ശരീരസൗന്ദര്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നാണ് മുടിയുടെ ഭംഗി. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവ മുടിയുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് കാലറി, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവ മുടിക്ക് പ്രധാനമാണ്.
വൈറ്റമിൻ ബി–12, ബയോട്ടിൻ, മാംസ്യം, അയൺ എന്നിവയാൽ സമ്പന്നമാണ് മുട്ട. ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം. കടല, പയർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.
മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനമാണ് കെരാറ്റിൻ. മുടിക്ക് വേണ്ടുന്ന ഒരു ജീവകമാണ് ബയോട്ടിൻ. വെള്ളത്തിൽ ലയിക്കുന്ന ഒരു ബി വൈറ്റമിനാണിത്. കൂൺ, അവക്കാഡോ, മുട്ട, സോയാബീൻ, നട്സ്, സാൽമൺ എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഇരുമ്പ് ശരീരത്തിൽ ആഗിരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ സി ആവശ്യമാണ്. ചെറുനാരങ്ങാ, മൂസംബി, ഓറഞ്ച്, നെല്ലിക്ക, ബ്രൊക്കോളി, കിവി, മുന്തിരി എന്നിവയിൽ വൈറ്റമിൻ സി ധാരാളമുണ്ട്.വൈറ്റമിൻ സി രോഗപ്രതിരോധശേഷി കൂട്ടി കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുന്നു. കൊളാജന്‍, ആരോഗ്യമുള്ള മുടി, ചർമം, നഖങ്ങൾ എന്നിവയ്ക്ക് അത്യാവശ്യമാണ്.
കാരറ്റ്, ചീര, ഇലക്കറികൾ എന്നിവയിൽ വൈറ്റമിൻ എ ധാരാളമായിട്ടുണ്ട്. വൈറ്റമിൻ എ തലയോട്ടിയിൽ സേബം ഉൽപാദിപ്പിക്കുന്നു. ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവയുടെ കലവറയാണ് റാഗി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മുടിയെ കരുത്തുറ്റതാക്കുന്നെങ്കിൽ ബദാമിന്റെ പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണിത്.
തൈറോയ്ഡ് ഗ്രന്ഥിയുടെ തകറാറ് മുടി കൊഴിച്ചിലിന് കാരണമാകും. അയഡിൻ അടങ്ങിയ കടൽ വിഭവങ്ങൾ (മത്തി, അയല, ചൂര) ഭക്ഷണത്തിന്റെ ഭാഗമാക്കു ക. ദിവസേന രണ്ട് ലീറ്ററിൽ കുറയാതെ വെള്ളം കുടിക്കുക. കൃത്യമായ വ്യായാമം ശരീരത്തിൽ രക്തയോട്ടം ത്വരിതപ്പെടുത്തി മുടി വളർച്ചയെ സഹായിക്കും.
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്
എസ് യു ടി ഹോസ്‌പിറ്റൽ
തിരുവനന്തപുരം