Friday 12 January 2018 10:47 AM IST

പാദ സംരക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Shyama

Sub Editor

legs

മുഖത്തു വന്ന കൊച്ചു കുരുവിനു പോലും വലിയ ശ്രദ്ധ കൊടുക്കുമ്പോൾ അൽപം കനിവു തേടുന്നൊരാളുണ്ട്... കാൽ.  
കാലിലൊരു മുറിവു വന്നാൽ, തടിപ്പു കണ്ടാൽ അതു ശ്രദ്ധിക്കുകയേ ചെയ്യാതെ നടക്കാൻ മിടുക്കരാണ് നമ്മൾ. നഖത്തിൽ ഇട്ട നെയിൽ പോളിഷ് മാറ്റാതെ മാസങ്ങളോളം അതിനു മുകളിൽ വേറെ കോട്ടുകൾ അടിക്കാനും മടിയില്ല. കാലിന്റെ ഘടനയെ തന്നെ താളം തെറ്റിക്കുന്ന ചെരുപ്പുകളിട്ട് വരുത്തുന്ന രോഗങ്ങൾ വേറെ! കാലിന്റെ കാര്യത്തിൽ പതിവിലും ഇത്തിരി കൂടുതൽ ശ്രദ്ധിച്ചു തുടങ്ങാം.

ചെരുപ്പിലൊരുപാടു കാര്യമുണ്ട്

കാണാൻ ഭംഗിയുള്ളത് വാങ്ങും, ഓഫറുള്ളപ്പോ രണ്ടു മൂന്നെണ്ണം വാങ്ങും, ഒരെണ്ണം പൊട്ടാറാവുമ്പോ അടുത്തതു വാങ്ങും, മഴ വരുമ്പോ മഴയത്തിടാനുള്ള ചെരുപ്പും കൂടി വാങ്ങും... എന്താണ് ചെരുപ്പു വാങ്ങാനുള്ള ‘ക്രൈറ്റീരിയ’ എന്നു കുറച്ചാളുകളോടു ചോദിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർ പറഞ്ഞത് ഇതൊക്കെയാണ്. ശരിക്കും എന്താണ് ചെരുപ്പു വാങ്ങുമ്പോൾ നോക്കേണ്ടത്? എന്തൊക്കെ തരം ചെരിപ്പുകളാണ് നമുക്കുണ്ടായിരിക്കേണ്ടത്? എപ്പോഴാണ് ചെരിപ്പ് ഉപേക്ഷിക്കേണ്ടത്? എല്ലാത്തിനും ഉത്തരമുണ്ട്...
ചെരുപ്പു വാങ്ങാൻ പോകുമ്പോൾ കൈയ്യിൽ ഒരു നാണയം കരുതുക. വാങ്ങാനുദ്ദേശിക്കുന്ന ചെരുപ്പിന്റെ അകത്ത് മുപ്പത് സെക്കന്റ് നാണയം അമർത്തി വച്ച ശേഷം മാറ്റാം. നാണയം വച്ചമർത്തിയ ഭാഗം കുഴിഞ്ഞ് തന്നെ ഇരിക്കുകയാണെങ്കിൽ അതിലെ ‘പ്രഷർ ഡിസ്ട്രിബ്യൂഷൻ’ ശരിയല്ല എന്നാണർഥം. നാണയം വച്ചതിന്റെ കുഴിവു മാറി പഴയ പോലെയാകുന്ന ചെരുപ്പ് മർദ്ദം തുല്യമായി വിതരണം ചെയ്യുന്നതാണ്. അതു വാങ്ങാം.

സ്ഥിരമായി ഹൈഹീൽസും ഫ്ലാറ്റ്സും ഇടുന്നത് കാലുകളെ ദോഷകരമായി ബാധിക്കും. ഹൈഹീൽ ചെരുപ്പുകൾ എപ്പോഴുമിടുന്നവരുടെ കാലിന്റെ വിരലുകളാകും ഏറ്റവും ഉച്ചത്തിൽ കരയുക. അവരുടെ കാൽപ്പാദത്തിന്റെ മുൻവശത്തേക്ക് ശക്തമായ മർദ്ദം വരും. കാലിന്റെ മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ടെൻഡണുകൾ ചുരുങ്ങി പോകും. സാധാരണ ചെരുപ്പിട്ടു നടക്കുമ്പോഴും ചെരുപ്പില്ലാതെ നടക്കുമ്പോഴും ഹീലിന്റെ ഭാഗത്ത് അസഹ്യമായ വേദനയനുഭവപ്പെടുകയും ചെയ്യും. കാലത്തെഴുന്നേറ്റ് തറയിൽ കാലുകുത്തുമ്പോൾ കുത്തുന്ന വേദന വരുന്നതും സ്ഥിരമായുള്ള ഹൈഹീലിട്ടുള്ള ഏറെ നേരമുള്ള നടപ്പും നിൽപ്പും കാരണമാണ്.
ശരിയായി ഫിറ്റ് ആകാത്ത ചെരുപ്പിട്ടു ശീലിച്ചാൽ കാൽവണ്ണയ്ക്കു ബലക്ഷയം വരും കൊളുത്തി വലിക്കുന്ന വേദനയും ഉണ്ടാകും. രാത്രി കിടക്കാൻ നേരം പോലും കോച്ചി വലിക്കുന്ന വേദന നീണ്ടു നിൽക്കും.

മുൻവശം ഇറുകി ഇരിക്കുന്ന ചെരിപ്പുകൾ വിരലുകൾക്കു വളവുണ്ടാക്കും. എപ്പോഴും അമർന്നിരുക്കുന്ന കാരണം നഖങ്ങൾക്കു നിറവ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്. നഖങ്ങൾ പൊട്ടിപ്പോകാനും അവയുടെ വളർച്ച മുരടിക്കാനും മുൻവശം ഇറുകിയ ചെരുപ്പ് കാരണമാകും.
തീരെ ഫ്ലാറ്റായ ചെരുപ്പിടുന്നത് കാലിന്റെ സ്വാഭാവികമായ വില്ലാകൃതിക്കു മാറ്റം വരുത്തും. ഫ്ലാറ്റ് ഉപയോഗിക്കാൻ ആഗ്രഹമുള്ളവർ ചെരുപ്പിനകത്ത് അൽപ്പം ഹീലുള്ള ഇൻസോൾ വച്ചിടാവുന്നതാണ്.

അധിക സമയം ഇട്ടുനിൽക്കാനുള്ള ചെരുപ്പിന് ഒരിഞ്ചു വരെ ഹീൽ ഉണ്ടാകുന്നതാണ് നല്ലത്. വിരലുകൾ ഇടുങ്ങി ഇരിക്കാതെ ചെരുപ്പിന്റെ മുൻവശത്ത് അൽപ്പം വിസ്താരമുണ്ടാകണം. വീട്ടിലിടാൻ, പുറത്തു പോകാൻ, വ്യായാമം/ജോഗിങ്ങ് ചെയ്യാൻ അതാതാവശ്യങ്ങൾക്കനുസരിച്ചുള്ള ചെരുപ്പുകൾ പ്രത്യേകം തിരഞ്ഞെടുക്കാം. ഓടാനും നടക്കാനും ക്യാൻവാസ് ഉപയോഗിക്കുന്നതിലും നല്ലത് നല്ല ഗ്രിപ്പും കംഫർട്ടും തരുന്ന ബ്രാൻഡഡ് ഷൂസ് തന്നെ ഇടുന്നതാണ്.

ഒരു വശം മാത്രം തേഞ്ഞ് ചെരുപ്പ് ഉപേക്ഷിക്കാതെ അതിട്ടു നടക്കുന്നവർ കാലിനു മറ്റു പല അസുഖങ്ങളും വരുത്തി വയ്ക്കും. അതു കൊണ്ട് ചെരിപ്പിനു തെയ്മാനം വന്നാലുടൻ അതു മാറ്റി പുതിയതു വാങ്ങാം. കാൽവിരലിനിടുക്കുകളിലും എല്ലുകൾക്കടിയിലുമായി ഉണ്ടാകുന്ന കട്ടിയുള്ള മൃതകോശങ്ങളാണ് ആണി. മോശം പാദരക്ഷകൾ ഇടുന്നതു വഴി, ഒരിടത്തു തന്നെ മർദ്ദം കൂടുന്നതു വഴിയൊക്കെയാണ് ആണിയുണ്ടാകുന്നത്. അകത്തുള്ള കോശങ്ങളിൽ നിന്ന് ആണി എടുത്തു കളയാൻ നല്ല ബുദ്ധിമുട്ടാണ്. പാകമല്ലാത്ത വലിയ ചെരുപ്പിട്ട് നടക്കുമ്പോൾ ചർമത്തിൽ ഉരസുന്നത് ആണിയുണ്ടാവാൻ ഇടയാക്കും.


തള്ളവിരനിനടിയിൽ വരുന്ന ചെറിയ മുഴയാണ് പെരുവിരൽ വീക്കം. തള്ളവിരലിനടുത്തുള്ള വിരലിനെ തള്ളവിരൽ അമർത്തി, വിരലിന്റെ മടക്കിനെ വലുതാക്കുന്നതാണ് വീക്കം വരാനുള്ള കാരണം. കാലുകളുടെ ആകൃതിക്കിണങ്ങാത്ത ചെരുപ്പിടുന്നതാണ് കാരണം. കാലിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ വിരലിനു നടുവിലായി മടക്കു വരുന്നതിനെ ഹാമർടോ എന്നു വിളിക്കുന്നു.ചുറ്റികയുടെ ആകൃതിയുള്ളതുകൊണ്ടാവാം ഈ പേരു വന്നത്. ഇറുകിയ ചെരുപ്പിടുന്നതു കൊണ്ടോ, അഗ്രം ഇറുകിയ ഹൈഹീൽ ചെരുപ്പിട്ടാലും ഹാമർടോ വരാം. ഇതു പോലുള്ള പല തരം പ്രശ്നങ്ങളും തലവേദനയും നടുവേദനയുമൊക്കെ മോശം ചെരുപ്പുകൾ ഉപയോഗിക്കുന്നതു കൊണ്ട് വരാം. അതുകൊണ്ട് കാലുകളെ അറിഞ്ഞ് ചെരുപ്പു വാങ്ങാം.


ഏതു തരം കാലാണ് എന്റേത്?

പരന്ന, ഉയർന്ന, സാധാരണ കാൽപ്പാദങ്ങൾ... ഇവയിലേതാണ് നിങ്ങളുടേത്? അതറിയാൻ എളുപ്പത്തിൽ ചെയ്യാവുന്ന ടെസ്റ്റാണ് ‘വെറ്റ് ടെസ്റ്റ്’. കാലു നനച്ചിട്ട് ഒരു ബ്രൗൺ പേപ്പറിൽ ചവുട്ടി നിന്നിട്ട് ഉടനെ മാറുക. കടലാസിൽ വിരലുകളുൾപ്പെടെ വിടവില്ലാതെ കാല്‍പ്പാദത്തിന്റെ ആകൃതി മുഴുവൻ തെളിഞ്ഞെങ്കിൽ നിങ്ങൾക്ക് ഫ്ലാറ്റ് ഫുട്ട്/പരന്ന പാദങ്ങളാണ്. ഇത്തരക്കാരുടെ ചെരുപ്പ് ഹീലിന്റെ വശത്തു നിന്ന് ആദ്യം തേഞ്ഞു തുടങ്ങും.

കടലാസിൽ വിരലിന്റെ അഗ്രങ്ങളും  ഉപ്പൂറ്റിയും മാത്രമാണ് തെളിയുന്നതെങ്കിൽ അതിനർത്തം ഉയർന്ന ആർച്ചുള്ള പാദത്തിനുടമയാണ് നിങ്ങൾ എന്നാണ്. ഹീലിന്റെ വശങ്ങളിൽ നിന്നും മുൻവശത്തു നിന്നും ചെരുപ്പ് എളുപ്പം തേഞ്ഞു പോകാൻ സാധ്യതയുണ്ട്.
കാല്‍ കടലാസിൽ നിന്നും മാറ്റിയാൽ വിരലുകളുടെ അടയാളം ഉപ്പൂറ്റി അതിനെ യോജിപ്പിക്കുന്ന നേരിയ വര അരികിലും കണ്ടാൽ നിങ്ങളുടേത് സാധാരണ കാല്‍പാദമാണ്. ഇത്തരക്കാരുടെ ചെരുപ്പ് ഒരേപോലെ എല്ലാ വശങ്ങളിൽ നിന്നും മാത്രമേ തേഞ്ഞു പോകൂ. കാല്‍പ്പാദങ്ങളുടെ ആക്യതിക്കനുസരിച്ചുള്ള ‘ഇൻസോളുകൾ’ വാങ്ങി ചെരുപ്പിനുള്ളിൽ വച്ചു നടക്കുന്നതാണ് ആരോഗ്യകരം.

