Wednesday 13 October 2021 03:24 PM IST : By സ്വന്തം ലേഖകൻ

30 ദിവസം ഈ പറയുന്ന കാര്യങ്ങൾ ചിട്ടയോടെ ചെയ്തു നോക്കൂ, മുടി നീണ്ട് ഇടതൂർന്ന് വളരും കരുത്തോടെ...

hair-volumn445556

നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. ഇനി പറയുന്ന കാര്യങ്ങള്‍ ചിട്ടയോടെ 30 ദിവസം ചെയ്താല്‍ മുടിയുടെ നീളവും ഉള്ളും സ്വാഭാവികമായി വര്‍ധിക്കുന്നത് കാണാം.

1. കത്രിക അനിവാര്യം

മുടി മുറിക്കുന്ന കത്രികയ്ക്കെന്താ മുടി നീട്ടുന്നയാളുടെ വീട്ടില്‍ കാര്യം എന്ന് ചോദിക്കേണ്ട. നമ്മുടെ മുടി നീട്ടല്‍ യത്നത്തിന്റെ പ്രധാന പങ്കാളി ഈ കത്രികയാണ്. മുടി വെട്ടാതിരുന്നാലും മുടി വളരും. പക്ഷെ, കൃത്യമായ ഇടവേളകളില്‍ അഗ്രം മുറിച്ച് വിട്ടാല്‍ മുടി കൂടുതല്‍ വേഗത്തില്‍ ഇടതൂര്‍ന്ന് വളരും. മാത്രമല്ല, മുടി വെട്ടാതെ വളര്‍ത്തുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയുടെ അറ്റം പൊട്ടിപ്പോകാനും അറ്റം വിണ്ട് പോകാനുമൊക്കെ ഇത് കാരണമാകും. കൃത്യമായ ഇടവേളകളില്‍ മുടി വെട്ടുന്നത് ഈ പ്രശ്നങ്ങളും ഒഴിവാക്കാം. 

2. കണ്ടീഷണര്‍ കൂടെ കൂട്ടാം

ഷാംപു ഇട്ട് മുടി വരണ്ടിരിക്കുന്ന അവസരത്തില്‍ മുടി പൊട്ടി പോരുന്നത് സ്വാഭാവികം. ഷാംപു ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ കൂടി ഉപയോഗിച്ചാല്‍ മുടി പൊട്ടുന്ന ഈ പ്രശ്നം ഒഴിവാക്കാന്‍ സാധിക്കും. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ മുടി മിനുസമുള്ളതാകുന്നു. ഇതോടെ മുടി പൊട്ടുന്ന പ്രശ്നം അവസാനിക്കും. 

3. മുടിവേരുകള്‍ക്ക് നേരിട്ട് പോഷകം

മുടി നന്നായി വളരണമെങ്കില്‍ മുടുവേരുകള്‍ക്ക് ആരോഗ്യം വേണം. തീര്‍ച്ചയായും നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ മുടിവേരുകളെയും ശക്തിപ്പെടുത്തും. പഴങ്ങൾ, തേന്‍, പാല്‍ തുടങ്ങിയവ നേരിട്ട് തലയില്‍ പുരട്ടുന്നത് മുടിവേരുകളെ ശക്തിയുള്ളതാക്കും. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ജ്യൂസ്, ആപ്പിള്‍ സൈഡര്‍ വിനഗര്‍, തേങ്ങാപ്പാല് ഇവയെല്ലാം ഇങ്ങനെ നേരിട്ട് തലയോട്ടിയില്‍ പുരട്ടാവുന്നവയാണ്. 

4. എണ്ണയും മാസ്കുകളും

എണ്ണ തലമുടി വളരാനും തലമുടിയുടെ വരള്‍ച്ച മാറ്റാനും അനിവാര്യമായ ഘടകമാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എണ്ണ തേച്ച് കുളിക്കുക. എണ്ണ കൂടാതെ ചില മാസ്കുകളും തലമുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേന്‍ , അവകാഡോ ജ്യൂസ്, ഉള്ളി ജ്യൂസ്, നാരങ്ങാ നീര്, ഒലിവ് ഓയില്‍ തുടങ്ങിയവ ഇങ്ങനെ മാസ്ക് ആയി തലമുടിയില്‍ ഉപയോഗിക്കാം. ഇവ ഏതെങ്കിലും പുരട്ടി പതിനഞ്ച് മിനിറ്റെങ്കിലും വിശ്രമിച്ച ശേഷം കഴുകി കളയുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ, മുടി കരുത്തോടെ വളരുന്നത് കാണാം.

