Saturday 29 August 2020 03:10 PM IST : By സ്വന്തം ലേഖകൻ

ഇനി മുടി കരുത്തോടെ വളരും; വീട്ടിൽ തയാറാക്കാം 10 തരം ആയുർവേദ എണ്ണകൾ

ayurvedha-oil-for-hair

ഇടതൂർന്ന മുടിയുള്ള മലയാളി സുന്ദരികളുടെ ചിത്രങ്ങൾ കണ്ട് െകാതിച്ച് വിദേശസുന്ദരികൾ നമ്മുടെ നാടൻ കൂട്ടുകളുടെ പിന്നാലെയാണ്. എന്നാൽ നമ്മളിൽ പലരും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ മുടിയുടെ ഭംഗി മുഴുവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.  

നീലയമരിയും കയ്യോന്നിയും പോലെയുള്ള കൂട്ടുകൾ ചേ ർത്തുണ്ടാക്കിയ എണ്ണകളായിരുന്നു പഴയ തലമുറയുടെ മുടിയഴകിന് പിന്നിൽ.  മുടി െകാഴിച്ചിൽ അകറ്റി മുടി ഇടതൂർന്ന് വളരാൻ സഹായിക്കുന്ന പത്ത് തരം എണ്ണകൾ വീട്ടിൽ തയാറാക്കുന്ന വിധം അറിയാം. ഒപ്പം ആയുർവേദ ചിട്ടകളും ശീലമാക്കാം.

ആദ്യം കാരണം കണ്ടെത്താം

ദിവസം 50 മുതൽ 100 വരെ മുടി കൊഴിയുന്നത് സാധാരണമാണ്. അതിൽ കൂടുതലായി മുടി െകാഴിയുമ്പോൾ ചികിത്സ തേടണമെന്നാണർഥം.

ക്രമേണയുള്ള മുടികൊഴിച്ചിൽ, പെട്ടെന്നുള്ള മുടി കൊഴിച്ചിൽ എന്നിങ്ങനെ രണ്ട് രീതിയിലാണ് മുടി െകാഴിച്ചിൽ കാണാറുള്ളത്. ക്രമേണയുള്ള മുടി കൊഴിച്ചിൽ ജനിതകമായുണ്ടാകുന്നതോ  ഹോർമോൺ വ്യതിയാനം   മൂലമുണ്ടാകുന്നതോ ആകാം.  പആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുകയും  മാനസിക സമ്മർദം അകറ്റുകയും ചെയ്താൽ  മുടി കൊഴിയുന്നത് തടയാനാകും.

 പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിൽ പ്രധാനമായും കടുത്ത പനി, മരുന്നുകളുടെ പാർശ്വഫലം, സ്ത്രീകളിൽ പ്രസവ ശേഷമുള്ള േഹാർമോൺ വ്യതിയാനം, രക്തക്കുറവ്, പോഷകങ്ങളുടെ കുറവ്, പിസിഒഡി, തൈറോയ്ഡ് േഹാർമോണുകളുടെ വ്യതിയാനം, താരൻ, അണുബാധ മൂലമുണ്ടാകുന്ന വട്ടത്തിലുള്ള മുടി കൊഴിച്ചിൽ മുതലായവയാണ്.

ആന്തരികവും ബാഹ്യവുമായ ആഹാരഒൗഷധങ്ങളാണ് മുടികൊഴിച്ചിലിനുള്ള പ്രതിവിധി. ശരിയായ ആഹാര രീതി, വ്യായാമം, ഔഷധം തുടങ്ങിയവ ശീലമാക്കുക. ഒപ്പം ആയുർവേദ ചിട്ടകൾ കൂടി പിന്തുടർന്നാൽ ആരോഗ്യമുള്ള മുടിയിഴകൾ സ്വന്തമാക്കാം.

