Wednesday 22 August 2018 04:24 PM IST : By സ്വന്തം ലേഖകൻ

പൂവിതൾ േപാൽ പാദങ്ങൾ; വിണ്ടുകീറിയ പാദങ്ങൾ മൃദുലവും സുന്ദരവുമാകാൻ സൗന്ദര്യക്കൂട്ടുകൾ

Pedicure at spa center

വിണ്ടു കീറിയ പാദങ്ങൾ ആരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. എത്ര വിണ്ടുകീറിയ പാദങ്ങൾക്കും റോസാപ്പൂവിതൾ ഭംഗി നൽകാൻ ഈ സൗന്ദര്യക്കൂട്ടുകൾ പരീക്ഷിച്ചു നോക്കിക്കോളൂ..

ഫൂട്ട് സ്ക്രബ്

രണ്ടോ മൂന്നോ വലിയ സ്പൂൺ അരച്ച അരിയിൽ അര െചറിയ സ്പൂൺ വീതം തേൻ,  ആപ്പിൾ സിഡർ വിനാഗിരി എന്നിവ ചേർത്തു മിശ്രിതമാക്കുക. ഉപ്പൂറ്റികൾ വരണ്ടതും വിണ്ടു കീറിയതുമാണെങ്കിൽ ഈ മിശ്രിതത്തോെടാപ്പം ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിലോ ബദാമെണ്ണയോ കൂടിച്ചേർക്കാം. ഇളംചൂടുവെള്ളത്തിൽ പത്തു മിനിറ്റ് കാലുകൾ മുക്കിവച്ച ശേഷം ഈ സ്ക്രബ് കാലുകളിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. മൃതകോശങ്ങൾ  നീങ്ങി കാലുകൾ സുന്ദരമാകും. ആഴ്ചയിൽ രണ്ടു ദിവസം ഈ ഫൂട്ട് സ്ക്രബ് ഉപയോഗിച്ചോളൂ.

പാൽപ്പാട–നാരങ്ങാനീര് മാസ്ക്

പതിനഞ്ച്– ഇരുപത് മിനിറ്റ് നേരം കാലുകൾ ഇളം ചൂടുവെള്ളത്തിൽ മുക്കി വച്ച ശേഷം കാലുകൾ തുടച്ച് ഉണക്കുക. ഒരു വലിയ സ്പൂൺ പാൽപ്പാടയും കുറച്ച് നാരങ്ങാനീരും മിശ്രിതമാക്കുക. ഇതു പാദങ്ങളിൽ പുരട്ടി ചർമത്തിൽ നന്നായി ആഗിരണം ചെയ്യുന്നതു വരെ കാത്തിരിക്കുക. അതിനുശേഷം  രാത്രി മുഴുവൻ കട്ടിയുള്ള വൂളൻ സോക്സ് ഇട്ടോളൂ. ശരീരം ചൂടായി മിശ്രിതത്തിന്റെ ഗുണം പരമാവധി കിട്ടാൻ വേണ്ടിയാണ് വൂളൻ സോക്സ് അണിയുന്നത്. രാവിലെ ഉണർന്നയുടൻ  കാൽ കഴുകി വൃത്തിയാക്കുക. വിള്ളൽ പൂർണമായി മാറുന്നതു വരെ ഇത് തുടരണം. 

മെഴുക്–ഓയിൽ മാസ്ക്

ഒരു ചെറിയ സ്പൂൺ മെഴുകിൽ സമം കടുകെണ്ണയോ വെളിച്ചെണ്ണയോ ചേർത്തു േയാജിപ്പിക്കുക. ചെറിയൊരു പാനിൽ ഈ മിശ്രിതം  ഒഴിച്ചു വാക്സ് നന്നായി  ഉരുകുന്നതു വരെ ചൂടാക്കണം. തുടർന്ന് ഈ മിശ്രിതം സാധാരണ ഊഷ്മാവിലേക്ക് തണുക്കാൻ അനുവദിക്കുക. കിടക്കാൻ പോകുന്നതിനു മുമ്പ് ഈ മിശ്രിതം പാദത്തിലെ വിള്ളൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി സോക്സ് അണിയുക. രാവിലെ കാൽ കഴുകി വൃത്തിയാക്കാം. 

