Thursday 30 September 2021 04:35 PM IST : By സ്വന്തം ലേഖകൻ

ടെന്‍ഷനും പിരിമുറുക്കവും ഉണ്ടെങ്കിൽ മുടി അതിന്റെ വഴിക്ക് പോകും; മുടികൊഴിച്ചിലും നരയും അകറ്റാൻ 10 മാർഗങ്ങൾ

hairr4555bbnnb

തിളക്കമുള്ള ഒഴുകിക്കിടക്കുന്ന മുടി സ്വപ്നം കാണാത്തവരുണ്ടാകില്ല. പക്ഷേ, പലർക്കും അതു സ്വപ്നം മാത്രമാണെന്നു മാത്രം. പോഷകക്കുറവും മുടി സംരക്ഷണത്തിലെ പോരായ്മകളും യാത്രകളും തൈറോയ്ഡ് പോലുള്ള രോഗങ്ങളും താരൻ പോലെ മുടിയുടെ ആരോഗ്യം തകരാറിലാക്കുന്ന പ്രശ്നങ്ങളും മുടിയെ വരണ്ട് ജീവനില്ലാത്തതാക്കും.

∙ മുടിയിൽ പുരട്ടുന്ന ക്രീമുകളും എണ്ണകളും മാത്രമല്ല ഡയറ്റും ജീവിതരീതിയും മുടിയുടെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കും. മാനസികസമ്മർദം മുടി കൊഴിച്ചിൽ വർധിപ്പിക്കും. മുടി വളർച്ചയുടെ വേഗത കുറയ്ക്കും. മാത്രമല്ല, മുടിയുടെ തിളക്കവും സ്വാഭാവികതയും കുറയ്ക്കും. റിലാക്സേഷൻ ടെക്നിക്കുകളും യോഗയും മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുന്നതോടൊപ്പം മുടിക്കും ആരോഗ്യമേകും.

∙ പുറമേ പുരട്ടുന്നവയേക്കാളും ഉള്ളിലേക്ക് ചെല്ലുന്നതാണ് മുടിക്ക് കൂടുതൽ കരുത്തുനൽകുന്നത്. ധാരാളം പ്രോട്ടീനുള്ള ഭക്ഷണം മുടി വളർച്ചയ്ക്ക് നല്ലതാണ്. അതേപോലെ തന്നെ അയണും വൈറ്റമിൻ കെയും മുടിവളർച്ചയെ സഹായിക്കും. സ്ത്രീകളിലെ മുടികൊഴിച്ചിലിന് പ്രധാന കാരണം തന്നെ അയണിന്റെ അഭാവമാണ്. മുടികൊഴിച്ചിൽ ക്രമാതീതമാണെങ്കിൽ ഡോക്ടറെ കണ്ട് അനീമിയ പോലുള്ള പ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കണം. മാംസഭുക്കുകൾക്ക് ചുവന്ന മാംസത്തിൽ നിന്ന് വേണ്ടത്ര അയൺ ലഭിക്കും. സസ്യഭുക്കുകളാണെങ്കിൽ ചുവന്ന ചീരയും സ്പിനച്ചുമൊക്കെ കൂടുതൽ കഴിക്കുക.

∙ മുടി നരയ്ക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ബയോട്ടിനടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒരു പരിധിവരെ നിറം നഷ്ടമാകുന്നത് തടയും. കുത്തരി, സോയാബീൻ, ഓട്സ്, അണ്ടിപ്പരിപ്പുകൾ എന്നിവയിലെല്ലാം ബയോട്ടിനുണ്ട്. മാനസിക പിരിമുറുക്കത്തെ തുടർന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ മുടിക്കു നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങളെ കുറയ്ക്കുമെന്നു പഠനങ്ങൾ പറയുന്നു.

∙ പൊടിയും വിയർപ്പും അടിഞ്ഞുകൂടിയാൽ മുടിയിൽ താരനും മുടിക്കായയുമൊക്കെ വരാം. അതുകൊണ്ട് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും തലയോട്ടിയിൽ ഷാംപൂ ചെയ്ത് മസാജ് ചെയ്ത് കഴുകിക്കളയണം. ശേഷം കണ്ടീഷനർ മുടിനാരുകളിൽ മാത്രം പുരട്ടി അഞ്ചുമിനിറ്റ് വച്ചശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ വെളിച്ചെണ്ണ പുരട്ടി തലയോട്ടി മസാജ് ചെയ്യുന്നത് രക്തപ്രവാഹം കൂട്ടും. മുടി വളർച്ച ത്വരിതപ്പെടുത്തും. അതിനുശേഷം ഷാംപൂ ചെയ്തുകളയണം. എണ്ണ മുടിയിൽ നിന്നാൽ പൊടി അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

∙ താരനുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാം. ഒപ്പം തലയണ, ചീപ്പുകൾ എന്നിവയും കഴുകി വൃത്തിയാക്കണം. ചിലരുടെ തലയോട്ടി വരണ്ട് വെളുത്ത പൊടിപോലെ വരാം. ഇങ്ങനെയുള്ളവർ ആഴ്ചയിലൊരിക്കൽ ഓയിൽ മസാജ് ചെയ്ത് ഷാംപൂ ചെയ്യുക.

∙ മുടിനാരുകൾ ബലം കുറഞ്ഞ് കാണപ്പെടുന്നെങ്കിൽ പ്രോട്ടീൻ തെറപ്പി ചെയ്ത് ബലപ്പെടുത്താം. മുട്ടയുടെ വെള്ളയും ഒലീവ് എണ്ണയും യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടി അരമണിക്കൂർ വച്ചിരുന്ന് കഴുകിക്കളയുന്നതും നല്ലതാണ്. ഇത് മുടിയെ ബലപ്പെടുത്തി പൊട്ടിപ്പോകൽ കുറയ്ക്കും.

∙ മുടിയ്ക്ക് ഇൻസ്റ്റന്റ് തിളക്കം ലഭിക്കാൻ ഹെയർ സീറം സഹായിക്കും. പക്ഷേ, സിറം ഉപയോഗിക്കുന്നവർ രാത്രി മുടി കഴുകി വൃത്തിയാക്കാൻ മറക്കരുത്.

∙ ചുരുണ്ട മുടി താൽപര്യമില്ലാത്തവർക്ക് സ്മൂത്തനിങും സ്ട്രെയ്റ്നിങ്ങുമൊക്കെ ചെയ്യാം. പക്ഷേ, മുടിനാരിന്റെ ബലം കുറയ്ക്കുന്ന ഇത്തരം മാർഗങ്ങൾ മുടി പൊട്ടിപ്പോകാൻ ഇടയാക്കാം. അതുകൊണ്ട് ഇടയ്ക്ക് പ്രോട്ടീൻ തെറപ്പി ചെയ്യണം. മുടിയുടെ സ്വാഭാവിക തിളക്കം നഷ്ടമാകാൻ സാധ്യതയുള്ളതിനാൽ ഫാർമസ്യൂട്ടിക്കൽ കണ്ടീഷനറുകൾ ഉപയോഗിക്കേണ്ടിവരും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എം.എൻ. ശശിധരൻ, ചീഫ് ഫിസിഷ്യൻ, അപ്പാവു വൈദ്യൻ ആയുർവേദിക്, മെഡിക്കൽസ്, തിരുനക്കര, കോട്ടയം 

Tags:
  • Hair Style
  • Glam Up
  • Beauty Tips