ബാഹ്യമായിട്ടുള്ള ശിരോലേപം (ശിരസ്സിൽ മരുന്നരച്ച് പുരട്ടുക), ശിരോധാര (ദ്രവൗഷധങ്ങൾ ധാരയായി ശിരസ്സിൽ ഉപയോഗിക്കുക) എന്നിവയ്ക്ക് പുറമെ തലയിൽ എണ്ണ തേയ്ക്കുന്നതും പ്രധാനമാണ്. താരൻ പോലെ ശിരോചർമത്തിലെ രോഗത്തിനുള്ള എണ്ണ ഉപയോഗിക്കുന്നത് രോഗം ഭേദമാക്കുന്നതിനൊപ്പം മുടി കൊഴിച്ചിലും തടയും. വീട്ടിൽ എണ്ണ തയാറാക്കുമ്പോൾ ചേരുവകൾ കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കണം. താന്നിക്കത്തോട്, ത്രിഫലത്തോട് തുടങ്ങിയ േചരുവകൾ അങ്ങാടിക്കട, ആയുർവേദ വൈദ്യശാലകൾ എന്നിവിടങ്ങളിൽ ലഭിക്കും.

1. നീലിഭൃംഗാദി എണ്ണ

നീലയമരി, കയ്യോന്നി, നെല്ലിക്ക, ഉഴിഞ്ഞ എന്നിവ 50 ഗ്രാം വീതമെടുത്ത് ഒരു ലീറ്റർ തിളച്ച വെള്ളത്തിൽ മൂന്ന് തവണ ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുക്കണം. ഈ കൂട്ടിൽ ഇരട്ടി മധുരം, അഞ്ജനക്കല്ല്, കുന്നിക്കുരു ഇവ 10 ഗ്രാം വീതം അരച്ച് കലക്കി 250 മില്ലിലീറ്റർ നല്ലെണ്ണ ചേർത്ത് കാച്ചി ചെളി പാകമാക്കുക. ആട്ടിൻ പാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ, പശുവിൻ പാൽ ഇവ 250 മില്ലി ലീറ്റർ വീതം ചേർത്ത് കാച്ചി കുറുകിയ ശേഷം അരിച്ച് ഉപയോഗിക്കുക.

ഗുണങ്ങൾ: അകാലനര, താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയവ മാറ്റി മുടിക്ക് തണുപ്പും ആരോഗ്യവുമേകും. കണ്ണിന് ആരോഗ്യമേകാനും  ഈ എണ്ണ ഉപകരിക്കും.

2. കീഴാനെല്ലി എണ്ണ

കീഴാനെല്ലി അരച്ചെടുക്കുക. ഇതിന്റെ  നാല് ഇരട്ടി അളവിൽ  എണ്ണയെടുക്കണം. ഈ എണ്ണയുടെ നാല് ഇരട്ടി വെള്ളം ചേ ർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : മുടിെകാഴിച്ചിൽ അകലും. മുടി സമൃദ്ധമായി വളരും.

3. കയ്യൊന്ന്യാദി എണ്ണ

കയ്യൊന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവ 50 ഗ്രാം വീതം, ഒരു ലീറ്റർ തിളച്ച വെള്ളത്തിൽ മൂന്ന് തവണ ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുത്ത് അഞ്ജനക്കല്ലും ഇരട്ടി മധുരം ഇവ 15 ഗ്രാം വീതം അരച്ച് കലക്കി 250 മില്ലി ലീറ്റർ നല്ലെണ്ണ ചേർത്ത് കാച്ചുക. ചെളി രൂപത്തിലാകുമ്പോൾ പശുവിൻ പാൽ, ആട്ടിൻപാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ ഇവ 250 മില്ലി ലീറ്റർ വീതം ചേ ർത്ത് കാച്ചി പാകമാകുമ്പോൾ അരിച്ചെടുക്കുക.

ഗുണങ്ങൾ: ശിരസ്സിനും മുടിക്കും തണുപ്പും പോഷണവും ന ൽകുന്നു. അകാലനര വരാതിരിക്കാൻ ഉത്തമമായ മരുന്നാണിത്. മുടിക്ക് കറുപ്പ് നിറവും ദൃഢതയും ലഭിക്കും.

