Monday 29 August 2022 05:19 PM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചിൽ തടയാം ഭക്ഷണത്തിലൂടെ; മുടി വളരാൻ ഇലക്കറികൾ, നട്സ് ശീലമാക്കാം

hair-vegggghhhih

മുടികൊഴിച്ചിൽ സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ്. അനാരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, സമ്മർദം, രോഗങ്ങൾ ഇവ മുടികൊഴിച്ചിലുണ്ടാക്കാം.  

കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ, ചില റേഡിയേഷൻ തെറപ്പി, ആർത്തവവിരാമം തുടങ്ങി പല കാരണങ്ങളാൽ മുടിനാരുകളുടെ ആരോഗ്യം നഷ്ടപ്പെടാം. മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന് താരൻ ആണ്. 

എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം, അനാരോഗ്യകരമായ ഡയറ്റ്, അമിതമായി വെയിലും മഞ്ഞുമേൽക്കുക ഇവയും മുടികൊഴിച്ചിലിന്റെ കാരണങ്ങളാണ്.  

പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം) ന്റെ ഭാഗമായും സ്ത്രീകളിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പിസിഒസ് പരിഹരിക്കലാണ് അതിന് പ്രതിവിധി. ഇതിന് ഫലപ്രദമായ ആയുർവേദ ചികിത്സാമാർഗങ്ങളുണ്ട്. അതിനുശേഷം ഡോക്ടറുടെ നിർദേശപ്രകാരം മുടിവളർച്ചയ്ക്ക് സഹായകരമായ എണ്ണകൾ ഉപയോഗിക്കാം.  

മുടി വളരാൻ ഇലക്കറികൾ

ഇലക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കും. ബദാം പോലുള്ള നട്സ് പതിവായി കഴിക്കുന്നത് മുടികൊഴിച്ചിൽ ഒരുപരിധി വരെ തടയും. 

മുടിയിൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ലളിതമായ സംരക്ഷണ മാർഗമാണ്. മറ്റു രോഗാവസ്ഥകൾ ഒന്നുമില്ലെങ്കിൽ വെളിച്ചെണ്ണ അഞ്ച് മില്ലി എടുത്തു ചെറുതായി ചൂടാക്കി തലയിൽ 20 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം. 

തലവേദന, മൈഗ്രേൻ, വാതരോഗങ്ങൾ എന്നിവ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള എണ്ണ തേയ്ക്കുന്നതായിരിക്കും നല്ലത്.  

മുടി നാരുകളുടെ ആരോഗ്യം വീണ്ടെടുക്കാനും മുടിവേരുകൾക്ക് ബലം ലഭിക്കാനും മൂക്കിലുടെ തുള്ളി മരുന്ന് ഇറ്റിച്ചു കൊണ്ടുള്ള ചികിത്സയായ നസ്യം, ദുഷിച്ച രക്തം നീക്കം ചെയ്തുകൊണ്ടുള്ള ചികിത്സയായ പ്രച്ഛാനനം, ഔഷധ സസ്യങ്ങളിട്ടു തയാറാക്കിയ കഷായങ്ങൾ ഒഴിച്ചുള്ള ചികിത്സാ രീതിയായ പരിഷേകം, തലയിൽ എണ്ണതേച്ചുള്ള ചികിത്സയായ ശിരോ അഭ്യംഗം, ശിരോ പിചു എന്നീ ചികിത്സാ രീതികളാണ് ആയുർവേദം അവലംബിക്കുന്നത്. ഔഷധ എണ്ണയിൽ രോഗബാധിതമായ ശരീരഭാഗം കുതിർത്തുള്ള ചികിത്സയാണ് പിചു.

മുടികൊഴിച്ചിൽ തടയുകയും വളർച്ച വർധിപ്പിക്കുകയും ചെയ്യുന്ന ഹെയർപാക്കുകൾ ആയുർവേദത്തിൽ ഉണ്ട്. അതിനൊപ്പം കഴിക്കാനുള്ള ഔഷധങ്ങളും ഉണ്ടാകും.  

മുടികൊഴിച്ചിൽ അല്ലെങ്കിൽ നര തുടങ്ങുമ്പോൾ തന്നെ ആയുർവേദ ചികിത്സ ആരംഭിച്ചാൽ മികച്ച ഫലം ലഭിക്കും. വൈകിയ വേളയിലായാലും  ഉള്ള കറുത്ത മുടി  നര ബാധിക്കാതെ സംരക്ഷിക്കാൻ ചികിത്സയിലൂടെ കഴിയും. 

വ്യക്തിയുടെ ആരോഗ്യാവസ്ഥ, രോഗകാരണം എന്നിവ അനുസരിച്ച് ഓരോരുത്തർക്കും ഉപയോഗിക്കുന്ന എണ്ണകൾ, എണ്ണകളുടെ മിശ്രിതം, ഹെയർ പാക്കുകളുടെ മിശ്രിതം എന്നിവ വ്യത്യസ്തമായിരിക്കും. വിദഗ്ധ ചികിത്സകന്റെ സഹായം ഇതിന് അത്യാവശ്യമാണ്. ഡോക്ടർ നിർദേശിക്കുന്ന യോഗാസനങ്ങളും കൃത്യമായി ചെയ്യണം. 

Tags:
  • Glam Up
  • Beauty Tips