Tuesday 14 September 2021 03:40 PM IST : By സ്വന്തം ലേഖകൻ

താരൻ ശല്യവും ഫംഗസ് ബാധയും മുടികൊഴിച്ചിൽ കൂട്ടും; കാരണങ്ങളും പരിഹാരങ്ങളും അറിയാം

Dandruff-55577

തിളങ്ങുന്നതും ഇടതൂർന്നതുമായ തലമുടി ഏവരുടെയും ശ്രദ്ധയാകർഷിക്കും. എന്നാൽ മുടികൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം പിളർന്നുപോകൽ, അകാലനര എന്നീ പ്രശ്നങ്ങൾ മുടിയുടെ അഴക് കുറയ്ക്കും. പ്രധാന വില്ലൻ താരനാണ്. താരൻ ശല്യവും ഫംഗസ് ബാധയും മുടികൊഴിച്ചിൽ കൂട്ടും. ഫംഗസ് ബാധയും താരനും മാറ്റാൻ ഉള്ളിൽ കഴിക്കാവുന്ന മരുന്നുകൾ, ലേപനങ്ങൾ ഷാംപൂ എന്നിവ ഉപയോഗിക്കാം. 

അലോപേഷ്യ ഏരിയേറ്റ എത്രത്തോളം ഭാഗം വരെ വ്യാപിച്ചിട്ടുണ്ടെന്നതിനെ ആശ്രയിച്ചാണ് അതിന്റെ ചികിത്സ. ലേപനങ്ങളും ത്വക്കിനടിയിലുള്ള കുത്തിവയ്പും കഴിക്കാനുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. പിസിഒഡി പോലുള്ള അവസ്ഥകൾക്ക് ഹോർമോൺ ചികിത്സ വേണ്ടിവരും. 

താരന് ഷാംപൂവും മരുന്നുകളും

ചർമത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന മൃതകോശങ്ങളുടെ അളവു കൂടുകയോ, അവ വളരെ വേഗത്തിൽ ഉണ്ടാകുകയോ ചെയ്യുമ്പോൾ താരൻ പ്രത്യക്ഷപ്പെടും. അതോടൊപ്പം ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. താരനു കാരണമാകുന്ന മറ്റൊരു രോഗമാണ് സോറിയാസിസ് (Psoriasis). താരനെതിരെയുള്ള ചികിത്സ കുറച്ചുനാൾ സ്ഥിരമായി ചെയ്യേണ്ടിവരും. പൊടിപോലെയുള്ള താരൻ നീക്കം ചെയ്യാൻ മിക്കപ്പോഴും പ്രത്യേക മരുന്നുകൾ ചേർന്നിട്ടില്ലാത്ത (Non-medicated) ഷാംപൂ മതിയാകും. ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ വീര്യമേറിയവ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

eye-danndddd

ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണു നല്ലത്. സെബോറിക് ഡെർമറ്റൈറ്റിസിന്റെ (തലയോട്ടിയിലെ ചർമം പൊളിഞ്ഞ് ഇളകുക, ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങൾ ഉള്ള രോഗം. ) ചികിത്സയ്ക്ക് ആന്റിഫംഗൽ മരുന്നുകളടങ്ങിയ ഷാംപൂവാണ് ഉപയോഗിക്കുന്നത്. താരൻ കൂടുതലായി ഉള്ളവർക്ക് ആരംഭത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നുപയോഗിക്കാം. ക്രമേണ ഉപയോഗം ആഴ്ചയിൽ ഒരിക്കലോ  രണ്ടാഴ്ചയിൽ ഒരിക്കലോ ആയി മിതപ്പെടുത്താം.  ചൊറിച്ചിൽ അധികമുണ്ടെങ്കിൽ സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ നൽകാറുണ്ട്.

ശിരോചർമത്തെ ബാധിക്കുന്ന സോറിയാസിസ് ചികിത്സിക്കാൻ കോൾടാർ (Coaltar) അടങ്ങിയ ഷാംപൂ ആണു പ്രധാനമായും ഉപയോഗിക്കുന്നത്. കട്ടികൂടിയ ശൽക്കങ്ങളെ നീക്കം ചെയ്യുന്ന ചില മരുന്നുകളും ഉപയോഗിക്കാറുണ്ട്. ഈ ചികിത്സ ഫലിക്കാത്തവർക്ക് ഉള്ളിൽ കഴിക്കുന്ന മരുന്നുകളും നൽകാറുണ്ട്. ശിരോചർമത്തെ ബാധിക്കുന്ന ഡെർമറ്റോഫൈറ്റോസിസ് എന്ന ഫംഗസ് ബാധ, ചർമരോഗവിദഗ്ധന്റെ നിർദേശാനുസരണം ആന്റിഫംഗൽ ഗുളികകളും ലേപനങ്ങളും ഉപയോഗിച്ചു ചികിത്സിക്കണം.

ടിപ്‌സ് 

. വീര്യമേറിയ ഷാംപൂ ഒഴിവാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണു നല്ലത്. 

. സോറിയാസിസ് രോഗികൾക്ക് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരവും ഗുളികകളും സഹായകരമാകാറുണ്ട്. മാനസിക സമ്മർദമുണ്ടാകാതെ നോക്കുകയും വേണം. 

. കുളിക്കുന്നതിനു മുൻപ് ശിരസ്സിൽ ചെറിയ അളവിൽ എണ്ണ പുരട്ടാം. എന്നാലത് ഒട്ടും അധികമാകരുത്. മാത്രമല്ല, കുളി കഴിഞ്ഞശേഷമുള്ള എണ്ണയുടെ ഉപയോഗവും ഒഴിവാക്കണം.  

Tags:
  • Glam Up
  • Beauty Tips