Friday 06 August 2021 04:09 PM IST : By സ്വന്തം ലേഖകൻ

ഇനി ആരും പറയില്ല മേക്കപ് ആണെന്ന്! ഈ ഓണത്തിന് പെർഫക്റ്റ് ആയി ഒരുങ്ങാൻ അറിഞ്ഞിരിക്കാം ‘ഫൗണ്ടേഷൻ കോഴ്‍സ്’

roosh.jpg.image.784.410

മേക്കപ് അണിയുന്നതിനെകുറിച്ച് എന്താണ് അഭിപ്രായമെന്നു ചോദിച്ചാൽ പുതുതലമുറ ഒരേ സ്വരത്തിൽ പറയും, ‘ഞങ്ങൾക്കു വേണ്ടത് നാചുറൽ ആൻഡ് സിംപിൾ ലുക് ആണ്’ എന്ന്. പിന്നെ, മേക്കപ്പിന്റെ പിന്നാലെ പോകുന്നത് എന്തിനെന്ന് ഒന്നൂടെ ചോദിച്ചാൽ ‘മേക്കപ് ഇടുമ്പോൾ കിട്ടുന്ന ആ പെർഫക്‌ഷൻ വേറെ എവിടേയും കിട്ടില്ലല്ലോ’ എന്നാകും ഉത്തരം. കാര്യം ശരി തന്നെ, മേക്കപ് ഇടുകയും വേണം  എന്നാൽ അത് തോന്നുകയും  ചെയ്യരുത് എന്നു പറഞ്ഞാൽ... കൂടുതൽ ആലോചിച്ച് തല പുകയ്ക്കണ്ട. അതിനു വേണ്ടത് മുഖത്തിന് ഇണങ്ങുന്ന ഫൗണ്ടേഷൻ തിരഞ്ഞെടുക്കുക എന്നതാണ്. ചർമത്തിന്റെ പ്രത്യേകതയും അവസരവും ഓരോ തരം ഫൗണ്ടേഷനാണ് വേണ്ടത്. മേക്കപ്പിൽ പെർഫക്റ്റ് ആകുന്നതിന്റെ ഗുട്ടൻസ് ഫൗണ്ടേഷനിലാണെന്നു ചുരുക്കം. ഇനി നാചുറൽ അഴകിന്റെ ആ രഹസ്യങ്ങൾ അറിയാൻ തുടർന്നു വായിച്ചോളൂ...

അപ്പോൾ തുടങ്ങാം...

കുളിച്ചു  ഫ്രഷായശേഷം മുഖത്ത് ഒന്ന് തൊട്ടു നോക്കൂ.. അൽപം തണുപ്പൊക്കെ തോന്നുന്നില്ലേ? സോഫ്റ്റായ കോട്ടൻ തുണി  ഉപയോഗിച്ച് മുഖത്തെ വെള്ളം ഒപ്പിയെടുക്കാം. ഇനി നേരെ കണ്ണാടിക്ക് മുൻപിൽ ചെന്നുനിന്ന്  ഒരു കഷണം പഞ്ഞിയിൽ അൽപം ക്ലെൻസറെടുത്ത് മുഖം തുടച്ചോളൂ. അഴുക്കും പൊടിയും നീങ്ങിയ മുഖത്ത് ഇനി മോയ്സ്ചറൈസർ പുരട്ടാം. സ്ഥിരമായി ഉപയോഗിക്കുന്ന മോയ്ചറൈസർ തന്നെ മതി.

മുഖത്തെ കനം കുറഞ്ഞ ചർമമാണ് കണ്ണിനു ചുറ്റുമുള്ളത്. അതിനാൽ അവിടെ ‘അണ്ടർ ഐ ക്രീം’ കൂടി പുരട്ടണം. കണ്ണിന് താഴെ കറുപ്പുള്ളവർ ഒരു ‘അണ്ടർ ഐ ക്രീം’ കൈയിൽ കരുതുന്നത് നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള  കറുപ്പിൽ മാത്രം ക്രീം പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓകെ.  ഇനി മൂന്ന് മിനിറ്റ് വെയിറ്റ് ചെയ്യാം... 1, 2, 3...

ഏത് മേക്കപ്പാണെങ്കിലും കൂടുതൽ നേരം നിലനിൽക്കാനും പെർഫക്റ്റ് ഫിനിഷ് കിട്ടാനും പ്രൈമർ എന്ന ബേസ് കോട്ട് ആവശ്യമാണ്. ജെൽ രൂപത്തിൽ ലഭിക്കുന്ന പ്രൈമർ വിരലിന്റെ അഗ്രഭാഗം കൊണ്ടെടുത്ത് മുഖത്ത് ചെറിയ കുത്തുകൾ പോലെ തൊടുക. മുഖമാകെ  മസാജ്  ചെയ്ത് പിടിപ്പിച്ച ശേഷം ഒരു മിനിറ്റ് കാത്തിരിക്കാം.

ഇനി ഫൗണ്ടേഷൻ

മുഖത്തിന്റെ സ്വാഭാവിക നിറമെന്താണോ അതിനെ കൂടുതൽ  ആകർഷണീയമാക്കാനാണ് ഫൗണ്ടേഷൻ. അതല്ലാതെ അൽപം ഒന്നു വെളുപ്പിച്ചേക്കാമെന്നു കരുതി സ്കിൻ ടോണിന് ഇണങ്ങാത്തവ തിരഞ്ഞടുക്കുകയേ അരുത്. പ്രധാനമായും ആറു രീതിയിലുള്ള ഫൗണ്ടേഷനുകളാണ് ഉള്ളത്. ഇവയിൽ ഏതു വേണം തിരഞ്ഞെടുക്കാനെന്നത് ഓരോരുത്തരുടേയും ചോയ്സ്.

ബിബി ക്രീം / സിസി ക്രീം: നിത്യവും ഉപയോഗിക്കാനായി ഇത്തരം ഫൗണ്ടേഷനാണ് നല്ലത്. ഇവയിൽ മോയ്സ്ചറൈസർ ധാരാളം അടങ്ങിയിട്ടുണ്ടാകും എന്നു മാത്രമല്ല ഏത് കാലാവസ്ഥയിലും അണിയാം. ഓഫിസിലേക്കും ക്യാപംസിലേക്കും നാചുറൽ ലുക്ക് കൂടെ പോരും.

ലിക്വിഡ് ഫൗണ്ടേഷൻ: എളുപ്പത്തിൽ മുഖത്ത് പുരട്ടാം, ദീർഘനേരം നിലനിൽക്കും തുടങ്ങിയ കാരണങ്ങളാണ് ലിക്വിഡ് ഫൗണ്ടേഷനെ പ്രിയപ്പെട്ടതാക്കുന്നത്. ബ്രഷ് ഉപയോഗിച്ച്  മുഖത്ത് പുരട്ടുന്നതാണ് ഫിനിഷിങ് കിട്ടാൻ നല്ലത്. അമിതമായി വരണ്ട ചർമമുള്ളവർക്കും ചുളിവുകളുള്ളവർക്കും ഇത്തരം ഫൗണ്ടേഷൻ യോജിക്കില്ല.

vanithamakkk6666

ക്രീം ഫൗണ്ടേഷൻ: ക്രീമിന്റെ അതേ സ്വഭാവമുള്ള ഇത്തരം  ഫൗണ്ടേഷൻ പ്രധാനമായും ഡ്രൈ സ്കിന്നുള്ളവർക്ക് വേണ്ടിയാണ്. വിരലുകളിലെടുത്ത് ചെറിയ കുത്തുകളായി മുഖത്ത് പുരട്ടിയ ശേഷം ഫൗണ്ടേഷൻ സ്പോഞ്ച് ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യാം.

മൂസ് ഫൗണ്ടേഷൻ: കോംപിനേഷൻ, ഓയിലി ചർമമുള്ളവർക്കിണങ്ങുന്ന ഈ ഫൗണ്ടേഷൻ തികച്ചും  ഓയിൽ ഫ്രീയാണ്. കട്ടി കുറഞ്ഞതും അപ്ലൈ ചെയ്ത് കഴിഞ്ഞാൽ വെൽവെറ്റ് പോലെ ചർമത്തെ മൃദുവാക്കുകയും ചെയ്യുന്ന ഇത്തരം ഫൗണ്ടേഷൻ ഡാംപ് സ്പോഞ്ച് ഉപയോഗിച്ച് വേണം മുഖത്ത് പുരട്ടാൻ. മുഖത്തെ അധികം ഡ്രൈ ആക്കാതെ എന്നാൽ ദീർഘനേരം നിലനിൽക്കുകയും ചെയ്യുമെന്നതാണ് ഹൈലൈറ്റ്.