പ്രമേഹവും കാലുകളും

ലോകത്തിന്റെ രണ്ടാം പ്രമേഹ കേന്ദ്രം ഇന്ത്യയാണ്. ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്നതാകട്ടേ കേരളവും. അന്താരാഷ്ട  പ്രമേഹ നിലവാര കണക്കനുസരിച്ച് ഇന്ത്യയിൽ 45 ശതമാനമാണ് പ്രമേഹം ബാധിച്ച് ആംപ്യൂട്ടേഷൻ ചെയ്യുന്ന നിരക്ക്. യുഎസ്സിൽ 18ഉം യുകെയിൽ 19ഉം ആണ് ശതമാനമെന്ന് അറിയുമ്പോഴാണ് അതിന്റെ ഭീകരത നമ്മൾ അറിയുന്നത്.

പ്രമേഹമുള്ളവർ സാധാരണ ചെരുപ്പുകൾക്കു പകരം ഡയബറ്റിക് ഫുട്ടവെയർ ഉപയോഗിക്കുക. പ്രമേഹ രോഗികൾക്കിണങ്ങുന്ന ആറേഴുതരം വസ്തുക്കൾ കൊണ്ട് നിർമിക്കുന്നതാണ് ഡയബറ്റിക് ഫൂട്ട്‌വെയർ. കാലുകളെ കഴിവതും പൊട്ടലുകളിൽ നിന്നും പോറലുകളിലും നിന്ന് സംരക്ഷിക്കുന്ന തരത്തിലാണ് ചെരുപ്പുകള്‍ നിർമിച്ചിരിക്കുന്നത്.

പ്രമേഹമുള്ളവർ ഒരുകാരണവശാലും ചെരുപ്പിടാതെ നടക്കരുത്, വീടിനുള്ളിൽ പോലും. കാലുകൾ വരണ്ടു പൊട്ടുന്നതു തടയാൻ രാവിലെയും വൈകിട്ടും കുളികഴിഞ്ഞാൽ വാസലീൻ ഇട്ട് തടവുക. കാലു വേദന വന്നാൽ മസാജ് ചെയ്യുന്നതും അതു പൊലെ ചൂടു വെള്ളത്തിൽ കാലിറക്കി വയ്ക്കുന്നതും ചെയ്യാതിരിക്കുക. പ്രമേഹ രോഗികൾക്കു പൊതുവേ സംവേദനക്ഷമത(സെൻസിറ്റിവിറ്റി) കുറയും. മാസാജ് ചെയ്യുമ്പോൾ നഖമോ മറ്റു വസ്തുക്കൾ കൊണ്ടു മുറിഞ്ഞാലോ വെള്ളത്തിനു ചൂടു കൂടുതലായാലോ ഇക്കൂട്ടർ അറിയണമെന്നില്ല. മുറിവുകളും പൊള്ളലുകളും ഉണ്ടായാൽ അവ ഉണങ്ങാനും സമയമെടുക്കും. സ്വന്തമായി നഖം വെട്ടുന്നത്, പ്രത്യേകിച്ച് ബ്ലെയ്ഡ് കൊണ്ടും കത്തികൊണ്ടും ഒക്കെ വെട്ടുന്ന ശീലം വേണ്ടേ വേണ്ട!

പ്രമേഹമുള്ളവർ മുൻവശത്ത് വിസ്താരമുള്ള ചെരുപ്പു വാങ്ങണം. ലോഹം കൊണ്ടുള്ള ബക്കിളുകൾ പിടിപ്പിച്ച ചെരുപ്പുകൾ കാലിൽ തട്ടി മുറിവുണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് അതും വേണ്ട. ഷൂ ലെയ്സ്, അല്ലെങ്കിൽ വെൽക്രോ പിടിപ്പിച്ച മനോഹരമായ ഡിസൈനിലുള്ളവ നോക്കിയെടുക്കാം.

സുന്ദരമായ പാദങ്ങൾക്ക്...


