Tuesday 31 March 2020 11:11 AM IST

കോവിഡിനെ തുരത്താനും, ഒപ്പം കൈകളുടെ ഭംഗി നിലനിർത്താനും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

Delna Sathyaretna

Sub Editor

hand6tfbrgnrtjh

കോവിഡ്  19 നെ ചെറുക്കാൻ കുറഞ്ഞത് അറുപത് ശതമാനം ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ, സോപ്പ് ഇവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് ലോക ജനതയുടെ തന്നെ ശീലമായി. ദിവസവും പലതവണ ഇങ്ങനെ ചെയ്യുമ്പോൾ കൈകൾ പരുക്കനാവാനും ചർമത്തിന്റെ സ്വാഭാവികഭംഗി  നഷ്ടപ്പെടാനും ഇടയുണ്ട്. സ്വതവേ മൃദുലമല്ലാത്ത കൈകൾ കൂടുതൽ പരുക്കനാവുകയും വിണ്ട് കീറാനുമിടയുണ്ട്. വിണ്ട് കീറിയ ചർമത്തിലൂടെ രോഗാണുക്കൾക്ക് ശരീരത്തിൽ പ്രവേശിക്കുക എളുപ്പമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൈകൾ വ്യത്തിയാക്കുന്ന ശീലത്തിലൂടെ കോവിഡ് 19 നെ ചെറുക്കാനും ഒപ്പം കൈകളുടെ ഭംഗി നിലനിർത്താനും ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

1. കൈ കഴുകാൻ ബുദ്ധിമുട്ടുള്ളപ്പോൾ മാത്രം ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാത്തപ്പോൾ സോപ്പ് ഉപയോഗിച്ചാൽ മതിയെന്നാണ് ആരോഗ്യരംഗത്തെ വിദഗ്‌ധർ നൽകുന്ന നിർദേശം. പലരും അണുക്കൾ നശിക്കാനെന്ന പേരിൽ സോപ്പ് ഉപയോഗിക്കുമ്പോൾ ചൂട് വെള്ളം ഉപയോഗിച്ച് കൈകൾ കഴുകാറുണ്ട്.  ഇതിന്റെ ആവശ്യമില്ല. ഇളം ചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ മതിയാകും.

2. സോപ്പ് ഉപയോഗിച്ചു കഴുകിയതിന് ശേഷം കൈകൾ ശക്തിയായി തുടയ്ക്കരുത്. മൃദുവായ തുണി കൊണ്ട് നനവൊപ്പി മാറ്റുകയാണ് വേണ്ടത്. ഇതിന് ശേഷം കൈകളിൽ ഓയിൽ ബേസ്ഡ് ആയ ക്രീമോ ഹാൻഡ് ക്രീമോ പുരട്ടണം. ഇങ്ങനെ ചെയ്യുന്നത് കൈകളുടെ മൃദുലത നിലനിർത്താൻ സഹായിക്കും.

3. കിടക്കുന്നതിന് മുൻപ് കൈകളിൽ ക്രീമോ ഹാൻഡ് ക്രീമോ കട്ടിയായി പുരട്ടിയ ശേഷം കോട്ടൺ ഗ്ലൗസ് അണിയുക. വലുപ്പമുള്ള ഒരു കിഴങ്ങ് പുഴുങ്ങിയ ശേഷം അരച്ചെടുക്കുക. ഇതിൽ മൂന്ന് വലിയ സ്പൂൺ പാൽ ചേർക്കുക. ഈ കൂട്ട് കൈകളിൽ പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ കൈകൾ സുന്ദരമാകും.

4. ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയിൽ മൂന്ന്‌ വലിയ സ്പൂൺ തേൻ ചേർത്ത് കൈകളിൽ പുരട്ടുക. പത്തു മിനിറ്റിന് ശേഷം  ഇളം ചൂട് വെള്ളം കൊണ്ട് കഴുകണം. തുടർന്ന് മൂന്ന് വലിയ സ്പൂൺ  കടലമാവ് ആവശ്യത്തിന് വെള്ളം ചേർത്ത്  ക്രീം രൂപത്തിലാക്കി കൈകളിൽ പുരട്ടുക. പത്ത് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് കൈകൾ വൃത്തിയാക്കുക.

5. നാല് വലിയ സ്പൂൺ ഓട്സ് പൊടിച്ചത്, രണ്ട് വലിയ സ്പൂൺ നാരങ്ങാനീര്, കറ്റാർവാഴയുടെ ഉള്ളിലെ കുഴമ്പ് രണ്ട്  വലിയ സ്പൂൺ  ഇവ ചേർത്ത് മിശ്രിതമാക്കി കൈകളിൽ പുരട്ടുക. പത്ത് മിനിറ്റ് കഴിഞ്ഞ് കടലമാവ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

Tags:
  • Glam Up
  • Beauty Tips