Friday 31 December 2021 04:47 PM IST : By സ്വന്തം ലേഖകൻ

‘കുഴിഞ്ഞ കണ്ണുള്ളവർക്ക് ഐലൈനർ, കണ്ണിനു വലുപ്പം തോന്നാൻ വാലിട്ടു കണ്ണെഴുത്ത്’: കണ്ണഴകിയാകാൻ ഈ ടിപ്സ്

eye

മാസ്ക് മുഖത്തിന്റെ പാതി മൂടിയതോടെ കണ്ണാണ് താരം. ഫൗണ്ടേഷനോ, ലിപ്സ്റ്റിക്കോ ഒന്നുമല്ല മേക്കപ് കിറ്റിൽ ഉറപ്പായും കരുതേണ്ടത്, കാജലും മസ്കാരയും ഐബ്രോ പെൻസിലുമാണ് എന്നാണ് ബ്യൂട്ടിഫുൾ ഗേൾസ് പറയുന്നത്. കോളജിൽ പോകുമ്പോൾ അഴകൊട്ടും കുറയാതെ കണ്ണെഴുതാൻ ചില ടിപ്സ് ഇതാ.

∙ ലിക്വിഡ് ഐ ലൈനർ, ജെൽ ഐ ലൈനർ, പെൻസിൽ, സ്റ്റിക്ക് കാജൽ എന്നിങ്ങനെ കണ്ണെഴുതാൻ പലതും വിപണിയില്‍ കിട്ടും. അവസരങ്ങൾക്കനുയോജ്യമായി അവ തിരഞ്ഞെടുക്കണം.

കണ്ണിനു ചെറിയ ഷെയ്‍ഡ് മാത്രം മതിയെങ്കിൽ ഐ പെൻസിൽ തന്നെ ധാരാളം. ജെൽ ഐ ലൈനറുകൾ കൊണ്ട് എഴുതാൻ എളുപ്പമാണെന്നു മാത്രമല്ല, പെട്ടെന്ന് പടരുകയുമില്ല. അൽപം കട്ടിയിൽ വിടർത്തിയെഴുതാൻ കാജൽ സ്റ്റിക്ക് തന്നെ വാങ്ങിക്കോളൂ.

∙ പല നിറങ്ങളിൽ ഐലൈനറുകൾ കിട്ടും. ഇടയ്ക്ക് അവയും പരീക്ഷിക്കാം. നേർത്ത വീതി കുറഞ്ഞ വരയോ കണ്ണിന്റെ കോണിൽ മാത്രം ഷെയ്ഡോ നൽകുന്നതും സ്റ്റൈലാണ്.

∙ കുഴിഞ്ഞ കണ്ണുള്ളവർ മുകളിൽ മാത്രം ഐലൈനറോ ഐ പെൻസിലോ ഇടുക. മസ്കാരയും മുകളിലത്തെ പീലികൾക്കു മാത്രം മതി.

∙ കണ്ണിനു വലുപ്പം തോന്നിക്കാൻ വെള്ള, ക്രീം സ്കിൻ ടോണുകളിലുള്ള ഹൈലൈറ്റർ പെൻ ഉപയോഗിച്ച് കണ്ണിന്റെ തുടക്കത്തില്‍ വരച്ചാൽ മതി. മുകളിൽ ഐലൈനർ എഴുതി അൽപം ഉയർത്തി നീളത്തിൽ വാലിട്ടാൽ കണ്ണിനു നീളം തോന്നിക്കും. കൺകോണുകൾ കറുപ്പിച്ചു വരയ്ക്കുന്നതും നല്ലതാണ്.

കൺപീലി വിടർത്തി...

കൺപീലികൾക്ക് ഭംഗി പോരെന്നു തോന്നുന്നുണ്ടെങ്കിൽ ആർട്ടിഫിഷൽ പീലി ഒട്ടിക്കാം. ഐ ലാഷസ് വയ്ക്കുന്നതു ബോറാകുമോ എന്നു പേടിയുണ്ടെങ്കിൽ കത്രിക കൊ ണ്ട് ആർട്ടിഫിഷൽ പീലിക്ക് നടുവിലായി കട്ട് ചെയ്യുക. ഇനി ഈ പാതി കണ്ണിന്റെ അറ്റത്തായി ഒട്ടിക്കൂ. വശത്തേക്കു വരുമ്പോൾ കൺപീലികൾ അടുങ്ങിയിരിക്കുമല്ലോ. അതുകൊണ്ട് ഫോൾസ് പീലി വച്ചാലും കൃത്രിമമായി തോന്നില്ല.

പുരികമെഴുതാൻ...

തലമുടിയുടെ നിറത്തേക്കാൾ ഒരു ഷേഡ് കുറഞ്ഞ ഐ ബ്രോ പെൻസിലാണ് വാങ്ങേണ്ടത്. പെൻസിലുപയോഗിച്ച് ഷെയ്‍ഡ് ചെയ്യുകയേ ആകാവൂ. മൂന്നുനാലു വരകൾ പുരികത്തിന്റെ ആകൃതിയിൽ അങ്ങിങ്ങായി വരയ്ക്കുക. ഇത് ബ്രഷുപയോഗിച്ച് പടർത്തിവിടുക.

പുരികത്തിന്റെ തുടക്കത്തിൽ കട്ടിയിൽ ഷെയ്ഡ് നൽകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ബോൾഡ് ഐബ്രോ ട്രെൻഡാണ്. കട്ടിയിൽ വരച്ചെടുക്കുകയല്ല പകരം കട്ടി തോന്നും വിധം ഷെയ്ഡ് ചെയ്തെടുക്കുകയാണ് വേണ്ടത്. അറ്റത്തേക്കു വരുമ്പോൾ അൽപം വീതി ഉള്ളത് കാഷ്വൽ ലുക്കിനിണങ്ങും. ∙