Tuesday 14 June 2022 03:04 PM IST : By സ്വന്തം ലേഖകൻ

‘ചര്‍മത്തില്‍ ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കും കറുവപ്പട്ട’; മുഖത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത ആറു വസ്തുക്കള്‍, അറിയാം

cinnamon556777

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന സകല ക്രീമുകളും വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. ഒപ്പം പ്രകൃതിദത്ത രീതികള്‍ പിന്തുടരുന്നവരുമുണ്ട്. അടുക്കളയില്‍ സാധാരണയായി ലഭ്യമായിട്ടുള്ള എല്ലാ പച്ചക്കറികളും പഴവര്‍ഗങ്ങളും ചര്‍മത്തിനു നല്ലതാണെന്ന ധാരണ പൊതുവേ പലര്‍ക്കുമുണ്ട്. എന്നാല്‍ പ്രകൃതിദത്തമെന്നു നമ്മള്‍ വിശ്വസിക്കുന്ന ചില വസ്തുകള്‍ ഒരു കാരണവശാലും മുഖത്തു പുരട്ടാന്‍ പാടില്ല. താഴെ പറഞ്ഞിരിക്കുന്ന ആറു വസ്തുക്കള്‍ ചർമകാന്തിയ്ക്ക് ഉപയോഗിക്കരുത്.

ആല്‍ക്കഹോള്‍ 

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ നല്ലതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇതില്‍പ്പരമൊരു മണ്ടത്തരമില്ല. ആല്‍ക്കഹോള്‍ ചര്‍മത്തിനു ദോഷകരമാണെന്നു മാത്രമല്ല, ചര്‍മത്തിന്റെ പോഷകങ്ങള്‍ കവര്‍ന്നെടുക്കുകയും നൈസര്‍ഗിക ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യും. 

മയോണൈസ്‌

ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ മയോണൈസ് പുരട്ടുന്നവർ ചര്‍മസൗന്ദര്യം മറന്നേക്കൂ. മയോണൈസിലെ ഘടകങ്ങള്‍ ചര്‍മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും മുഖത്ത് കറുത്തപാടുകളും മുഖക്കുരുവും ഉണ്ടാക്കുകയും ചെയ്യും.

മുട്ട 

പച്ചമുട്ട മുഖത്തു തേച്ചുപിടിപ്പിച്ചാല്‍ ചര്‍മം തൂങ്ങുന്നത് തടയാന്‍ കഴിയുമെന്ന് പറയുന്നു. എന്നാല്‍ പച്ചമുട്ടയില്‍ സാല്‍മോണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് പുരട്ടിയാല്‍ നിങ്ങളറിയാതെ ഇതിന്റെ അംശങ്ങള്‍ വയറ്റില്‍ എത്തുക വഴി ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. 

നാരങ്ങാനീര് 

സിട്രിക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങാനീര് ചര്‍മത്തിനു നല്ലതാണെന്നു കരുതിയാല്‍ തെറ്റി. ചര്‍മത്തിലെ കറുത്തപാടുകള്‍ നീക്കാന്‍ ഇത് നല്ലതാണ് എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഈ ആസിഡ് അംശം നിങ്ങളുടെ ചര്‍മത്തിന്റെ സുരക്ഷിത കവചത്തെ നശിപ്പിച്ച് ചര്‍മത്തില്‍ പൊള്ളലുണ്ടാക്കുകയാണ് ചെയ്യുന്നത്.

ബേക്കിങ് സോഡ 

മൂക്കിന്‍ തുമ്പത്തെ കറുപ്പ് അഥവാ കാരയകറ്റാന്‍ ബേക്കിങ് സോഡ നല്ലതാണെന്നു പറയുന്നവരുണ്ട്. പക്ഷേ, ഇത് ചര്‍മത്തിലെ പിഎച്ച് കണ്ടന്റ് കുറയ്ക്കുകയും ഹാനികരമാക്കുകയും ചെയ്യും.

കറുവപ്പട്ട 

കറുവപ്പട്ട അരച്ച് മുഖത്തിടുന്നത് ഒട്ടും നല്ലതല്ല. ഇത് പുരട്ടിയാല്‍ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകും. കൂടാതെ പിഎച്ച് കണ്ടന്റ് കുറച്ച് ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ ഇല്ലാതാക്കും.

Tags:
  • Glam Up
  • Beauty Tips