4. താന്നിക്കാത്തോട് േചർത്ത എണ്ണ

ഒരു ഭാഗം താന്നിക്കാത്തോട് എട്ട് ഇരട്ടി വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ഈ കഷായം ചെറുതീയിൽ വച്ച് കാൽ ഭാഗമാക്കി എടുക്കുന്നതാണ് കൽക്കം. ഈ കൽക്കം നാല് ഇരട്ടി എണ്ണയും എണ്ണയുടെ നാല് ഇരട്ടി വെള്ളവും ചേർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : മുടി വളരാനും അകാലനര അകറ്റി മുടിക്ക് കറുപ്പ് നിറം നൽകാനും ഈ എണ്ണ നല്ലതാണ്.

5. ഭൃംഗാമലകാദി എണ്ണ‌

ഒന്നര ലീറ്റർ പശുവിൻപാലിൽ കാൽ ലീറ്റർ കയ്യോന്നിനീര്, നെല്ലിക്കാനീര്, നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഇവയിലേതെങ്കിലും ചേർക്കുക. ഒപ്പം 25 ഗ്രാം ഇരട്ടി മ‌ധുരം ചേർത്ത് പാകത്തിന് കാച്ചിയെടുക്കാം.

ഗുണങ്ങൾ : മുടി നന്നായി വളരാനും നര മാറ്റി കറുപ്പ് ലഭിക്കാനും ഉത്തമ ഔഷധമാണ്.

89-shutterstock_479101009

6. തുമ്പ ചേർത്ത എണ്ണ

50 ഗ്രാം തുമ്പ ഇടിച്ചു പിഴിഞ്ഞതിൽ ഇളനീർ ചകിരി ഇടിച്ചു പിഴിഞ്ഞ നീര്, മോര് ഇവ അര ലീറ്റർ വീതം ചേർക്കുക. മഞ്ഞൾ, കച്ചോലം ഇവ അരച്ചത് എട്ടിരട്ടി വെള്ളത്തിൽ തിളപ്പിച്ചത് ചെറുതീയിൽ വച്ച് കാൽഭാഗമാക്കണം. ഈ കൂട്ട് 50 മില്ലി ലീറ്റ ർ എടുക്കുക. അര ലീറ്റർ എണ്ണയിൽ ഈ കൂട്ടുകളും ഒരു ലീറ്റർ വെള്ളവും ചേർത്ത് എണ്ണ തയാറാക്കാം.

ഗുണങ്ങൾ : തലയിലുണ്ടാകുന്ന ചെറിയ കുരുക്കൾ, താരൻ ഇവയ്ക്ക് നല്ലതാണ്.

7. മാലത്യാദി കേരം

പിച്ചകം, അരളി, ഉങ്ങ്, വെള്ള കൊടുവേലി ഇവ 50 ഗ്രാം വീതമെടുക്കുക. ഇതിൽ രണ്ടു ലീറ്റർ വെള്ളം, അര ലീറ്റർ നല്ലെണ്ണ എന്നിവ പാകത്തിൽ ചേർത്ത് തിളപ്പിച്ചെടുക്കാം.

ഗുണങ്ങൾ : മുടി വട്ടത്തിൽ കൊഴിയുക, ശിരോചർമത്തിൽ ഉണ്ടാകാവുന്ന േരാഗങ്ങൾ, താരൻ എന്നിവ അകറ്റാൻ ഈ എണ്ണ ഫലപ്രദമാണ്.

8. ത്രിഫലത്തോട് േചർത്ത എണ്ണ

ത്രിഫലത്തോട്, വേപ്പിൻതൊലി, പുത്തരിച്ചുണ്ടവേര്, മഞ്ഞ ൾ, മരമഞ്ഞൾത്തൊലി, രക്തചന്ദനം ഇവ അരച്ച് എട്ടിരട്ടി വെള്ളത്തിൽ തിളപ്പിക്കുക. ഇതു ചെറുതീയിൽ വച്ച് കാൽ ഭാഗമാക്കുക. ഈ കൂട്ടിന്റെ നാല് ഇരട്ടി എണ്ണയെടുത്ത്, എണ്ണയുടെ നാലിരിട്ടി വെള്ളവും േചർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : തലയിലെ അണുബാധ നിമിത്തമുള്ള മുടികൊഴിച്ചിൽ മാറും. ശിരോചർമത്തിന്റെ ആരോഗ്യം കാക്കും.