∙ മുഖത്തെ മൃതകോശങ്ങൾ അകറ്റാൻ സ്ക്രബ് ചെയ്യുന്നതു പോലെ കാലിലെ മൃതകോശങ്ങൾ നീക്കാനായി ചെറുചൂടു വെള്ളത്തിൽ ഇന്തുപ്പു കലർത്തി പാദങ്ങൾ പത്തു മിനിറ്റ് മുക്കി വയ്ക്കുക.
കടുപ്പമുള്ള കട്ടൻചായയിൽ കാൽ മുക്കി വച്ചിട്ടു ഉരസ്സിക്കഴുകിയാലും മൃതകോശങ്ങൾ അകലും.
∙ പച്ചപ്പായുടെ പാൽ പാലുള്ള കറ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് ബ്രഷ് കൊണ്ട് ഉരച്ചു കഴുകാം. ആഴ്ച്ചയിലൊരിക്കൽ ചെയ്താൽ കാലുകൾ വിണ്ടുകീറുന്നത് കുറയും.
കടുകെണ്ണയിൽ അൽപ്പം മെഴുകൊഴിച്ച് ഇളം ചൂടാക്കി കാലിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത് കിടക്കുക. (കാൽ ടവലിനു മുകളിലോ മറ്റോ വച്ചുറങ്ങിയാൽ മതി) കാലത്തെഴുന്നേറ്റ് കഴുകാം. ആഴ്ച്ചയിലൊരു തവണ ചെയ്താൽ കാലു വിള്ളുന്നത് കുറയ്ക്കാം.
∙ കടുകെണ്ണ ചെറുചൂടിലൊഴിക്കുന്നത് കുഴിനഖം മാറാൻ നല്ലതാണ്. മാറുനന്നതു വരെ ദിവസവും ചെയ്യാം.
∙ ഷൂസ്, സോക്സ് ഒക്കെ ഇട്ടിട്ട് കാലിൽ നിന്ന് ദുർഗന്ധം വിട്ടു മാറുന്നില്ലെങ്കിൽ പഞ്ഞിയിൽ ആപ്പിൾ വിനീഗർ മുക്കി അതുകൊണ്ട് കാൽ തുടയ്ക്കാം.
∙ ഏറെ നേരം നിന്നും നടന്നും കഴിഞ്ഞ് കാലുകൾക്ക് ആശ്വാസം പകരാൻ റ്റി ട്രീ ഓയിൽ/ ലാവഡർ ഓയിൽ എന്നിവ കൊണ്ട് മസാജ് ചെയ്യാം.
∙ നഖങ്ങളിലെ ഫംഗൽ ഇൻഫെക്ഷനുകൾ മാറാൻ മൈലാഞ്ചി അരച്ചിടുക.
∙ കാലിന്റെ വരൾച്ച മാറി മൃദുലമാകാൻ പനിനീരും ഗ്ലിസറിനും തുല്യ അളവിലെടുത്ത് കാലിൽ‌ പുരട്ടി മസാജ് ചെയ്തിട്ട് കഴുകി കളയാം.
‌∙ കറ്റാർ വാഴയുടെ ജെൽ പോലുള്ള ഭാഗവും കടലപ്പോടിയും ചേർത്തരച്ച് കാലിലിട്ട് 10-15 മിനിറ്റു വച്ച് കഴുകി കളഞ്ഞാൽ കരുവാളിപ്പു മാറും. വെയിലത്തു പോകുന്നവർക്കും വണ്ടിയോടിക്കുന്നവർക്കും ഇത് സ്ഥിരമായി ചെയ്യാം.
∙ നെയിൽ പോളിഷ് ഇടുന്നവർ ഒരാഴ്ച്ച ഒന്നുമിടാതെ നഖങ്ങളെ ശ്വസിക്കാൻ അനുവദിച്ചിട്ട് വേണം അടുത്തത് ഇടാൻ. ബേയ്സ് കോട്ടിട്ടിട്ട് നെയിൽ പോളിഷ് ഇടുന്നതാണ് എപ്പോഴും നല്ലത്.  

വിവരങ്ങൾക്കു കടപ്പാട്: ഡോ. അജിത് കുമാർ വർമ, പോ‍ഡിയാട്രിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി, എറണാകുളം.
                                         ഡെന്നിസ് ബാബു, ബ്യൂട്ടിഷ്യൻ, എക്സൽ ബ്യൂട്ടിപാർലർ, തൃപ്പൂണിത്തുറ.