Saturday 25 June 2022 03:41 PM IST : By സ്വന്തം ലേഖകൻ

‘ഏത്തപ്പഴം അരച്ചതും പാലും ചേർത്ത് പാക്കാക്കി കയ്യിലിടാം’; കൈകൾ സുന്ദരമാകാൻ 15 ദിവസം കൂടുമ്പോൾ മാനിക്യൂർ

renju-manicure രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി

കൈകൾ സുന്ദരമാകാൻ 15 ദിവസം കൂടുമ്പോൾ ചെയ്യാം മാനിക്യൂർ

വെയിലേറ്റ് കൈകളിൽ ഉണ്ടാകുന്ന കരിവാളിപ്പ്, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതു മൂലമുള്ള വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ മിക്കവരെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. കൈകൾക്ക് ഭംഗിയും വൃത്തിയും മൃദുത്വവും നൽകാൻ സഹായിക്കുന്നതാണ് മാനിക്യൂർ.

∙ കൈകൾ മുക്കി വയ്ക്കാൻ പാകത്തിന് ഒരു ബൗൾ എടുക്കുക. ഇതിൽ ഇളം ചൂടുവെള്ളം നിറച്ച് രണ്ടു വലിയ സ്പൂൺ ഉപ്പും ഷാംപൂവും ചേർത്തിളക്കുക.

∙ വരണ്ട ചർമക്കാർ  അരിപ്പൊടിയും നെയ്യും ചേർത്ത് സ്ക്രബ് തയാറാക്കി വയ്ക്കണം. ഓട്സ് പൊടിച്ചതും പഞ്ചസാ രയും ചേർത്ത സ്ക്രബ് ആണ് ചർമത്തിന് തിളക്കം കിട്ടാ ൻ നല്ലത്. കരിവാളിപ്പുള്ളവർ പാതി മുറിച്ച തക്കാളി പഞ്ചസാരയിൽ മുക്കി കൈകളിൽ സ്ക്രബായി ഉപയോഗിക്കാം.

∙ നഖങ്ങളിൽ നെയിൽ പോളിഷ് ഉണ്ടെങ്കിൽ റിമൂവർ ഉപയോഗിച്ച് അവ നീക്കം ചെയ്തശേഷം ഷാംപൂ കലർത്തിയ വെള്ളത്തിൽ 10 മിനിറ്റ് കൈകൾ മുക്കി വയ്ക്കുക.

∙ ടൂത് ബ്രഷ് ഉപയോഗിച്ച് നഖങ്ങൾ ഉരച്ചു വൃത്തിയാക്കിയശേഷം, തയാറാക്കി വച്ച സ്ക്രബ് പുരട്ടി മസാജ് ചെയ്തശേഷം കഴുകുക. ഒരു പ്യൂമിസ് സ്റ്റോണി ൽ അൽപം ഫെയ്സ് വാഷ് പുരട്ടി കൈത്തലത്തിൽ മൃദുവായി മസാജ് ചെയ്ത് കഴുകുക കൂടി ചെയ്താൽ മൃതകോശങ്ങൾ പൂർണമായി അകലും.

∙ ക്യൂട്ടിക്കിൾ റിമൂവർ ഉണ്ടെങ്കിൽ അതുപയോഗിച്ച് നഖത്തിന്റെ വശങ്ങളിലെ ചർമം നീക്കം ചെയ്യാം. ഇനി നഖം ആ കൃതിയിൽ വെട്ടി പാക്ക് ഇടാം.

∙ ഏത്തപ്പഴം അരച്ചതും പാലും ചേർത്ത് പാക്കാക്കി കയ്യിലിടാം. ഇതുണങ്ങിയശേഷം കഴുകുക.

∙ കൈകളിൽ മോയിസ്ചറൈസർ പുരട്ടി, നഖങ്ങളിൽ ബേസ് കോട്ട് അണിഞ്ഞ ഉണങ്ങിയശേഷം നെയിൽ പോളിഷ് അണിയാം.

Tags:
  • Glam Up
  • Beauty Tips