Thursday 12 August 2021 02:43 PM IST : By സ്വന്തം ലേഖകൻ

‘പുരികം തുടങ്ങുന്ന ഭാഗം കൂടുതൽ കറുപ്പിക്കുന്നതു ക്രൂര മുഖഭാവം തോന്നിപ്പിക്കും’; മേക്കപ്പിൽ പെർഫെക്ട് ലുക് കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

eyeddbbn6654

ശരിയായി മേക്കപ്പ് അണിയാൻ പഠിക്കൂ, പിന്നെ അബദ്ധങ്ങൾ സംഭവിക്കില്ല. സൗന്ദര്യ പ്രശ്നങ്ങൾ അലട്ടുകയുമില്ല. രണ്ടോ മൂന്നോ മേക്കപ്പ് ബോക്സ് കൈയിലുണ്ട്. പാർട്ടിയെത്തുമ്പോൾ അതിൽ നിന്ന് എന്തെങ്കിലുമൊക്കെ മുഖത്തു വാരിപ്പൂശും. മുഖക്കുരുവും ചർമപ്രശ്നങ്ങളും അലട്ടാൻ തുടങ്ങുമ്പോൾ ‘ഏയ്... എനിക്കു നാച്വറൽ ബ്യൂട്ടിയാവാനാ ഇഷ്ടം’ എന്നു പറഞ്ഞ് മേക്കപ്പ് വേണ്ടെന്ന നിലപാടെടുക്കും. ശരിയായ രീതിയിൽ മേക്കപ്പ് ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതേയുളളൂ. കണ്ണുകൾക്കും പുരികങ്ങൾക്കും നല്ല പെർഫെക്ട് ലുക് കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... 

കണ്ണിലെഴുതാം അഴക്

∙ ചുണ്ടുകൾക്കോ കണ്ണുകൾക്കോ കൂടുതൽ മിഴിവേകും വിധം മേക്കപ്പ് നൽകണം. ഓരോരുത്തരുടെയും ആകർഷണീയമായ ഫീച്ചർ കണ്ടുപിടിക്കുക.

∙ കണ്ണുകൾക്ക് ആകൃതിയും ആകർഷണീയതയും നൽകാനാണ് ഐ ലൈനർ ഉപയോഗിക്കുന്നത്. കൺമഷിക്കു പകരമായും ഐ ലൈനർ ഉപയോഗിക്കാം. കണ്ണെഴുതാൻ ഐ ജെല്ലോ (കണ്ണെഴുതാനുളള ജെൽ രൂപത്തിലുളള ഉൽപന്നം) പെൻസിലോ ഉപയോഗിക്കാം. പെൻസിൽ കൊണ്ടു കണ്ണെഴുതിക്കഴിഞ്ഞു ബ്ലാക് പൗഡർ കൊണ്ടു അൽപമൊന്നു പടർത്തുക. കണ്ണുകൾക്കു കൂടുതൽ സ്വാഭാവികത തോന്നും. സ്മോക്കി ബ്രഷ് എന്ന പേരിലുളള ബ്രഷ് കൊണ്ടാണു ബ്ലാക് പൗഡർ പടർത്തേണ്ടത്. കണ്ണുകൾക്കു സ്മോക്കി ലുക് കിട്ടാനും ഇതേ ബ്രഷ് ഉപയോഗിക്കാം.

∙ ഐ ഷാ‍ഡോ ബേസ് ഇട്ട ശേഷം ഐ ഷാഡോ പുരട്ടുന്നതാണു നല്ലത്. ഇതു കൂടുതൽ ബ്രൈറ്റ്ലുക് നൽകും. ഐ ഷാ‍‍ഡോ ബ്രഷ് കൊണ്ട് കൺപോളയ്ക്കു മുകളിൽ ഐ ഷാഡോ പുരട്ടി നന്നായി പരത്താം. മസ്കാര പ്രൈമർ‌ പുരട്ടിയ ശേഷം മസ്കാര എഴുതിയാൽ കൂടുതൽ ഭംഗിയുണ്ടാവും. 

