രശ്നം പരിഹരിക്കാൻ. മേക്കപ്പ് റിമൂവറിനു പകരം ഒരിക്കലും എണ്ണ ഉപയോഗിക്കരുത്, അത് മുഖത്തു കിനിഞ്ഞിറങ്ങി മേക്കപ്പ് മുഴുവൻ വൃത്തികേടാക്കും.

4. കണ്ണെഴുത്ത് പാളിപ്പോയാൽ

കണ്ണെഴുതുമ്പോൾ തൃപ്തിയാവാതെ പലവട്ടം തുടച്ചു കളയുന്നവരുണ്ട്. അവസാനം കൺപോളകൾ നീറുന്നതു വരെ ഇത് തുടരും. സംഗതി വളരെ എളുപ്പമാണ്, ക്യു- ടിപ്പ് സ്റ്റിക്ക് ഐ ക്രീമിൽ മുക്കി എളുപ്പത്തിൽ ഐ ലൈനർ നീക്കം ചെയ്യാം. കൺപോളയ്‌ക്ക് മുകളിൽ പാട് വീഴുകയുമില്ല. ഐ ക്രീം നല്ലൊരു മോയ്‌സ്ച്ചറൈസർ കൂടിയായതുകൊണ്ട് കൺപോളകൾ വേദനകൊണ്ട് നീറുകയുമില്ല.