കോംപാക്ട് ഫൗണ്ടേഷൻ: പൗഡർ രൂപത്തിലുള്ള കോംപാക്റ്റ് ഫൗണ്ടേഷൻ എപ്പോഴും ഹാൻഡ്ബാഗിൽ കരുതാവുന്ന ബെസ്റ്റ് ടച്ച് അപ്പ് മേക്കപ്പാണ്. തിരക്കുള്ള സമയത്താണെങ്കിൽ പോലും മോയ്സ്ചറൈസർ പുരട്ടിയശേഷം ഫൗണ്ടഷൻ പൗഡർ അണിഞ്ഞാൽ ഞൊടിയിടയിലൊരു ഫ്രഷ് ഫെയ്സ് സ്വന്തമാക്കാം. പൗഡർ പഫോ, അൽപം നനഞ്ഞ സ്പോഞ്ചോ ഉപയോഗിച്ച് ഇവ അണിയാം.

സിറ്റിക്ക്/ പാൻവ ഫൗണ്ടേഷൻ: വെഡ്ഡിങ് മേക്കപ്പിൽ ഉപയോഗിക്കുന്ന പാൻകേക്ക് ഫൗണ്ടേഷനാണിത്. ഫൗണ്ടേഷൻ കുടുംബത്തിലെ ഏറ്റവും കട്ടി കൂടിയ അംഗമാണിത്. അതിനാൽതന്നെ ദീർഘനേരം നിലനിൽക്കും. ഒരു ലെയർ ഫൗണ്ടേഷൻ കൊണ്ടുതന്നെ ചർമം ആകർഷീണയമാകും.

ബുദ്ധിയോടെ വേണം കൺസീലർ

ഫൗണ്ടേഷന്റെ തന്നെ മറ്റൊരു രൂപമാണ് കൺസീലറുകളും. എന്നാൽ ഇവയിൽ  പിഗ്‌മെന്റ് കണ്ടന്റ് കൂടുതലുള്ളതിനാൽ ഫൗണ്ടേഷന് മറയ്ക്കാൻ കഴിയാത്ത മുഖത്തെ കരുവാളിപ്പും  ഇരുണ്ട പാടുകളും  ഇവ ഭംഗിയായി  മറയ്ക്കും. മുഖത്തിന് കൂടുതൽ തിളക്കം  നൽകുകയും  ചെയ്യും. സ്കിൻ ടോണിനേക്കാൾ ഒരു ഷെയ്ഡ്  കുറഞ്ഞ കൺസീലർ വേണം തിരഞ്ഞെടുക്കാൻ.

ഫൗണ്ടേഷൻ അണിഞ്ഞശേഷം മുഖത്ത് നിറവ്യത്യാസം തോന്നുകയാണെങ്കിൽ ആ ഭാഗത്ത് മാത്രം കൺസീലറിന്റെ ചെറിയ തലോടൽ കൂടി നൽകാം. സ്റ്റിക്, ക്രീം, ലിക്വിഡ് എന്നീ രൂപങ്ങളിൽ കൺസീലർ ലഭ്യമാണ്. മുഖക്കുരു കലകളും പാടുകളും മറയ്ക്കാൻ സ്റ്റിക്ക് ഫൗണ്ടേഷൻ ഉപയോഗിക്കാം. മറ്റുള്ളവയെ അപേക്ഷിച്ച് കട്ടി കുറഞ്ഞ സ്വഭാവമുള്ള കൺസീലറുകളാണ് ക്രീം രൂപത്തിലെത്തുന്നത്. മുഖത്തെ കറുത്ത കുത്തുകളും പാടുകളും മറയ്ക്കാൻ ഇവ ഉപയോഗിക്കാം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മറയ്ക്കാനാണ് ലിക്വിഡ് കൺസീലർ ഉപയോഗിക്കേണ്ടത്. വളരെ എളുപ്പത്തിൽ മുഖത്ത് പുരട്ടാവുന്ന ഇത്തരം കൺസീലറുകൾ ചർമവുമായി ബ്ലെൻഡ് ചെയ്തുവിടാൻ എളുപ്പമാണ്. ഓരോരുത്തരും അവരുടെ മുഖത്തിന്റെ പ്രശ്നമെന്താണെന്ന് കണ്ടെത്തിയ ശേഷം വേണം കൺസീലർ തിരഞ്ഞെടുക്കേണ്ടത്.

പവറാണ് പൗഡർ

മേക്കപ്പാകുമ്പോള്‍ പൗഡറില്ലാതെ എന്ത്  ആഘോഷം. ഏത് മേക്കപ്പിന്റേയും ഫൈനൽ ടച്ച് പൗഡറിലാണ്. മുഖത്തിന് തിളക്കം നൽകാൻ, മേക്കപ് സെറ്റ് ചെയ്യാന്‍, ഫ്രഷ് ലുക്ക് ലഭിക്കാൻ ഇങ്ങനെ ഒട്ടേറെ കാരണങ്ങളാൽ പൗഡർ കൂടിയേ തീരൂ. കട്ടികൂടിയ പൗഡർ പഫ് ഉപയോഗിച്ച് വേണം പൗഡറണിയാൻ. പ്രധാനമായും രണ്ട് രീതിയിലാണ് പൗഡറുകൾ ലഭിക്കുക. ട്രാൻസ്‌ലൂസന്റ് പൗഡറും  പ്രസ്സ്ഡ് പൗഡറും.  ഓയിൽ സ്കിൻ ഉള്ളവർക്ക് ട്രാൻസ്‌ലൂസന്റ് പൗഡറാണ് നല്ലത്. മുഖത്തിന്റെ എല്ലാ ഭാഗത്തും പൗഡർ മൃദുവായി ടച്ച് കൂടി ചെയ്താൽ ബേസിക് മേക്കപ്പിന്റെ പെർഫെക്ട് ലുക്ക് ഇതാ സ്വന്തമായി...

ഒരുങ്ങും മുൻപേ...

∙ ആദ്യ പടി , മികച്ച ബ്യൂട്ടീഷന്റെ സ ഹായത്തോടെ നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം (ഓയിലി, ഡ്രൈ, മിക്സഡ്) കണ്ടെത്തുക എന്നതാണ്.

∙ ഫൗണ്ടേഷനും കൺസീലറും തിരഞ്ഞെടുക്കുന്നത് എപ്പോഴും പകൽ വെളിച്ചത്തിലായിരിക്കണം.

∙ മുഖത്തിന്റെയും കഴുത്തിന്റെയും ഇടയിൽ വരുന്ന ജോ ലൈനുകളാണ് ഓരോരുത്തരുടേയും യഥാർഥ സ്കിൻടോൺ. ഫൗണ്ടേഷൻ ഈ ഭാഗത്ത് അപ്ലൈ ചെയ്ത്, ചർമവുമായി ചേർന്നു പോകുന്നുണ്ടോ എന്നു നോക്കിയ ശേഷം വേണം തിരഞ്ഞെടുക്കാൻ.

∙ ഓരോ ചർമത്തിനും ഇണങ്ങുന്ന രീതിയിലുള്ള മോയ്ചറൈസർ അടങ്ങിയ ഫൗണ്ടേഷനുകൾ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

∙ ഇരുണ്ട ചർമമുള്ളവർ അവരുടെ സ്കിൻ ടോണിലും ഇളം നിറത്തിലുള്ള ഫൗണ്ടേഷൻ കവിളുകളിലും സ്കിൻ ടോൺ നിറം  ബാക്കി  വശങ്ങളിലും  നൽകിയാ ൽ കൂടുതൽ ആകർഷണീയമായിരിക്കും.

∙ മേക്കപ് അണിയുന്നതിന്  മുൻപ് ഒരു ഐസ് ക്യൂബ് ഉപയോഗിച്ച് മുഖത്ത് ഉരസിയാൽ കൂടുതൽ തിളക്കം  ലഭിക്കും.

Tags:
  • Glam Up
  • Beauty Tips