9. നാടൻ കൂട്ടുകളാൽ എണ്ണ

തകരയരി, നെല്ലിക്കാത്തോട്, കോലരക്ക്, കൊന്നയില ഇവ   സമമെടുക്കുക. ഇതിന്റെ നാലിരട്ടി എണ്ണയും എണ്ണയുടെ നാലിരട്ടി വെള്ളവും ചേർത്ത് എണ്ണ കാച്ചുക.

ഗുണങ്ങൾ : രൂക്ഷമായ മുടികൊഴിച്ചിൽ മാറും.

10. ഉലുവ എണ്ണ

25 ഗ്രാം ഉലുവയെടുത്ത് അരയ്ക്കുക. 100 മില്ലി ലീറ്റർ എണ്ണയും  400 മില്ലി ലീറ്റർ വെള്ളവും ചേർത്ത് എണ്ണ കാച്ചണം.

ഗുണങ്ങൾ : മുടികൊഴിച്ചിൽ കുറയ്ക്കും. മുടി വളർത്തും.

കാച്ചെണ്ണകൾ പാകം അറിയാതെ ചെയ്താൽ കഴുത്ത്  വേദന, വിട്ടുമാറാത്ത തുമ്മൽ സൈനസൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകാനിടയുണ്ട്. അതുകൊണ്ട് തന്നെ എണ്ണ തയാറാക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.

നാടൻ ചിട്ടകൾ ശീലമാക്കാം  

ആയുർവേദരീതിയിൽ എണ്ണ തേച്ചു കുളി, സുഗന്ധദ്രവ്യങ്ങളുടെ പുക ഏൽപിക്കുക, താളി ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക എന്നീ ചിട്ടകൾ മുടിക്ക് അഴകേകും. തണുപ്പ് ന ൽകുന്ന ഹെയർ പാക്കുകൾ ആഴ്ചയിലൊരിക്കൽ ഇടുന്നത് വെയിേലൽക്കുന്നത് മൂലം മുടിക്കുണ്ടാകുന്ന പ്രശ്നങ്ങൾ മാറാൻ നല്ലതാണ്.

∙ കാൽ കപ്പ് തേങ്ങാപ്പാൽ ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനു ശേഷം താളി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി കുളിക്കാം.

∙ തുളസി, ബ്രഹ്മി, പേരയില, ചെമ്പരത്തിപ്പൂവ്, നെല്ലിക്കാപ്പൊടി, മൈലാഞ്ചി ഉണക്കിപ്പൊടിച്ചത് ഇവ സമമെടുത്ത് അ രച്ചു മിശ്രിതമാക്കിയതിൽ ഒരു വലിയ സ്പൂൺ കറ്റാർ വാഴ പൾപ്പും ഒരു മുട്ടവെള്ളയും േചർത്ത് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ കഴുകി വൃത്തിയാക്കണം. മാസത്തിലൊരിക്കൽ ഈ കൂട്ട് തലയിൽ പുരട്ടുന്നത് നല്ലതാണ്.

∙ ഹെയർ കളറിങ്, സ്മൂത്ത്നിങ് തുടങ്ങിയ കെമിക്കൽ ട്രീറ്റ്മെന്റ്സ് മുടി കൊഴിച്ചിൽ‍, അകാലനര എന്നിവ ഉണ്ടാക്കാനി ടയുണ്ട്. ഇവയ്ക്കു പകരം പ്രകൃതിദത്ത ഔഷധക്കൂട്ടുകൾ  ഉപയോഗിക്കുക. മുടിക്ക് നിറം നൽകാൻ മൈലാഞ്ചി പ്രയോജനപ്പെടുത്താം. മുടിക്ക് ആരോഗ്യമേകാൻ തുളസി, ആര്യവേപ്പില, മുട്ടയുടെ വെള്ള, നെല്ലിക്കാപ്പൊടി, ചീവക്കാപ്പൊടി ഇങ്ങനെയുള്ളവ മുടിയിൽ പ്രയോഗിക്കുക.

