Tuesday 17 August 2021 04:10 PM IST : By സ്വന്തം ലേഖകൻ

വേരു മുതൽ അറ്റം വരെ കരുത്തുറ്റതാകും, മുടി കൊഴിച്ചിലിനോട് ബൈ പറയാം; വീട്ടിൽ ചെയ്യാവുന്ന ഒറ്റമൂലികൾ

hair-loss.jpg.image.845.440

മുടി കൊഴിച്ചിലാണ് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന സാധാരണമായ പ്രശ്നം. ഇതിനു പിന്നിലെ കാരണങ്ങൾ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗാവസ്ഥകൾ കൊണ്ടാണ് മുടി കൊഴിയുന്നതെങ്കിൽ ആദ്യം രോഗാവസ്ഥ പരിഹരിക്കണം. അമിത മാനസിക സമ്മർദം, ഹോർമോൺ വ്യതിയാനം, പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് അയണിന്റെയും പ്രോട്ടീന്റെയും കുറവ്, പലതരം മാരക രോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം മുടി കൊഴിയാനിടയാക്കും. പ്രസവാനന്തരം മുടി കൊഴിയാറുണ്ട്. പോഷകാഹാരക്കുറവാണ് കാരണമെങ്കിൽ മുടിക്ക് വേണ്ട പോഷകാഹാരം കൃത്യമായി കഴിക്കണം.

സാധാരണ മുടി കൊഴിച്ചിലിന് വീട്ടിൽ തന്നെ പരിഹാരം

∙ ഒരു കപ്പ് തേങ്ങാപ്പാൽ എടുക്കുക. (തേങ്ങ ചുരണ്ടിയത് പിഴിഞ്ഞ് വീട്ടിൽ തയാറാക്കിയ തേങ്ങാപ്പാൽ). ഹെയർ ബ്രഷ് ഉപയോഗിച്ച് ശിരോചർമത്തിൽ പുരട്ടുക. ടവൽ  കൊണ്ട് തലമുടി പൊതിഞ്ഞ് 20 മിനിറ്റ് വച്ച ശേഷം മുടി തണുത്ത വെ ള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം. തേങ്ങാപ്പാലിലെ വൈറ്റമിൻ ഇയും പൊട്ടാസ്യവും മു‍ടി വളരാൻ സഹായിക്കുന്നു. മുടിയുടെ വേരു മുതൽ അറ്റം വരെ കരുത്തുള്ളതാക്കുന്നു. മോയിസ്ചറൈേസഷൻ നൽകുന്നു.

∙ ത്രിഫലാദി തൈലം ശിരോചർമത്തിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഫലപ്രദമാണ്.

∙ നെല്ലിക്ക തണലിൽ ഉണക്കിയെടുത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണകൊണ്ട് മസാജ് ചെയ്യുന്നത് മുടി വളരാൻ ഉപകരിക്കും.

∙ അഞ്ച് ചെമ്പരത്തിയിലയും അഞ്ച് ചുവന്ന ചെമ്പരത്തിപ്പൂവും ചതച്ചെടുക്കുക. നൂറു മില്ലി ലീറ്റർ ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് ചതച്ച മിശ്രിതം ചേർത്ത് തിളപ്പിച്ച്, തണുത്ത ശേഷം ഈ എണ്ണ അരിച്ചെടുത്ത് കുപ്പിയിലടച്ചു സൂക്ഷിക്കാം. രണ്ട് സ്പൂൺ എണ്ണ ശിരോചർമത്തിൽ പുരട്ടി 10 മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം താളിപ്പൊടിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. മുടി തഴച്ചു വളരാൻ സഹായിക്കും.

∙ വെളിച്ചെണ്ണ, കാസ്റ്റർ ഓയിൽ, വൈറ്റമിൻ ഇ ഓയിൽ എന്നിവ തുല്യ അളവിൽ മിശ്രിതമാക്കി ശിരോചർമത്തിൽ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കും.

മുടിയിൽ തേയ്ക്കുന്ന ഏത് എണ്ണയും മുടിയുടെ വേരുകളിലേക്ക് എത്തിയാലേ നല്ല ഫലം കിട്ടൂ. അതിനാൽ നന്നായി മസാജ് ചെയ്ത് എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം.

Tags:
  • Glam Up
  • Beauty Tips