Thursday 25 November 2021 02:56 PM IST : By സ്വന്തം ലേഖകൻ

മുടിയുടെ അഴകിന് ചെമ്പരത്തിപ്പൂവും വെളിച്ചെണ്ണയും ചേർത്ത മാജിക്; മുടി തഴച്ചു വളരാൻ ആറ് സൗന്ദര്യക്കൂട്ടുകൾ ഇതാ

hair-beayyuuuygbhhhibbis

ഏതു പ്രായത്തിലും മനഃസമാധാനം കെടുത്തുന്ന ഒന്നാണ് മുടികൊഴിച്ചിൽ. വിയർപ്പും താരനും പെരുകുന്നത് മുടിയിഴകളെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്. മുടികൊഴിച്ചിലിനു ശമനം കിട്ടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് എളുപ്പവഴികൾ ഇതാ..

എണ്ണ തേച്ചു കുളി

ചെറുചൂടിൽ എണ്ണ തലയിൽ തേച്ചു നന്നായി മസാജ് ചെയ്യുന്നതോടെ പോഷക ഗുണങ്ങൾ ഒരോ മുടിയിഴകൾക്കും ലഭിക്കുന്നു. വേരു മുതൽ മുടിയ്ക്ക് ബലം ലഭിക്കാൻ ഇത് സഹായകരമാണ്. ആഴ്ചയിൽ ഒന്നെങ്കിലും ശിരോചർമ്മത്തിൽ നന്നായി എണ്ണ തേച്ചു പിടിപ്പിക്കണം. 

മുടി കൊഴിച്ചിലിന് നെല്ലിക്ക

മുടിയുടെ അഴകിന് ആയുർവേദ എണ്ണകളിൽ ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട്  നെല്ലിക്ക മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. ഒരു ടേബിൾ സ്പൂൺ നെല്ലിക്ക അരച്ചെടുത്തത് ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരുമായി യോജിപ്പിക്കണം. ഉറങ്ങുന്നതിനു മുൻപായി ഈ മിശ്രിതം ശിരോചർമ്മത്തിൽ തേച്ചു പിടിപ്പാക്കാം. ഇനി ഒരു ഷവർ ക്യാപ്പ് കൊണ്ടോ ടവ്വൽ കൊണ്ടോ മുടിയിഴകൾ മൂടി വച്ച് ഉറങ്ങാൻ കിടന്നോളൂ. രാവിലെ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ഒറ്റ ആഴ്ചയിൽ മാറ്റം അനുഭവിച്ചറിയാം.

താരൻ അകറ്റാൻ ഉലുവ

താരനെ പ്രതിരോധിക്കാൻ ഉലുവ അത്യുത്തമമാണ്. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റു രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടുക. മുക്കാൽ മണിക്കൂറിനു ശേഷം മുടി കഴുകാം. ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ താരനും മുടികൊഴിച്ചിലും നിശ്ശേഷം മാറും.

ഉള്ളിനീര് ഉത്തമം 

ഉള്ളിയിലടങ്ങിയിരിക്കുന്ന സൾഫർ ഘടകം മുടിയുടെ വേരുകളിലേക്ക് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. ശിരോചർമ്മത്തിനെ അണുബാധയിൽ നിന്നു രക്ഷിക്കാനും ഉള്ളിയുടെ നീരിന് കഴിവുണ്ട്. ഉള്ളി നന്നായി ചതച്ച് നീരു പിഴിഞ്ഞെടുക്കുക. ഇത് നേരിട്ട് ശിരേചർമ്മത്തിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം വിര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകിക്കോളൂ. ഉള്ളിനീരും കറ്റാർ വഴയുടെ നീരും അൽപ്പം ഒലിവ് ഓയിലും സമം ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുന്നതും ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടു മൂന്നു തവണ ഇതു തുടരാം.

കറ്റാർവാഴ കൂട്ട്

മുടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ നീരെടുത്ത് നേരിട്ട് ശിരോചർമ്മത്തിൽ തേയ്ക്കണം. കറ്റാർ വാഴയുടെ പോഷകങ്ങൾ ശിരോചർമ്മത്തിൽ ആഗിരണം ചെയ്യാനായി ഏതാനും മണിക്കൂറുകൾ അനുവദിക്കണം. അതിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ മൂന്നു താലു തവണ ഇതു തുടർന്നാൽ മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരുന്നത് കാണാം.

അഴകിന് ചെമ്പരത്തി

മുടിയുടെ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് ചെമ്പരത്തി. 10 ചെമ്പരത്തിപ്പൂക്കൾ എടുത്ത് രണ്ടു കപ്പു വെളിച്ചെണ്ണയിൽ ഇട്ടു കരിനിറമാകുന്നതു വരെ ചൂടാക്കാം. ഈ എണ്ണ പാത്രത്തിലെടുത്ത് വച്ച് ആഴ്ചയിൽ രണ്ടൊ മൂന്നോ തവണ കിടക്കുന്നതിനു മുമ്പായി തലയിൽ തേച്ചു പിടിപ്പിക്കണം. കാലത്ത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ അഴകിനും ആരോഗ്യത്തിനും മുടി കൊഴിച്ചിൽ അകലുന്നതിനും ചെമ്പരത്തി അത്യുത്തമമാണ്.

Tags:
  • Hair Style
  • Glam Up
  • Beauty Tips