∙ കുന്തിരിക്കം, പച്ചക്കർപ്പൂരം, അൽപം കുരുമുളക്, തുമ്പ, ഉ ണങ്ങിയ വേപ്പില മുതലായവ െകാണ്ടുള്ള പുക ഏൽപിക്കുന്നത് മുടിക്കായ അകറ്റാൻ പ്രയോജനപ്പെടും. ആയുർവേദ കടകളിൽ ലഭിക്കുന്ന അഷ്ടഗന്ധം പുകയ്ക്കുന്നതും മുടിക്കായ അകറ്റും. ആഴ്ചയിെലാരിക്കൽ  പുകയേൽപിച്ചാൽ മതി.]

കരുത്തുള്ള മുടിയഴകിന്

∙ കറുത്ത എള്ള് കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. ഇത് ചൂടാക്കി വറുത്തു പൊടിച്ചതിൽ ശർക്കര ഉരുക്കിയതും അൽപം ചുക്കുപൊടിയും ചേർത്ത് മിശ്രിതമാക്കി വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം. ദിവസവും രണ്ടു ചെറിയ സ്പൂൺ എള്ളു കൂട്ട് കഴിച്ച ശേഷം ഒരു ഗ്ലാസ് പാൽ കുടിക്കണം.

∙ നെല്ലിക്ക തേനിലിട്ടതോ നെല്ലിക്ക ജ്യൂസോ നിത്യവും കഴിക്കുക. വിളർച്ച അകറ്റുന്നതിനും മുടി വളരുന്നതിനും പ്രയോജനപ്പെടും.

∙ ഒരു പിടി ഉണക്കമുന്തിരി കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രിയിൽ ഇട്ടു വയ്ക്കുക. രാവിലെ ആ  വെള്ളത്തോടെ ഞെരടി അരിച്ചോ അല്ലാതെയോ വെറും വയറ്റിൽ ദിവസവും കുടിക്കുക.

∙ ഒരു ചെറിയ സ്പൂൺ ത്രിഫല ചൂർണം അൽപം തേൻ ചേർത്ത് എന്നും രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കുക.

∙ നാരസിംഹരസായനം, ച്യവനപ്രാശം എന്നിവ ആയുർ വേദ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

∙ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്.

താരൻ അകറ്റാം

ഒരു പിടി ആര്യവേപ്പിലയും തുളസിയിലയും അരച്ചെടുത്ത കൂട്ടിൽ ഒരു  ചെറിയ സ്പൂൺ  നല്ല പുളിയുള്ള തൈര് ചേർത്ത് ശിരോചർമത്തിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് തല കഴുകി വൃത്തിയാക്കാം. ആഴ്ചയിലൊരിക്കൽ ഈ കൂട്ട് തേയ്ക്കുന്നത് താരനകറ്റാൻ നല്ലതാണ്.

മുടി വൃത്തിയാക്കാൻ  താളി ശീലമാക്കുന്നത് താരൻ അകറ്റും. ചെമ്പരത്തി താളി, ചീവയ്ക്കാപ്പൊടി, ഉലുവ കുതിർത്തത് എന്നിവയൊക്കെ താളി ആയി ഉപയോഗിക്കാം. ത്രിഫല ചൂർണം ഹെയർ പായ്ക്ക് ആയിട്ട് ഇടയ്ക്ക് മുടിയിൽ ഇടാം. പേരയില  തിളപ്പിച്ച െവള്ളം  കൊ ണ്ട് മുടി കഴുകുന്നത് മുടി െകാഴിച്ചിൽ കുറയ്ക്കും.

വിവരങ്ങൾക്കു കടപ്പാട് : ഡോ. കെ. അംബിക, പ്രഫസർ, കായ ചികിത്സ വിഭാഗം, ഗവൺമെന്റ് ആയുർവേദ കോളജ്, തിരുവനന്തപുരം, ഡോ. സൗമ്യ അജിൻ, മെഡിക്കൽ കൺസൽറ്റന്റ്, ഇമാനുവൽ അരശർ ആയുർവേദ മെഡിക്കൽ കോളജ്, മാർത്താണ്ഡം, കന്യാകുമാരി

Tags:
  • Hair Style
  • Glam Up
  • Beauty Tips