5. തലയിണയുടെ ഉറ മാറ്റാം

തലമുടി പൊട്ടുന്നത് തടയുന്നതില്‍ തലയിണ ഉറകള്‍ക്ക് നിര്‍ണ്ണായകമായ പങ്ക് ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. കോട്ടണ്‍ തലയിണ ഉറകള്‍ക്ക് പകരം മിനുസമുള്ള സില്‍ക്ക് തലയിണ ഉറകള്‍ ഉപയോഗിക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.

6. തലമുടി ഉണക്കുന്നതിലും ഉണ്ട് കാര്യം

ഹെയര്‍ ഡ്രൈയര്‍ സ്ഥിരമായി ഉപയോഗിക്കുമ്പോൾ മുടി കൊഴിച്ചിൽ കൂടാറുണ്ട്. ഇതൊഴിവാക്കാൻ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍ ചൂട് കാറ്റ് തലമുടിയില്‍ ഏല്‍പ്പിക്കാതിരിക്കുക. ഹീറ്റ് ഇല്ലാതെ കാറ്റ് ഉപയോഗിച്ച മാത്രം തലമുടി ഉണക്കുക.

7. തലമുടിക്കും ശ്വസിക്കണം

ഓക്സിജന്‍ ലഭിക്കാതെ വന്നാല്‍ നമുക്ക് ശ്വാസം മുട്ടുന്നത് പോലെയാണ് കെട്ടി മൂടി വച്ചാല്‍ തലമുടിക്ക് സംഭവിക്കുക. വായു കടക്കാത്ത വിധം കെട്ടി വച്ചാല്‍ തലമുടി വേഗത്തില്‍ കൊഴിയാന്‍ അത് ഇടയാക്കും. തലമുടിയെ സ്വതന്ത്രമായി വിടുക. ആവശ്യമുള്ളപ്പോള്‍ മാത്രം കെട്ടി വയ്ക്കുക. കെട്ടി വക്കുമ്പോള്‍ തന്നെ അധികം മുറുക്കാതെ അല്‍പ്പം അയച്ചിടുക. നനവേട് കൂടി കെട്ടി വക്കുന്നത് പലപ്പോഴും ഫംഗല്‍ ഇന്‍ഫക്ഷന്‍ മുടിയില്‍ ഉണ്ടാക്കാറുണ്ട്.

8. ഭക്ഷണത്തിന്റെ റോള്‍

തലമുടിക്കുളള്ള ഭക്ഷണം തേനായും പാലായും മറ്റും തലയുടെ മുകളില്‍ പുരട്ടുന്നത് നല്ലതാണ്. ഇതോടൊപ്പം തന്നെ നാം കഴിക്കുന്ന ഭക്ഷണവും തലമുടിയുടെ  ആരോഗ്യത്തിന് പ്രധാനമാണ്. ബയോട്ടിന്‍, വിറ്റാമിന്‍ എച്ച് എന്നിവ അടങ്ങിയ ഭക്ഷണമാണ് തലമുടിക്ക് അനിവാര്യമായത്. പാല്, മുട്ട, പനീര്‍, മത്സ്യങ്ങള്‍ തുടങ്ങിയവയിലെല്ലാം ബയോട്ടിന്‍ ധാരാളമായി ഉള്‍പ്പെട്ടിട്ടുണ്ട്. കോളി ഫ്ലവര്‍ , അവക്കാഡോ തുടങ്ങിയവയും തലമുടിക്ക് ഗുണം ചെയ്യും.

9. തലമുടി എന്നും കഴുകേണ്ടതില്ല

എല്ലാ ദിവസവും തലമുടി കഴുകുന്നത് മുടി വരളുന്നതിന് കാരണമാകും. ഇത് മുടി പൊട്ടിപോകുന്നതിനും കൊഴിയുന്നതിനും സഹായിക്കും. അതുകൊണ്ട് തന്നെ പരമാവധി രണ്ട് ദിവസത്തില്‍ ഒരിക്കല്‍ മുടി കഴുകിയാല്‍ മതിയാകും. കഴുകുമ്പോള്‍ മുടി നന്നായി മസാജ് ചെയ്യുന്നത് പിന്നീട് തലമുടി ചീകുമ്പോള്‍ തടസ്സം ഒഴിവാക്കാനും ഇത് വഴി തലമുടി പൊട്ടുന്നത് തടയാനും സഹായിക്കും.

Tags:
  • Glam Up
  • Beauty Tips