Tuesday 30 August 2022 04:36 PM IST : By സ്വന്തം ലേഖകൻ

‘പുതിനയിലയുടെ നീര്, പുളിച്ച തൈര്, തുളസിയില നീര്..’; ചെറിയൊരു പരീക്ഷണത്തിലൂടെ താരൻ പമ്പ കടക്കും, ടിപ്സ്

shutterstock_1727511442

നീണ്ട ഇടതൂര്‍ന്ന മുടി ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. പക്ഷേ, മുടിയൊന്നു വളര്‍ന്നു കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. അത്രത്തോളം ശ്രദ്ധയോടെയുള്ള പരിചരണം മുടിയ്ക്ക് ആവശ്യമാണ്. മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും താരൻ മാത്രം പോകുന്നുമില്ല മുടി കൊഴിച്ചിൽ കൂടുന്നുമുണ്ട് എന്നു പരാതിപ്പെടുന്നവർ ഏറെയാണ്. എന്നാല്‍ വീട്ടിൽ വച്ചു ചെയ്യാവുന്ന ചെറിയൊരു പരീക്ഷണത്തിലൂടെ താരൻ പമ്പ കടക്കും. 

ടിപ്സ് 

. താരനുള്ളവർ പറ്റുമെങ്കിൽ എന്നും തല കഴുകണം. അതിനായി വീര്യമില്ലാത്ത റഗുലർ ഷാംപൂ വാങ്ങുന്നതായിരിക്കും ഉത്തമം. ഷാംപൂ ചെയ്യുന്നതിനു മുന്‍പ് തലയില്‍ എണ്ണ പുരട്ടാനും മറക്കരുത്. തലയോട്ടിയിലും മുടിയിലും എണ്ണ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അഞ്ചോ പത്തോ മിനിറ്റു മസാജ് ചെയ്യണം. മസാജ് ചെയ്യാൻ മടിയുള്ളവർ അഗ്രം കൂർത്തതല്ലാത്ത ചീർപ്പുപയോഗിച്ച് നന്നായി ചീവാം. മുറിവുകളുണ്ടാവും വിധത്തിൽ ശക്തമായി ചീവരുത്. ഈ രീതി തുടരുന്നതിലൂടെ രക്തചംക്രമണം വർധിക്കുന്നതിനൊപ്പം മൃതകോശങ്ങൾ പൊഴിഞ്ഞുപോവുകയും ചെയ്യും. ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ താരനെ ഇല്ലാതാക്കാം. 

. ഉള്ളിയും താരന്‍ നീക്കം ചെയ്യാൻ ഫലപ്രദമാണ്. ചുവന്നുള്ളിയോ സവാളയോ എടുക്കുക. ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഇട്ട് അരച്ചു പേസ്റ്റാക്കുക. ശേഷം ഈ മിശ്രിതം ഒരു തുണിയിലേക്കാക്കി പിഴിഞ്ഞ് നീരു മാത്രമെടുത്ത് അതു തലയിലേക്ക് പുരട്ടി കുറച്ചു നേരം വയ്ക്കാം. സൾഫർ കണ്ടന്റ് ധാരാളമുള്ള ഉള്ളി താരനെ കളയുന്നതിനൊപ്പം മുടി വളർച്ചയെ പരിപോഷിപ്പിക്കുന്നു.

. പുതിനയിലയുടെ നീര്, പുളിച്ച തൈര്, തുളസിയില നീര്, തലേദിവസം കുതിർത്തുവച്ച ഉലുവ അരച്ചെ‌ടുത്തത്, അലോവേര ജ്യൂസ് ഇവയൊക്കെ താരനെ അകറ്റാൻ നല്ലതാണ്. 

Tags:
  • Glam Up
  • Beauty Tips