Tuesday 13 August 2024 04:14 PM IST : By സ്വന്തം ലേഖകൻ

‘ചർമ്മത്തിൽ ജലാംശം നിലനിർത്താൻ വെളിച്ചെണ്ണ’; വരണ്ടചർമം എങ്ങനെ ചികിത്സിക്കാം? അറിയേണ്ടതെല്ലാം

dry-skin233

വരണ്ട ചർമ്മവും തന്മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങളും പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യമായി വരണ്ട ചർമ്മം എന്ന രോഗാവസ്ഥ ചില കുടുംബങ്ങളിൽ കാണാറുണ്ട്. അതുപോലെ തന്നെ ത്വക്കിൽ കാണുന്ന വരൾച്ച ഉള്ളിലുള്ള ചില രോഗങ്ങളുടെ ഒരു ലക്ഷണവും ആകാം. ജനിതക കാരണങ്ങൾ കൊണ്ടും ത്വക്കിന്റെ ചില ഘടകങ്ങളിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും, കട്ടിയുള്ള സോപ്പ്, മറ്റ് ക്ലീനറുകൾ മുതലായവയുടെ അമിത ഉപയോഗവും വരണ്ട ചർമ്മത്തിന് കാരണമാകുന്നു. 

ചിലതരം രോഗാവസ്ഥയുടെ ത്വക്കിൽ വരുന്ന ഒരു പ്രധാന ലക്ഷണം വരണ്ട ചർമ്മം ആണ്. പോഷക ആഹാരക്കുറവ്, തൈറോയിഡ് ഹോർമോണിന്റെ വ്യതിയാനം, പ്രമേഹം (diabetes), വാതസംബന്ധമായ ചില  അസുഖങ്ങൾ,  AIDS, ചിലതരം രക്താർബുദം (hematological malignancy) എന്നീ അസുഖമുള്ളവർക്ക് ചർമ്മം വരണ്ടതായി കാണാറുണ്ട്. ചില മരുന്നുകൾ ഉദാ: കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ചർമം വരണ്ടതാക്കാം. 

എങ്ങനെ ചികിത്സിക്കാം?

വരണ്ടചർമം ഉള്ളവരിൽ കാണുന്ന പ്രധാന പ്രശ്നം ത്വക്കിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് തടയാനും ചർമ്മത്തിന്റെ പ്രതിരോധ മതിൽ പ്രവർത്തനക്ഷമം ആകുന്നതിന് ഇമോലിയന്റ്സ് അഥവാ മോയ്സ്ചറൈസർ കൂടെ ഉപയോഗിക്കുക എന്നതാണ് മാർഗ്ഗം.

∙ പാരഫിൻ, പെട്രോളിയം ജെല്ലി, ലെസിതിൻ എന്നീ ചേരുവകൾ ഉള്ള മോയ്സ്ചറൈസറുകൾ തൊലിയുടെ മുകളിൽ ഒരു പാളി പോലെ പ്രവർത്തിച്ച് ജലാംശം ത്വക്കിൽ നിന്ന് നഷ്ടപ്പെടുന്നത് തടയുന്നു. 

∙ ഗ്ലിസറിൻ പോലുള്ളവ അന്തരീക്ഷത്തിൽ നിന്ന് ജലാംശം വലിച്ചെടുത്ത് തൊലിയിലേക്ക് കൊടുക്കുന്നു.

∙ ശരീരത്തിൽ എണ്ണ പുരട്ടുന്നതും ചർമ്മത്തിലെ വരൾച്ച കുറയ്ക്കാൻ സഹായിക്കും. മറ്റു പല തരത്തിലുള്ള എണ്ണയേക്കാൾ വെളിച്ചെണ്ണ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

∙ സെറാമൈഡ്, കൊളസ്ട്രോൾ എസ്റ്ററുകൾ മുതലായവ അടങ്ങിയിട്ടുള്ള മോയിസ്ചറൈസർ ചർമ്മത്തിൽ ആഴ്ന്ന് ഇറങ്ങി, ചർമ്മത്തിന്റെ തനതായ കൊഴുപ്പ് ഘടകങ്ങളെ കൂട്ടുകയും തന്മൂലം ചർമ്മം മൃദുവാകാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള മോയ്സ്ചറൈസർ  ചെറിയ കുഞ്ഞുങ്ങളിലും ഉപയോഗിക്കാം.

∙ ജനിതകമായ കാരണങ്ങൾ കൊണ്ട് വരുന്ന വരണ്ട ചർമ്മത്തിന് റെറ്റിനോയ്ഡ് പോലുള്ള ചില ഗുളികയും ചികിത്സയുടെ ഭാഗമായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ളവരിൽ കാണാറുള്ള കൈവെള്ളയിലെയും കാൽവെള്ളയിലെയും കട്ടിയുള്ള തൊലിക്ക് സാലിസിലിക് ആസിഡ്, യൂറിയ പോലുള്ള മരുന്നുകളും നൽകാറുണ്ട്.

∙ സോപ്പിന്റെ ഉപയോഗം കുറയ്ക്കാനും മോയ്സ്ചറെസറിന്റെ ഉപയോഗം കൂട്ടാനും വരണ്ട ചർമം ഉള്ളവർ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ത്വക്കിന്റെ pH നില നിർത്തുകയും അതിലെ ലിപിഡ് കളയാതെ ചർമ്മം വൃത്തിയാക്കുന്ന തരത്തിലുള്ള ‘syndel’ സോപ്പുകളാണ് വരണ്ട ചർമം ഉള്ളവർക്ക് ഉത്തമം.

∙ കുളിച്ചതിനുശേഷം ചർമ്മത്തിൽ ചെറിയ നനവുള്ളപ്പോൾ തന്നെ മോയ്സ്ചറൈസർ  ഉപയോഗിക്കേണ്ടതാണ്. വരണ്ട ചർമത്തിന്റെ കാരണങ്ങൾ പരിശോധിക്കുകയും ചർമ്മത്തിന് അനുയോജിതമായ സോപ്പും മോയ്സ്ചറൈസറും ഉപയോഗിക്കുന്നത് ഈ അസുഖത്തിന്റെ ചികിത്സയിൽ വളരെ അധികം പ്രാധാന്യം ഉള്ളതാണ്.

ഡോ. അബിൻ ഏബ്രഹാം ഇട്ടി, കൺസൽറ്റന്റ്, എച്ച്ഒഡി, ഡെർമറ്റോളജി വിഭാഗം, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ

Tags:
  • Glam Up
  • Beauty Tips