Thursday 21 October 2021 02:42 PM IST : By സ്വന്തം ലേഖകൻ

മാനസിക സമ്മർദം ലഘൂകരിക്കാൻ പാദങ്ങൾക്ക് നൽകാം മസാജ്; ഫുട് മസാജിങ് ചെയ്യുന്നത് ഇങ്ങനെ, ഗുണങ്ങൾ

foot-massagee33445556

സൗന്ദര്യസംരക്ഷണം മുഖത്ത് മാത്രം പോരാ, പാദങ്ങൾക്കും വേണം മസാജ്. പൂ പോലെ മൃദുലമായ പാദങ്ങൾ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു.വീട്ടിൽ ഇരുന്നു ചെയ്യാവുന്നതാണ് പാദങ്ങളുടെ മസാജിങ്. നന്നായി ഉറങ്ങുന്നതിന് ഫുട് മസാജിങ് പ്രയോജനകരമാണ്. എല്ലാ ദിവസവും കിടക്കാൻ പോകുമ്പോൾ പാദങ്ങളിൽ മോയിസ്ചറൈസർ പുരട്ടി സ്വയം മസാജ് ചെയ്യുക. നിങ്ങൾക്കു നല്ല ഉറക്കം നൽകാൻ ഇത് ഉപകരിക്കും. 

ഫുട് മസാജിങ് ഇങ്ങനെ;

ഫുട് മസാജിങ്ങിനു വേണ്ടത് ഒരു ഉരുളൻ തടി മാത്രമാണ്. കാര്യം വളരെ സിംപിൾ. കാൽ ഉപ്പുവെള്ളത്തിൽ മുക്കിവച്ചു അഴുക്കുനീക്കുക. മോയിസ്ചറൈസർ പുരട്ടി നന്നായി കൈവിരലുകൾ കൊണ്ടുതടവുക. പാദങ്ങളുടെ അടിഭാഗത്തും മോയിസ്ചറൈസർ പുരട്ടുക. എന്നിട്ട് ഒരു ഉരുളൻതടി പാദങ്ങളുടെ അടിഭാഗത്തുവച്ച് മുന്നോട്ടും പിന്നോട്ടും ഉരുട്ടുക. പാദത്തിലെ രക്തചംക്രമണം വർധിക്കും. രണ്ടു കാലും മാറിമാറി ചെയ്യുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ നിരവധിയാണ്.

∙ നിങ്ങളുടെ ശരീരത്തിലെ എല്ലാ നാഡീവ്യവസ്ഥയും പാദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാദങ്ങളിലെ രക്തചംക്രമണം വർധിച്ചാൽ കാലിലേക്കുള്ള ഓക്സിജൻ പ്രവാഹം വർധിക്കുന്നു. ഇതു കാലുകൾക്കു കൂടുതൽ കരുത്തും വേഗവും നൽകുന്നു

∙ പ്രമേഹരോഗികൾ അവരുടെ പാദങ്ങളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ വച്ചുപുലർത്തണം. പ്രമേഹബാധിതർ എല്ലാ ദിവസവും നിശ്ചിതസമയം മസാജിങ്ങിനായി നീക്കിവക്കുക. ഇതു പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

∙ വിഷാദത്തിന്റെ പിടിയിൽ പെടാതിരിക്കാനും ഫുട് മസാജിങ് സഹായിക്കും. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് എന്നും പതിവായി മസാജ് ചെയ്യാൻ മറക്കേണ്ട.

Tags:
  • Glam Up
  • Beauty Tips