∙ സ്വന്തമായി മേക്കപ്പ് ഇടുന്നവർക്ക് കോപ്പർ, ‌‍ഡാർക് മെറൂൺ നിറങ്ങൾ പുരട്ടുന്നതാണു നല്ലത്. അണിയുന്ന വസ്ത്രത്തിന്റെ നിറത്തിന് അനുസരിച്ചുളള ഐ ഷാഡോ പുരട്ടുന്നതും ഭംഗി നൽകും.

∙ കണ്ണെഴുതിക്കഴിഞ്ഞാൽ മസ്കാര അണിയാം. മസ്കാര പ്രൈമർ‌ പുരട്ടിയ ശേഷം മസ്കാര എഴുതിയാൽ കൂടുതൽ ഭംഗിയുണ്ടാവും. സാധാരണ രീതിയിൽ‌ മസ്കാര എഴുതുമ്പോൾ കൺപീലികൾ ചേർന്നു കട്ട പിടിച്ചതു പോലെയുണ്ടാവും. കൃത്രിമത്വം തോന്നിക്കും. ഇത് ഒഴിവാക്കാൻ പ്രൈമർ സഹായിക്കും.

eys-eyeeee4533

പുരികവിൽക്കൊടിക്ക്

ഐബ്രോ പെൻസിൽ ഉപയോഗിച്ചു പുരികം വരയ്ക്കുന്നതായിരുന്നു പഴയ രീതി. ഇപ്പോൾ ഐ ബ്രോ പൗഡർ ആണു പുരികത്തിന് ആകൃതി നൽകാൻ കൂടുതൽപേരും ഉപയോഗിക്കുന്നത്.

∙ ചെറിയ പുരികമുളളവരും പുരികത്തിന് ആകൃതി ഇല്ലാത്തവരും ഐബ്രോ പൗഡർ കൊണ്ട് പുരികത്തിന് ആകൃതി നൽകിയാൽ മതി. ത്രെഡ് ചെയ്യുമ്പോൾ പുരികം കൂടുതൽ നേർത്തു പോയിട്ടുണ്ടെങ്കിൽ അതു നികത്തി കൂടുതൽ ആകൃതി നൽകുന്നതിനു പൗഡറാണു നല്ലത്. പുരികം തുടങ്ങുന്ന ഭാഗം കൂടുതൽ കറുപ്പിക്കുന്നതു ക്രൂര മുഖഭാവം തോന്നിപ്പിക്കും.

∙ ബ്രൗൺ, കറുപ്പ് നിറങ്ങളിലെ പൗഡർ ലഭ്യമാണ്. ബ്രൗൺ നിറത്തിലെ പൗഡർ ഉപയോഗിച്ചാൽ‌ കൂടുതൽ സ്വാഭാവികത തോന്നും. പെൻസിൽ കൊണ്ട് എഴുതുമ്പോഴും ബ്രൗൺ നിറത്തിലുളള പെൻസിൽ കൊണ്ട് എഴുതിയാൽ കൃത്രിമത്വം എടുത്തറിയാനാവും. ബ്രൗൺ നിറത്തിലുളള പൗഡർ ഉപയോഗിച്ചാൽ കൂടുതൽ സ്വാഭാവികമായ ഭംഗി ലഭിക്കും.

∙ ഐബ്രോ ബ്രഷ് കൊണ്ടു ചെറുതായി പൗഡർ പുരട്ടി ആകൃതിയില്ലാത്ത ഭാഗങ്ങളിൽ ഫിൽ ചെയ്തു പുരികത്തിനു ഭംഗി നൽകാം. പുരികം തുടങ്ങുന്ന ഭാഗം കൂടുതൽ കറുപ്പിക്കുന്നതു ക്രൂര മുഖഭാവം തോന്നിപ്പിക്കും. എല്ലാ ഭാഗത്തും മിതമായ തോതിൽ നിറം നൽകാൻ ശ്രദ്ധിക്കുക.

Tags:
  • Glam Up
  • Beauty Tips