Monday 09 April 2018 11:55 AM IST : By സ്വന്തം ലേഖകൻ

വേനൽക്കാലത്ത് കണ്ണിന്റെ ആരോഗ്യത്തിനു വേണം ചില കരുതലുകൾ

sunmmer-eye1

വെയിലും ചൂടും പൊടിയും... വേനൽക്കാലമായാല്‍ ആരോഗ്യത്തെ വെല്ലുവിളിക്കാനെത്തുന്ന സ്ഥിരം വില്ലന്മാർ. വീടിനു പുറത്തിറങ്ങുമ്പോള്‍ സൺ സ്ക്രീൻ പുരട്ടാനും കൈകളിൽ ഗ്ലൗസ് ധരിക്കാനുമൊക്കെ ശ്രദ്ധ കാട്ടുന്നവര്‍ പലപ്പോഴും മറന്നു പോകുന്ന ഒന്നുണ്ട്, കണ്ണിന്റെ കരുതൽ. ഏതു വേനലിലും കണ്ണിന്റെ ആരോഗ്യം കൂളായി സംരക്ഷിക്കാനുള്ള വഴികളിതാ....

കണ്ണിലെ അലർജിയും വരൾച്ചയും

ട‍ൂവീലർ ഒാടിച്ചു വീട്ടിൽ എത്തുമ്പോൾ കണ്ണിനു ചുവപ്പും ചൊറിച്ചിലും തോന്നാറുണ്ടോ? കണ്ണിനുള്ളിൽ പുകച്ചിലും നീറ്റലും അനുഭവപ്പെടാറുണ്ടോ? കണ്ണിലെ അലർജിയുടെ ലക്ഷണങ്ങളാണ് ഇതൊക്കെ. അന്തരീക്ഷത്തിലെ പൊടി, അമിതമായ ചൂട്, വണ്ടികളുടെയും  മറ്റും പുക... തുടങ്ങി പല കാരണങ്ങൾ മൂലം വേനൽകാലത്ത് അലർജി പ്രശ്നങ്ങളുണ്ടാകാം.

കണ്ണുകൾക്ക് ക്ഷീണമുണ്ടാക്കുന്ന കണ്ണിന്റെ വരൾച്ചയാണ് മറ്റൊരു വേനൽക്കാല പ്രശ്നം. ചൂടേറ്റ് ജലാംശം നഷ്ടമാകുമ്പോഴാണ് കണ്ണ് വരണ്ടു പോകുന്നത്. ജോലിക്കിടയിലും വായനയ്ക്കിടയിലും  യാത്രയ്ക്കിടയിലും കണ്ണുകൾ ഇടയ്ക്കിടെ ചിമ്മി തുറക്കണം. കണ്ണിലെ ഈർപ്പം ഇങ്ങനെ  നിലനിർത്താം. കണ്ണിലെ വരൾച്ച തടയാൻ കണ്ണുകൾ ഇടയ്ക്കിടെ കഴുകിയാലും മതി. ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്സ് വിദഗ്ധ നിർദേശ പ്രകാരം വേണമെങ്കിൽ ഉപയോഗിക്കാം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം;

∙കണ്ണിൽ കരടു പോയതു പോലെയോ മൺതരി വീണതു പോലെയോ തോന്നിയാൽ തിരുമ്മരുത്. കണ്ണിന്റെ പാടയിൽ പോറൽ വീഴാനും ശ്രദ്ധിച്ചില്ലെങ്കിൽ ഇൻഫെക്‌ഷനുണ്ടാകാനും സാധ്യതയുണ്ട്. അസ്വസ്ഥത തോന്നിയാൽ പലവട്ടം കണ്ണു ചിമ്മി തുറക്കുക. കൈകൾ വൃത്തിയാക്കിയ ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് പല തവണ കണ്ണ് കഴുകുക.

∙കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവരിൽ വേനൽക്കാലത്ത് ഇൻഫെക്‌ഷൻ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉപയോഗിക്കുന്നതിനു മുൻപും പിൻപും ലെൻസ് വ‍ൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുമ്പ് കോൺടാക്ട് ലെൻസ് മാറ്റുക.  

∙സൺഗ്ലാസസ് ഉപയോഗിക്കുന്നത് കൂൾ ലുക് കിട്ടാൻ മാത്രമല്ല കണ്ണ് കൂളാകാൻ കൂടിയാണ്. അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പതിക്കുന്നത് തിമിരം, റെറ്റിനയ്ക്കുണ്ടാകുന്ന നാശം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ സാധ്യത കൂട്ടും. ഇതു തടയാൻ UV പ്രൊട്ടക്ഷൻ ഉള്ള, വശങ്ങൾ മൂടിയിരിക്കുന്ന, റാപ് എറൗണ്ട് സൺഗ്ലാസ് ആണ് നല്ലത്.

∙ കണ്ണുകൾ ഇടയ്ക്കിടെ കഴുകുന്നതും തണുത്ത വെള്ളത്തിൽ മുക്കിയ പഞ്ഞി കണ്ണിനു മുകളിൽ വയ്ക്കുന്നതും യാത്രയിൽ സൺഗ്ലാസ് ഉപയോഗിക്കുന്നതും അലർജിയെ അകറ്റി നിർത്താൻ സഹായിക്കും. പ്രശ്നം രൂക്ഷമായാൽ നേത്രരോഗ വിദഗ്ധനെ കണ്ട് കണ്ണിൽ മരുന്ന് ഒഴിക്കേണ്ടതായി വരും.

∙ വേനൽകാലത്ത് സ്വിമ്മിങ് പൂളിൽ കൂടുതൽ അളവിൽ ക്ലോറിൻ കലർത്താറുള്ളതുകൊണ്ട് പൂളിൽ ഇറങ്ങുമ്പോൾ ഗോഗിൾസ് ഉപയോഗിക്കാൻ മറക്കരുത്.