നാരങ്ങ–ഗ്ലിസറിൻ– റോസ്‌വാട്ടർ ഫൂട്ട് മാസ്ക് 

ഒരു പരന്ന പാത്രത്തിൽ ഇളം ചൂടുവെള്ളം എടുക്കുക. അതിൽ അൽപം ഉപ്പും  എട്ടോ  പത്തോ തുള്ളി നാരങ്ങാനീരും ഒരു വലിയ സ്പൂൺ ഗ്ലിസറിനും ഒരു ചെറിയ സ്പൂൺ പനിനീരും കലർത്തുക. കിടക്കുന്നതിനു മുമ്പ് പതിനഞ്ചോ ഇരുപതോ മിനിറ്റു നേരം ഇതിൽ കാലുകൾ മുക്കി വയ്ക്കണം. പാദത്തിന്റെ വശങ്ങളും വിണ്ടു കീറിയ ഭാഗവും പ്യൂമിക് സ്റ്റോണ‍്‍ കൊണ്ട് ഉരയ്ക്കുക. ഒരു ചെറിയ സ്പൂൺ വീതം  ഗ്ലിസറിൻ, പനിനീര്, നാരങ്ങാനീര് ഇവ മിശ്രിതമാക്കി വിണ്ടു കീറിയ ഭാഗത്ത് പുരട്ടിയ ശേഷം  സോക്സ് അണിയണം. രാവിലെ എഴുന്നേറ്റ് ഇളം ചൂടുവെള്ളത്തിൽ കാലുകൾ കഴുകുക. പാദങ്ങൾ മൃദുവാകുന്നതു വരെ ഇത് പതിവായി ചെയ്യണം. 

വാഴപ്പഴം– അവക്കാഡോ ഫൂട്ട് മാസ്ക്

നന്നായി പഴുത്ത ഒരു ഇടത്തരം വാഴപ്പഴം,  ഒരു  അവക്കാഡോയുടെ പകുതി ഇവ നന്നായി ഉടച്ചു മിശ്രിതമാക്കുക. കട്ടിയുള്ള ഈ മിശ്രിതം പാദങ്ങളിൽ നന്നായി പുരട്ടുക. പതിനഞ്ച്– ഇരുപത് മിനിറ്റിനുശേഷം കാലുകൾ ഇളം ചൂടുവെള്ളത്തിൽ കഴുകാം. പതിവായി ചെയ്താൽ കാലുകൾ മൃദുവും സുന്ദരവുമാകും.

ഒലിവ് ഓയിലും തേനും... 

വരണ്ട ചർമത്തിനും പാദങ്ങൾക്കും ഏറ്റവും നല്ല മോയ്സ്ചറൈസറാണ് ഒലിവ് ഓയിൽ. ഒരു കോട്ടൺ കഷണം ഒലിവ് ഓയിലിൽ മുക്കി  പത്ത്– പതിന‍ഞ്ചു മിനിറ്റ് നേരം പാദങ്ങളിൽ വൃത്താകൃതിയിൽ മസാജ് ചെയ്ത ശേഷം കട്ടിയുള്ള സോക്സ് അണിയുക. ഒരു മണിക്കൂറിനു ശേഷം പാദങ്ങൾ കഴുകണം.  പതിവായി ചെയ്താൽ പാദം മൃദുലവും സുന്ദരവുമാകും. 

അര ബക്കറ്റ് ഇളം ചൂടുവെള്ളത്തിൽ ഒരു കപ്പ് തേൻ കലർത്തുക. പതിനഞ്ച്– ഇരുപത്  മിനിറ്റ് നേരം കാലുകൾ ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. ഇതിനു ശേഷം പ്യൂമിക് സ്റ്റോൺ കൊണ്ടു പാദങ്ങളിൽ ഉരസുക. മൃതകോശങ്ങൾ നീങ്ങി പാദങ്ങൾ സുന്ദരമാകും. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം.